രജിസ്ത്രാപ്പീസിൽ നല്ല തിരക്കായിരുന്നു.റിയൽ എസ്റ്റേറ്റ് ബിസ്സിനസുകാരും ഇടനിലക്കാരും സാധാരണ ഇടപാടുകാരുമൊക്കെയായി പരിസരം ജനനിബിഡമാണ്. ഞാൻ വിശാലമായ തൊടിയിലെ പ്രിയോർ മാവിനടിയിൽ ഇട്ടിരുന്ന ചാരു ബെഞ്ചിലിരിക്കുകയാണ്. ആധാരമെഴുത്തുകാരൻ അമ്മയേയും വല്ല്യമ്മയേയും കൊണ്ട് അകത്ത് പോയിരിക്കുകയാണ്. അമ്മാവൻ നേരത്തെ സ്ഥലത്തെത്തിചേർന്നിട്ടുണ്ട്. അമ്മാമയുടെ മരണപത്രപ്രകാരം സ്വത്ത് വല്ല്യമ്മക്കാണ് എഴുതി വെച്ചിട്ടുള്ളത്. നാമമാത്ര പ്രതിഫലമായി അമ്മക്കും അമ്മാവനും ഇരുന്നൂറ് രൂപ നൽകണമെന്ന് വ്യവസ്ഥയുണ്ട്. അമ്മാമ്മ മരിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും വ്യവസ്ഥ പാലിക്കാൻ വേണ്ടി ഇപ്പോഴാണ് രശീതി തീറാക്കുന്നത്. എല്ലാവർക്കും പ്രായാധിക്യമായി. മരണശേഷം മക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാവരുതെന്ന് വല്ല്യമ്മക്ക് നിർബന്ധമുണ്ടായിരുന്നു.
അടുത്ത് ബഞ്ചിലിരിക്കുന്നയാളുടെ അരികിലേക്ക് ആധാരമെഴുത്തുകാരൻ വന്നിട്ടുണ്ട്. എഴുത്ത്കാരന് നൽകേണ്ട സംഖ്യയുടെ പകുതി സംഖ്യ കൈക്കൂലി നൽകുന്നതിനുവേണ്ടി ചോദിക്കുകയാണ്.
“നിങ്ങളെന്തുപറഞ്ഞാലും ഇത്രയധികം കാശ് ഞാൻ തരില്ല.വല്ല നൂറോ ഇരുന്നൂറോ ആണെങ്കിൽ തരാമായിരുന്നു. അയ്യായിരം നിങ്ങൾക്കും രണ്ടായിരത്തഞ്ഞൂറ് കൈക്കൂലിയും ഇതെവിടുത്തെ ന്യായമാ..”
“ പതുക്കെ പറ, ആളുകൾ ശ്രദ്ധിക്കുന്നു.. എനിക്ക് ഇന്നു മാത്രം ഇവിടെ വന്നാൽ പോരല്ലോ..എല്ലാം ഞാൻ പറഞ്ഞുറപ്പിച്ചിരുന്നതല്ലേ.. “
“എന്റെ കാര്യം നടക്കണ്ടേ.. അതോണ്ടാ.. ഞാൻ സമ്മതിച്ചത് ഞാനൊരാള് വിചാരിച്ചാ.. ഇവിടം നന്നാവാൻ പോണില്ലെന്നറിയാം.. എല്ലാവർക്കും ഇതറിയാവുന്നതല്ലേ.. രജിസ്ത്രാപ്പീസിലെ കൈക്കൂലി നിറുത്താൻ ആർക്കാ കഴിയാ.. ഇന്നാ കൊണ്ടു പോയി തുലക്ക്..” മടിശീലയിൽ നിന്നും കാശെടുത്ത് കൊടുത്ത് അണപൊട്ടിയ രോഷമൊതുക്കി അയാളിരുന്നു.
നിറയെ തണൽ മരങ്ങൾ നിറഞ്ഞ ഒരിടമായിരുന്നു അത്. വിൽക്കുന്നവന്റെ നൈരാശ്യം തണുപ്പിക്കുന്നതിനും വാങ്ങുന്നവന്റെ ആഹ്ലാദം പെരുപ്പിക്കുന്നതിനും പറ്റിയ അന്തരീക്ഷം. ഭൂമിയുടെ അവകാശികൾ പിറവിയെടുക്കുന്നയിടം. വളരെ പഴക്കമുള്ള കെട്ടിടമാണ്. എത്രയോ പഴങ്കഥകൾ പറയാനുണ്ടാവും..തകർച്ചയുടേയും സമ്പന്നതയുടേയും കഥകൾ.. അന്നും ഇന്നും പിന്തുടരുന്ന രീതി മാറിയിട്ടില്ല കൈമാറുന്ന തുക കൂടിക്കോണ്ടിരിക്കുന്നുവെന്ന് മാത്രം.
അമ്മക്ക് സുഖമില്ല. കടുത്ത ആസ്തമയാണ്. രജിസ്ത്രാപ്പീസിൽ വരാൻ പറ്റുമെന്ന് വിചാരിച്ചില്ല. കാശിന് അത്യാവശ്യമുണ്ടായിരുന്നതുകൊണ്ട് നിർബന്ധിച്ചുകൊണ്ടുവന്നതാണ്. വല്ല്യമ്മക്ക് നല്ല ധനസ്ഥിതിയാണ് മുപ്പത് വർഷം മുമ്പ് നൽകേണ്ട ഇരുന്നൂറ് രൂപയല്ലേ, വല്ല്യമ്മയുടെ ചുറ്റുപാടനുസരിച്ച് ചുരുങ്ങിയത് ഇരുപതിനായിരമെങ്കിലും ഇല്ലാതിരിക്കില്ല. അമ്മയുടെ കല്ല്യാണത്തിന് സിംഗപ്പൂരിലായിരുന്ന വല്ല്യമ്മ അന്നു ഇരുപത്തഞ്ച് പവൻ സഹായിച്ചുവത്രെ. അച്ഛാഛൻ തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും നൽകുകയുണ്ടായില്ല . . അമ്മാവനെ പഠിപ്പിക്കുന്നതിനും ജോലിക്കും വേണ്ടി നൽകിയ കണക്കുകൾ വേറെയും. പറഞ്ഞു വരുമ്പോൾ വല്ല്യമ്മക്ക് നഷ്ടങ്ങളുടെ കണക്കുകൾ മാത്രം.
വല്ല്യമ്മ ആളൊരു കൊച്ചുസുന്ദരിയാണ്. നല്ല വിലകൂടിയ സാരിയും ആഭരണങ്ങളും ധരിച്ച് എപ്പോഴും ഫ്രഷായിരിക്കുന്ന വല്ല്യമ്മയെ കാണാൻ നല്ല ചന്തമാണ്. വാതോരാതെ സംസാരിച്ച് തമാശകൾ പറഞ്ഞ് പൊട്ടിചിരിക്കുന്ന അവരെകാണുമ്പോൾ അമ്മയോ അമ്മാവനോ അല്ല ആഹ്ലാദമാണവരുടെ കൂടെപ്പിറപ്പെന്ന് തോന്നിപ്പോകും. ദൈന്യത സാരിയുടുത്താൽ എങ്ങനെയിരിക്കും അതാണെന്റെ അമ്മ. അമ്മയുടെ മുഖത്ത് സന്തോഷം ഒരിക്കലും കണ്ടിട്ടില്ല. മദ്യപിച്ച് എല്ലാം വിറ്റ് തുലച്ച് ലക്കുകെട്ട് ജീവിച്ച് അകാലത്തിൽ മരണമടഞ്ഞ അച്ഛന്റെയൊപ്പം കൂടിയതുമൂലമാകാം അമ്മയുടെ സന്തോഷം കെട്ടുപൊയത്. അമ്മക്ക് വേണ്ടുന്ന സന്തോഷം കൂടി വല്ല്യമ്മക്ക് ലഭിച്ചിരിക്കുന്നു. വല്ല്യമ്മക്ക് അച്ഛനെ പേടിയായിരുന്നു. സംസ്കാരമില്ലാത്തവനെന്നാണ് അച്ഛനെ വിശേഷിപ്പിക്കുക.
