2010, ഡിസംബർ 16, വ്യാഴാഴ്‌ച

ശിവഴിയുടെ അമ്മ

                






    പുറത്ത് മഴ തകർത്തു പെയ്യുകയാണ്.   മഴ കുറയാൻ വേണ്ടി അയാൾ  കാത്തിരിക്കുകയാണ്.  ഈ പെരും മഴയത്ത്  ആപ്പീസിലേക്കിനി ആരും വരില്ല.  കാലം തെറ്റി പെയ്യുന്ന തുലാവർഷമാണത്രെ!  മഴയുടെ താളം സത്യമൂർത്തി ഈയിടെ നിർമ്മിച്ച   ഷോർട്ട് ഫിലിമിന്റെ  കാഴ്ചകളെയോർമ്മിപ്പിച്ചു.

    വിഷ വിളകൾ ഭക്ഷിച്ച് വംശനാശം വന്നുകൊണ്ടിരിക്കുന്ന മനുഷ്യകുലത്തിന്റെ  കഥയാ‍യിരുന്നു പ്രമേയം.  വംശാവലിയിലെ അവസാന ദമ്പതികൾ  ഇടിവെട്ടി പെയ്തിറങ്ങിയ കനത്ത മഴയിൽ
ഉർവ്വരമായ കൃഷി ഭൂമിയിൽ  കൃഷിയിറക്കാൻ വേണ്ടി മഴയിൽ നനഞ്ഞു കുതിർന്ന് കൈകൾ  മേല്പോട്ടക്കി നിൽക്കുന്ന ആ ദൂരക്കാഴ്ചയുടെ  ദൃശ്യം മനസ്സിൽ ചലനങ്ങൾ ഉണ്ടാക്കുന്നതായിരുന്നു.  ശുദ്ധീകരിക്കപ്പെട്ട കൃഷിയിടത്തിലേക്ക് കാടുകടന്നെത്തിയ  വിത്തുകൾ  വിഷവിമുക്തമായി മൂളപൊട്ടി കതിരിടുന്നതുവരെയുള്ള കാഴ്ചകൾ.  മഴയിൽ കുതിർന്ന ചെളിയുടെ സൌരഭ്യം പോലും പ്രേക്ഷകൻ അനുഭവിക്കുന്നു.

           മഴയിൽ പാതി നനഞ്ഞ്  കയറി വന്ന സ്ത്രീ രൂപം  അയാളുടെ ചിന്തകൾക്ക് വിരാമമിട്ടു.  പ്രായം അറുപതിനോടടുത്ത  ഐശ്വര്യമുള്ളൊരു സ്ത്രീ.  നനഞ്ഞ കുട പുറത്ത് വെച്ച്  അവർ പതിയെ കസേരയിൽ വന്നിരുന്നു.   അവരുടെ  വാർദ്ധക്യം പടർന്നു കയറിയ കണ്ണുകളിൽ  ഏതോ തീരാവേദനയുടെ നിഴലാട്ടമുണ്ടായിരുന്നു.  കയ്യിൽ മടക്കിപിടിച്ചിരുന്ന  കടലാസയാൾക്കു നേരെ നീട്ടി അവർ ചോദിച്ചു.” സാറയച്ച്തല്ലേ.  ഇത്?” 
    
            അയാ‍ളത്  കൌതുകത്തോടെ വാങ്ങി നോക്കി.  കഴിഞ്ഞയാഴ്ച അയാളയച്ച  വക്കീൽ നോട്ടീസാണ്.  വായിച്ചു നോക്കിയപ്പോൾ ആളെ തിരിച്ചറിഞ്ഞു, ഭവാനി  ശിവഴിയുടെ അമ്മ.

         ഭവാനി തുടർന്നു:   ശിവഴി പറഞ്ഞതെല്ലാം സത്യമാണ്,  ഈ നോട്ടീസിൽ  പറഞ്ഞിട്ടുള്ളതുപോലെ കേസ് കൊടുക്കാനൊന്നും പോണ്ട.  എല്ലാം അവനുള്ളതാണ്, ഞങ്ങൾക്കൊന്നും വേണ്ട.  എനിക്കും അവന്റെ ചേട്ടൻ മിത്രാനന്ദനും.

             അമ്മക്കും ജ്യേഷ്ഠനുമെതിരെ  സ്വത്ത് ഭാഗം വെക്കുന്നതിന്  കേസ് കൊടുക്കാൻ വേണ്ടിയാണ് ശിവഴി അയാളുടെയടുത്ത് വന്നത്.  ഇടക്ക് കോടതി കയറാറുള്ള സ്വത്ത് തർക്കം. അതിൽകൂടുതൽ പ്രാധാന്യമൊന്നും ശിവഴിയുടെ കേസിനില്ലായിരുന്നു.  സാധാരണ മറുപടി നോട്ടീസാണ് ഉണ്ടാവാറ് .  അയച്ച നോട്ടീസും കൈപിടിച്ച് കക്ഷികൾ  വരുന്നത് അപൂർവ്വം.. ഒത്തു തീർപ്പിനുള്ള സാധ്യത തെളിയുന്നുവെന്ന് മാത്രം.

                “ ശിവഴി സാറിനോടെല്ലാം പറഞ്ഞിട്ടുണ്ടാകുമെന്നറിയാം.  എനിക്ക് പറയാനുള്ളതു കൂടി
കേൾക്കണം.  “

                ഭവാനി തുടരുകയാണ്.  ശിവഴി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഭവാനി  പറയുന്നത് കേട്ടിരിക്കാമെന്ന് അയാൾക്ക് തോന്നി. ആകാശം മൂടി ചെരിഞ്ഞു പതിക്കുന്ന മഴത്തുള്ളികൾക്കിടയിൽ
ഭവാനിയുടെ ശബ്ദം നേർത്തതായിരുന്നു.



            ശിവഴിയുടെ ജേഷ്ഠൻ മിത്രാനന്ദൻ  പഠനത്തിൽ മിടുക്കനായിരുന്നു.  എല്ലാറ്റിലും ഒന്നാം ക്ലാസ്സോടെ  പാസ്സായി മത്സര പരീക്ഷകളെഴുതി ജോലി തേടി നടക്കുകയായിരുന്നു.  നല്ല ചെറുപ്പക്കാരൻ,  വീട്ടിലും നാട്ടിലും നല്ലവൻ.  ഒരു ദിവസം നാടിനെ  നടുക്കിയ കൊലയാളിയായി മിത്രാനന്ദൻ മാറുന്നു.
സ്വന്തം പിതാവിനെ വെട്ടിക്കൊന്ന് അമ്മയെ ഗുരുതരമായി വെട്ടി പരിക്കേല്പിച്ച് അയാൾ ജയിലിലാവുന്നു.  പോലീസ് കസ്റ്റഡിയിലെ അയാളുടെ വിചിത്രമായ പെരുമാറ്റ  വൈകല്ല്യങ്ങളിൽ നിന്ന്  മിത്രാനന്ദൻ മനോരോഗിയാണെന്ന്  തിരിച്ചറിയുന്നു.   ആരുമറിയാതിരുന്ന ഒരു ഡ്രഗ്ഗ് അഡ്ഡിക്റ്റിന്റെ   ദയനീയ പതനം.  ചോദിച്ച കാശ് കൊടുക്കാത്തതിലെ ക്ഷിപ്രകോപം ദുരന്തമായി പരിണമിച്ചു.  നിയമം മനോരോഗാശുപത്രിയിലെക്കയച്ച്  അയാൾക്ക് പുറത്തിറങ്ങണമെങ്കിൽ സ്വന്തക്കാരുടെ ജാമ്മ്യം വേണമായിരുന്നു. 

            ഒരിക്കൽ മകനെ കാണാൻ വേണ്ടി   ഭവാനി  ചികിത്സാലയത്തിലെത്തിയപ്പോൾ  കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു.  അടി വസ്ത്രം മാത്രം ധരിച്ച്  സെല്ലിലെ കമ്പിയിൽ പിടിച്ച് നിൽക്കുന്ന മകന്റെ  രൂപം അവരുടെ മനസ്സിൽ നിന്നും മാഞ്ഞുപോയില്ല.  മിത്രാനന്ദന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.  കൊതുകുകൾ കടിച്ച് ദേഹമാസകലം പാടുകൾ വീണിരുന്നു.  അമ്മക്ക് ക്ഷമിക്കാൻ ഇതിൽ കൂടുതലൊന്നും വേണ്ടായിരുന്നു.  കൊല്ലപ്പെട്ട ഭർത്താവ് തിരിച്ചു വന്നാലും മകന്റെ അവസ്ഥ കണ്ട് മാപ്പ് നൽകുമായിരുന്നു.  മറ്റാരുമറിയാതെ ഭവാനി മകനെ  ജാമ്മ്യത്തിലിറക്കി.  ശിവഴി അന്ന് വീടുവിട്ടിറങ്ങിയതാണ്.  അസുഖം പൂർണ്ണമായി മാറിയ മിത്രാനന്ദനും ഭവാനിയും ഒരുമിച്ച് താമസിക്കുന്നു.

            ശിവഴിയുടെ അച്ഛന്റെ സ്വത്തുക്കളുടെ  അവകാശികൾ അവർ മൂന്നു പേർ മാത്രമാണ്.  പിതൃഘാതകനായ പുത്രൻ സ്വത്തനുഭവിക്കുന്നതിൽ  ശിവഴിക്ക്  താല്പര്യമുണ്ടാവില്ല.  ആവശ്യത്തിൽ കൂടുതൽ സാമ്പത്തിക ഭദ്രത.  എന്നിട്ടും ആർക്കും ഒന്നും വേണ്ടാത്ത  അവസ്ഥ.  അവസാ‍നം വയസുകാലത്ത് കോടതി കയറേണ്ട ഗതികേടും. 

           മാതൃത്വത്തിന്റെ  വിലാപം തുടരുകയാണ്.   ജീവിതത്തിൽ സംഭവിച്ച  ഭീകര ദുരന്തത്തിൽ നിന്നും മുക്തി നേടുവാൻ  മാസങ്ങൾ വേണ്ടി വന്നു.   മോഹങ്ങളൊടുങ്ങാതെ മരണമടഞ്ഞ പ്രിയതമന്റെ  രൂപം കണ്മുന്നിലെപ്പോഴും കാണുന്നു.  ഉയിർ കൊടുത്ത  മകൻ ജീവനെടുത്തപ്പോൾ അത് കണ്ട് നിൽക്കാൻ ,ശിഷ്ടകാലമനുഭവിക്കാൻ ഭവാനിയെ ബാക്കി വെച്ചു.   

           പലപ്പോഴും  ശിവഴിയെ കാണാൻ ശ്രമിച്ചു.  അപ്പോഴെല്ലാം നിഷ്ഠൂരമായ  അവഗണന മാത്രം.  തകർന്ന ഹൃദയത്തിന്റെ  കൈതാങ്ങായിരുന്നു ശിവഴി.  ജീവിതത്തിലെക്ക് തിരിച്ച് പിച്ച വെച്ചത് ശിവഴി മൂലം.  എന്നിട്ടും മിത്രാനന്ദനെ കാണാൻ പോയി.  സഹിക്കാൻ കഴിയാത്ത അമ്മക്ക് പുത്രനോട് പൊറുക്കാൻ  കഴിയില്ലേ

             ന്നാലും  ശിവഴിയാണ് ശരി.   ശിവഴിക്ക് അച്ഛനോടത്രക്കിഷ്ടമായിരുന്നു.  അമ്മയോടും സഹോദരനോടും  അറുത്തു മാറ്റാൻ കഴിയാത്തത്ര  അടുപ്പമായിരുന്നു. 
           സന്ന്യാസ ജീവിതം നയിക്കുന്ന അവർക്കിപ്പോൾ സ്വത്ത് വേണ്ട.  അവരുടെ ഓഹരി ശിവഴിയുടെ
കുട്ടികൾക്കായി എഴുതിവെച്ചിട്ടുള്ളതാണ്.  ഭവാനിയുടെ ജീവിതത്തിൽ മുഴുകിയിരുന്നപ്പോൾ പുറത്തെ മഴ തോർന്നതറിഞ്ഞില്ല.

         യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ പകച്ച്  നിൽക്കാനല്ലേ മനുഷ്യന് കഴിയൂ     താളം തെറ്റിയ ജീവിതങ്ങളാണ് ഭൂരിഭാഗവും വക്കീലാപ്പീസിന്റെ  പടി കടന്നെത്തുന്നത്.  പലപ്പോഴും കക്ഷിക്ക് നീതിയുറപ്പാക്കാൻ വേണ്ടി  ചെളി പുരണ്ട മന:സാക്ഷിയുടെ നിലവിളികൾ അവഗണിക്കേണ്ടി വരുന്നു.

         “ സാറിന്റെ സമയം കൂടുതൽ പാഴാക്കുന്നില്ല.  എന്റെ ഭർത്താവ്  എന്നോട് ക്ഷമിച്ചുവെന്നുറപ്പാണ്.  മക്കളോട് പോറുക്കാൻ മാതാപിതാക്കൾക്ക് കഴിയും.  സഹോദരങ്ങൾക്ക്  കഴിയണമെന്നില്ലല്ലോ?  ഞാനൊഴുക്കിയ കണ്ണീരിന്റെയും പ്രാർത്ഥനകളുടേയും ഫലമാവാം    മിത്രാനന്ദനിപ്പോൾ നോർമ്മലാണ്.  ഒന്നു നേടുമ്പോൾ മറ്റൊന്ന് നഷ്ടപ്പെടുന്നു. എന്റെ നിയോഗം അല്ലാതെന്തു പറയാൻ

          അച്ഛനെ കൊന്ന മകനോട് ക്ഷമിക്കാൻ  അമ്മക്കല്ലാതെ മറ്റാർക്ക് കഴിയും, സർവ്വം സഹയാണല്ലോ  അമ്മ.  അയാൾ മനസാൽ ശിരസ് നമിച്ചു.  കഴിയുമെങ്കിൽ ശിവഴിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.   എന്തുകൊണ്ടായിരിക്കും ശിവഴി ഒന്നും പറയാതിരുന്നത്.
         
               ഭവാനി കസേരയിൽ നിന്നെഴുന്നേറ്റ് യാത്ര പോലും പറയാതെ പുറത്തേക്ക് നടന്നു.  പുറത്തിറങ്ങിയശേഷം ആരെയോ പേരെടുത്ത് വിളിക്കുന്നുണ്ടായിരുന്നു.  അഞ്ചു മിനുട്ടിനു ശേഷം കയ്യിലൊരു ബാഗ് പിടിച്ച പയ്യനോടൊപ്പം തിരിച്ച് വന്നു.  ബാഗ് തുറന്ന് ഒരാഭരണപ്പെട്ടിയെടുത്ത് പുറത്ത് വെച്ചു.  “ശിവഴി വരുമ്പോൾ സാറിത് കൊടുക്കണം   പെട്ടിയിൽ എന്റെ ആഭരണങ്ങളാണ്. ശിവഴിക്ക് രണ്ടു പെൺകുട്ടികളാണ്. എനിക്കിനി പൊന്നെന്തിനാ..കൊച്ചു മക്കൾക്ക് ഉപകരിക്കട്ടെ!“
                    
           അയാൾ പെട്ടെന്ന് പറഞ്ഞു:“  അത് കയ്യിൽ വെച്ചോളൂ..  ശിവഴി വരുമ്പോൾ അറിയിക്കാം അപ്പോൾ കൊണ്ടുവന്നാൽ മതി. ഫോൺ നമ്പർ തന്നാൽ അറിയിക്കാം.“

            “എനിക്ക് സാറിനെ വിശ്വാസമാണ്”
            “വിശ്വാസത്തിന്റെ പ്രശ്നമല്ല, ഇതെല്ലാമാപ്പീസിൽ സൂക്ഷിക്കാൻ പ്രയാസമാണ്. ശിവഴി വരുന്ന ദിവസം നേരത്തെ പറയാം.  അപ്പോൾ വന്നാൽ മതി”

           ഭവാനിയുടെ മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത വികാര വിചാരങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഒരായുസ്സൊടുങ്ങുന്നതിന് മുൻപ് മനുഷ്യൻ കടന്നു പോകുന്ന ദുർഘട പ്രതിസന്ധികളെക്കുറിച്ചോർത്തപ്പോൾ ഭീതി തോന്നി. ആകാശത്തപ്പോൾ പെയ്തൊഴിഞ്ഞ കാർ മേഘങ്ങൾ  വെള്ളി മേഘങ്ങളായി  പരിണമിച്ചിരുന്നു.

              മറ്റു തിരക്കുകൾക്കിടയിൽ  ശിവഴിയെ  പാടെ മറന്നൊരു  സായാഹ്നത്തിൽ   വക്കീലാപ്പീസിലെ തിരക്കുകളിൽ മുഴുകിയിരിക്കെ വീണ്ടും ശിവഴിയെത്തി.   ആളുകളൊഴിയാൻ ക്ഷമയോടെ കാത്തിരിക്കുന്ന ശിവഴിയെ അയാൾ ഇടക്കിടെ വീക്ഷിച്ചു കൊണ്ടിരുന്നു.  അമ്മ വന്ന വിവരം വേണമെങ്കിൽ  വിളിച്ചു പറയാമായിരുന്നു.  സന്തോഷമുള്ള കാര്യമാണെങ്കിൽ പോലും ആപ്പീസിലെത്തിയിട്ടാകാമെന്ന് കരുതി. 

             “എന്തായി സാർ മറുപടി  വന്നോ?”   ശിവഴിയുടെ ശബ്ദത്തിലെ ആകാംക്ഷ   അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

              “അയച്ച നോട്ടീസുമായി നിങ്ങളുടെ അമ്മയിവിടെ വന്നിരുന്നു.  ഇനി കേസ് കൊടുക്കേണ്ട ആവശ്യമില്ല.  അമ്മയുടേയും ചേട്ടന്റെയും ഓഹരികൾ ശിവഴിയുടെ മക്കളുടെ പേർക്ക് മുൻപേ തീറെഴുതി വെച്ചിട്ടുണ്ട്.  നിങ്ങളുടെ ഓഹരി നൽകാൻ അവർ എന്നു  വേണമെങ്കിലും രജിസ്ത്രാപ്പീസിൽ വരാൻ തയ്യാറാണ്”.

                 അയാളുടെ വാക്കുകൾ ശിവഴിയുടെ  മനസ്സിൽ  ആഴത്തിലുള്ള ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. മുഖത്തെ ഭാവഭേദങ്ങളിൽ നിന്നും വസ്തുതകൾ വായിച്ചെടുക്കാൻ പ്രയാസംതോന്നി.

                 “ വക്കീൽ പറഞ്ഞു വരുന്നത് എന്റെ അമ്മ എല്ലാ കാര്യങ്ങളും പറഞ്ഞുവെന്നാണോ  വക്കീലിനും ഇപ്പോൾ അവരോട് സിമ്പതി തോന്നിക്കാണും  എന്റെ  അച്ഛനെ കൊന്നവനോടൊപ്പമുള്ള  പൊറുപ്പ് ഞാനവസാനിപ്പിക്കും.  വക്കീലിനോട് ഞാനൊന്നും പറയാതിരുന്നത് എന്തുകൊണ്ടാണെന്നറിയോ..? എനിക്കവരെ കിട്ടേണ്ടത് കോടതിയിൽ വെച്ചാണ്.”
                 അയാൾ പകച്ചിരുന്നു പോയി. ശിവഴി ക്ഷോഭത്തോടെ  തുടരുകയാണ്.

                “ എനിക്കച്ഛന്റെ സ്വത്ത് വേണ്ട.  കോടതിയിൽ വെച്ച് നാല് ചോദ്യങ്ങൾ എനിക്ക്  വേണ്ടി ചോദിക്കാനാ വക്കീലിനെ വെച്ച്ത്. അവരുടെ വക്കാലത്തുമായി വരാൻ വക്കീലിനോട് ഞാൻ പറഞ്ഞോ.. എന്റെ ഫയല് ഇങ്ങട് തായോ..വേറെയും വക്കീലന്മാരുണ്ടല്ലോ.. ഇവിടെ  .. ഞാനവരെക്കൊണ്ട് കേസ് നടത്തിക്കോളാം

            കേസ്  കെട്ടുമായി കൊടുങ്കാറ്റായി പുറത്തേക്ക് പോകുന്ന ശിവഴിയെ നോക്കി പകച്ചിരിക്കാനെ അയാൾക്ക് കഴിഞ്ഞുള്ളു.  ഭവാനിയുടെ തോരാത്ത കണ്ണീരിന്റെ പുതിയ തലങ്ങളുടെ കേളികൊട്ടാരംഭിച്ച് കഴിഞ്ഞിരുന്നു.
                              
