2010, ജൂൺ 6, ഞായറാഴ്‌ച

ഗുമസ്ഥന്റെ പ്രണയ ലേഖനം

ചില വൈകുന്നേരങ്ങളിൽ അകാരണമായി ആകുലത അനുഭവപ്പെടാറുണ്ട്.അത്തരം ഒരു ദിവസം മുന്നിൽ വന്നുപെട്ട ഒരാളെ എത്രയും വേഗം ഒഴിവക്കണമെന്ന ചിന്തയുമായി ഇരിക്കുമ്പോഴാണ് അവർ കടന്നു വന്നത്. ഇതുതന്നെ സമയം
‘തോമസേട്ടൻ അപ്പോൾ തിങ്കളാഴ്ച് കാലത്ത് വന്നോളൂ..’ വൈമുഖ്യത്തോടെ തോമസേട്ടൻ എഴുന്നേറ്റ് പുറത്തേക്ക്
നടന്നു. ചുരുങ്ങിയത് ഒരു പത്തുകൊല്ലത്തേക്കെങ്കിലും അയല്പക്കക്കാരുടെ സ്വൈരം നഷ്ടപ്പേടുത്താനുള്ള വ്യഗ്രത
അയാളുടെ ഓരോ ചുവടു വെയ്പിലും ഉണ്ടായിരുന്നു.

കസേരകൾ കയ്യടക്കിയ ആഗതർ മുഖവുരയില്ലാതെ തുടങ്ങി. ‘വക്കീലിന്റെ ഗുമസ്ഥനെവിടെ..?
ഗുമസ്ഥൻ എവിടെയണെന്ന് അയാൾക്ക് മാത്രമെ അറിയൂ.. എന്ന് പറയാൻ കഴിയാത്തതിനാൽ ‘അയാൾ പണിനിറുത്തിയിട്ട് മൂന്നാഴ്ചയായി.. പുതിയ ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്..’
‘അങ്ങനെ പറഞ്ഞൊഴിയാമെന്ന് വക്കീൽ കരുതണ്ട! അവനും നിങ്ങളും ഇതിനുത്തരം പറയാതെ ഞങ്ങളിവിടുന്ന്
പോകുന്ന പ്രശ്നമില്ല!‘ കാതിൽ കമ്മലിട്ട പാന്റ്സ് പൃഷ്ഠത്തിലേക്കിറക്കി ധരിച്ചവന്റെ കമന്റ്..
‘എന്താണ് പ്രശ്നം..?
‘കാര്യമൊക്കെ പറയാം .. അതിനുമുമ്പ് ഇതൊന്ന് വായിച്ചു നോക്ക്..’
നാലായി മടക്കിയ വക്കീൽ നോട്ടീസായാണ് അതെനിക്ക് തോന്നിയത്. കയ്യക്ഷരം ശശിയുടേത് തന്നെ.
“ചാവക്കാട് താലൂക്ക് അന്നകര അംശം പെരുവല്ലൂർ ദേശത്ത് കോലത്താടിൽ രാമു മകൻ ശശി ടി അംശം
ദേശത്ത് നാഴികവട്ടത്ത് പരമൻ മകൻ പ്രമീള എന്നവരെ അറിയിക്കുന്ന ഹൃദയലേഖനം
നിങ്ങളും ഞാനും പ്രവർത്തിച്ചുവരുന്നത് ഒരേ സ്ഥലത്തും ആപ്പീസുകൾ തമ്മിൽ അടുത്തടുത്ത് സ്ഥിതി ചെയ്തു വരുന്നതുമാണല്ലോ..നിങ്ങൾ കമ്പ്യൂട്ടറിൽ പ്രിന്റിംഗ് വർക്കുകളും ഞാൻ വക്കീൽ ഗുമസ്തപ്പണിയും ചെയ്തൂ വരുന്നതുമണല്ലോ... അപ്രകാരം പ്രവർത്തിച്ചു വരവെ നിങ്ങളുടെ ജംഗമ വസ്തുക്കളുടെ പ്രദർശനത്തിൽ ഈയുള്ളവൻ
ആകൃഷ്ടനായിട്ടുള്ളതും ആയത് നിങ്ങളോട് പലവട്ടം പ്രസ്താവിച്ചിട്ടുള്ളതും അപ്പോഴൊക്കെയും നിങ്ങൾ ആയത് കൈപ്പറ്റി മൌനം
ദീക്ഷിച്ചു വരുന്നതുമാണല്ലോ..

ആയതുക്കൊണ്ട് ഇത് കൈപ്പറ്റി ഒരാഴ്ക്കുള്ളിൽ നിങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന ദിവസവും സമയവും എന്നെ അറിയിക്കേണ്ടതും അപ്രകാരം എന്നെ അറിയിക്കാത്തപക്ഷം നിങ്ങളുടെ മൌനം സമ്മതമായി കണക്കാക്കി ടി ദിവസവും സമയവും ഞാൻ തന്നെ നിങ്ങളെ അറിയിക്കുന്നതാണെന്നും അല്ലാത്ത പക്ഷം ആയതിൽ നിന്നുണ്ടാകുന്ന സകലവിധ
കഷ്ട്ങ്ങൾക്കുംനിങ്ങളുടെ ജീവിതം ബാദ്ധ്യസ്ഥപ്പെടുന്നതാണെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു..”

വസ്തുതകളുടെ ഗൌരവം കണക്കിലെടുത്ത് കൂട്ടത്തിൽ പ്രായമുള്ളയാളെ ഞാൻ ദയനീയമായി നോക്കി..
‘മൂന്നാഴ്ചയായി അവൾ പോയിട്ട് ..അവൾ പോക്കോട്ടെ ..മൂത്തമകളുടെ കല്ല്യാണത്തിന് ഒരുക്കിവെച്ചിരുന്ന പണ്ടങ്ങൾ
അവൾ കൊണ്ടോയി.. അതിലാ.. ദെണ്ണം.. ഒരുമ്പെട്ടോള് കണ്ണിൽ കണ്ടാ.. ഞാനവളെ കൊന്ന് കളയും..’ അയാൾ പൊട്ടിക്കരയുമെന്ന് തോന്നി.
‘താനും തന്റെയൊരു ഗുമസ്തനും..അവൻ വന്നാ പറഞ്ഞേക്ക് വെച്ചേക്കില്ല ഞാൻ..’ കമ്മലിട്ട ആങ്ങളയുടെ രോഷം അണപൊട്ടുകയാണ്..

മൂന്നാഴ്ചയായി ഗുമസ്തനില്ലാതെ കഷ്ടപ്പെടുന്നു. ഇനി പുതിയ ഒരാളെ നിയമിക്കണോ..

$$$$$$$$$$$

1 അഭിപ്രായം: