സായയുടെ വീട്ടിൽനിന്നും മടങ്ങുമ്പോൾ അവളുടെ മുഖം കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു. നാട്ടിലെത്തിയപ്പോഴാണ് വിവരങ്ങളറിഞ്ഞത്. സായ ഇപ്പോൾ ഒറ്റക്കാണെന്നും കൂടെയുണ്ടായിരുന്ന അച്ഛന്റെ മരണത്തോടെ മരോട്ടിച്ചാലിലെ തറവാട്ട് വീട്ടിലേക്ക് താമസം മറ്റിയെന്നുമൊക്കെ. യാത്രയിൽ ബഷീർ ഒപ്പമുണ്ടായിരുന്നു. എല്ലാം അറിയാവുന്ന അവൻ പഴയ കാര്യങ്ങൾ ഒർത്തെടുക്കുവാൻ ശ്രമിക്കുന്നതുപോലെ തോന്നി.
കായൽതീരത്തെ കോട്ടേജിലേക്കെത്തുമ്പോഴേക്കും അർദ്ധരാത്രി കഴിഞ്ഞിരുന്നു, ഉറക്കം വരില്ലെന്നറിയാവുന്നതുകൊണ്ട് പതിവ് തെറ്റിക്കാതെ ഗുളികയെടുത്തു വിഴുങ്ങി. ബഷീർ കിടന്നതേ ഉറങ്ങിക്കഴിഞ്ഞിരുന്നു. അഞ്ച് കുട്ട്യോളും കെട്ട്യോളുമൊക്കെയായി അവൻ ഇപ്പോഴും സുഖമായി ജീവിക്കുകയാണ്. മുമ്പൊക്കെ നാട്ടിലെത്തുമ്പോൾ കൂട്ടുകാർ എല്ലാവരും കൂടി അവന്റെ മേൽ കുതിര കയറുമായിരുന്നു. എല്ലാവർക്കും ഒന്നോ രണ്ടോ കുട്ടികൾ ഉള്ളപ്പോൾ അവന്റെ പെണ്ണിന് വർഷത്തിലൊരിക്കൽ സുഖ പ്രസവം. കള്ളിന്റെ പുറത്ത് അവൻ പറയുന്നത് കേൾക്കാൻ രസമായിരുന്നു. ' ഇക്കാ നിക്കൊരു കുട്ടി കൂടി വേണമെന്ന് കെഞ്ചുമ്പോൾ' അവൻ
വിസമ്മതിച്ചിട്ട് കാര്യമുണ്ടോ.. അവസാനം എല്ലാവരും കൂടി അവനെ പൊക്കിയെടുത്ത് സർക്കാർ ആസ്പത്രിയിലേക്കെത്തിക്കുകയായിരുന്നു. അല്ലെങ്കിൽ പെറ്റ് കൂട്ടി അവൾ പുര നിറക്കുമായിരുന്നു. എല്ലാവർക്കും ഒന്ന് തന്നെ സിസ്സേറിയൻ ചെയ്തെടുക്കുമ്പോൾ പെറാൻ പൂതിയുള്ളൊരു പെണ്ണ് അത്ഭുതം തന്നെ. തയ്യൽ ജോലിയിൽനിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അവർ ജീവിക്കുന്നു.
തികച്ചും ശൂന്യമായ മനസ്സോടെയാണ് ഉണർന്നെഴുന്നേറ്റത്. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. തുറന്നിട്ട ജാലകത്തിനപ്പുറത്തെ പുഴയോര കാഴ്ചകളിൽ മുഴുകിയിരിക്കുമ്പോൾ സമയത്തിന് ചിറകുകൾ മുളക്കുന്നു.. ശല്ല്യപ്പെടുത്താതെ ബഷീർ ഷോപ്പിലേക്ക് പോയിരിക്കുന്നു. ഓപ്പൻ എയർ റെസ്റ്റോറണ്ടിൽ തലേദിവസത്തെ ആഘോഷത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടില്ലായിരുന്നു. മുഴുവനാക്കാത്ത ബിയർക്കുപ്പികളും കൊത്തിപ്പൊരിച്ച മുട്ടയും മൺപാത്രത്തിലെ കള്ളും എല്ലാം കൂടി അഴുകിയ ഒരു വാട അന്തരീക്ഷത്തിലുണ്ട്. അയാളെക്കണ്ട് സപ്ലയർ ഓടി വന്ന് താഴ്വാരത്തിനഭിമുഖമായി ഇട്ടിരിക്കുന്ന ടേബിൾ പെട്ടെന്ന് വൃത്തിയാക്കി. കഞ്ഞി പുഴുക്കും ചുട്ട പപ്പടവും കൂട്ടി കഴിച്ചപ്പോൾ ഗൃഹാതുരത്വം അനുഭവപ്പെട്ടു.