                      
                      .                                

2010, ഡിസംബർ 1, ബുധനാഴ്‌ച

ശ്രാവണ


                                                                               കഥ



  ന്റെ മുത്തശ്ശന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു.   മൂന്ന്    പേരും  മരിച്ചത് കേൻസർ ബാധിച്ചാണ്  പേര് കേട്ട വൈദ്യരായിരുന്നു മുത്തശ്ശൻ.  ശ്രീനാരായണ ഗുരുദേവന്റെയൊപ്പം കൊളമ്പിൽ വരെ പോയി വൈദ്യവൃത്തി ചെയ്തുവന്നിരുന്ന ആളായിട്ടും അദ്ദേഹത്തിന് സ്വന്തം ഭാര്യമാരെ രക്ഷിക്കുന്നതിന് കഴിഞ്ഞില്ല.  എന്റെ അമ്മൂമ്മക്ക് ബ്രസ്റ്റ് കേൻസർ ആയിരുന്നു. ..   അന്നത്തെ കാലത്ത് ഇത്രയും അഡ്വാൻസ്ഡ് ആയിട്ടുള്ള  നൂതന ചികിത്സാരീതികൾ ഉണ്ടായിരുന്നില്ലല്ലോ..  എന്നാലും അദ്ദേഹം കഴിവിന്റെ പരമാവധി ശ്രമിച്ചു നോക്കിയത്രെ.

     അമ്മൂമ്മയുടെ മരണ ശേഷം അദ്ദേഹം അനിയത്തിയെ വിവാഹം കഴിച്ചു  അവർക്ക് ബ്ലഡ് കേൻസർ ആയിരുന്നു.. പ്രസവത്തോടെ ശയ്യാവലമ്പിയായ അവർ കുറച്ചു കാലം നരകിച്ചാണ് മരണമടഞ്ഞത്.  അവരുടെ മരണശേഷം മൂന്നാമതും വിവാഹിതനായി.  അവർ മരിച്ചത് മുത്തശ്ശൻ മരിച്ചതിനു ശേഷമായിരുന്നു.  അവർക്ക് ഗുദ ഭാഗത്ത് കേൻസർ ആയിരുന്നു. “
      
      ശ്രാവണ കഥ തുടരുന്നതിനിടയിൽ അശ്വിൻ ഇടപെട്ടു.  “എനിക്കീ കഥ വേണ്ട  ചീത്ത കഥ പറഞ്ഞാൽ നിക്ക്  കേൾക്കണ്ട.”

      അശ്വിൻ പറയുന്നത്  ശ്രദ്ധിക്കാതെ  ശ്രാവണ  തുടർന്നു..” എന്തുകൊണ്ടാണ് മുത്തശ്ശന്റെ ഭാര്യമാർക്കെല്ലാവർക്കും കേൻസർ ബാധിച്ചത്?  , കുട്ടിക്കാലം തൊട്ട് എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു അത്, ഇപ്പോഴും എനിക്കതിന് ഉത്തരമില്ല.  നല്ല ആരോഗ്യവാനായിരുന്ന മുത്തശ്ശന് ഭാര്യമാരില്ലാത്ത ജീവിതം പ്രയാസകരമായിരുന്നുവെന്ന്  മാത്രം മനസ്സിലായി.. അദ്ദേഹം  കുഞ്ഞുങ്ങളെ  ജനിപ്പിക്കുന്നതിൽ കൂടുതൽ താല്പര്യം കാണിക്കാതിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം കുറച്ചു കൂടി ശോഭനമാകുമായിരുന്നു.  ആണും പെണ്ണുമായി പന്ത്രണ്ടെണ്ണമുള്ളപ്പോൾ ഞങ്ങളുടെ ജീവിതം എത്രമാത്രം ദുരിതപൂർണ്ണമായിരുന്നുവെന്ന് നിങ്ങളൊന്ന് ഓർത്തു നോക്കൂ? “
     ശ്രാവണ പറയുന്നത് നിർത്തി അശ്വിനെ നോക്കി.   അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.. ഉറക്കഗുളികകൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായി അശ്വിൻ  മാർതോമാ ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സയിലാണ്. പ്രായം കുറഞ്ഞുവരികയെന്ന തോന്നലുകളോടെയായിരുന്നു തുടക്കം.  ഇരുപത്തൊമ്പത് വയസ്സിൽനിന്നും  പതിനെട്ടും കഴിഞ്ഞ് ഇപ്പോൾ അഞ്ചു വയസ്സിലെത്തി നിൽക്കുകയാ‍ണ്.   രാത്രി ഉറങ്ങിക്കിട്ടണമെങ്കിൽ കഥ കേൾക്കണം.  കഥ പറഞ്ഞ് പറഞ്ഞ്  അവൾക്കിപ്പോൾ കഥയുടെയും ജീവിതത്തിന്റെയും  അതിർവരമ്പുകൾ ഇല്ലാതായിരിക്കുന്നു..

