കോടതി വരാന്തയിൽ പ്രതികളും വാദികളും സാക്ഷികളും പോലീസുകാരുമൊക്കെയായി വൻ ജനക്കൂട്ടം തന്നെയുണ്ട്. കേസ് വിളിക്കുന്ന മുറക്ക് ബന്ധപ്പെട്ട കക്ഷികൾ അകത്തേക്ക് പോവുകയും വരികയും ചെയ്യുന്നത് ഇടുങ്ങിയ വാതിലിനുള്ളിലൂടെയാണ്. കഷ്ടിച്ച് ഒരാൾക്ക് കടന്നു പോകാനുള്ള പഴുതുണ്ടാക്കുവാൻ ഡ്യൂട്ടി പോലീസ് നന്നായി പാടു പെടുന്നുണ്ട്.
കോടതിയിൽ സൂചി വീണാൽ കേൾക്കാവുന്നത്ര നിശ്ശബ്ദതയാണ്. ബഞ്ച് ക്ലർക്ക് കേസ് നമ്പർ വിളിക്കുന്നത് ശ്രദ്ധിച്ച് അഭിഭാഷകരും പേര് വിളിക്കുന്നത് കേൾക്കാൻ കക്ഷികളും കാത് കൂർപ്പിച്ചിരിക്കുകയാണ്.
ഇടുങ്ങിയ കോടതി മുറിയിൽ വായു സഞ്ചാരം കുറവാണ്. പഴയ രണ്ട് സീലിംഗ് ഫാൻ കറങ്ങുന്ന ഒച്ചയുണ്ടെങ്കിലും കാറ്റ് തീരെയില്ല. കറുത്ത കോട്ടിനും ഗൌണിനുമുള്ളിൽ വിയർത്തു പുഴുകിയിരിക്കുകയാണ് അഭിഭാഷകർ.
ആദ്യം വിധി പറയാനുള്ള കേസുകളാണ് വിളിച്ചുകൊണ്ടിരുന്നത്. ശിക്ഷിച്ച കേസുകൾ വിളിക്കുമ്പോൾ പ്രതിനിധീകരിക്കാൻ ആരും എഴുന്നേൽക്കാറില്ല. വിചാരണ തടവുകാരായ കളവു കേസിലെ പ്രതികൾ കോടതി മൂലയിലൊതുങ്ങി നിൽക്കുന്നുണ്ട്. യാതൊരു കള്ള ലക്ഷണങ്ങളുമില്ലാത്ത സുമുഖരായ ചെറുപ്പക്കാർ..
അയാൾ പ്രാക്ടീസ് തുടങ്ങിയ കാലത്തെ കള്ളന്മാർ കഥകളിലൊക്കെ വായിക്കാറുള്ള കണ്ടാൽ തന്നെ കള്ളനെന്ന് തിരിച്ചറിയാൻ സാധിക്കുന്നവരായിരുന്നു. അയാളുടെ കേസും വിധി പറയാനുള്ളതായിരുന്നു. ഒരു പോക്കറ്റടി കേസാണ്. ശിക്ഷിച്ചാലും ഇല്ലെങ്കിലും അയാൾക്കൊരു പോലെയാണ്.
കേസുകളെ കുറിച്ചൊ വിധിന്യായങ്ങളെ പറ്റിയൊ വേവലാതിപ്പെടാറില്ല. കാരാഗൃഹ വാസ യോഗമുള്ളവർ അങ്ങോട്ടും അല്ലാത്തവർ പുറത്തേക്കും പോകുന്നു . ഇതൊക്കെയോർത്ത് ബി. പി.യും ഷുഗറും കൂട്ടാൻ അയാൾ തയ്യാറല്ല.
അയാളുടെ കേസ് വിളിച്ചപ്പോൾ ഗുമസ്തൻ ശശി ശെൽവനെ മാടി വിളിച്ച് കൂട്ടിലേക്ക് കയറ്റി നിറുത്തി. വെറുതെ വിട്ടിരിക്കുന്നുവെന്ന ഉത്തരവിനോട് പ്രത്യേക മമതയൊന്നും കാണിക്കാതെ അയാൾ പ്രതിക്കൂട്ടിൽ നിന്നുമിറങ്ങി.
കോടതി വരാന്തയിൽ ശശിയുടെ മുന്നിലിപ്പോൾ ശെൽവൻ ഓച്ഛാനിച്ച് നിൽക്കുകയാണ്.കേസ് ജയിച്ച വക്കീലിന്റെ ഗുമസ്തനാണ്. കിട്ടാനുള്ളത് കിട്ടിയാലെ ശെൽവന് പോകാൻ സാധിക്കൂ..
അവരുടെ തർക്കം രൂക്ഷമായപ്പോൾ അയാൾ ഇടപെട: " തന്റെ കയ്യിലിപ്പോൾ എത്രിണ്ട്?"
" ഒന്നുല്ല്യ സാറെ.. ഞാൻ ഇപ്പൊത്തന്നെ കൊണ്ടരാന്ന് പറഞ്ഞിട്ട്
ഇയാൾ സമ്മതിക്കുന്നില്ല" ശെൽവൻ കുതറുകയാണ്. വേറെ രക്ഷയില്ല. ശെൽവനെ അവന്റെ പാട്ടിനു വിടുക. ഫീസ് കൊണ്ടു വന്നാൽ വാങ്ങുക. സാധ്യതയില്ലാത്ത കാര്യമാണെങ്കിലും അപ്രകാരം പ്രതീക്ഷിക്കുക.
വീണ്ടും കോടതിമുറിയിലേക്ക് അയാൾ കയറി. വിയർപ്പും ചെളിയും കട്ടപിടിച്ച കോട്ടിന്റെയും ഗൌണിന്റെയും കെട്ട വാടയകറ്റാൻ സ്പ്രേ യുടെ സുഗന്ധത്തിനും കഴിയാതായിരിക്കുന്നു. കാലാവസ്ഥക്കനുകൂലമല്ലാത്ത കൊളോണിയൽ സംസ്കാരത്തിന്റെ അവക്ഷിപ്തമായി തുടർന്നുപോരുന്ന വസ്ത്രധാരണം മുട്ടിയുരുമ്മുന്ന ദുർഗന്ധമായി പുറത്തേക്ക് വമിച്ചു .
"എന്തായി ഫീസ് കിട്ടിയോ.." പൊറിഞ്ചു വക്കീലാണ്. പുറത്തേക്ക് പോകുന്നതും വരുന്നതുമൊക്കെ വക്കീൽ ശ്രദ്ധിച്ചിട്ടുണ്ട്. അയാൾ ഇല്ലെന്ന് കൈ മലർത്തി.
" വരാന്ന് പറഞ്ഞിട്ടില്ലേ അവൻ വരും, ഞാൻ ജാമ്മ്യമെടുത്താൽ ഉള്ളിലുള്ള കള്ളന്മാർ കാശെത്തിക്കുന്നത് കൊയമ്പത്തൂരിൽ നിന്നോ ഈറോഡിൽ നിന്നോ ആണ്. എപ്പോഴും പറഞ്ഞ കാശിലും ആയിരം രൂപയെങ്കിലും കൂടുതലുണ്ടായിരിക്കും."
പൊറിഞ്ചു വക്കീൽ കള്ളന്മാരുടെ കേസ് കൈകാര്യം ചെയ്യുന്നതിലെ സ്പെഷലിസ്റ്റാണ്. കേസ് നടത്താൻ "നോ ടെൻഷൻ" എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജാമ്മ്യത്തിലിറങ്ങി മുങ്ങുന്നതിന് മുമ്പ് ജാമ്മ്യക്കാർക്ക് കോടതിയിൽ കെട്ടി വെക്കേണ്ട സംഖ്യ പോലും ആപ്പീസിലെത്തിയിരിക്കും.
