2010, ജൂലൈ 15, വ്യാഴാഴ്‌ച

ഡ്യൂപ്ലിക്കേറ്റ്

മൈലാഞ്ചിയണിയിച്ച് കൂട്ടുകാര്‍ പോയി. അവര്‍ പോകാന്‍ കാത്തിരുന്നപോലെ ഉമ്മ അവളെ അകത്തേക്ക് കോണ്ടുപോയി. ‘മോളെ ഇക്കൊരു കാര്യം പറയാന്‍ണ്ട് .. ഇയ്യ് വെഷമിക്കൊന്നും വേണ്ട. തല്‍ക്കാലത്തേക്ക് അവര് ചോദിച്ച പണ്ടം കൊടുക്കാന്‍ ഇക്ക് കഴിയൂല.. പത്ത് പവന്റെ കൊറവ് നികത്താന്‍ ബാപ്പ ഒരു പണി ചെയ്തിട്ട്ണ്ട്.. ഈ വളകള് പത്തെണ്ണം സ്വര്‍ണ്ണല്ല.. മുക്കാ.. ആരോടും പറയണ്ട.. വെള്ളിയാഴ്ചക്കുള്ളില്‍ സ്വര്‍ണ്ണം കൊണ്ടു തരാന്ന് ബാപ്പ ഉറപ്പ് പറഞ്ഞിട്ടുണ്ട്..’ ഒരു ജീവച്ഛവമായി അവള്‍ ഉമ്മയുടെ വാക്കുകള്‍ ശ്രവിച്ചു.

വാടിയ മുഖത്തേക്ക് നോക്കാന്‍ കഴിയാതെ ഉമ്മ പുറത്തേക്ക് പോയി. അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. ഒതുക്കി നിറുത്തിയ സങ്കടമെല്ലാം ഘനീഭവിച്ച് തൊണ്ടയില്‍ കുരുങ്ങിയതല്ലാതെ അല്പം പോലും കണ്ണുനീര്‍ വന്നില്ല.

കല്ല്യാണമേ വേണ്ടായിരുന്നു. അങ്ങനെ ഉറപ്പിച്ചു പറഞ്ഞു നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. അവളുടെ ബാപ്പയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നുവോ.. ഗള്‍ഫില്‍ ജോലിക്ക് പോയി അവിടെ നിന്നും കാണാതായ ബാപ്പ പിന്നീടൊരിക്കലും തിരിച്ച് വന്നില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഉമ്മയും അവളും തീര്‍ത്തും അശരണരായെന്ന യാഥാര്‍ത്ഥ്യം പൂര്‍ണ്ണ ബോദ്ധ്യത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.

ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സഹായഹസ്തവുമായെത്തിയതായിരുന്നു മൊയ്തീന്‍. മറ്റൊരു കുടുംബമുള്ള അയാള്‍ക്കിതൊരു ഇടത്താവളം. അയാളുടെ ആര്‍ത്തി അവളുടെ വളര്‍ച്ചയിലേക്കെത്തിനോക്കിത്തുടങ്ങിയപ്പോള്‍ ഉമ്മക്കാധി കയറി. അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് ജനിമൃതികള്‍ക്കിടയിലുള്ള നൂല്‍പ്പാലം കയറാമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.

മറ്റേതൊരു വിടനെപ്പോലെ അയാളും സ്നേഹപ്രകടനങ്ങള്‍ക്ക് കുറവ് വരുത്തിയില്ല. വ്യാജ ആയുര്‍വ്വേദ ഉല്പ്ന്നങ്ങളുടെ പരസ്യം പോലെ മൊയ്തീന്‍ അവളുടെ ഉപ്പയായി വിരാജിച്ചു.

അവള്‍ക്ക് ആലോചനകള്‍ വന്നു കൊണ്ടേയിരുന്നു. എല്ലാം ഒഴിവുകഴിവുകള്‍ പറഞ്ഞ് മൊയ്തീന്‍ ഒഴിവാക്കി. അവസാനം അവളുടെ ഉമ്മയുടെ നാട്ടില്‍ നിന്നും വന്ന ബന്ധുത എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. മൊയ്തീന്റെ വാക്കുകള്‍ വിലപ്പോയില്ല. ഇരിക്കുന്ന പുരയിടത്തിലെ പത്തു സെന്റ് വിറ്റിട്ടും സ്വര്‍ണ്ണമെടുക്കാതെ അയാള്‍ പകപോക്കി. അവള്‍ക്കുറപ്പുണ്ട് അയാള്‍ ഒരിക്കലും സ്വര്‍ണ്ണമെത്തിക്കില്ലെന്ന്. ചോദിച്ച പണ്ടങ്ങള്‍ കൊടുത്തില്ലെങ്കില്‍ അവള്‍ക്കവിടെ സ്ഥാനമുണ്ടാവില്ലല്ലോ.. അവളെ മൊഴിചൊല്ലിയാല്‍ അയാളുടെ ഇംഗിതത്തിന് എളുപ്പം വശപ്പെടുമെന്ന് കണക്ക് കൂട്ടി.

ഇനിയൊന്നും ആലോചിക്കാന്‍ കൂടി സമയമില്ല. വിരുന്നുകാര്‍ ഒരോരുത്തരായി വന്നു കൊണ്ടിരുന്നു. കൂട്ടുകാരുടെ കളിചിരികള്‍ക്കിടയിലും അവളുടെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു. സര്‍വ്വാഭരണ വിഭൂഷിതയായി പെണ്ണുങ്ങള്‍ക്കിടയിലിരിക്കുമ്പോള്‍ സ്വര്‍ണ്ണം പൂശിയ വളകള്‍ നാഗങ്ങളായി അവളുറ്റെ നെഞ്ചില്‍ ആഞ്ഞുകൊത്തി. ഇല്ലായ്മകളില്‍ മഞ്ഞ ലോഹത്തിന്റെ വിഷദംശനമേറ്റ് അകാല ചരമമടയേണ്ടി വന്ന കുടുംബിനികളുടെ വിഷാദ കഥകള്‍ ഭ്രമണം ചെയ്യുന്നത് അവളില്‍ അസ്വസ്ഥത പടര്‍ത്തി.

ചടങ്ങുകള്‍ എല്ലാം അവസാനിച്ചു. മണിയറയില്‍ അവര്‍ മാത്രമായി. അര്‍പ്പിതമായ ശരീരങ്ങളില്‍ തീ പടരുന്നില്ല. വാക്കുകള്‍ പോലും ലോപിച്ചാണ് പുറത്ത് വരുന്നത്. അയാള്‍ എല്ലാം കണ്ടുപിടിക്കുമെന്ന് അവള്‍ ഭയപ്പെട്ടു. അതിനുമുമ്പ് തുറന്നു പറയണം. എങ്ങനെ തുടങ്ങണമെന്നറിയാതെ വിഷമിച്ചു. പുറത്തേക്ക് വരാന്‍ വെമ്പുന്ന ശബ്ദം വിമ്മിഷ്ടമായി..

‘എനിക്കൊരു കാര്യം പറയാനുണ്ട്..’ അവസാനം വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ക്കൊരു സംശയം. പറഞ്ഞത് ഞാനല്ലല്ലോ.. അയാളാണ് ‘ ഞാനൊരു ശിഖണ്ഡി ജന്മമാണ്. .. നിന്റെ ആഗ്രഹങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് കഴിയില്ല.’

മൊയ്തീന്‍ മുടക്കിയിട്ടും മുടങ്ങാത്ത കല്ല്യാണം. എരിതീയില്‍ നിന്നും വറ ചട്ടിയിലേക്കാണെങ്കിലും അവള്‍ സന്തോഷവതിയായി. കെട്ടിപ്പിടിച്ച് ചുംബനം നല്‍കി അവള്‍ അയാളോടൊപ്പം കട്ടിലിലേക്ക് ചാഞ്ഞു.

5 അഭിപ്രായങ്ങൾ:

  1. a different thread of thought,enjoyed reading!
    short and touching

    മറുപടിഇല്ലാതാക്കൂ
  2. വക്കീലിന്റെ ഭാഷ നന്നാണ്. കഥയുടെ ചരടിലൊരു പോരായ്മ. ഒരു പെണ്ണ് അത്തരം ഒരുവന്റെ കൂടെ സന്തോഷവതിയാകുമോ? എഴുതിയെഴുതി തെളിയുക! ചേറപ്പായിക്കഥകളുടെ തൃശൂര്‍ പാരമ്പര്യം പ്രചോദനമാകട്ടേ!

    മറുപടിഇല്ലാതാക്കൂ
  3. എടൊ ആശാനെ തന്‍റെ കഥ വായിച്ചു ..
    ജനിമൃതികള്‍ക്കിടയിലുള്ള നൂല്‍പ്പാലം...

    സ്വര്‍ണ്ണം പൂശിയ വളകള്‍ നാഗങ്ങളായി അവളുറ്റെ നെഞ്ചില്‍ ആഞ്ഞുകൊത്തി. ഇല്ലായ്മകളില്‍ മഞ്ഞ ലോഹത്തിന്റെ വിഷദംശനമേറ്റ് അകാല ചരമമടയേണ്ടി വന്ന കുടുംബിനികളുടെ വിഷാദ കഥകള്‍ ഭ്രമണം ചെയ്യുന്നത് അവളില്‍ അസ്വസ്ഥത പടര്‍ത്തി.

    ഇതൊക്കെ തന്‍റെ എഴുത്തിന്റെ നിലവാരം നന്നായി ഉയര്‍ത്തിയിട്ടുണ്ട് .............

    അവസാനം ആ പെണ്‍കുട്ടി അയാളെ ഉള്‍ക്കൊണ്ടത്‌ വഴി അവളുടെ മാനസികാവസ്ഥയും നീ നന്നായി വരച്ചു കാണിച്ചു ..

    എങ്കിലും കുറച്ചു കൂടി കറേജ് ഉള്ള ഒരു കെട്ടിയവനാക്കി, അവളെ ആശ്വസിപ്പിക്കുന്ന ഒരുത്തനാക്കി അയാളെ മാറ്റി കഥയ്ക്ക് ഒരു പോസിറ്റീവ് ടച്ച്‌ കൊടുക്കാരുന്നില്ലേ ?

    മനുഷ്യര്‍ക്ക്‌ മുഴുവന്‍ ഈ കാലഘട്ടത്തില്‍ മുടിഞ്ഞ ടെന്‍ഷന്‍ ആണ് . അപ്പോള്‍ പോസിറ്റീവ് കഥകള്‍ വായിക്കാനാവും ഇഷ്ടക്കൂടുതല്‍ .....( വെറുതെ ഒരു അഭിപ്രായം പറഞ്ഞതാ )
    ആശംസകള്‍ ......

    മറുപടിഇല്ലാതാക്കൂ
  4. Dear sajeesh, You opened some facts of the society, and inner minds of innocents, very nice, when you ride through the literature and the themes dont make a sudden break. wishing all. Sivadas.

    മറുപടിഇല്ലാതാക്കൂ