അമ്മാവനെക്കുറിച്ചും വല്ല്യമ്മക്ക് ആക്ഷേപങ്ങളെ ഉള്ളൂ.. പഠിപ്പിച്ചെന്നും വല്ല്യച്ഛൻ സിംഗപ്പൂരിൽ ജോലി ശരിയാക്കിയിട്ടും ഉപേക്ഷിച്ചെന്നുമൊക്കെ എപ്പോഴും കേൾക്കുന്നതാണ്. അമ്മാവന്റേത് വല്ല്യമ്മക്ക് ഇഷ്ടമല്ലാത്ത വിവാഹമായിരുന്നു.നിറയെ പെൺകുട്ടികൾ ഉള്ള കുടുംബത്തിൽ നിന്നും പെണ്ണ് കെട്ടി പ്രാരാബ്ധക്കാരനായെന്നാണ് പരാതി. ഇപ്പോൾ പറയത്തക്ക പണിയൊന്നുമില്ലാതിരിക്കുന്ന അമ്മാവൻ തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് എന്നാലും പരിഭവങ്ങളേയുള്ളൂ. വല്ല്യച്ഛന്റെ തറവാട് വീടിനോട് ചേർന്നുള്ള ഭൂസ്വത്തുക്കൾ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ് സംരക്ഷിക്കുന്നത്.അവർ അതിര് തിക്കിയെടുത്തെന്നും നാളികേരം പകുതിയേ ലഭിക്കുന്നുള്ളുവെന്നുമൊക്കെ ആരോപണങ്ങൾ. ചുരുക്കത്തിൽ എല്ലാവർക്കും കുറ്റം. അതുകൊണ്ടു തന്നെ ആവശ്യങ്ങൾ വരുമ്പോൾ സഹായിക്കാൻ ആരുമില്ല.
വല്ല്യച്ഛനോടൊപ്പം കണ്ണോപ്പറേഷന് തൃപ്പൂണിത്തറയിൽ പോയിരുന്നു. സാത്വികനായ ഒരാളാണ്, സ്നേഹം പുറത്ത് കാണിക്കില്ല തിളങ്ങുന്ന കണ്ണുകളിലെ പ്രസന്നതയുടെ പുഞ്ചിരി അനുഭവിക്കാൻ സാധിക്കുമായിരുന്നു. വല്ല്യച്ഛനെ പരിചരിച്ച് മൂന്നു ദിവസം പോയതറിഞ്ഞില്ല. എനിക്ക് പതിനാറ് വയസ്സുള്ളപ്പോൾ മരണമടഞ്ഞ അച്ഛന്റെ സ്ഥാനം നൽകിയാണ് ഒപ്പം കഴിഞ്ഞത്.
“നിങ്ങളിവിടിരിക്ക്യാ.. അവിടന്വേഷിക്ക്ണ്ണ്ട്” ഡ്രൈവറാണ് സാക്ഷിയൊപ്പിടാൻ സമയമായിക്കാണും. അകത്തേക്ക് ചെന്നപ്പോൾ അവർ രജിസ്ത്രാറുടെ മുന്നിലാണ്. സംഖ്യയൊക്കെ കിട്ടിയല്ലോയെന്ന അയാളുടെ ചോദ്യത്തിന് അമ്മയും അമ്മാവനും ചിരിച്ചുകൊണ്ട് തലയാട്ടി. ഞാനും ഡ്രൈവറും ഒപ്പിടുമ്പോൾ തിണ്ണയിലിരിക്കുന്ന സ്ഥിരം സാക്ഷികൾ അതൃപ്തിയോടെ നൊക്കുന്നുണ്ടായിരുന്നു. സാക്ഷിയൊപ്പിട്ട് അമ്പത് രൂപ കൈപ്പറ്റി ജീവിതം നയിക്കുന്ന ഇവരെ തീറ് നടന്ന് പുറത്തിറങ്ങുന്നതോടെ എല്ലാവരും മറക്കുന്നു. കള്ളപ്രമാണങ്ങളിൽ ഒപ്പിട്ട് കേസായാൽ സാക്ഷിജന്മങ്ങളെ കോടതി വരാന്തയിലെ തിണ്ണയിലും കാണാം.
വല്ല്യമ്മ ഒരു കാൽ ക്രെച്ചസിലൂന്നിയാണ് നടക്കുന്നത്. ഇപ്പോൾ കൂടുതൽ അവശതയുള്ളതുപോലെ.. ഇരു കാലുകളിലും നീരുമുണ്ട്. വല്ല്യച്ഛൻ പ്രമേഹബാധിതനായിരുന്നു. ഏക മകൾ ഭർത്താവിനോടൊപ്പം ഗൾഫിലാണ്. മകൾ ലീവിൽ വന്നപ്പോഴാണ് വല്ല്യച്ഛന്റെ കാലിലെ തള്ളവിരൽ ഉറുമ്പ് തിന്ന് കുഴിയായിരിക്കുന്നത് കണ്ടത്. സ്പർശനമറിയാത്ത വിധം പ്രെമേഹം കൂടിയിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു. സെപ്റ്റിക് ആയി.. ഇതിനിടയിൽ വല്ല്യമ്മ കുളിമുറിയിൽ വഴുക്കി വീണു. ഇടുപ്പെല്ല് പൊട്ടി ആശുപത്രിയിലായി. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടു പേരും അടുത്തടുത്ത കട്ടിലുകളിൽ മുഖത്തോടു മുഖം നോക്കി കിടന്നു. വല്ല്യച്ഛന്റെ അവസാന നാളുകളായിരുന്നു. അബോദ്ധാവസ്ഥയിൽ ഊർദ്ധൻ വലിക്കാൻ തുടങ്ങിയപ്പോൾ വല്ല്യച്ഛന്റെ കട്ടിൽ ജീവനക്കാർ കർട്ടൻ നീക്കി മറച്ചു. ഓർമ്മയുടെ തീരങ്ങളിൽ പത്നിയെ അവസാനമായി കണ്ട് അദ്ദേഹം കണ്ണടച്ചു. വ്വല്ല്യച്ഛനെ മുറിയിലേക്ക് മാറ്റിയെന്ന കള്ളം വിശ്വസിച്ച് അവർ സർജ്ജറിക്കായി ഒരുങ്ങി. വീട്ടിൽ ഭർത്താവിന്റെ മരണാനന്തര കർമ്മങ്ങൾ നടക്കുമ്പോൾ ഒന്നുമറിയാതെ വായക്കു രുചിയറിയാൻ കുടംമ്പുളിയിട്ട മീൻ കറി വാങ്ങി ഭക്ഷണം കഴിച്ചു. അവരുടെ ജീവിതത്തിലെ ഏറ്റവും ദൌർഭാഗ്യകരമായ സംഭവമായിരിക്കും അത്.
അമ്മക്കും അമ്മാവനും വല്ല്യമ്മയോട് ഉള്ളിൽ രസക്കേടുകളുണ്ടായിരുന്നു. അറുത്ത കൈക്ക് ഉപ്പുതേക്കാത്തവളാണെന്നും സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് കരളലിയാത്തവളാണെന്നുമൊക്കെയാണ് പറച്ചിൽ. അവർക്കതിന് ദൃഷ്ടാന്തങ്ങളുമുണ്ട്. ചേച്ചിയുടെ കല്ല്യാണത്തിന്റെ ഭാഗമായി നടന്ന ഇരക്കൽ പ്രയാണത്തിൽ വല്ല്യമ്മയുടെ വീട്ടിലും പോയിരുന്നു. വല്ല്യമ്മയുടെ മകളുടെ വിവാഹം കഴിഞ്ഞിട്ട് അധികമായിട്ടില്ല. കയ്യിൽ കാശൊന്നുമില്ലെന്നും പണ്ടങ്ങളൊക്കെ ബങ്കിൽ പണയത്തിലാണെന്നും ഒഴിവു കഴിവുകൾ പറഞ്ഞ് അമ്മയെ തിടുക്കത്തിൽ ബസ്സ് കയറ്റി വിട്ടു. ആ ബസ്സിൽ കയറിയില്ലെങ്കിൽ ഇനി ഒരു മണിക്കൂർ കഴിഞ്ഞേ ബസ്സുള്ളുവെന്ന കള്ളം അവർ ഇടക്കിടെ ആവർത്തിക്കുന്നുണ്ടായിരുന്നു. അമ്മ ബസ്സിൽ കയറുമ്പോഴേക്കും വിരുന്നുകാരുടെ കാർ വല്ല്യമ്മയുടെ വീട്ടിലേക്കെത്തിക്കഴിഞ്ഞിരുന്നു. ദരിദ്രവാസിയായ ഒരനിയത്തിയുണ്ടെന്ന കാര്യം അവർക്ക് കുറച്ചിലുണ്ടാക്കുന്നതല്ലേ..
ഏതൊക്കെയോ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ട് ഞങ്ങൾ രജിസ്ത്രാപ്പീസിന്റെ പടികളിറങ്ങി. വല്ല്യമ്മയെ വീട്ടിലിറക്കി യാത്ര പറഞ്ഞിറങ്ങവെ അമ്മയുടേയും അമ്മാവന്റേയും കയ്കളിൽ ഓരോ ചുവന്ന ലക്കോട്ട് വല്ല്യമ്മ വെച്ചു കൊടുത്തു. കാത്തിരുന്ന നിമിഷം . കനം കുറഞ്ഞ കവർ ഉള്ളിൽ ചെക്കായിരിക്കുമെന്ന ശുഭ സൂചന നൽകി. അമ്മാവനുള്ളപ്പോൾ കവർ എങ്ങനെ തുറക്കുമെന്ന സന്ദേഹത്തിലായിരുന്നു ഞാൻ. രണ്ടു പേർക്കും തുക വ്യത്യസ്തമായിരിക്കാം.. ആങ്ങളക്ക് സംഖ്യ കൂടുതൽ കാണുമായിരിക്കും. കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അദ്ദേഹം വശം കീറി കവർ തുറന്നു. പുറത്തേക്ക് ചാടിയ രണ്ട് നൂറിന്റെ നോട്ടുകൾ കണ്ട് വിളറിയ മുഖത്തോടെ ഞങ്ങളെ നോക്കി.
എനിക്ക് ഒരുപാടിഷ്ടമുള്ള വല്ല്യമ്മയോട് നീരസം തോന്നിയ നിമിഷങ്ങൾ. ഇതിലും ഭേദം അവർ ഒന്നും നൽകാതിരിക്കുകയായിരുന്നു. അമ്മ ചെറിയ പരിഹാസത്തോടെ പറഞ്ഞു. “ ഞാൻ വരണ്ടാന്ന് കരുതിയതാ.. ഇവന്റെ നിർബന്ധം കാരണം വന്നതാ.. ഇപ്പൊ നന്നായില്ലെ... ചേച്ചിയെ എനിക്കറിയാവുന്നിടത്തോളം ഇവനറിയില്ലല്ലോ.. വണ്ടി വാടക കൊടുക്കാൻ കടം വാങ്ങേണ്ട ഗതികേടിലായി...”
കടമകൾ തീർത്ത് വല്ല്യമ്മ വീട്ടിലിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവുമോ.... ആഹ്ലാദമാണല്ലോ അവരുടെ കൂടെപ്പിറപ്പ്.
ബന്ധങ്ങളുടെ നൂലിഴകളിലൂടെ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്താന്‍ കാണിച്ച വൈഭവം കഥാകൃത്തിനു അഭിമാനിക്കാം എവിടെയോ ആത്മാംശം മിന്നിമറയുന്നത് പോലെ . നന്ദി.
മറുപടിഇല്ലാതാക്കൂ