ആംബുലൻസ് ഹൈവേയിലൂടെ കുതിച്ചു പായുകയാണ്. രക്തം വാർന്നുകൊണ്ടിരിക്കുന്ന തകർന്ന ഇടത്തേകാൽ സ്ട്രെച്ചറിൽ പൊക്കി വെച്ചിട്ടുണ്ട്. ചതഞ്ഞ മാംസത്തിന്റെ ഒരു കഷണമാണ് കാലിനെ ശരീരവുമായി ബന്ധിപ്പിച്ചിട്ടുള്ളത്. തലക്കേറ്റ പരിക്ക് കാരണം അയാൾക്ക് എല്ലാം ഒരു പുകമറ പോലെ.
അയാൾ മകൾക്ക് മരുന്ന് വാങ്ങാനിറങ്ങിയതാണ്. നല്ല പനിയുണ്ടായിരുന്നു. ഫിറ്റ്സ് വരാൻ സാധ്യതയുള്ളതുകൊണ്ട് വാലിയം വാങ്ങാൻ തിരക്കിട്ടിറങ്ങിയതാണ്. പനിക്കുമ്പോൾ ടെമ്പറേച്ചർ വർദ്ധിക്കാതിരിക്കാൻ നനച്ചുകൊണ്ടിരുന്നു. അരമണിക്കൂർ കൂടുമ്പോൾ അലാറം വെച്ച് രാത്രി മുഴുവൻ ഉറങ്ങാതെ കഴിക്കുകയായിരുന്നു. കാലത്ത് നൽകാനുള്ള വാലിയം തീർന്നിരുന്നു. ഓരോതവണ ഫിറ്റ്സ് വരുമ്പോഴും കുട്ടിയുടെ ബ്രെയ്ൻ ക്വാളിറ്റി കുറഞ്ഞുകൊണ്ടിരിക്കുമത്രെ. ഒരിക്കൽ സന്നിയിളകിയതു കണ്ട് പേടിച്ചുപോയി. അന്നു തീരുമാനിച്ചതാണ് ഇനിയൊരിക്കലും അത് വരാൻ പാടില്ലെന്ന്. അവ്യക്തമായ ഓർമ്മയിൽ അയാൾ പാന്റ്സിന്റെ പോക്കറ്റിൽ മൊബൈൽ തപ്പി നോക്കി. അവിടെയില്ലായിരുന്നു ബൈക്കിൽനിന്നും വീണപ്പോൾ തെറിച്ചു പോയിരിക്കാം. ആംബുലൻസിൽ മറ്റാരുമില്ല. ഭാര്യയോട് വാലിയം വാങ്ങാൻ പറയാൻ മാർഗമില്ല. അപകടവിവരം അറിയിച്ചാൽ അവൾ തകർന്നു പോകും. കുഞ്ഞിന്റെ പനി മാറിയാൽ മതി. പതിമൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ചതാണ്. ലക്ഷങ്ങൾ ചെലവിട്ട് ജനിപ്പിച്ചതാണ്. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
വണ്ടിയിടിച്ച് എത്രനേരം റോഡിൽ കിടന്നെന്നറിയില്ല. ആളുകൾ കൂടിയിരുന്നെങ്കിലും ആരും അടുത്തേക്ക് വന്നില്ല. സ്വന്തം ചോരയുടെ തണുപ്പറിഞ്ഞ് വേദന മരവിച്ച് ലഹരിയായുള്ള കിടപ്പ്. അപകടത്തിൽ പെട്ടയാൾ ചോര വാർന്നു മരിച്ചു. നാളത്തെ പത്രത്തിലെ ചരമവാർത്തയാവാൻ സാധ്യത. ആക്ട്സ് പ്രവർത്തകരുടെ ആംബുലൻസെത്തിയതും ആരൊക്കെയോ സ്ട്രെച്ചറിൽ എടുത്തുകിടത്തിയതും ഓർമ്മയിലില്ല.
അയാൾ ടിവിയിൽ കേട്ട പ്രഭാഷണം ഓർത്തെടുക്കുകയായിരുന്നു. പനിക്കുമ്പോൾ ഫിറ്റ്സ് വരുന്നത് സ്വാഭാവികമാണെന്ന് കരുതി ചികിത്സിക്കാതിരുന്ന മാതാപിതാക്കളുടെ മന്ദബുദ്ധിയായിതീർന്ന കുഞ്ഞിനെ കുറിച്ചായിരുന്നു അത്. ആധി കൂടി ബോധം പൂർണ്ണമായി നഷ്ടപ്പെടുമെന്ന തോന്നിയ നിമിഷം. ഒരു കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി മനുഷ്യ സാധ്യമായ എല്ലാം അവർ ചെയ്തിരുന്നു. സകല സമ്പാദ്യങ്ങളും ജീവിതവും വ്യർത്ഥമെന്ന് തോന്നിച്ച വർഷങ്ങൾ. നാടോടി പെണ്ണുങ്ങൾ മുലയിൽ ഞാത്തി കൊണ്ടു നടക്കുന്ന മൂക്കിളയൊലിപ്പിച്ച കുഞ്ഞുങ്ങളെ കാണുമ്പോൾ എത്ര ഭാഗ്യവതികൾ എന്നു പറയുന്ന ഭാര്യ. എല്ലാമുണ്ടായിട്ടും സ്നേഹമസൃണമായ ഗൃഹാന്തരീക്ഷത്തിൽ കുട്ടികളില്ലെങ്കിൽ എല്ലാം മിഥ്യ. പക്ഷിമൃഗാദികൾക്കും പൂക്കൾക്കുമൊക്കെയായി സ്നേഹം പകുത്തുകൊടുത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അനപത്യ ദു:ഖത്തിലലിഞ്ഞു ചേരാൻ അയാൾ തയ്യാറായില്ല. വാശിയോടെ നേടിയെടുത്ത മകളാണ്. അവളെ ബുദ്ധിയില്ലാത്തവളാക്കാൻ കഴിയില്ല.
ആംബുലൻസ് പോകുന്നത് അയാളുടെ വീടിന്റെ മുന്നിലൂടെയാണ്. വീടെത്തുമ്പോൾ ഒന്നു നിറുത്തി ഭാര്യയെ വിളിക്കാൻ അയാളാഗ്രഹിച്ചു. ഡ്രൈവറോട് പറയാൻ വേണ്ടി ഒച്ചയിട്ടു. ശബ്ദമില്ലായിരുന്നു. ഇടിയുടെ ആഘാതം എല്ലാം മാറ്റി മറിച്ചിരിക്കുന്നു. വീട് ഹൈവേയുടെ സമീപത്തായതിനാൽ ദിവസവും ആംബുലൻസിന്റെ സയറൺ കേൾക്കാറുണ്ട്. ഏതോ ഹതഭാഗ്യൻ ജീവൻ മരണപോരാട്ടം നടത്തുകയാവുമെന്ന് അപ്പോഴൊക്കെ ഓർക്കാറുണ്ട്.
ആംബുലൻസ് ഡ്രൈവർ സ്വബോധമില്ലാത്തതുപോലെയാണ് വണ്ടിയോടിക്കുന്നത്. വഴിമാറി കൊടുത്തില്ലെങ്കിൽ ഓരോ വണ്ടിയും ഇടിച്ചുതെറിപ്പിക്കുമെന്ന് കാഴ്ചക്കാർക്ക് തോന്നുമായിരുന്നു. മരണവും മരണവേഗവും തമ്മിലുള്ള നിരന്തര സമ്പർക്കം മൂലമാവാം ഡ്രൈവർക്ക് വേഗത ഹരമായിരുന്നു. ആശുപത്രിയിൽ ആളെ ഇറക്കിയ ശേഷവും അമിത വേഗതയിൽ സയറൺ മുഴക്കിയാണ് തിരിച്ചു പൊയ്ക്കൊണ്ടിരുന്നത്.
അയാളെ ഇടിച്ച് തെറിപ്പിച്ചത് ടിപ്പർ ലോറിയാണ്. മുൻവശത്തെ ഇടത്തെ ചക്രം ബൈക്കിൽ തട്ടിയപ്പോൾ അയാൾ ചെന്നു വീണത് റോഡിന്റെ വലതു ഭാഗത്തായിരുന്നു. തലയിലൂടെ വണ്ടി കയറ്റാതെ വെട്ടിച്ചെടുത്തപ്പോൾ കാലിലൂടെ ചക്രം കയറിയിറങ്ങി. ഒരു നിമിഷം പോലും സ്തംഭിക്കാതെ സ്വാഭാവികതയോടെ ടിപ്പർ നിയന്ത്രണത്തിലാക്കി ഡ്രൈവർ വണ്ടിയോടിച്ച് പോയി. ഒന്നു നിറുത്തിയിരുന്നെങ്കിൽ ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ലായിരുന്നു. വണ്ടി പോകുന്നതിനിടയിൽ നമ്പർ ശ്രദ്ധയിൽ പെടാതിരിക്കാൻ കിളി പൂഴി മൂടിയിരുന്ന ടാർപായയുടെ കയർ വെട്ടി പായ പുറകിലേക്കിട്ടിരുന്നു. പെട്ടെന്ന് ആരെങ്കിലും ആശുപത്രിയിലേക്കെത്തിച്ചാൽ അയാൾ മരിക്കില്ലെന്ന് ഡ്രൈവർക്ക് ഉറപ്പായിരുന്നു. പൂഴി പിടിച്ചാലുള്ള ഗുലുമാലുകളെക്കുറിച്ചോർത്തപ്പോൾ ഇതെല്ലാമെത്ര നിസ്സാരം. വണ്ടിയുടെ വില പിഴയിട്ടാലും ലോറി ഇറക്കാൻ നാളുകൾ കഴിയും. ഇതിനിടയിൽ നഷ്ടമാവുന്ന ഓട്ടങ്ങളുടെ കണക്ക് വേറെയും. കേസുകൾ രജിസ്റ്റർ ചെയ്യിക്കാതെ അപകടങ്ങൽ നേരിടുന്ന പ്രൊഫഷണൽ ടച്ച് ഇപ്പോൾ ഡ്രൈവർമാരുടെ കൂടിയ യോഗ്യതയാണ്.
ആംബുലൻസ് വലിയ ശബ്ദത്തോടെ ഗട്ടറിൽ വീണതും ഡ്രൈവർ ആരെയോ ഉറക്കെ തെറി വിളിക്കുന്നതും അയാൾ പാതിമയക്കത്തിൽ കേട്ടു. സ്ട്രെച്ചറിൽ വേർപെട്ട് കിടക്കുന്ന കാലിന്റെ കാഴ്ച അയാളെ അബോധാവസ്ഥയിലാക്കി. പ്രഞ്ജയുടെ തീരങ്ങൾ നഷ്ടമായി മയക്കത്തിലേക്ക് വീഴുമ്പോൾ മകൾക്ക് ടെമ്പറേച്ചർ കൂടുന്നതും വായിൽനിന്ന് നുരയും പതയും വന്ന് കൈകാലുകളിട്ടടിച്ച് അവൾ ബുദ്ധിശൂന്യതയിലേക്ക് കൂപ്പ് കുത്തുന്നതും അയാളെ കാത്ത് നിൽക്കാതെ വാലിയം തേടി ഭാര്യ മെഡിക്കൽ ഷോപ്പിലേക്കോടുന്നതും വഴിയിൽ കുഴഞ്ഞ് വീഴുന്നതും കാണാകാഴ്ചയായി.
അത്യാഹിത വിഭാഗത്തിൽ വലിയ ശബ്ദത്തോടെ ബ്രേക്ക് ചെയ്ത ആംബുലൻസിനരികിലേക്ക് അറ്റൻഡർമാർ സ്ട്രെച്ചറുമായി ഓടിയടുത്തു. ബോഡിയെടുത്ത് മോർച്ചറിയിലേക്ക് നടക്കുമ്പോൾ അവർ ഡ്രൈവറോട് കയർത്തു: ഡെഡ്ബോഡി കോണ്ടുവരാൻ മരണവെപ്രാളം കാണിക്കുന്നതെന്തിനാടോ..?
maranavandikalku sthudhi. jeevithathinte marukarayilekku kondupokunna douthyam ivarallathe pinneyaarettedukkum
മറുപടിഇല്ലാതാക്കൂസമകാലീന സംഭവങ്ങളുടെ നേര്‍ക്കാഴ്ച.മനുഷ്യാവസ്ഥകളുടെ ആകെത്തുക ലളിതമായിത്തന്നെ ആവിഷ്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അഭിമാനിക്കാം എഴുത്തുകാരന്.good work. tnx. keep it up..........
മറുപടിഇല്ലാതാക്കൂആശുപത്രി ജീവനകാര്‍ക്ക് എല്ലാം കണ്ടും കേട്ടും മനസ്സ് മരവിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂമനസ്സു വേദനിച്ചു. എഴുത്തുകാരന്റെ വിജയം .
മറുപടിഇല്ലാതാക്കൂആശംസകള് .
Narrate the feelings about the last moments of a livebeing successfully. It is an extreem thaught of a writer. creation of the surrounding characters also good. We dont know about us and nobody knows....Best wishes.
മറുപടിഇല്ലാതാക്കൂആർക്കും സംഭവിക്കാവുന്നത് , ഇതിലെ മനുഷ്യർ നമ്മുടെ വർത്ത്മാനകാലത്തിന്റെ ശരിയായ പ്രതീകങ്ങൾ തന്നെ . കഥാകാരൻ വിജയിച്ചിരിക്കുന്നു .ആശംസകൾ .
മറുപടിഇല്ലാതാക്കൂവീണ്ടും ഒരു senti.. !!! എന്തായാലും കഥ നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