കാണുന്നവർക്ക് നാടൻ പാട്ട് മൂളാൻ തോന്നിപ്പിക്കുന്ന വിധത്തിൽ തുഴഞ്ഞ് ഒരു മീൻ പിടുത്ത വഞ്ചി പുഴയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. അകാരണമായൊരു വിഷാദം മൂടൽ മഞ്ഞായി മനസ്സിനെ ഗ്രസിച്ചു. സായയെ ഒന്നുകൂടി കാണണം. മുപ്പത് വർഷത്തോളം കരുതി വെച്ച ചോദ്യത്തിനുത്തരം തേടണം.
കൂടെ മറ്റാരും ഉണ്ടാകരുതെന്ന് തോന്നിയതിനാൽ ആരോടും പറയാതെയാണ് കോട്ടേജിൽ നിന്നുമിറങ്ങിയത്. സുഹൃത്തുക്കൾ ആരെങ്കിലും വന്നാൽ വൈകീട്ടെത്തുമെന്ന് പറഞ്ഞേൽപ്പിച്ചു. സിറ്റിയുടെ തിരക്കിൽ നിന്നും രക്ഷപ്പെട്ട് സായയുടെ വീട്ടിലേക്കേത്തിയപ്പോൾ ഉച്ചയായി. ഗെയ്റ്റ് തുറക്കുമ്പോഴേക്കും സായ വാതിൽ തുറന്ന് പുറത്ത് വന്നിരുന്നു. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖം വിളിച്ചോതുന്നുണ്ട്. ജ്വലിക്കുന്ന സൌന്ദര്യത്തിന് മാറ്റ് കൂട്ടാനെന്നവണ്ണം വീതിയിൽ കസവുള്ള സെറ്റ് സാരിയാണ് വേഷം. ഊണ് കഴിക്കാൻ ക്ഷണിച്ചപ്പോൾ മറുത്തൊന്നും പറഞ്ഞില്ല. സാമ്പാറും അവിയലുമൊക്കെയായി സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. ആശ്ചര്യം കണ്ടിട്ടാകാം അവൾ വിശദീകരിച്ചു. " ഇന്ന് അച്ഛന്റെ ശ്രാദ്ധമാണ്, ഇന്നലെ പറയണമെന്ന് കരുതിയതാണ്. മറന്നു പോയി"
ഓർമ്മയിൽ ഒരു പൂക്കാലമായി സായയും അച്ഛനും കോളേജിന്റെ പടി കടന്നെത്തുന്നു. മുത്തുകൾ ചിതറിത്തെറിക്കുന്നതു പോലെ പൊട്ടിച്ചിരിക്കുന്ന കൊലുന്നനെയുള്ള പെൺകുട്ടി. തൃശൂർകാരിയാണെന്നറിഞ്ഞപ്പോൾ അടുപ്പം തോന്നി. താമസാവശ്യത്തിനായി രാംഭട്ട് കൊമ്പൌണ്ടിലെ പെൺകുട്ടികളുടെ വീട് ഏർപ്പാടാക്കി. അന്ന് സീനിയറായിരുന്ന അയാളാണ് ലോക്കൽ ഗാർഡിയനെന്ന് പുറത്ത് തട്ടിയോർമ്മിപ്പിച്ച് പിരിഞ്ഞ് പോയ സ്നേഹ നിധിയായ അച്ഛൻ.
ഒരു നിഴൽ പോലെ സായയോടൊപ്പം എന്നും അദ്ദേഹമുണ്ടായിരുന്നു. ഒറ്റമോളെന്ന വാത്സല്ല്യത്താൽ മോളെ സുഹൃത്തായി കണ്ട ഒരച്ഛൻ. ഭാര്യയുടെ വിയോഗശേഷം പുസ്തകങ്ങളെ മാത്രം സ്നേഹിച്ച വലിയ മനുഷ്യൻ. കുടുംബത്തിന്റെ ആഹ്ലാദം തല്ലിക്കൊഴിച്ച മകളെ കുറ്റപ്പെടുത്താതെ സ്വയം നീറിയൊടുങ്ങിയ മാതാപിതാക്കൾ...
സായ നീയെന്തിനിത് ചെയ്തു...? അയാൾ തേടിയലഞ്ഞ ഹൃദയത്തിൽ നന്മയുടെ പൂക്കളുള്ള പെൺകുട്ടിയാവാമായിരുന്നില്ലേ.. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ശൂന്യത തളം കെട്ടിയ അകത്തളങ്ങളിൽ നിശ്ശബ്ദമായി.
"ഒരു ദിവസം ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ താക്കോൽ മറ്റുള്ളവർ വരുമ്പോൾ നൽകാൻ നിങ്ങളെയേല്പിക്കുമ്പോൾ സുചിത്ര പറഞ്ഞത് ഓർക്കുന്നുണ്ടോ....? സായയുടെ ഹൃദയത്തിന്റെ താക്കോലാണിതെന്നും സൂക്ഷിച്ചോളണേയെന്ന്..." സായയുടെ പ്രതികരണം അയാളെ സ്തബ്ധനാക്കി.
അന്ന് സുചിത്രയുടെ തമാശയാണെന്നേ..കരുതിയുള്ളൂ...അയാൾ ഭീരുവായി ഒഴിഞ്ഞു മാറിയതിനാലാണൊ ഇതൊക്കെ സംഭവിച്ചത്. അന്നത്തെ സായയുടെ മനസ്സിലിരിപ്പായിരുന്നോ.. സുചിത്രയിലൂടെ പുറത്തേക്ക് വന്നത്. ഒരു പെൺകുട്ടിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് പ്രണയ സൂചന നൽകിയിട്ടും കാണാതെ പോയത് അയാളുടെ പിഴയല്ലേ.. മനസാകെ ഭ്രമിച്ചതു പോലെ. വാദി പ്രതിയായി മാറിയ അവസ്ഥ.
സായക്കറിയാം അയാളുടെ കുട്ടികളില്ലാത്ത ദാമ്പത്യം സമാന്തരപാളങ്ങൾ മാത്രമാണെന്ന്. ഒപ്പം ദൂരം താണ്ടുന്ന സഹയാത്രകൾ മാത്രം. സഹശയനത്തിലെ വിരസതക്കൊപ്പം വളരുന്ന വെറുപ്പുകൾ വർഷങ്ങൾ കൊണ്ട് അകലങ്ങളായി പരിണമിക്കുന്നു.
യാത്ര പറഞ്ഞ് മൊബൈലിൽ സംസാരിച്ചുകൊണ്ട് നടന്നു മറയുന്ന അയാളെ നൊമ്പരത്തോടെ നോക്കി സായയിരുന്നു. ദൂരെ നിന്നും അയാളെ കാണുന്ന ഒരാൾക്ക് ഭ്രാന്തനാണെന്ന് തോന്നുമായിരുന്നു. കൈകൾ കൊണ്ട് ചേഷ്ടകൾ കാണിച്ച് കൂടെയാരുമില്ലാതെ സംസാരിച്ച് നീങ്ങുന്ന ഒരാൾ...
സായയുടെ രണ്ടാമൂഴമായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെന്ന് മറ്റാർക്കുമറിയില്ലായിരുന്നു. പ്രണയ മധുവുമായി പറന്നുയർന്ന വർഷങ്ങൾ. ഗുരുപ്രണാമങ്ങളെപ്പോഴോ പ്രണയത്തിനായി ചുവടുമാറി. തുറന്നിട്ട വാതായനങ്ങളിൽ ചവർക്കുന്ന സ്നേഹമായി അദ്ദേഹം പടർന്നു കയറി. നരച്ച മീശയിൽ ... പരുപരുത്ത താടി രോമങ്ങളിൽ ... നെഞ്ചിലെ പഞ്ഞിക്കെട്ടിൽ എല്ലാം അവൾ പുരുഷനെയറിഞ്ഞു. കൺപോളകളിൽ വാത്സല്ല്യ ചുംബനങ്ങൾ നൽകി ഹൃദയ സ്പ്ന്ദനങ്ങൾ കവർന്നെടുത്തു. മദ്ധ്യവയസ്കനും വഭാര്യനുമായ പ്രൊഫസർ അവളുടേതായിരുന്നു. അദ്ദേഹത്തെ ആലിംഗനം ചെയ്യുമ്പോൾ ലഭിച്ചിരുന്ന സുരക്ഷിതത്വം അവിസ്മരണീയമായിരുന്നു. ചെവിയിലെ മൃദുലതയിൽ വേദനയില്ലാതെ കടിക്കുമ്പോൾ അദ്ദേഹത്തിന് ലഭിച്ചിരുന്ന ഉത്തേജനം അജയ്യമായിരുന്നു. കവിത ചൊല്ലി കഥകൾ പറഞ്ഞ് ആശയങ്ങൾ പങ്കുവെച്ചുള്ള ജീവിതം. വീട്ടുകാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ബന്ധമൊഴിവാക്കാൻ അവൾ തയ്യാറായില്ല. ഒടുവിൽ പ്രഭാത സവാരിക്കിടയിൽ അജ്ഞാത വാഹനമിടിച്ച് പ്രൊഫസർ മരണമടയുന്നതുവരെ അവൾ
അദ്ദേഹത്തിന്റേതായിരുന്നു.
