2010, ഡിസംബർ 16, വ്യാഴാഴ്‌ച

ശിവഴിയുടെ അമ്മ

                






    പുറത്ത് മഴ തകർത്തു പെയ്യുകയാണ്.   മഴ കുറയാൻ വേണ്ടി അയാൾ  കാത്തിരിക്കുകയാണ്.  ഈ പെരും മഴയത്ത്  ആപ്പീസിലേക്കിനി ആരും വരില്ല.  കാലം തെറ്റി പെയ്യുന്ന തുലാവർഷമാണത്രെ!  മഴയുടെ താളം സത്യമൂർത്തി ഈയിടെ നിർമ്മിച്ച   ഷോർട്ട് ഫിലിമിന്റെ  കാഴ്ചകളെയോർമ്മിപ്പിച്ചു.

    വിഷ വിളകൾ ഭക്ഷിച്ച് വംശനാശം വന്നുകൊണ്ടിരിക്കുന്ന മനുഷ്യകുലത്തിന്റെ  കഥയാ‍യിരുന്നു പ്രമേയം.  വംശാവലിയിലെ അവസാന ദമ്പതികൾ  ഇടിവെട്ടി പെയ്തിറങ്ങിയ കനത്ത മഴയിൽ
ഉർവ്വരമായ കൃഷി ഭൂമിയിൽ  കൃഷിയിറക്കാൻ വേണ്ടി മഴയിൽ നനഞ്ഞു കുതിർന്ന് കൈകൾ  മേല്പോട്ടക്കി നിൽക്കുന്ന ആ ദൂരക്കാഴ്ചയുടെ  ദൃശ്യം മനസ്സിൽ ചലനങ്ങൾ ഉണ്ടാക്കുന്നതായിരുന്നു.  ശുദ്ധീകരിക്കപ്പെട്ട കൃഷിയിടത്തിലേക്ക് കാടുകടന്നെത്തിയ  വിത്തുകൾ  വിഷവിമുക്തമായി മൂളപൊട്ടി കതിരിടുന്നതുവരെയുള്ള കാഴ്ചകൾ.  മഴയിൽ കുതിർന്ന ചെളിയുടെ സൌരഭ്യം പോലും പ്രേക്ഷകൻ അനുഭവിക്കുന്നു.

           മഴയിൽ പാതി നനഞ്ഞ്  കയറി വന്ന സ്ത്രീ രൂപം  അയാളുടെ ചിന്തകൾക്ക് വിരാമമിട്ടു.  പ്രായം അറുപതിനോടടുത്ത  ഐശ്വര്യമുള്ളൊരു സ്ത്രീ.  നനഞ്ഞ കുട പുറത്ത് വെച്ച്  അവർ പതിയെ കസേരയിൽ വന്നിരുന്നു.   അവരുടെ  വാർദ്ധക്യം പടർന്നു കയറിയ കണ്ണുകളിൽ  ഏതോ തീരാവേദനയുടെ നിഴലാട്ടമുണ്ടായിരുന്നു.  കയ്യിൽ മടക്കിപിടിച്ചിരുന്ന  കടലാസയാൾക്കു നേരെ നീട്ടി അവർ ചോദിച്ചു.” സാറയച്ച്തല്ലേ.  ഇത്?” 
    
            അയാ‍ളത്  കൌതുകത്തോടെ വാങ്ങി നോക്കി.  കഴിഞ്ഞയാഴ്ച അയാളയച്ച  വക്കീൽ നോട്ടീസാണ്.  വായിച്ചു നോക്കിയപ്പോൾ ആളെ തിരിച്ചറിഞ്ഞു, ഭവാനി  ശിവഴിയുടെ അമ്മ.

         ഭവാനി തുടർന്നു:   ശിവഴി പറഞ്ഞതെല്ലാം സത്യമാണ്,  ഈ നോട്ടീസിൽ  പറഞ്ഞിട്ടുള്ളതുപോലെ കേസ് കൊടുക്കാനൊന്നും പോണ്ട.  എല്ലാം അവനുള്ളതാണ്, ഞങ്ങൾക്കൊന്നും വേണ്ട.  എനിക്കും അവന്റെ ചേട്ടൻ മിത്രാനന്ദനും.

             അമ്മക്കും ജ്യേഷ്ഠനുമെതിരെ  സ്വത്ത് ഭാഗം വെക്കുന്നതിന്  കേസ് കൊടുക്കാൻ വേണ്ടിയാണ് ശിവഴി അയാളുടെയടുത്ത് വന്നത്.  ഇടക്ക് കോടതി കയറാറുള്ള സ്വത്ത് തർക്കം. അതിൽകൂടുതൽ പ്രാധാന്യമൊന്നും ശിവഴിയുടെ കേസിനില്ലായിരുന്നു.  സാധാരണ മറുപടി നോട്ടീസാണ് ഉണ്ടാവാറ് .  അയച്ച നോട്ടീസും കൈപിടിച്ച് കക്ഷികൾ  വരുന്നത് അപൂർവ്വം.. ഒത്തു തീർപ്പിനുള്ള സാധ്യത തെളിയുന്നുവെന്ന് മാത്രം.

                “ ശിവഴി സാറിനോടെല്ലാം പറഞ്ഞിട്ടുണ്ടാകുമെന്നറിയാം.  എനിക്ക് പറയാനുള്ളതു കൂടി
കേൾക്കണം.  “

                ഭവാനി തുടരുകയാണ്.  ശിവഴി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഭവാനി  പറയുന്നത് കേട്ടിരിക്കാമെന്ന് അയാൾക്ക് തോന്നി. ആകാശം മൂടി ചെരിഞ്ഞു പതിക്കുന്ന മഴത്തുള്ളികൾക്കിടയിൽ
ഭവാനിയുടെ ശബ്ദം നേർത്തതായിരുന്നു.



            ശിവഴിയുടെ ജേഷ്ഠൻ മിത്രാനന്ദൻ  പഠനത്തിൽ മിടുക്കനായിരുന്നു.  എല്ലാറ്റിലും ഒന്നാം ക്ലാസ്സോടെ  പാസ്സായി മത്സര പരീക്ഷകളെഴുതി ജോലി തേടി നടക്കുകയായിരുന്നു.  നല്ല ചെറുപ്പക്കാരൻ,  വീട്ടിലും നാട്ടിലും നല്ലവൻ.  ഒരു ദിവസം നാടിനെ  നടുക്കിയ കൊലയാളിയായി മിത്രാനന്ദൻ മാറുന്നു.
സ്വന്തം പിതാവിനെ വെട്ടിക്കൊന്ന് അമ്മയെ ഗുരുതരമായി വെട്ടി പരിക്കേല്പിച്ച് അയാൾ ജയിലിലാവുന്നു.  പോലീസ് കസ്റ്റഡിയിലെ അയാളുടെ വിചിത്രമായ പെരുമാറ്റ  വൈകല്ല്യങ്ങളിൽ നിന്ന്  മിത്രാനന്ദൻ മനോരോഗിയാണെന്ന്  തിരിച്ചറിയുന്നു.   ആരുമറിയാതിരുന്ന ഒരു ഡ്രഗ്ഗ് അഡ്ഡിക്റ്റിന്റെ   ദയനീയ പതനം.  ചോദിച്ച കാശ് കൊടുക്കാത്തതിലെ ക്ഷിപ്രകോപം ദുരന്തമായി പരിണമിച്ചു.  നിയമം മനോരോഗാശുപത്രിയിലെക്കയച്ച്  അയാൾക്ക് പുറത്തിറങ്ങണമെങ്കിൽ സ്വന്തക്കാരുടെ ജാമ്മ്യം വേണമായിരുന്നു. 

            ഒരിക്കൽ മകനെ കാണാൻ വേണ്ടി   ഭവാനി  ചികിത്സാലയത്തിലെത്തിയപ്പോൾ  കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു.  അടി വസ്ത്രം മാത്രം ധരിച്ച്  സെല്ലിലെ കമ്പിയിൽ പിടിച്ച് നിൽക്കുന്ന മകന്റെ  രൂപം അവരുടെ മനസ്സിൽ നിന്നും മാഞ്ഞുപോയില്ല.  മിത്രാനന്ദന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.  കൊതുകുകൾ കടിച്ച് ദേഹമാസകലം പാടുകൾ വീണിരുന്നു.  അമ്മക്ക് ക്ഷമിക്കാൻ ഇതിൽ കൂടുതലൊന്നും വേണ്ടായിരുന്നു.  കൊല്ലപ്പെട്ട ഭർത്താവ് തിരിച്ചു വന്നാലും മകന്റെ അവസ്ഥ കണ്ട് മാപ്പ് നൽകുമായിരുന്നു.  മറ്റാരുമറിയാതെ ഭവാനി മകനെ  ജാമ്മ്യത്തിലിറക്കി.  ശിവഴി അന്ന് വീടുവിട്ടിറങ്ങിയതാണ്.  അസുഖം പൂർണ്ണമായി മാറിയ മിത്രാനന്ദനും ഭവാനിയും ഒരുമിച്ച് താമസിക്കുന്നു.

            ശിവഴിയുടെ അച്ഛന്റെ സ്വത്തുക്കളുടെ  അവകാശികൾ അവർ മൂന്നു പേർ മാത്രമാണ്.  പിതൃഘാതകനായ പുത്രൻ സ്വത്തനുഭവിക്കുന്നതിൽ  ശിവഴിക്ക്  താല്പര്യമുണ്ടാവില്ല.  ആവശ്യത്തിൽ കൂടുതൽ സാമ്പത്തിക ഭദ്രത.  എന്നിട്ടും ആർക്കും ഒന്നും വേണ്ടാത്ത  അവസ്ഥ.  അവസാ‍നം വയസുകാലത്ത് കോടതി കയറേണ്ട ഗതികേടും. 

           മാതൃത്വത്തിന്റെ  വിലാപം തുടരുകയാണ്.   ജീവിതത്തിൽ സംഭവിച്ച  ഭീകര ദുരന്തത്തിൽ നിന്നും മുക്തി നേടുവാൻ  മാസങ്ങൾ വേണ്ടി വന്നു.   മോഹങ്ങളൊടുങ്ങാതെ മരണമടഞ്ഞ പ്രിയതമന്റെ  രൂപം കണ്മുന്നിലെപ്പോഴും കാണുന്നു.  ഉയിർ കൊടുത്ത  മകൻ ജീവനെടുത്തപ്പോൾ അത് കണ്ട് നിൽക്കാൻ ,ശിഷ്ടകാലമനുഭവിക്കാൻ ഭവാനിയെ ബാക്കി വെച്ചു.   

           പലപ്പോഴും  ശിവഴിയെ കാണാൻ ശ്രമിച്ചു.  അപ്പോഴെല്ലാം നിഷ്ഠൂരമായ  അവഗണന മാത്രം.  തകർന്ന ഹൃദയത്തിന്റെ  കൈതാങ്ങായിരുന്നു ശിവഴി.  ജീവിതത്തിലെക്ക് തിരിച്ച് പിച്ച വെച്ചത് ശിവഴി മൂലം.  എന്നിട്ടും മിത്രാനന്ദനെ കാണാൻ പോയി.  സഹിക്കാൻ കഴിയാത്ത അമ്മക്ക് പുത്രനോട് പൊറുക്കാൻ  കഴിയില്ലേ

             ന്നാലും  ശിവഴിയാണ് ശരി.   ശിവഴിക്ക് അച്ഛനോടത്രക്കിഷ്ടമായിരുന്നു.  അമ്മയോടും സഹോദരനോടും  അറുത്തു മാറ്റാൻ കഴിയാത്തത്ര  അടുപ്പമായിരുന്നു. 
           സന്ന്യാസ ജീവിതം നയിക്കുന്ന അവർക്കിപ്പോൾ സ്വത്ത് വേണ്ട.  അവരുടെ ഓഹരി ശിവഴിയുടെ
കുട്ടികൾക്കായി എഴുതിവെച്ചിട്ടുള്ളതാണ്.  ഭവാനിയുടെ ജീവിതത്തിൽ മുഴുകിയിരുന്നപ്പോൾ പുറത്തെ മഴ തോർന്നതറിഞ്ഞില്ല.

         യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ പകച്ച്  നിൽക്കാനല്ലേ മനുഷ്യന് കഴിയൂ     താളം തെറ്റിയ ജീവിതങ്ങളാണ് ഭൂരിഭാഗവും വക്കീലാപ്പീസിന്റെ  പടി കടന്നെത്തുന്നത്.  പലപ്പോഴും കക്ഷിക്ക് നീതിയുറപ്പാക്കാൻ വേണ്ടി  ചെളി പുരണ്ട മന:സാക്ഷിയുടെ നിലവിളികൾ അവഗണിക്കേണ്ടി വരുന്നു.

         “ സാറിന്റെ സമയം കൂടുതൽ പാഴാക്കുന്നില്ല.  എന്റെ ഭർത്താവ്  എന്നോട് ക്ഷമിച്ചുവെന്നുറപ്പാണ്.  മക്കളോട് പോറുക്കാൻ മാതാപിതാക്കൾക്ക് കഴിയും.  സഹോദരങ്ങൾക്ക്  കഴിയണമെന്നില്ലല്ലോ?  ഞാനൊഴുക്കിയ കണ്ണീരിന്റെയും പ്രാർത്ഥനകളുടേയും ഫലമാവാം    മിത്രാനന്ദനിപ്പോൾ നോർമ്മലാണ്.  ഒന്നു നേടുമ്പോൾ മറ്റൊന്ന് നഷ്ടപ്പെടുന്നു. എന്റെ നിയോഗം അല്ലാതെന്തു പറയാൻ

          അച്ഛനെ കൊന്ന മകനോട് ക്ഷമിക്കാൻ  അമ്മക്കല്ലാതെ മറ്റാർക്ക് കഴിയും, സർവ്വം സഹയാണല്ലോ  അമ്മ.  അയാൾ മനസാൽ ശിരസ് നമിച്ചു.  കഴിയുമെങ്കിൽ ശിവഴിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.   എന്തുകൊണ്ടായിരിക്കും ശിവഴി ഒന്നും പറയാതിരുന്നത്.
         
               ഭവാനി കസേരയിൽ നിന്നെഴുന്നേറ്റ് യാത്ര പോലും പറയാതെ പുറത്തേക്ക് നടന്നു.  പുറത്തിറങ്ങിയശേഷം ആരെയോ പേരെടുത്ത് വിളിക്കുന്നുണ്ടായിരുന്നു.  അഞ്ചു മിനുട്ടിനു ശേഷം കയ്യിലൊരു ബാഗ് പിടിച്ച പയ്യനോടൊപ്പം തിരിച്ച് വന്നു.  ബാഗ് തുറന്ന് ഒരാഭരണപ്പെട്ടിയെടുത്ത് പുറത്ത് വെച്ചു.  “ശിവഴി വരുമ്പോൾ സാറിത് കൊടുക്കണം   പെട്ടിയിൽ എന്റെ ആഭരണങ്ങളാണ്. ശിവഴിക്ക് രണ്ടു പെൺകുട്ടികളാണ്. എനിക്കിനി പൊന്നെന്തിനാ..കൊച്ചു മക്കൾക്ക് ഉപകരിക്കട്ടെ!“
                    
           അയാൾ പെട്ടെന്ന് പറഞ്ഞു:“  അത് കയ്യിൽ വെച്ചോളൂ..  ശിവഴി വരുമ്പോൾ അറിയിക്കാം അപ്പോൾ കൊണ്ടുവന്നാൽ മതി. ഫോൺ നമ്പർ തന്നാൽ അറിയിക്കാം.“

            “എനിക്ക് സാറിനെ വിശ്വാസമാണ്”
            “വിശ്വാസത്തിന്റെ പ്രശ്നമല്ല, ഇതെല്ലാമാപ്പീസിൽ സൂക്ഷിക്കാൻ പ്രയാസമാണ്. ശിവഴി വരുന്ന ദിവസം നേരത്തെ പറയാം.  അപ്പോൾ വന്നാൽ മതി”

           ഭവാനിയുടെ മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത വികാര വിചാരങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഒരായുസ്സൊടുങ്ങുന്നതിന് മുൻപ് മനുഷ്യൻ കടന്നു പോകുന്ന ദുർഘട പ്രതിസന്ധികളെക്കുറിച്ചോർത്തപ്പോൾ ഭീതി തോന്നി. ആകാശത്തപ്പോൾ പെയ്തൊഴിഞ്ഞ കാർ മേഘങ്ങൾ  വെള്ളി മേഘങ്ങളായി  പരിണമിച്ചിരുന്നു.

              മറ്റു തിരക്കുകൾക്കിടയിൽ  ശിവഴിയെ  പാടെ മറന്നൊരു  സായാഹ്നത്തിൽ   വക്കീലാപ്പീസിലെ തിരക്കുകളിൽ മുഴുകിയിരിക്കെ വീണ്ടും ശിവഴിയെത്തി.   ആളുകളൊഴിയാൻ ക്ഷമയോടെ കാത്തിരിക്കുന്ന ശിവഴിയെ അയാൾ ഇടക്കിടെ വീക്ഷിച്ചു കൊണ്ടിരുന്നു.  അമ്മ വന്ന വിവരം വേണമെങ്കിൽ  വിളിച്ചു പറയാമായിരുന്നു.  സന്തോഷമുള്ള കാര്യമാണെങ്കിൽ പോലും ആപ്പീസിലെത്തിയിട്ടാകാമെന്ന് കരുതി. 

             “എന്തായി സാർ മറുപടി  വന്നോ?”   ശിവഴിയുടെ ശബ്ദത്തിലെ ആകാംക്ഷ   അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

              “അയച്ച നോട്ടീസുമായി നിങ്ങളുടെ അമ്മയിവിടെ വന്നിരുന്നു.  ഇനി കേസ് കൊടുക്കേണ്ട ആവശ്യമില്ല.  അമ്മയുടേയും ചേട്ടന്റെയും ഓഹരികൾ ശിവഴിയുടെ മക്കളുടെ പേർക്ക് മുൻപേ തീറെഴുതി വെച്ചിട്ടുണ്ട്.  നിങ്ങളുടെ ഓഹരി നൽകാൻ അവർ എന്നു  വേണമെങ്കിലും രജിസ്ത്രാപ്പീസിൽ വരാൻ തയ്യാറാണ്”.

                 അയാളുടെ വാക്കുകൾ ശിവഴിയുടെ  മനസ്സിൽ  ആഴത്തിലുള്ള ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. മുഖത്തെ ഭാവഭേദങ്ങളിൽ നിന്നും വസ്തുതകൾ വായിച്ചെടുക്കാൻ പ്രയാസംതോന്നി.

                 “ വക്കീൽ പറഞ്ഞു വരുന്നത് എന്റെ അമ്മ എല്ലാ കാര്യങ്ങളും പറഞ്ഞുവെന്നാണോ  വക്കീലിനും ഇപ്പോൾ അവരോട് സിമ്പതി തോന്നിക്കാണും  എന്റെ  അച്ഛനെ കൊന്നവനോടൊപ്പമുള്ള  പൊറുപ്പ് ഞാനവസാനിപ്പിക്കും.  വക്കീലിനോട് ഞാനൊന്നും പറയാതിരുന്നത് എന്തുകൊണ്ടാണെന്നറിയോ..? എനിക്കവരെ കിട്ടേണ്ടത് കോടതിയിൽ വെച്ചാണ്.”
                 അയാൾ പകച്ചിരുന്നു പോയി. ശിവഴി ക്ഷോഭത്തോടെ  തുടരുകയാണ്.

                “ എനിക്കച്ഛന്റെ സ്വത്ത് വേണ്ട.  കോടതിയിൽ വെച്ച് നാല് ചോദ്യങ്ങൾ എനിക്ക്  വേണ്ടി ചോദിക്കാനാ വക്കീലിനെ വെച്ച്ത്. അവരുടെ വക്കാലത്തുമായി വരാൻ വക്കീലിനോട് ഞാൻ പറഞ്ഞോ.. എന്റെ ഫയല് ഇങ്ങട് തായോ..വേറെയും വക്കീലന്മാരുണ്ടല്ലോ.. ഇവിടെ  .. ഞാനവരെക്കൊണ്ട് കേസ് നടത്തിക്കോളാം

            കേസ്  കെട്ടുമായി കൊടുങ്കാറ്റായി പുറത്തേക്ക് പോകുന്ന ശിവഴിയെ നോക്കി പകച്ചിരിക്കാനെ അയാൾക്ക് കഴിഞ്ഞുള്ളു.  ഭവാനിയുടെ തോരാത്ത കണ്ണീരിന്റെ പുതിയ തലങ്ങളുടെ കേളികൊട്ടാരംഭിച്ച് കഴിഞ്ഞിരുന്നു.
                              
                      
                      .                                

1 അഭിപ്രായം:

  1. looked for ur email id in ur profile page. couldn't see. sorry, tht's y posting here. u had asked if i knew sivasankaran. yes, my dear friend. get me his id or mobile number.

    മറുപടിഇല്ലാതാക്കൂ