2010, ജൂൺ 30, ബുധനാഴ്‌ച

ഇങ്ങനെയും ചിലർ

സക്കറിയയുടെ അമ്മ മരിച്ചു. പ്രായാധിക്യം മൂലമാണ്. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ലായിരുന്നു. അന്ന് കാലത്ത് ആപ്പീസിലേക്കിറങ്ങുമ്പോഴും യാത്ര പറഞ്ഞ് പോന്നതാണത്രെ!

മകന്റെ സ്കൂളിൽ പോകേണ്ട അത്യാവശ്യമുള്ളതിനാൽ ഉച്ചക്ക് ശേഷം ലീവായിരുന്നു. സഹപ്രവർത്തകരുടെയൊപ്പം അവിടേക്ക് പോകാൻ സാധിച്ചില്ല! ഒറ്റക്ക് മരണവീട്ടിലേക്ക് കയറിച്ചെല്ലാൻ മടിതോന്നി. കരഞ്ഞുതളർന്ന ബന്ധുക്കളും മരണത്തിന്റെ മണം പരത്തുന്ന സുഗന്ധ ധൂപങ്ങളും അവിടവിടെ കൂട്ടം കൂടി നിന്ന് നാനാവിഷയങ്ങൾ ഗഹനമായി ചർച്ചക്കിടുന്ന നാട്ടുകാരും. മരിച്ചവർ എത്ര വേണ്ടപ്പെട്ടവരായാലും കഴിഞ്ഞില്ലേ.. ഇനി കണ്ടാലെന്ത്.. കണ്ടില്ലെങ്കിലെന്ത്.? ഇതങ്ങനെ ഒഴിവാക്കാനും പറ്റില്ലല്ലോ.. ആപ്പീസ് സൂപ്രണ്ടിന്റെ അമ്മ മരിച്ചിട്ട് ചെല്ലാതിരുന്നാൽ സംഗതി വിഷയമാകും.

ഈയിടെ നടന്ന ചില മരണങ്ങൾ മനസ്സിലേക്ക് തള്ളിക്കയറി. മകന്റെയൊപ്പം പഠിക്കുന്ന രാഹുലിന്റെ അച്ചന്റെ മരണം കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. സമയത്തിന് ആശുപത്രിയിലെത്തിയിരുന്നെങ്കിൽ സ്ട്രോക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നോ.. വൈകുന്നേരം ആറുമണിക്ക് തുടങ്ങിയ തലവേദന അവഗണിച്ചതുകൊണ്ടാണെന്ന് എല്ലാവരും പറഞ്ഞു. അല്ലെങ്കിലും ആർക്കാ ഇതൊക്കെ നിശ്ചയിക്കാൻ സാധിക്കുക. ആ കുട്ടിയെ കാണുമ്പോഴൊക്കെ .. അവന് വേണ്ടി സ്കൂളിലെ മീറ്റിംഗിൽ ഒപ്പിടണമെന്ന് അവന്റെ അമ്മ വിളിച്ച് പറഞ്ഞപ്പോഴും ആ മരണം എന്നെ കുത്തിനോവിച്ചിരുന്നു..

അയല്പക്കത്തെ ആത്മഹത്യ ചെയ്ത പ്രവാസിയുടെ ജഡത്തിനായുള്ള അനന്തമായ കാത്തിരിപ്പ് . രണ്ടു ദിവസം ആത്മഹത്യയിലെ ദുരൂഹത അനാവരണം ചെയ്യുന്നതിൽ നാട്ടുകാർ വ്യാപൃതരായി. ഒരുമാസം കഴിഞ്ഞ് ശരീരമെത്തിയപ്പോഴേക്കും ഭാര്യയുടെ ദീനരോദനവും ആർക്കോവേണ്ടിയെന്നപോലെ..

കൂട്ടുകാരോടൊത്ത് വാഴാനിയിൽ കാണാകയങ്ങളിലേക്കാഴ്ന്നിറങ്ങി കുളിച്ച് കയറാൻ ശ്രമിച്ച ഇരുപതുകാരന്റെ ദാരുണ അന്ത്യം. ചെറുപ്പത്തിലേ വിധവയായി മകനുവേണ്ടി ജീവിതം ഹോമിച്ച അമ്മയുടെ വിലാപം ഇപ്പോഴും കാതുകളിൽ. അമ്മയെ ഓർത്തെങ്കിലും അവൻ സാഹസത്തിന് ഒരുമ്പെടരുതായിരുന്നു.

അതിരപ്പിള്ളിയിലേക്ക് ബൈക്കോടിച്ച് മരണവാർത്തയായ മകന്റെ വിയോഗത്തെ കൂസാതെ വന്നവരെ സ്വീകരിച്ചാനയിക്കുന്ന പിതാവിന്റെ നെഞ്ചകം തിങ്ങുന്ന വേദന അറിയാതിരിക്കുന്നതെങ്ങനെ.

സക്കറിയയുടെ വീടിനടുത്ത സ്റ്റോപ്പിൽ വണ്ടിയിങ്ങി. വീടിന്റെ കോമ്പൌണ്ടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയൊരാൾക്കൂട്ടം പ്രതീക്ഷിച്ചു. ആരെയും കാണാതിരുന്നതിനാൽ വീടുമാറിയോയെന്ന് സംശയിച്ചു, അല്ലെങ്കിൽ ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പിരിഞ്ഞ് പോയിരിക്കാം .. വൈകീട്ട് മൂന്നുമണിക്കാണെന്ന് പറഞ്ഞിരുന്നു.. ഇപ്പോൾ പതിനൊന്നായതല്ലേയുള്ളൂ.. ശങ്കിച്ച് നിൽക്കുമ്പോൾ അകത്തെ ഹാളിൽ മൊബൈൽ ഫ്രീസർ കണ്ടു. അപ്പോൾ വീട് ഇതുതന്നെ , എല്ലാം കഴിഞ്ഞിരിക്കുന്നു. സക്കറിയയെ കണ്ടിട്ട് പോകാമെന്ന് കരുതി പുറത്തിരുന്നു.

ഒരു ആഡംഭരകാർ പടികടന്നു വന്നു. വലിയൊരു പുഷ്പചക്രവും കയ്യിലേന്തി വന്നവർ അകത്തെ ഹാളിലേക്ക് താളാത്മകമായി മാർച്ച് ചെയ്തു നീങ്ങി. കോട്ടും സ്യൂട്ടും സ്ലീവ്ലെസുമൊക്കെയായി അവർ പരിസരത്തിനു തികച്ചും അനുയോജ്യരായി.. ലയൺസ് എംബ്ലമുള്ള ആ കാർ പത്തുമിനിട്ടിനുള്ളിൽ പുറത്തേക്കൊഴുകി.

സംസ്കാരം കഴിഞ്ഞിട്ടില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത ദു:ഖ സാന്ദ്രമല്ലാത്ത അന്തരീക്ഷം. മരണവീടായാൽ ഇങ്ങനെ വേണം. എനിക്കെന്തോ അവിടെനിന്നും എഴുന്നേൽക്കാൻ തോന്നിയില്ല.. പ്രൌഡിയോടെ ഗ്ലാസ് കൂട്ടിനുള്ളിൽ സക്കറിയയുടെ അമ്മ.. ഇനിയുള്ള ചടങ്ങുകൾ എത്ര ആകർഷണീയവും ആഡംഭരവും നിറഞ്ഞതാകും. എല്ലാം കണ്ടിട്ടു തന്നെ ബാക്കി കാര്യം. ഇത്തരം കാഴ്ച്ക ജീവിതത്തിൽ ഇനിയുണ്ടായില്ലെങ്കിലോ.. നെഞ്ചത്തടിയോ പേരിനൊരേങ്ങലടിയോ ഇല്ലാത്തൊരു മരണവീട്.

ആരോ തട്ടിവിളിച്ചപ്പോഴാണ് കാടുകയറിയ ചിന്തകളിൽനിന്നും മോചിതനായത്. ‘സക്കറിയ സാർ വിളിക്കുന്നു..’ അകത്തേക്കെഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ അയാൾ വീണ്ടും ‘അങ്ങോട്ടല്ല, കാറിലോട്ട്..’ അപ്പോഴാണ് തെക്കുവശത്ത് പാർക്ക് ചെയ്തിരുന്ന സക്കറിയയുടെ കാർ കണ്ടത്.. കാറിന് സമീപത്തേക്ക് അയാൾ ആനയിച്ചു.

കാറിന്റെ പുറകിലെ ഗ്ലാസ്സ് താഴ്ത്തി സക്കറിയ വിളിച്ചു. ‘താൻ അകത്തേക്ക് കയറ്.. വീടിന്റെയുള്ളിൽ നിറയെ പെണ്ണുങ്ങളാ.. ഇവിടാണെങ്കിൽ നല്ല സൌകര്യാ.. ഡോർ തുറന്ന് അകത്തുകയറിയപ്പോൾ സ്തബ്ധനായി.!

വിലയേറിയ വിദേശ മദ്യം ഗ്ലാസ്സിലേക്ക് പകർന്ന് ഐസിട്ട് സക്കറിയ എനിക്ക് നേരെ നീട്ടി.. ‘താൻ വന്നതൊക്കെ ഞാൻ കണ്ടു.. തനിക്കെന്നോടിത്ര താല്പര്യമുണ്ടെന്ന് മനസ്സിലാക്കിയില്ല.. പോട്ടെടൊ.. താനിത് പിടിപ്പിക്ക് എനിക്ക് ദു:ഖം സഹിക്കാൻ കഴിയ്.. ണില്ല ..’

അമ്മയുടെ മരണം താങ്ങാൻ കഴിയാതെ മദ്യം വിഴുങ്ങുന്നൊരു സാധു.. എനിക്കും സഹിക്കാൻ കഴിഞ്ഞില്ല.. ഗ്ലാസ്സ് വാങ്ങി ദു:ഖ ചഷുകം തൊണ്ടയിലേക്ക് കമഴ്ത്തി...

3 അഭിപ്രായങ്ങൾ: