2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

വിചിത്രം

ചന്ദ്രന്‍ തേങ്ങാക്കുല വെട്ടി താഴേക്കിട്ടു. അടുത്തത് വിളഞ്ഞോന്നറിയാന്‍ കൊയ്ത്ത കൊണ്ട് തോണ്ടിയെടുത്ത് കുലുക്കി നോക്കി താഴേക്കെറിഞ്ഞു. മണ്ടയിലേക്ക് നോക്കി കണക്കെടുത്തുകൊണ്ടിരുന്ന ശങ്കരന്റെ കാലിന്നടുത്താണ് തേങ്ങ വീണത്. ഞെട്ടി ചാടുന്ന ശങ്കരനെ നോക്കി ചന്ദ്രന്‍ വിളിച്ചു കൂവി..’കടക്കല്‍ന്ന് ഒന്ന് മാറ്ണ്ണ്ടോ..’ എല്ലാം വെട്ടിയിട്ടില്ലെങ്കില്‍ പെട്ടെന്ന് തെങ്ങ് കയറ്റം വന്നാലോയെന്ന പേടിയാണ് ശങ്കരന്. ഇപ്പോള്‍ തെങ്ങൊന്നുക്ക് ഉറുപ്പിക പതിനഞ്ചല്ലേ.. ചന്ദ്രന്റെ മൊബൈല്‍ ശബ്ദിച്ച കാരണം ശങ്കരന്‍ വിളിച്ചുപറഞ്ഞ മുഴുത്ത തെറി അയാള്‍ കേട്ടതായി ഭാവിച്ചില്ല.

ശബ്ദം കേട്ടപ്പോഴേ ഉള്ളം കുളിര്‍ത്തു. അവള്‍ എത്തിയിരിക്കുന്നു. തല്‍ക്കാലം ചന്ദ്രന്റെ പഞ്ഞം തീര്‍ന്നു. ഇനി അവള്‍ പോകുന്നതുവരെ കയ്യില്‍ കാശുണ്ടാവും. കയറ്റത്തിനൊന്നും പോയില്ലെങ്കിലും കുഴപ്പമില്ല. ശങ്കരനോട് വന്ന ദ്യേഷ്യമെല്ലാം കെട്ടടങ്ങി. ഒരു മൂളിപ്പാട്ടോടെ തെങ്ങില്‍നിന്നും ഊര്‍ന്നിറങ്ങിത്തുടങ്ങി. അയാളുടെ കൈകാലുകളിലെയും നെഞ്ചിലേയും ഉരുണ്ടു കളിക്കുന്ന മാംസ പേശികളില്‍നിന്നും വിയര്‍പ്പ് ചാലിട്ടൊഴുകി.

‘ഇനി നാളെയാവാം ശങ്കരേട്ടാ.. ഏണി ഞാനിവിടെ വെക്കുന്നുണ്ട്. ഒരിടം വരെ അത്യാവശ്യമായി പോകേണ്ടതാ..’ ചന്ദ്രന്‍ തെങ്ങിന്മേല്‍ ഏണി ചാരി. ഉടുത്തിരുന്ന തോര്‍ത്തുരിഞ്ഞ് മേലാസകലമുള്ള വിയര്‍പ്പു തുടച്ചു. ചന്ദ്രന്റെ നില്പും ചെയ്തികളും കണ്ട് ഒരു പോക്കാച്ചി തവള രണ്ടു കാലേല്‍ നില്‍ക്കുന്നതായാണ് ശങ്കരന് തൊന്നിയത്. ഇനിയെന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം. തെങ്ങ് കയറി പകുതിയായതേയുള്ളു . കയറ്റക്കാരന് മാത്രം കാര്യമുള്ള തെങ്ങ് കയറ്റം നടന്നാലെന്ത് നടന്നില്ലെങ്കിലെന്ത്.. പലവിധ വിചാരങ്ങളോടെ ശങ്കരന്‍ തലക്ക് കൈകൊടുത്ത് നിലത്ത് കുത്തിയിരുന്നു.

ചന്ദ്രന്‍ പോയത് മെഡിക്കല്‍ ഷോപ്പിലേക്കാണ്. കഫ് സിറപ്പും രണ്ട് അനാസിന്‍ ഗുളികകളും പിയേഴ്സ് സോപ്പും വാങ്ങി തോട്ട് വരമ്പത്തെ പൂഴിക്കുന്നത്തേക്ക് നടന്നു. ഗുളികകള്‍ പൊടിച്ച് ചുമ മരുന്നിന്റെ മൂടി തുറന്ന് കുപ്പിയിലേക്കിട്ട് നല്ല വണ്ണം കുലുക്കി വായിലേക്ക് കമഴ്ത്തി. തോട്ടില്‍ രാമന്‍ പശുവിനെ കഴുകുന്നുണ്ടായിരുന്നു. രാമന്‍ കാണാതെ പശുക്കിടാവ് തള്ളയുടെ അകിടിന്നടുത്തെത്തിയെങ്കിലും തള്ള കിടാവിനെ കാലു കൊണ്ട് തൊഴിച്ചകറ്റി യജമാനസ്നേഹം പ്രകടമാക്കി. നട്ടുച്ചക്ക് പൂഴിയില്‍ മലര്‍ന്ന് കിടന്ന് ചന്ദ്രന്‍ ഒരുക്കങ്ങള്‍ തുടങ്ങുകയായിരുന്നു. ആകാശത്തപ്പോള്‍ ആദിത്യനു പകരം ദിവാകരനായി.

ഉച്ചതിരിഞ്ഞ് ചെറുഗുരുവായൂരമ്പലത്തില്‍ നിന്നും പാട്ട് കേട്ട ചന്ദ്രന്‍ ഉണര്‍ന്ന് തോട്ടിലെ വെള്ളത്തില്‍ കന്നിന്റെ മാതിരി മുങ്ങിക്കിടന്ന് ശേഷം സോപ്പെടുത്ത് വിയര്‍പ്പിന്റെ ചൂര് കളഞ്ഞു. കുളി കഴിഞ്ഞ് പതിയെ വീട്ടിലേക്ക് നടന്നു. ചന്ദ്രനെ ദൂരെ കണ്ടപ്പോള്‍ കുഞ്ഞിക്കാളി മക്കളേയും കൊണ്ട് അകത്തേക്ക് വലിഞ്ഞു. കയറി വരുന്ന സമയത്ത് ഉമ്മറത്തെങ്ങാനുമിരിക്കുന്നത് കണ്ടാല്‍ കയ്യില്‍ കിട്ടിയതെടുത്ത് അടിക്കുന്ന സ്വഭാവക്കാരനാണ്. ചായയുമായി പുറത്തേക്ക് വന്നപ്പോഴേക്കും ചന്ദ്രന്‍ അലക്കി തേച്ച വസ്ത്രങ്ങളെടുത്തിട്ട് പുറപ്പെട്ടു കഴിഞ്ഞിരുന്നു. ‘ഞാന്‍ നാളെയേ വരൂ.. മേശയില്‍ ചില്വാനം വാങ്ങാന്‍ കാശ്ണ്ട്..’

ഇത്തരം യാത്രകളെങ്ങോട്ടാണെന്ന് കുഞ്ഞിക്കാളിക്കറിയില്ല. വരുമ്പോള്‍ കൈനിറയെ കാശും കുട്ടികള്‍ക്കും അവള്‍ക്കും പുതുവസ്ത്രങ്ങളും വിലപിടിപ്പുള്ള ഏതെങ്കിലും വീട്ടുപകരണങ്ങളും കയ്യിലുണ്ടാകും. ഇടക്കിങ്ങനെ അയാള്‍ പോകാന്‍ വേണ്ടി കാത്തിരിക്കാറുണ്ട്. ഒന്നരമാസം കൂടുമ്പോള്‍ തെങ്ങ് കയറ്റിയിരുന്നവര്‍ ഇപ്പോള്‍ നാലുമാസം കൂടുമ്പോഴാണ് കയറ്റുന്നത്. അവരേയും പറഞ്ഞിട്ട് കാര്യമില്ല വില തുച്ഛമല്ലേ.. കുട്ടികളുടെ പടനവും വീട്ട്ചിലവും മുട്ടിപ്പോകുന്നില്ല. അവള്‍ നാട്ടുപണികള്‍ക്കെന്തെങ്കിലും പോകാമെന്ന വെച്ചാല്‍ അയാള്‍ സമ്മതിക്കുന്നുമില്ല.

ചന്ദ്രന്‍ കയ്യില്‍ കരുതിയിരുന്ന കഞ്ചാവ് ബീഡി ആഞ്ഞുവലിച്ച് പുക വിട്ടുകൊണ്ടിരുന്നു. അവളുടെയരികിലേക്ക് പച്ചക്ക് പോയാല്‍ ഒന്നും സാധിക്കില്ലെന്നറിയാം. ഓരോ തവണയും നൂതന വിദ്യകള്‍ ആവശ്യമുള്ളപ്പോള്‍ അമാനുഷിക സിദ്ധികള്‍ പ്രദാനം ചെയ്യാന്‍ കഞ്ചാവിന് മാത്രമെ സാധിക്കൂ.

