ഗുരുവയൂരിൽ നിന്നും അങ്ങാടിപ്പുറത്തേക്കുള്ള ബസിൽ തിരക്ക് കുറവായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയ ഏതാനും കുടുംബങ്ങൾ. ജാനകി മകളോടൊപ്പം ഡ്രൈവറുടെ പുറകിലെ സീറ്റിൽ ഇരുന്നു. ഇത്തരമൊരു യാത്ര ജീവിതത്തിൽ ഉണ്ടാകുമെന്ന് കരുതിയില്ല. എന്നോ മറവിയിലാഴ്ന്നുപോയ ജീവിത മുഹൂർത്തങ്ങൾ പുനർജനിതേടിയ പോലെ.
വീട്ടുകാർ ആലൊചിച്ചുറപ്പിച്ച വിവാഹം. ആദ്യത്തെ നാലു ദിവസം മാത്രം നീണ്ട ദാമ്പത്യം... പിന്നീടയാൾ വീട്ടിലേക്ക് വന്നീട്ടില്ല! അയാൾക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. വീട്ടുകാർക്കായി മറ്റൊന്നുകൂടി കഴിച്ചതാണെന്ന്. മകൾക്കുവേണ്ടിയുള്ള ജീവിതം. അവൾ ജനിച്ചില്ലെങ്കിൽ മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നുവോ..? മകളുടെ വിവാഹമായപ്പോൾ പലരും പറഞ്ഞു; അദ്ദേഹത്തെ അറിയിക്കേണ്ടേ.. വേണ്ടെന്ന് പറഞ്ഞതിന് മറ്റു കാരണങ്ങളും.. ഇതുവരെ കാണാത്ത മകൾ , വളർത്തിക്കൊണ്ടു വരുന്നതിനൊ , പഠനചെലവിനൊ ആശ്രയിച്ചില്ല. ഇനി വിവാഹമല്ലേ.. അതുമങ്ങട് കഴിഞ്ഞു പൊയ്ക്കൊള്ളും.
ഇനിയൊരിക്കലും കാണരുതെന്നാഗ്രഹിച്ചു. യൌവ്വനത്തിളപ്പിൽ കയറിയിറങ്ങിയ വഴിയോരങ്ങൾ.. ബന്ധത്തിന്റെ ദൃഡത അത്രക്കല്ലേയുള്ളു.! പിന്നീട് പല ബന്ധുതകളും വന്നെങ്കിലും വേണ്ടെന്ന് പറഞ്ഞു. എല്ലാവരോടും പകയായിരുന്നു. ശരീരത്തിന്റെ പ്രലോഭനങ്ങൾക്ക് പല തവണ കീഴടങ്ങേണ്ടി വന്നെങ്കിലും അതൊന്നും ശാശ്വതമാക്കാൻ ആഗ്രഹിച്ചില്ല.
വീണ്ടും കാലം കീഴടക്കുന്നു. ഒരിക്കൽകൂടി ശിരസ് അയാൾക്ക് മുന്നിൽ താഴേണ്ടി വരുന്നു.
മകളുടെ വിവാഹം കഴിഞ്ഞതോടെ ജാനകി തീർത്തും ഏകയായി. എല്ലാം നുള്ളിപ്പെറുക്കി നടത്തിയ കല്ല്യാണം. കാത്തു വെച്ചിരുന്ന പൊന്നും സമ്പാദ്യവുമെല്ലാം അവസാനിച്ചു. പുരയിടത്തിലെ വരുമാനം ചിലവിനു പോലും തികയാതെയായി. ആശ്രയിക്കുവാൻ തക്ക വരുമാനമൊന്നും മരുമകനുമില്ല. സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കര കയറാൻ ബുദ്ധിമുട്ടുന്ന സമയത്താണ് വിമുക്ത ഭടന്റെ വിവാഹ മോചിതയായ മകൾക്കും സർക്കാർ പെൻഷനുണ്ടെന്നറിയുന്നത്. അമ്മയുടെ മരണശേഷം തുടർച്ചയായി ലഭിക്കുമെന്ന്. കയ്പേറിയ അനുഭവങ്ങൾക്കിടയിൽ ആകുലമായിരിക്കുന്നതിനിടയിൽ ഒരു പിടിവള്ളി. വീണ്ടും അച്ഛന്റെ കനിവായി. വേണ്ടത്ര അന്വേഷണം നടത്താതെ അയാൾക്ക് വിവാഹം കഴിച്ചുകൊടുത്തതിൽ അതീവ ദു:ഖിതനായിരുന്നു അച്ഛൻ.
ഒരു കുറവുമുണ്ടാകാതെ മരണം വരെ സംരക്ഷിച്ചു.
രേഖകളെല്ലാം സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് വിവാഹ മോചനത്തിന്റെ വിധിപകർപ്പ് ഹാജരാക്കാനുള്ള അറിയിപ്പ് കയ്യിൽ കിട്ടിയത്. അന്ന് കേസ് കൊടുക്കുന്ന പതിവില്ല. സ്ഥലത്തെ പ്രമാണിമാർ ഒത്തുകൂടി കരാർ രജിസ്ത്രാക്കി അവസാനിപ്പിക്കുന്നു. അതിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കൊടുക്കൽ വാങ്ങലുകൾ കഴിഞ്ഞിരിക്കും. കരാർ ഹാജരാക്കിയെങ്കിലും പോരെന്ന് പറഞ്ഞ് ആപ്പീസിൽ നിന്നും മടക്കി. ഡൽഹിയിലേക്കയക്കണമെങ്കിൽ കോടതിയുത്തരവ് തന്നെ വേണമത്രെ.
വർഷങ്ങൾ കഴിഞ്ഞില്ലേ.. ആർക്കും പരിചയമില്ല. അല്ലെങ്കിൽ മറ്റാരും പോകാനുമില്ല. അവസാനം നേരിട്ട് പോകാൻ തീരുമാനിച്ചു. കോടതി വരെ വന്ന് പരസ്പര സമ്മതത്തോടെയുള്ള ഹരജിയിൽ ഒപ്പിട്ടാൽ പെട്ടെന്ന് ശരിയാകും.. നിയമപ്രകാരം ആറുമാസം കഴിയണം .. സാഹചര്യം കണക്കിലെടുത്ത് അതൊഴിവാക്കാമെന്ന് വക്കീൽ ഉറപ്പ് തന്നിട്ടുണ്ട്.
ബസ് പട്ടാമ്പി പാലം കടക്കുകയാണ്. ഇത്രയേറെ മഴ പെയ്തിട്ടും നിള കണ്ണീർ ചാലു പോലെ. പൂഴി നിറഞ്ഞ് പറമ്പായി കിടക്കുന്നു. ഒരു പക്ഷെ പൂഴി നീക്കി ആഴം കൂട്ടിയാൽ വെള്ളം കൂടുമായിരിക്കും.
ഇനി മുക്കാൽ മണിക്കൂർ കൂടി ബസിലിരിക്കണം. ജാനകിയുടെ മനസ്സ് ശാന്തമാണ്. ലോകത്തിൽ ഒരു സ്ത്രീക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവില്ല. അയാളെക്കണ്ടാൽ അവൾക്ക് തിരിച്ചറിയാൻ സാധിക്കുമോ.. കാലങ്ങളായി മനസ്സിൽ പെരുകിയിരുന്ന പലവിധ വികാരങ്ങൾ നിഷ്പ്രഭമായി. ആകസ്മിക സംഭവങ്ങൾ ഇനിയുമുണ്ടാകും. അനുഭവിക്കാൻ തയ്യാറാവുക. ശരീരത്തെയും മനസ്സിനെയും ഒരുക്കി നിറുത്തുക, ഇതല്ലാതെ മറ്റൊന്നും പ്രവർത്തിക്കാനില്ല.
ബസ് അങ്ങാടിപ്പുറത്തെത്തിയപ്പോൾ മകൾ കുലുക്കി വിളിക്കുകയായിരുന്നു. ജാനകി എപ്പോഴൊ മയങ്ങിപ്പോയിരുന്നു. തലേ ദിവസം തീരെ ഉറങ്ങാൻ കഴിയാതിരുന്നതുകൊണ്ടാകും.
മകൾ അമ്മയോട് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട് കൂടെയുള്ളത് ആരാണെന്ന് പറയരുതെന്ന്. കൂട്ടിന് അടുത്തുനിന്നൊരാൾ.. അതു മതി. ഇങ്ങനെയൊരു മകൾ ജനിച്ചിട്ടുണ്ടെന്ന് അയാൾക്കറിയുമോ..എന്തോ. ജനയിതാവിനെ ഒന്നടുത്തു കാണുക അത്ര മാത്രം. കുട്ടിക്കാലത്ത് കൈവിട്ട കിനാവുകൾ.. അച്ഛനെയൊന്നടുത്ത് കാണുക. മടിയിൽ കയറി നെഞ്ചിലെ ചൂട് പറ്റിയിരിക്കുക. ഉത്സവപറമ്പുകളിൽ കറങ്ങിയടിച്ച് കൈനിറയെ കുപ്പിവളകലും ബലൂണുമൊക്കെയായി.. നെറുകയിലൊരുമ്മ വാങ്ങാൻ.. എല്ലാം എത്രമാത്രം കൊതിച്ചിരുന്നു.
പുത്തനുടുപ്പുകളും സമ്മാനപ്പൊതികളുമായി അച്ഛൻ വന്നെത്തുമെന്ന അമ്മയുടെ ആശ്വാസവാക്കുകൾ വിശ്വസിച്ച് കാതോർത്തിരുന്ന ബാല്ല്യം കഴിഞ്ഞുപോയിരിക്കുന്നു. ജനിപ്പിച്ചാൽ മാത്രം അച്ഛനാകുമെന്ന വിശ്വാസം ഇപ്പോൾ അവൾക്കില്ല. അവൾക്കിപ്പോൾ അച്ഛൻ അന്യനാണ്.. ഇനിയെന്നും അങ്ങനെ മതി.
ബസ് റെയിൽവേ ഗേറ്റ് കടന്നപ്പോൾ രണ്ടുപേരും വാതിൽക്കലേക്ക് നടന്നു. തിരുമന്ധാംകുന്ന് ദേവിയെ ദർശിക്കുവാൻ പോകുന്നവരുടെ തിരക്ക്. ഇറങ്ങിക്കഴിഞ്ഞപ്പോൽ ദർശനം കഴിഞ്ഞിട്ടാകാം അയാളുടെ വീട്ടിലേക്കെന്ന് നിശ്ചയിച്ചു. വീതിയുള്ള കല്പടവുകളിലൂടെ കയറാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും സന്നിധിയിലെത്തിയപ്പോൾ സുഖകരമായ അന്തരീക്ഷം. തൊഴുത് കഴിഞ്ഞ് മറുഭാഗത്തു കൂടി താഴോട്ടിറങ്ങി. പട്ടണത്തിന്റെ യാതൊരു ബഹളങ്ങളുമില്ല. വെള്ളം നിറഞ്ഞൊഴുകുന്ന കൈതോടും പാടവുമെല്ലാം കൺകുളിർപ്പിച്ച് മനസ്സിനെ ശാന്തമാക്കി.
വഴിയിൽ കണ്ട മദ്ധ്യവയസ്കനോട് വഴി ചോദിച്ചറിഞ്ഞു. പുറത്താരെയും കണ്ടില്ല. ബെല്ലടിച്ചപ്പോൾ പ്രായമുള്ള സ്ത്രീ വാതിൽ തുറന്നു. ഇതായിരിക്കും അയാളുടെ ഭാര്യ.. ‘ഞാൻ ജാനകി.. ഗുരുവായൂരിലെ ശ്വേതാവിഹാറിൽ നിന്നും..’ തുടർന്നു പറയാൻ അവർ സമ്മതിച്ചില്ല., ‘എനിക്ക് മനസ്സിലായി വരൂ.. അദ്ദേഹം കിടപ്പിലാണെന്നറിഞ്ഞിട്ട് വന്നതാവും..’ ആയുർവേദ മരുന്നുകളുടെ രൂക്ഷ ഗന്ധമുള്ളൊരു മുറിയിൽ പാതി തളർന്നു കിടക്കുകയാണ്. കണ്ണുകളിൽ തിരിച്ചറിവിന്റെ തിളക്കമുണ്ടോ.. ജാനകി മകളെ നോക്കി .. അവൾ പ്രതിമകണക്കെ നിൽക്കുകയാണ്.
‘ഒരു വർഷമായി കിടപ്പ് തുടങ്ങിയിട്ട് ഇടക്കല്പം ഭേദമായി.. ഇപ്പോൾ കൂടുതലാ.. സംസാരിക്കാൻ പോലും കഴിയണ് ല്ല്യ..’
തന്റെ ജീവിതം തട്ടിപ്പറിച്ചെടുത്ത സ്ത്രീയുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ ജാനകി കൌതുകത്തോടെ നോക്കി. നൈമിഷിക വികാരങ്ങൾക്കുപരിയായൊരു ജ്ഞാനപ്രകാശം അവളിൽ നിറഞ്ഞു. ‘ഞങ്ങൾ പോകുന്നു.’ തന്റെ സുമംഗലിയോഗമവസാനിപ്പിക്കുവാൻ അയാളുടെ മരണത്തിനു മാത്രമെ കഴിയൂവെന്ന
തിരിച്ചറിവോടെ തിരിഞ്ഞുനടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