ഉണങ്ങാത്ത മുറിപ്പാടിന്റെ വേദന ചിനക്കിയെടുക്കുന്നവളാണ് സായ. മറ്റൊരു പ്രണയത്തിൽ നിന്നും രക്ഷനേടാനൊരു സുഹൃത്ത് വേണമായിരുന്നു. അവളേക്കാൾ അഞ്ച് വയസ്സ് ഇളപ്പമുള്ള ചരൺ നല്ല സുഹൃത്തായി... എല്ലാവർക്കും മുന്നിൽ സഹോദരീ സഹോദര ബന്ധം. കളി ചിരികൾക്കിടയിൽ അത്ഭുത ശക്തിയുള്ള മുറി മരുന്നായി ചരൺ.
സൌഹൃദത്തിന് അതിർവരമ്പുകളില്ലാതായി. മാസത്തിലൊരിക്കൽ തീർത്ഥാടനത്തിനിറങ്ങുന്ന മാതാപിതാക്കൾ കാവലേല്പിക്കുന്നത് ചരണിനെയായി... എല്ലാം കൊണ്ടും സേഫായ ബന്ധം. ചുരത്തുന്ന മാതൃത്വമായി അളവില്ലാതെ ചരണിന് സ്നേഹം നൽകി. കോഴ്സ് കഴിഞ്ഞിറങ്ങിയ ചരൺ സീരിയസാവുന്നതറിഞ്ഞ സായ പക്വതയുള്ള മനസ്സിന്റെ ഉടമയായി. ഒരു വീടിന്റെ പച്ചപ്പ് കരിയിക്കാതെ ചരണിനെ പ്രയാസത്തോടെ തൂത്തെറിഞ്ഞു.
മുന്നിൽ പുതിയ പ്രണയാത്മാക്കൾ അവതരിച്ചപ്പോൾ വിങ്ങുന്ന മനസ്സോടെ ചരൺ പടിയിറങ്ങി. ഓർക്കുമ്പോൾ എല്ലാം അവൾക്കൊരു കളിക്കമ്പം മാത്രം. അണയാത്ത പ്രേമ ജ്വാലകളിൽ പടർന്നേറിയ ജീവിതം ഇതുവരെ.
അയാൾ മാത്രം അവൾക്കന്യനായി. കയ്യെത്താ ദൂരത്ത് മോഹപ്പക്ഷിയായി കാത്തുനിൽക്കുമ്പോഴും അഞ്ജത നടിച്ചു. ഇപ്പോഴും പരിഹസിച്ച് ആത്മാവിനെ കുത്തിനോവിച്ച് ഇറക്കി വിട്ടു.
യഥാർത്ഥത്തിൽ അയാളുടെ പ്രണയം അവളറിഞ്ഞിരുന്നു. ചെമ്പൻ കണ്ണുകളിലെ തീഷ്ണതയേറിയ കൃഷ്ണമണികൾ പ്രണയം വിളിച്ചോതിയിരുന്നു..... അവളെ ദർശിക്കുമ്പോൾ പോടിഞ്ഞിരുന്ന സ്വേദ കണങ്ങൾ പ്രണയത്തിന്റെ സുഗന്ധം പരത്തിയിരുന്നു. .... അയാളുടെ ഉച്ഛ്വാസ വായു സഫലീകരിക്കാത്ത പ്രണയത്താൽ ചുട്ടുപൊള്ളിയിരുന്നു.
പാപികൾക്കിടമില്ലാത്ത പുണ്യാത്മാവാണയാൾ.. ബന്ധങ്ങൾ രതി രസത്തിലൂടെ നിർവ്വചിക്കുന്ന സായക്കതിനർഹതയില്ല. സജലങ്ങളായ കണ്ണുകളിലൂടെ സായയുടെ ദൂരക്കാഴ്ചകൾ മറഞ്ഞില്ലാതായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