2010, ഡിസംബർ 1, ബുധനാഴ്‌ച

ശ്രാവണ


                                                                               കഥ



  ന്റെ മുത്തശ്ശന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു.   മൂന്ന്    പേരും  മരിച്ചത് കേൻസർ ബാധിച്ചാണ്  പേര് കേട്ട വൈദ്യരായിരുന്നു മുത്തശ്ശൻ.  ശ്രീനാരായണ ഗുരുദേവന്റെയൊപ്പം കൊളമ്പിൽ വരെ പോയി വൈദ്യവൃത്തി ചെയ്തുവന്നിരുന്ന ആളായിട്ടും അദ്ദേഹത്തിന് സ്വന്തം ഭാര്യമാരെ രക്ഷിക്കുന്നതിന് കഴിഞ്ഞില്ല.  എന്റെ അമ്മൂമ്മക്ക് ബ്രസ്റ്റ് കേൻസർ ആയിരുന്നു. ..   അന്നത്തെ കാലത്ത് ഇത്രയും അഡ്വാൻസ്ഡ് ആയിട്ടുള്ള  നൂതന ചികിത്സാരീതികൾ ഉണ്ടായിരുന്നില്ലല്ലോ..  എന്നാലും അദ്ദേഹം കഴിവിന്റെ പരമാവധി ശ്രമിച്ചു നോക്കിയത്രെ.

     അമ്മൂമ്മയുടെ മരണ ശേഷം അദ്ദേഹം അനിയത്തിയെ വിവാഹം കഴിച്ചു  അവർക്ക് ബ്ലഡ് കേൻസർ ആയിരുന്നു.. പ്രസവത്തോടെ ശയ്യാവലമ്പിയായ അവർ കുറച്ചു കാലം നരകിച്ചാണ് മരണമടഞ്ഞത്.  അവരുടെ മരണശേഷം മൂന്നാമതും വിവാഹിതനായി.  അവർ മരിച്ചത് മുത്തശ്ശൻ മരിച്ചതിനു ശേഷമായിരുന്നു.  അവർക്ക് ഗുദ ഭാഗത്ത് കേൻസർ ആയിരുന്നു. “
      
      ശ്രാവണ കഥ തുടരുന്നതിനിടയിൽ അശ്വിൻ ഇടപെട്ടു.  “എനിക്കീ കഥ വേണ്ട  ചീത്ത കഥ പറഞ്ഞാൽ നിക്ക്  കേൾക്കണ്ട.”

      അശ്വിൻ പറയുന്നത്  ശ്രദ്ധിക്കാതെ  ശ്രാവണ  തുടർന്നു..” എന്തുകൊണ്ടാണ് മുത്തശ്ശന്റെ ഭാര്യമാർക്കെല്ലാവർക്കും കേൻസർ ബാധിച്ചത്?  , കുട്ടിക്കാലം തൊട്ട് എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു അത്, ഇപ്പോഴും എനിക്കതിന് ഉത്തരമില്ല.  നല്ല ആരോഗ്യവാനായിരുന്ന മുത്തശ്ശന് ഭാര്യമാരില്ലാത്ത ജീവിതം പ്രയാസകരമായിരുന്നുവെന്ന്  മാത്രം മനസ്സിലായി.. അദ്ദേഹം  കുഞ്ഞുങ്ങളെ  ജനിപ്പിക്കുന്നതിൽ കൂടുതൽ താല്പര്യം കാണിക്കാതിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം കുറച്ചു കൂടി ശോഭനമാകുമായിരുന്നു.  ആണും പെണ്ണുമായി പന്ത്രണ്ടെണ്ണമുള്ളപ്പോൾ ഞങ്ങളുടെ ജീവിതം എത്രമാത്രം ദുരിതപൂർണ്ണമായിരുന്നുവെന്ന് നിങ്ങളൊന്ന് ഓർത്തു നോക്കൂ? “
     ശ്രാവണ പറയുന്നത് നിർത്തി അശ്വിനെ നോക്കി.   അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.. ഉറക്കഗുളികകൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായി അശ്വിൻ  മാർതോമാ ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സയിലാണ്. പ്രായം കുറഞ്ഞുവരികയെന്ന തോന്നലുകളോടെയായിരുന്നു തുടക്കം.  ഇരുപത്തൊമ്പത് വയസ്സിൽനിന്നും  പതിനെട്ടും കഴിഞ്ഞ് ഇപ്പോൾ അഞ്ചു വയസ്സിലെത്തി നിൽക്കുകയാ‍ണ്.   രാത്രി ഉറങ്ങിക്കിട്ടണമെങ്കിൽ കഥ കേൾക്കണം.  കഥ പറഞ്ഞ് പറഞ്ഞ്  അവൾക്കിപ്പോൾ കഥയുടെയും ജീവിതത്തിന്റെയും  അതിർവരമ്പുകൾ ഇല്ലാതായിരിക്കുന്നു..