തെങ്ങുകയറ്റം തൊഴിലാക്കുന്നതിനു മുമ്പ് അയാള്‍ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഇടക്ക് ഓട്ടോയില്‍ കയറിയിരുന്ന മദ്ധ്യവയസ്കയായ സ്ത്രീയെ പരിചയമാകുന്നത് അങ്ങനെയാണ്. ബാങ്കില്‍ പോകാനും വീട്ട്സാമാനങ്ങള്‍ വാങ്ങാനുമെല്ലാം അവള്‍ ചന്ദ്രനെ വിളിക്കാന്‍ തുടങ്ങി. വേലക്കാരി നാട്ടിലേക്ക് പോയ ഒരു ദിവസമാണ് അയാള്‍ അവിടെ താമസിച്ചത്. ഭക്ഷണത്തിന് മുമ്പ് അവള്‍ അയാള്‍ക്ക് മദ്യം വിളമ്പി. കിടക്കാന്‍ പോകുന്നതിന് മുമ്പ് പുലര്‍ച്ചെ മൂന്നുമണിക്ക് വിളിച്ചുണര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. നന്നായി മദ്യപിച്ച അവസ്ഥയില്‍ അവളെ ആദ്യമായി കാണുകയായിരുന്നു. എന്നും അവള്‍ക്കൊരു നേരമുണ്ടായിരുന്നു. അവള്‍ പറയുന്നതനുസരിക്കുക.. കിട്ടുന്ന പണം വാങ്ങി തിരിച്ചു പോവുക.

പണത്തോടുള്ള മോഹവും ലഹരി നല്‍കുന്ന പ്രചോദനവും ഒരുമിച്ചാല്‍ അയാളൊരു റോള്‍ മോഡലായി. അവളുടെ ഭ്രാന്തിന് വഴങ്ങിക്കൊടുത്ത് നഗ്ന നിശ്ചല ദൃശ്യമായി മണിക്കൂറുകളോളം നില്കുക. ആദ്യമെല്ലാം അസാധ്യമെന്ന് തോന്നി .. ലഭിക്കുന്ന പ്രതിഫലമോര്‍ത്തപ്പോള്‍ എല്ലാം സാധ്യമായി.

അവര്‍ തമ്മിലുള്ള മൂന്നാമത്തെ സന്ധിപ്പില്‍ കാന്‍വാസില്‍ വരക്കപ്പെടുന്ന നഗ്നശരീരത്തിന്റെ പരിണാമ ദിശയിലെപ്പോഴോ അവള്‍ക്ക് രതിമൂര്‍ച്ഛയനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലായി. വിറക്കുന്ന ശരീരത്തോടെ ബ്രഷ് താഴെ വെച്ച് അവള്‍ വിശ്രമാവസ്ഥയില്‍ കിടക്കുന്നതും പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും കാണാമായിരുന്നു. അവള്‍ക്കനുഭവപ്പെടുന്ന രതിമൂര്‍ച്ഛയുടെ ഏറ്റക്കുറവനുസരിച്ച് ലഭിക്കുന്ന പ്രതിഫല സംഖ്യയിലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

ഓരോതവണയും ഇനി അങ്ങോട്ടില്ലെന്നുറപ്പിച്ചിരുന്നു. ദരിദ്രാവസ്ഥയില്‍ തീരുമാനങ്ങള്‍ മാറുന്നു. അവള്‍ക്ക് വിദേശത്ത് ജോലിയുണ്ടെന്നും മൂന്നുമാസത്തിലൊരിക്കല്‍ നാട്ടിലെത്തുമെന്നും അയാള്‍ക്കറിയാം. ഒരുപക്ഷെ ഒരു ചിത്രകാരിയായിരിക്കാം.

അയാള്‍ അവിടെയെത്തുമ്പോള്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞുവെന്നറിഞ്ഞു. ശവസംസ്കാരം കഴിഞ്ഞ് ആളുകള്‍ പോയിത്തുടങ്ങി. മാധ്യമപടയുടെ ലൈവ് വണ്ടികള്‍ നീങ്ങിത്തുടങ്ങി. പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അവളുടെ അന്ത്യം.

കാലത്ത് തെങ്ങേല്‍ കയറാന്‍ പോകുമ്പോള്‍ കഞ്ചാവടിക്കില്ലെന്ന ശപഥമെടുത്ത് അയാള്‍ തിരിഞ്ഞു നടന്നു.

3 അഭിപ്രായങ്ങൾ:

  1. It is really "VICHITRAM" Your creation and visualisation blooming here.It takes the person to a different criteria. keep it

    മറുപടിഇല്ലാതാക്കൂ
  2. avishvasaneeyamaaya oru kadhayudey sathyasandhamaaya paryavasaanam .keep it up.

    മറുപടിഇല്ലാതാക്കൂ
  3. മനുഷ്യമനസ്സിന്റെ അപരിമേയവും നിഗൂഡവുമായ വ്യാപാരങ്ങൾ അനാവരണം ചെയ്യുന്ന ഈ കഥ അത്യന്തം ലളീതവും എന്നാൽ കരുത്തുള്ള്തുമാണ്.

    മറുപടിഇല്ലാതാക്കൂ