2010, ജൂൺ 26, ശനിയാഴ്‌ച

പുറംകാഴ്ചകളിൽ ഇല്ലാത്തത്

എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അശ്വതിനായരുടെ പ്രവർത്തി. മാധവ് വർമ്മയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതോടെ അവൾ നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. ഇരുവരെയും അടുത്തറിയാവുന്ന എല്ലാവർക്കും
അതൊരു ഷോക്കായി. വിവാഹം കഴിഞ്ഞ് ഒന്നു രണ്ട് വർഷത്തിനുള്ളിൽ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നവർ വിരളമല്ല. ബന്ധങ്ങളുടെ ഊഷ്മളത അറിയാതെ വളർന്ന് പന്തലിക്കുന്ന യുവതലമുറ.ഇതങ്ങനെയല്ലല്ലോ.. ഇരുപത്തഞ്ച് വർഷത്തെ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കുകയെന്നു വെച്ചാൽ..

മാധവ് വർമ്മയുടെ ദിവസം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണി മുതലാണ്. പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചതിന് ശേഷം പ്രഭാതസവാരിക്കിറങ്ങുന്നു. ബർമുഡയും ടീഷർട്ടും ധരിച്ച് മഴയും മഞ്ഞുമൊന്നും വകവെക്കാതെയുള്ള നടത്തം.. റെയ്ൻകോട്ടും കൌബോയ് തൊപ്പിയുമൊക്കെയായങ്ങനെ കാണാം. നടത്തം കഴിഞ്ഞാൽ പുരയിടത്തിലെ അദ്ധ്വാനം. ബ്രേക് ഫാസ്റ്റിന്ശേഷം പാന്റ്സും തൊപ്പിയും ബൂട്സുമൊക്കെ ധരിച്ച് കൈക്കോട്ട്, വെട്ടുകത്തി തുടങ്ങിയവയുമായി പുറമ്പറമ്പിലേക്ക്. ഉച്ചക്ക് നാളികേരം അടക്ക കായക്കുല തുടങ്ങിയവയൊക്കെ ചാക്കിലിട്ട് തോളിലേറ്റി വരുന്നത് കാണാം.

മാധവ് വർമ്മ ഗൾഫിൽ സായ്പിന്റെ കുശിനിക്കാരനായിരുന്നു. സായ്പ് കമ്പനി പൂട്ടി നാട്ടിലേക്ക് മടങ്ങിയപ്പോൾ വിശ്വസ്ഥനായ സേവകന് ഉപയോഗിച്ചിരുന്ന ഫർണ്ണീച്ചറുകളും വീട്ടുപകരണങ്ങളും നൽകി. എല്ലാം നാട്ടിലേക്കെത്തിച്ച് സായ്പ് പകർന്നു നൽകിയ ശീലങ്ങളുമായ് അയാൾ ജീവിച്ചു. ഭർത്താവ് നാട്ടിലെത്തിയതോടെ അശ്വതിനായർക്ക് പരമസുഖമായി. വീടും പരിസരവും വൃത്തിയാക്കലും പാചകവുമെല്ലാം അയാൾ ഏറ്റെടുത്തു.

ഞായറാഴ്ച്ച കാലത്ത് ബൈബിളുമായി പള്ളിയിൽ പോകുന്ന പതിവും അയാൾ ഉപേക്ഷിച്ചില്ല, അല്ലെങ്കിൽ സ്വന്തം നാട്ടിലും വിധേയത്വം പിന്തുടർന്നുവെന്ന് പറയുന്നതാവും ശരി. ഇടക്കിടെ ചില ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞ് സാധാരണക്കാരിൽനിന്നും അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. യൂറോപ്പ്യൻ ശൈലിയിലുള്ള മരസാമാനങ്ങളും വീട്ടുപകരണങ്ങളും വീട്ടിൽ കയറി വരുന്ന ആരിലും മതിപ്പുളവാക്കുന്നതായിരുന്നു. കുഞ്ഞുങ്ങളില്ലാത്ത ദുഖം അതിജീവിക്കാനെന്നോണം ഇറക്കുമതി ചെയ്ത പുഷ്പങ്ങളും വിവിധരാജ്യങ്ങളിലെ ഓമന പക്ഷികളും നായ്ക്കളുമൊക്കെയായി ഒരു ജീവ സമൂഹം എപ്പോഴും അയാൾക്കു ചുറ്റുമുണ്ടായിരുന്നു.

പ്രെത്യേകിച്ചൊന്നുമെടുക്കാതെ പടിയിറങ്ങിയത് ആരോടും പരിഭവമില്ലാതെയാണെന്ന് അശ്വതിനായർ ഓർക്കുന്നു. ഇരുപത്തഞ്ച് വർഷം ചിലവഴിച്ച വീടും ചുറ്റുപാടും ഒപ്പം കൊണ്ടുപോകാൻ കഴിയില്ലെന്ന പരമാർത്ഥം എല്ലാം അന്യമെന്ന് മനസ്സിലേക്കാവാഹിച്ചു. ഒരു തീരുമാനമെടുക്കുവാൻ നീണ്ട കാലയളവ് വേണ്ടിവന്നു. ഓരോ തവണയും ഒരു തട്ടിൽ അയാളുടെ സ്നേഹം വെച്ചു നോക്കുമ്പോൾ അതിനെ മറികടക്കുവാൻ വെറുപ്പിന്റെ ശകലത്തിന് കഴിയുന്നുണ്ടായിരുന്നില്ല. സ്നേഹത്തിന്റെ പ്രതിരൂപം ... തന്റെ ശരീരത്തിന്റെ ഓരോ പരമാണുവും അയാളെ ആഗ്രച്ചിരുന്നു... സ്നേഹിച്ചിരുന്നു.

വിവാഹം അവൾ സ്ഥിരമായി കണ്ടിരുന്ന സ്വപ്നത്തിന്റെ തുടർച്ചയായിരുന്നു. മറ്റുള്ളവർക്ക് അവിശ്വസനീയം. ഒരേ സ്വപ്നം ദിവസവും കാണുന്നു..ധനാഡ്യനും സുമുഖനുമായ ചെറുപ്പക്കാരനുമായുള്ള ആർഭാടത്തോടെയുള്ള വിവാഹം. അവൾ കിടപ്പുമുറിയിൽ പ്രവേശിക്കുന്നതോടെ സ്വപ്ന ഭംഗം വന്ന് അവൾ എഴുന്നേൽക്കുന്നു. ആ കാഴ്ച ഏറെ അസ്വസ്ഥയാക്കിയിരുന്നു. വിയർത്തുകുളിച്ച് സ്വസ്ഥത നഷ്ടപ്പെട്ട് ഉറക്കം വരാതെ പിന്നീടുള്ള കിടപ്പ്.

അയാളുടെ ശീലങ്ങൾ അവളെ അഭിമാനിയാക്കി. ആർക്കും ഇഷ്ടപ്പെടുന്ന പെരുമാറ്റം. അവളുടെ കളി ചിരി വർത്തമാനങ്ങൾ ക്ണ്ട് അമ്മ പറയുമായിരുന്നു. ‘മോളെ .. ഇതു നിലനിന്നാൽ മതിയായിരുന്നു.. എനിക്ക് പേടിയാ.. ആരെങ്കിലും കണ്ണ് വെച്ചാൽ അതോടെ എല്ലാം തീർന്നു.’

അയാളുടെ വീടും പരിസരവും സുഗന്ധപൂരിതമായിരുന്നു. ഓമന മൃഗങ്ങൾ അയാളോട് സ്നേഹം കൂടുമ്പോൾ അവൾക്ക് അസൂയയായിരുന്നു. അയാൾ പൂർണ്ണമായും അവളുടേതാവണം. പൂന്തോട്ടത്തിൽ സമയം ചിലവഴിക്കുമ്പോഴും പുഷ്പങ്ങൾ മണത്ത് സ്വയം മറന്ന് നിൽക്കുന്നത് കാണുമ്പോഴും കൂടുതൽ സ്നേഹിച്ച് കൊണ്ടേയിരുന്നു... അയാളുടെ ചില ഭ്രാന്തൻ ശീലങ്ങൾ അവൾക്ക് പഥ്യമായി. അവളുടെ മുഖമൊന്നു മങ്ങിയാൽ .. കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടാൽ അയാൾക്ക് വേവലാതിയായി. വീട്ടിൽ അയാൾ ജോലി ചെയ്യുന്നയിടങ്ങളിലെല്ലാം ഒരു നിഴൽ പോലെ അവൾ വേണം..

കുടുംബകോടതിയിലെ കൌൺസലിങ്ങിനിടയിൽ ആവർത്തിച്ചു കേട്ട ചോദ്യം. നിങ്ങളെന്തിന് വേർപിരിയുന്നു.? ജീവിതസായാഹ്നത്തിൽ പരസ്പരം താങ്ങായി നിങ്ങൾക്ക് കഴിഞ്ഞ്കൂടെ! കുഞ്ഞുങ്ങൾ ജനിക്കാത്തതിൽ പോലും നിങ്ങൾ പരസ്പരം കുറ്റപ്പെടുത്തുകയുണ്ടായില്ലല്ലോ.. പിന്നെയെന്തിന്?

അവൾ വീണ്ടും പഴയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരുന്നു. ബെഡ്രൂമിനകത്തെ കാഴ്ചകളിൽ അവളെന്നും ഉറക്കം വരാതെ വിയർത്ത് കുളിച്ച് കിടക്കുകയായിരുന്നു. അവളുടെ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് പുറകിലൂടെ പ്രവേശിക്കുന്ന അവയവവും.. കാക്ക പറക്കുന്നതുപോലെ കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന അവളും ജീവിതയാഥാർത്ഥ്യങ്ങളിലെ ആരും കാണാത്ത പുറം കാഴ്ചകളിലൊന്നായിരുന്നു.

1 അഭിപ്രായം: