2010, ജൂൺ 21, തിങ്കളാഴ്‌ച

ജൂനിയർ

വീട്ടിലേക്കുള്ള അവസാന ബസ്സിന്റെ സമയമായി.സീനിയറോട് യാത്ര പറഞ്ഞിറങ്ങാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഗ്ലാസ്സ് ഡോർ തുറന്ന് അകത്തുകയറിയ അയാളെ ശ്രദ്ധിച്ചത്. ഒരു പുതു പണക്കാരന്റെ ഭാവഹാദികളോടെ കടന്നു വന്ന് എന്നെ നോക്കി കൈകൾ വീശി സീനിയറുടെ കാബിനിലേക്ക് പ്രവേശിച്ചു.
ഇനിയങ്ങോട്ട് പോയിട്ട് കാര്യമില്ല. വമ്പൻ കക്ഷിയാണെങ്കിൽ എത്ര ശ്രമിച്ചാലും അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയില്ലല്ലോ..! ഗുമസ്ഥൻ സോമേട്ടനോട് പറഞ്ഞ് തിടുക്കത്തിൽ പുറത്തിറങ്ങി. റൌണ്ട് ക്രോസ് ചെയ്ത് പൂരപ്പറമ്പിലൂടെ തെക്കോട്ടിറങ്ങി. പത്തു മിനുട്ടിനുള്ളിൽ ശക്തൻ സ്റ്റാന്റിലെത്തിയില്ലെങ്കിൽ ബസ് പോകും. മൊബൈലിൽ പരിചയമില്ലാത്ത നമ്പർ.. ‘ ടാ നീ നല്ല പണിയാ കാണിച്ചത്. എന്നെ കണ്ടിട്ടും നീ നിൽക്കാതെ പോയില്ലേ..
‘ആരാ സംസാരിക്കുന്നത്..’
‘അത് ശരി എന്റെ ശബ്ദം പോലും മറന്നു.. ല്ലേ.. ഇതു ഞാനാടാ രാജു തോമസ്..’
‘ഒരുമിച്ച് മൂന്നു വർഷം ഉണ്ടായിരുന്ന ആളെ മനസ്സിലായില്ലെങ്കിൽ.. നിന്നെ പറഞ്ഞിട്ട് കാര്യമില്ല പോകാനുള്ള തിരക്കല്ലേ.. സാരല്ല്യ നാളെ കാണാം..’

സമ്പത്ത് മനുഷ്യനെ എത്ര മാത്രം മാറ്റി മറിക്കുന്നു. മെലിഞ്ഞു നീണ്ടിരുന്നയാൾ ഇപ്പോൾ പരമയോഗ്യൻ. അവനും ഞാനും സന്നതെടുത്തത് ഒരു ദിവസമായിരുന്നു. അന്നത്തെ പരിചയം ഒരുമിച്ചായപ്പോൾ ഊഷ്മളമായ ബന്ധമായി.

തേക്കിൻ കാട് മൈതാനിയിലെ ചീട്ടുകളിക്കാരെയും പിമ്പുകളെയും അനാശാസ്യക്കാരെയും പിന്നിട്ട് സ്റ്റാന്റിലെത്തിയപ്പോൾ ബസ് പുറപ്പെട്ട് കഴിഞ്ഞു. ഒരു വിധത്തിൽ ചാടിക്കയറി. പതിവുപോലെ വിജയേട്ടന്റടുത്തിരുന്നു. വിജയേട്ടൻ വക്കീൽ ഗുമസ്ഥനായിരുന്നു. ഇപ്പോൾ കുറിക്കമ്പനിയിലെ വ്യവഹാരകാര്യസ്ഥനാണ്. പ്രവർത്തിപഥം കോടതി തന്നെ. കമ്പനിക്കാര്യങ്ങൾക്കായി ദിവസവും അയ്യന്തോളിലെത്തും.

‘വിജയേട്ടാ.. നമ്മുടെ രാജു തോമസ് വന്നിട്ടുണ്ട്’.
‘ഉവ്വോ.. ആള് രക്ഷപ്പെട്ടോ..?’ രാജു തോമസിനെ വിജയേട്ടനറിയാം.
‘കാഴ്ചപ്പാടിൽ മെച്ചമാന്നാ തോന്നണ്.. എനിക്ക് സംസാരിക്കാൻ സാധിച്ചില്ല, ശരിക്കുള്ള അവസ്ഥ ഞാൻ നാളെ പറയാം..’

പതിവുപോലെ വീടെത്തുന്നതുവരെ സംസാരിച്ചിരിക്കാൻ തോന്നിയില്ല. അവന്റെ തിരോധാനത്തിന് ഹേതുവായ സാഹചര്യങ്ങളായിരുന്നു മനസ്സിൽ. ഞങ്ങൾ പ്രാക്ടീസ് തുടങ്ങിയകാലം. കാലത്ത് എട്ടര മുതൽ വൈകീട്ട് ഏഴര വരെ ആപ്പീസിലും കോടതിയിലും ടൌണിലുമൊക്കെയായി സമയം പോകുന്നു. രാജുതോമസ് രാത്രി പത്തുമണി വരെ ഇരിക്കും. വീട് അടുത്തായതിനാൽ ആപ്പീസ് അടച്ചുപൂട്ടി സീനിയറോടൊപ്പമാണ് മടക്കം. വീട്ടുകാർക്കിഷ്ടമല്ലാത്ത പ്രണയ വിവാഹം. അതോടെ അവന്റെ കഷ്ടകാലമായി. സാമ്പത്തിക പ്രയാസങ്ങൾ അതിജീവിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കാലം. ശനിയാഴ്ച ദിവസം വൈകീട്ട് ലഭിക്കുന്ന പ്രതിഫലം നൂറ്റമ്പത് രൂപയാണ്. സീനിയറോട് യാത്ര ചോദിക്കാൻ ചെല്ലുമ്പോൾ കയ്യിൽ വെച്ചു തരും. എനിക്കാദ്യം കിട്ടിയപ്പോൾ ഞാൻ കരുതി ആയിരം രൂപയെങ്കിലുമുണ്ടാവും.. ആപ്പീസിൽ നിന്നിറങ്ങി നിവർത്തി നോക്കിയപ്പോൾ വെറും നൂറ്റമ്പത് ഇത്ര വലിയൊരു മനുഷ്യൻ ഈ ചെറിയ സംഖ്യ തരുമോ..? അതായിരുന്നു സീനിയർ.. ശനിയാഴ്ച ദിവസം സമയത്ത് ആപ്പീസിലില്ലെങ്കിൽ അതും ലഭിക്കില്ല!

ഓരോ ദിവസവും ആപ്പീസിൽ നിന്നുമിറങ്ങുമ്പോൾ വക്കീൽ പണി തിരഞ്ഞെടുക്കാൻ തോന്നിയ നിമിഷത്തെ ശപിക്കുമായിരുന്നു.

ഒരു വിഷുവിന്റെ തലേദിവസം വൈകീട്ട് ഞങ്ങൾ ആപ്പീസിൽ കാത്തിരിക്കുകയാണ്. ഓണത്തിനും വിഷുവിനും അഞ്ഞൂറ് രൂപ കിട്ടും.. അതുകൊണ്ട് വേണം വിവാഹിതരായ ഞങ്ങളുടെ ആഘോഷം. ഏഴരകഴിഞ്ഞപ്പോൾ ഞാൻ കാത്തിരിപ്പവസാനിപ്പിച്ച് ഗുമസ്ഥനോട് യാത്ര പറഞ്ഞിറങ്ങി. രാജുതോമസ് അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു.

അന്ന് തേക്കികാട് മൈതാനിയിലൂടെ കലുഷമായ മനസ്സോടെ നടക്കുമ്പോൾ വേനൽ മഴ ഇടിയോടുകൂടി പെയ്തിറങ്ങിയിരുന്നു. ശക്തൻ സ്റ്റാന്റിലെത്താൻ തിടുക്കമില്ലായിരുന്നു. എൽ.ഡി.ക്ലർക്കായി ജോലി ലഭിച്ചിട്ടും പോകാതിരുന്ന നിമിഷത്തെ ശപിച്ചു.

വിഷു കഴിഞ്ഞ് ആപ്പീസിൽ ചെന്ന ദിവസം സോമേട്ടൻ പരിഹാസത്തോടെ അന്നത്തെ സംഭവങ്ങൾ വിളമ്പി.. രാജുതോമസ് താഴത്തെ കടയിൽ നിന്നും ഭാര്യക്ക് ഡ്രെസ്സെടുത്തിരുന്നു.. വൈകീട്ട് ആപ്പീസിൽനിന്നിറങ്ങുമ്പോൾ ബില്ല് കൊടുക്കാമെന്ന് കരുതി. സീനിയർ അന്നു വൈകീട്ടെത്തിയില്ല. ഏതോ സുഹൃത്തിന്റെ മകളുടെ മേരേജ് റിസപ്ഷൻ കഴിഞ്ഞപ്പോൾ വൈകിയത്രെ! സോമേട്ടന്റെ കയ്യിൽനിന്നും കടം വാങ്ങി തുണിക്കടയിലെ കാശ് കൊടുത്തിട്ടാണത്രെ അവൻ പോയത്.

പിന്നീടവൻ ആപ്പീസിലേക്ക് വന്നിട്ടില്ല. ഗൾഫിലേക്ക് പോയെന്നൊരു ശ്രുതിയുണ്ടായിരുന്നു. ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ആപ്പീസിലേക്ക് വന്നത് എന്തിനാവും... അല്ലെങ്കിലും അവൻ ചെയ്തതല്ലേ ശരി.. വല്ലപ്പോഴും കോടതിയിൽ നിന്നും ലഭിക്കുന്ന കമ്മീഷനും ആപ്പീസിലെ തുച്ഛമായ വരുമാനവും കൊണ്ട് ഒരു കുടുംബമെങ്ങനെ കഴിയും.

‘വക്കീല് കാര്യമായ ആലോചനയിലാണല്ലോ.. ഞാനെറങ്ങാട്ടാ..’ വിജയേട്ടനിറങ്ങി.

അടുത്ത സ്റ്റോപ്പിൽ എനിക്കുമിറങ്ങണം. നാളേക്ക് തയ്യാറാക്കേണ്ട അന്യായത്തിന്റെ കെട്ടുമെടുത്ത് വാതിൽക്കലേക്ക് നടന്നു.

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ജൂൺ 23 5:06 PM

    I read the posts. They come across as friendly, intimate and light hearted narratives of everyday life. Looking forward to more.

    Btw I'm Arun. :)

    മറുപടിഇല്ലാതാക്കൂ
  2. ജുനിയർമാർ കിതയ്ക്കാൻ വിധിക്കപ്പെട്ടവരാകുന്നു.അവനു തനലിനു അർഹതയില്ല .അന്ന്യായങൾ അനുഭവിച്ചു തീർത്തൊളുക.

    മറുപടിഇല്ലാതാക്കൂ