      ഭ്രാന്തിന്റെ ഏത് വകഭേദത്തിലാണ് അശ്വിന്റെ  അസുഖം ഉൾപ്പെടുത്തുകയെന്നവൾക്കറിയില്ല.  ജീവിതം വീണ്ടും പ്രതിസന്ധിയിലകപ്പെട്ടുവെന്ന തിരിച്ചറിവ് നിരാശാജനകമായിരുന്നെങ്കിലും  എല്ലാം നേരിടാനുള്ള ചങ്കുറപ്പ് അവൾക്ക് ലഭിച്ചിരുന്നു..  അശ്വിനോടവൾക്ക് പരിഭവംതോന്നിയില്ല.  ജീവിത  സൌഭാഗ്യങ്ങളും രോഗാവസ്ഥകളും നൽകുന്നത് വിധാതാവല്ലെ.. 
     സാമ്പത്തിക പ്രയാസങ്ങൾ  ഇല്ലാതിരുന്നതുകൊണ്ട് ജീവിതം സുഖകരമാ‍യിരുന്നു.  അച്ഛന്റെ ബിസിനസ്സിൽ പേരിനൊരു പങ്കാളിയായി അശ്വിൻ .  ജോലി ചെയ്യാൻ യാതൊരു താല്പര്യവുമില്ല.  മകൻ ചോദിക്കുന്ന സംഖ്യ നൽകി മകനെ പരിപാലിക്കാൻ അച്ഛനും അമ്മയും എപ്പോഴും തയ്യാർ.  മകൻ പറയുന്നത് സമ്മതിച്ചില്ലെങ്കിൽ  മാതാപിതാക്കളെ ശാരീരികമായി ഉപദ്രവിക്കുന്നത്  കണ്ടപ്പോൾ  അവളുടെ ദുര്യോഗം വെളിപ്പെട്ടു.  ഒരിക്കലും അശ്വിൻ  അവളെ ഉപദ്രവിച്ചിട്ടില്ല.  അശ്വിന് അവളോട് അഗാധമായ പ്രണയമായിരുന്നു.  അശ്വിൻ ഒഴികെ മറ്റാരും അവളോട് സംസാരിക്കുന്നത് അയാൾക്കിഷ്ടമല്ല.  ഒരിക്കൽ അശ്വിന്റെ അച്ഛൻ പത്രത്തിൽ വന്ന  അടുത്തുള്ള അമ്പലത്തിലെ കളവിനെക്കുറിച്ചെന്തോ അവളോട്    സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു..    അകാരണമായി അശ്വിൻ വയലന്റായി . പത്രമെടുത്തു തീയിട്ടു,  അച്ഛന്റെ കണ്ണടയെറിഞ്ഞു പൊട്ടിച്ചു.

     പ്രണയത്തിന് തീഷ്ണത കൂടിയാൽ വെന്തുരുകുമെന്ന് മനസ്സിലായത് അപ്പോഴാണ്    പിന്നീടവളുടെ ജീവിതം  അക്വേറിയത്തിലെ  സ്വർണ്ണ മത്സ്യത്തിന്റേതായി.  ആരോടും ബന്ധമില്ലാത്ത പ്രേമാർദ്രമായ ജീവിതം. സ്നേഹിച്ച്  ദ്രോഹിച്ച് അയാൾ കൂടുതൽ ചെറുപ്പമായി.  അവളുടെ ശരീരവും  മനസ്സും  പറന്നുയരാൻ എന്തിനോ വേണ്ടി വെമ്പൽകൊള്ളുകയായിരുന്നു..  എന്നിട്ടും അയാൾക്കഞ്ചു വയസായപ്പോൾ അവൾക്കിട്ടു പോകാൻ മടി തോന്നി.അച്ഛനും അമ്മാവനും തിരക്കിട്ട് ബന്ധം വേർപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലായിരുന്നു.  ആറു മാസമായാൽ കുറച്ച് മുലയൂട്ടിയിട്ട്  പോകാമെന്ന് അമ്മാവനോട് പറയാൻ അവൾ വെമ്പിയതാണ്  രോഷാഗ്നി ഭയന്ന് മൌനമവലംബിച്ചു.

      അവളുടെ ആദ്യ ഭർത്താവ്  സുന്ദരനായിരുന്നു.  വെളുത്ത് തടിച്ച ഒത്ത ഉയരത്തിലുള്ളൊരാൾ. അയാളെ കണ്ടപ്പോൾ അവളുടെ അച്ഛൻ പറഞ്ഞു:  ഗൾഫിൽ പണിയില്ലാണ്ടായാലും ന്റെ  മോൾക്ക്  പട്ടിണി കിടക്കേണ്ടി വരില്ല.  നല്ല തണ്ടും തടിയുമുണ്ട് കൈക്കോട്ടെടുത്താലും വീട് പുലരും.   അവളുടെ മനസ്സിൽ കുളിരു കോരിയിട്ട വാക്കുകൾ ആയിരുന്നു അത്.   കല്ല്യാണം കഴിഞ്ഞ നാൾ മുതൽ  അയാൾ കാത്തിരിക്കാൻ തുടങ്ങി, ഗൾഫിൽ നിന്നും കാർഗോ വഴി അയച്ച സാ‍ധനങ്ങൾ ലഭിക്കുവാൻ. കാറുകൾ മുതൽ വിലപിടിപ്പുള്ള രത്നങ്ങൾവരെ  അവയിലുണ്ടത്രെ.  അയച്ചതിനു ലഭിച്ച രശീതിയുമായി അവസാനം അച്ഛനും ആങ്ങളയും കൂടി ഇറങ്ങി പുറപ്പെട്ടു.  എല്ലാ‍ എയർപോർട്ടുകളിലും കാർഗോ ക്ലിയറൻസ് ഓഫീസുകളിലും അന്വേഷിച്ചെങ്കിലും അറബി സമ്മാനമായി നൽകിയ  കാറുകളും രത്നങ്ങളും എവിടെ പോയെന്നറിഞ്ഞില്ല.  അവസാനം നേരറിഞ്ഞു   മറുനാട്ടിൽ പണി പോയപ്പോൾ നൊസിളകിയതാണെന്ന്.  അപ്പോഴും അച്ഛൻ ധൈര്യം കൈവെടിഞ്ഞില്ല.  ആരോഗ്യമുള്ള മരുമകനല്ലെ, ചികിത്സിച്ച് ഭേദമാക്കാം. 

     അയാളുടെ അച്ഛന് ചെറുപ്പത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത അസുഖമുണ്ടായിരുന്നു.  കല്ല്യാണം കഴിച്ചു കൊടുത്തപ്പോൾ അച്ഛന്റെ സൂക്കേട് മാറിയത്രെ.   അച്ഛൻ മകനിൽ പരീക്ഷിച്ച സൂത്രമതായിരുന്നു.. എല്ലാം അറിഞ്ഞിട്ടും ശ്രാവണയുടെ ജീവിതംവെച്ച് പന്താടിയത് അദ്ദേഹമായിരുന്നു. 

     വൈകിപ്പോയ വൈതരണിയിൽ നിന്നും രക്ഷ നേടാൻ പ്രയാസമായിരുന്നു. പൂർണ്ണ ഗർഭിണിയായ  ശ്രാവണക്ക് പ്രസവിക്കാതെ തരമില്ലായിരുന്നു.  മകന് വേണ്ടി ജീവിക്കാൻ അവൾ സന്നദ്ധയായിരുന്നു.  തല വളരുന്ന  അസുഖത്തോടെ ജനിച്ച  മകൻ എട്ടാം മാസത്തിൽ മരണമടഞ്ഞു. പിന്നീടവൾക്കൊന്നും നോക്കാനുണ്ടായിരുന്നില്ല .  വിവാഹമോചനത്തിലൂടെ സ്വതന്ത്രയായ  അവൾ  വീണ്ടും അശ്വിന്റെ മുന്നിൽ തല കുനിച്ചു.


      മൂന്നാ‍മതൊരാളെ കാത്തിരിക്കുമ്പോഴാണ് ജീവിതത്തിലെ  വ്യത്യസ്ത അർത്ഥ തലങ്ങളെക്കുറിച്ചവൾ ബോധവതിയാവുന്നത്.  നന്മ തിന്മകളിലെ വേർതിരിവ് അപ്രത്യക്ഷമായിരുന്നു.   ഇറച്ചിക്കടയിലെ കോഴികളായി, കശാപ്പു നടക്കുന്നതറിഞ്ഞിട്ടും പ്രതികരണശേഷിയില്ലാതെ എല്ലാവരും കൂടെയുണ്ട്..   ബലിയാടായി ബലാൽക്കാരം ചെയ്യപ്പെടാൻ വിധിക്കപ്പെട്ടവളാണോ സ്ത്രീ.  അനിയത്തിക്കൊരു വിലങ്ങുതടിയാവാൻ അവളാഗ്രഹിച്ചില്ല.

     കാത്തിരിപ്പിന് വിരാമമായി  അയാളെത്തി.  വസൂരിക്കലകളുള്ള മുഖത്തെ കുണ്ടിൽ പോയ കണ്ണുകളിലെ കെടാത്ത വിശപ്പ് അവൾ തിരിച്ചറിഞ്ഞു.  വിവാഹത്തിന് മുൻപ് ആരെയുമറിയിക്കാതെ ശ്രാവണ ഒരു യാത്ര പോയി.   പ്രതിശ്രുദ്ധവരന്റെ  ആദ്യ ഭാര്യയുടെ അരികിലേക്ക്.. എല്ലാം പറഞ്ഞ് കണ്ണീരൊഴുക്കിയ  ആ പെൺകുട്ടി വിചാരിച്ചു കാണും ഈ കല്ല്യാണം നടക്കില്ലെന്ന്.  ശ്രാവണ സന്തോഷത്തൊടെയാണ്
മടങ്ങിയത്.  എല്ലാറ്റിനും ഒരു മുന്നൊരുക്കം വേണമല്ലോ..

     നവ വധുവിന്റെ പ്രസരിപ്പോടെയാണവൾ മണ്ഡപത്തിലേക്ക്  കാലെടുത്ത് വെച്ചത്.  അയാളുടെ പരുക്കൻ മുഖത്തെ വന്യതയിൽ നിർവൃതി പൂണ്ട് അവൾ നോക്കി നിന്നു.  അവളോടൊപ്പമുള്ള ചെറിയ സുഹൃദ്സംഘങ്ങൾ  അത്ഭുതപ്പെടുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു.  ആധി കയറി വേഗമൊഴിഞ്ഞു പോയ ബന്ധു ജനങ്ങളെ  ആഹ്ലാദത്തോടെ യാത്രയാക്കി തിരിച്ചു വന്നപ്പോൾ  കുറച്ചു നാളത്തെ ഇടവേളക്കു ശേഷം ഇരയെ വിഴുങ്ങാൻ തയ്യാറെടുത്ത് നിൽക്കുന്ന അയാളെയാണ് കണ്ടത്.

     ആജാനു ബാഹുവായ അയാൾക്കുമുന്നിൽ അവളുടെ ശരീരം ശിശുസഹജമായിരുന്നു.   ഉറച്ച   ശരീരഭാഗങ്ങളിൽ നിന്നും വിയർപ്പ് ചാലിട്ടൊഴുകിയിരുന്നു. ഒറ്റമുണ്ടിനിടയിലൂടെ പുറത്ത് ചാടാനൊരുങ്ങുന്ന ക്രൌര്യം അവളെ വെല്ലുവിളിക്കുകയാണെന്ന് തോന്നി.  മേശമേൽ ഉത്തേജക ഉപകരണങ്ങൾ നിരത്തിയിരുന്നു.  അയാൾ ഒന്നുമുരിയാടാതെ തന്നെ അവൾ പ്രവർത്തനമാരംഭിച്ചു.  

      അയാളിലെ ആശ്ചര്യാനുഭവങ്ങൾ തൃണവൽഗണിക്കുമ്പോൾ ഉള്ളിലുണരുന്ന ആനന്ദം രതിമൂർച്ചക്ക്  സമാനമായിരുന്നു.   എണ്ണ തേച്ചു പിടിപ്പിച്ച്  തിളച്ച ചൂടു വെള്ളത്തിൽ കുളിപ്പിക്കുമ്പോൾ  അയാൾ വികാര ലോലനായി.   കിടക്കയിൽ  കമിഴ്ന്നു കിടന്ന് ചാട്ടവാറടി  കൊള്ളുമ്പോൾ പുളകിതനായി.  ഉന്മാദബാധയാൽ  അവൾ  ആക്രോശിക്കുന്നുണ്ടായിരുന്നു. വികാര പാരമ്മ്യതയിൽ  അയാൾ ചലനമറ്റു   കിടക്കുന്നതു വരെ  അവൾ പ്രഹരിച്ചു കൊണ്ടിരുന്നു.
    
      അയാ‍ളുടെ  ശരീരത്തിലെ ചോര തിണർത്ത പാടുകളിൽ  തഴുകിക്കോണ്ട് അവൾ കഥ പറയാൻ തുടങ്ങി.  മൂന്നാമത്തെ ഭ്രാന്തനോടൊപ്പം ജീവിക്കാൻ  നിശ്ചയിച്ച ശ്രാവണയുടെ കഥയായിരുന്നു അത്..     തന്റെ ജീവിതത്തിലേക്ക്  ഭ്രാന്തന്മാർ മാത്രം  വരുന്നതെന്തുകൊണ്ടാണെന്ന്  അവൾക്കറിയണമെന്നില്ലായിരുന്നു.  ..   അവൾ ജീവിക്കാൻ തീരുമാനിച്ചിരുന്നു.






3 അഭിപ്രായങ്ങൾ:

  1. വ്യത്യസ്തമായ ഒരു കഥ . നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  2. വളരെ സാവാധാനം ഒരു സ്വകാര്യം പറയുമ്പോലെ മെല്ലെ തഴുകി പോകുന്ന എഴുത്ത്‌. ശ്രാവനയുടെ കഥ എനിക്കിഷ്ടായി.

    ജാലകത്തില്‍ ചേര്‍ക്കാത്തതെന്താണ്?
    http://www.cyberjalakam.com/aggr/
    ഇതാണ് ജാലകത്തിന്റെ id.

    വാക്ക്‌ തിട്ടപ്പെടുത്തല്‍ ഒഴിവാക്കുന്നത് നല്ലതാണ്.

    മറുപടിഇല്ലാതാക്കൂ