റോൾ കോൾ കഴിഞ്ഞ് വിസ്താരം തുടങ്ങിയിരുന്നു.സ്ത്രീപീഡനക്കേസിലെ സാക്ഷികളെയാണ് വിസ്തരിക്കുന്നത്. ഒരു കുടുംബത്തിലെ നിസ്സഹായയായ പെണ്ണിന്റെ മുറവിളികൾ സാക്ഷിക്കൂട്ടിൽ ഗതി കിട്ടാതലയുന്നു. തിരിച്ചും മറിച്ചും ചോദ്യ ശരങ്ങൾ ഉതിർത്ത് എതിർ ഭാഗം വക്കീൽ പീഡന ചരിത്രം മാറ്റാൻ ശ്രമിക്കുന്നു. കക്ഷിയുടെ സംതൃപ്തിക്കുവേണ്ടി ഏതറ്റംവരെ പോകാനും തയ്യാറുള്ളവരുള്ളപ്പോൾ
ചവിട്ടിയരക്കപ്പെടുന്ന മാനാപമാനങ്ങൾക്കെന്ത് പ്രസക്തി?
ഇടക്കെപ്പോഴൊ പരിചയമുള്ളൊരു മുഖം തിരക്കിനിടയിൽ കണ്ടതുപോലെ തോന്നി ശെൽ വനല്ലേയെന്ന് കരുതി അയാൾ ഒന്നു കൂടി തിരിഞ്ഞുനോക്കുമ്പോഴേക്കും അവൻ അപ്രത്യക്ഷമായിരുന്നു.
കുറച്ച് കഴിഞ്ഞ് ഗുമസ്തൻ വന്ന് പുറത്തേക്ക് വിളിച്ചു. പുറത്തെ ഉങ്ങ് മരത്തണലിൽ ശെൽവൻ നിന്നിരുന്നു. മുഖം നിറഞ്ഞ ചിരിയോടെ അവൻ അടുത്തെക്ക് വന്നു.
"ഞാൻ പറഞ്ഞാൽ പറഞ്ഞ പോല്യാ.. സാറെ.. ഇതാ " ശെൽവൻ നീട്ടിയ അഞ്ഞൂറ് രൂപ കയ്യിൽ പിടീച്ചുകൊണ്ട് പൊറിഞ്ചു വക്കീൽ പറഞ്ഞതെത്ര ശരിയെന്ന് മനസ്സിലോർത്തു.
കോടതിവരാന്തയിൽ ചെറിയൊരു ബഹളം. ഡ്യൂട്ടി പോലീസുകാരൻ ഇടപെട്ടിട്ടുണ്ട്. പോക്കറ്റടിയാണ്. കോടതി പരിസരമായതിനാൽ ശബ്ദമില്ലാത്ത വിലാപങ്ങൾ കേൾക്കുന്നുണ്ട്.. അയാൾ അറിയാതെ പഴ്സ് തപ്പി നോക്കി ഭാഗ്യം അതവിടെയുണ്ട്, എന്നാൽ ശെൽവൻ അപ്രത്യക്ഷമായിരുന്നു..
കൊള്ളാം ഈ കഥ ..
മറുപടിഇല്ലാതാക്കൂകാലാവസ്ഥക്കനുകൂലമല്ലാത്ത കൊളോണിയൽ സംസ്കാരത്തിന്റെ അവക്ഷിപ്തമായി തുടർന്നുപോരുന്ന വസ്ത്രധാരണം..അതൊക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അല്ലെ ?
vakeel aniyunna karutha melangiyaane niyamathinte kodikkoora!
മറുപടിഇല്ലാതാക്കൂകഥാന്ത്യം നന്നായി.ചെറിയ ഒരു ആശയത്തിന്റെ നല്ലൊരു അവതരണം.ഈ ലാളിത്യം സൂക്ഷിചു വെക്കുക.
മറുപടിഇല്ലാതാക്കൂ