      ഭ്രാന്തിന്റെ ഏത് വകഭേദത്തിലാണ് അശ്വിന്റെ  അസുഖം ഉൾപ്പെടുത്തുകയെന്നവൾക്കറിയില്ല.  ജീവിതം വീണ്ടും പ്രതിസന്ധിയിലകപ്പെട്ടുവെന്ന തിരിച്ചറിവ് നിരാശാജനകമായിരുന്നെങ്കിലും  എല്ലാം നേരിടാനുള്ള ചങ്കുറപ്പ് അവൾക്ക് ലഭിച്ചിരുന്നു..  അശ്വിനോടവൾക്ക് പരിഭവംതോന്നിയില്ല.  ജീവിത  സൌഭാഗ്യങ്ങളും രോഗാവസ്ഥകളും നൽകുന്നത് വിധാതാവല്ലെ.. 
     സാമ്പത്തിക പ്രയാസങ്ങൾ  ഇല്ലാതിരുന്നതുകൊണ്ട് ജീവിതം സുഖകരമാ‍യിരുന്നു.  അച്ഛന്റെ ബിസിനസ്സിൽ പേരിനൊരു പങ്കാളിയായി അശ്വിൻ .  ജോലി ചെയ്യാൻ യാതൊരു താല്പര്യവുമില്ല.  മകൻ ചോദിക്കുന്ന സംഖ്യ നൽകി മകനെ പരിപാലിക്കാൻ അച്ഛനും അമ്മയും എപ്പോഴും തയ്യാർ.  മകൻ പറയുന്നത് സമ്മതിച്ചില്ലെങ്കിൽ  മാതാപിതാക്കളെ ശാരീരികമായി ഉപദ്രവിക്കുന്നത്  കണ്ടപ്പോൾ  അവളുടെ ദുര്യോഗം വെളിപ്പെട്ടു.  ഒരിക്കലും അശ്വിൻ  അവളെ ഉപദ്രവിച്ചിട്ടില്ല.  അശ്വിന് അവളോട് അഗാധമായ പ്രണയമായിരുന്നു.  അശ്വിൻ ഒഴികെ മറ്റാരും അവളോട് സംസാരിക്കുന്നത് അയാൾക്കിഷ്ടമല്ല.  ഒരിക്കൽ അശ്വിന്റെ അച്ഛൻ പത്രത്തിൽ വന്ന  അടുത്തുള്ള അമ്പലത്തിലെ കളവിനെക്കുറിച്ചെന്തോ അവളോട്    സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു..    അകാരണമായി അശ്വിൻ വയലന്റായി . പത്രമെടുത്തു തീയിട്ടു,  അച്ഛന്റെ കണ്ണടയെറിഞ്ഞു പൊട്ടിച്ചു.

     പ്രണയത്തിന് തീഷ്ണത കൂടിയാൽ വെന്തുരുകുമെന്ന് മനസ്സിലായത് അപ്പോഴാണ്    പിന്നീടവളുടെ ജീവിതം  അക്വേറിയത്തിലെ  സ്വർണ്ണ മത്സ്യത്തിന്റേതായി.  ആരോടും ബന്ധമില്ലാത്ത പ്രേമാർദ്രമായ ജീവിതം. സ്നേഹിച്ച്  ദ്രോഹിച്ച് അയാൾ കൂടുതൽ ചെറുപ്പമായി.  അവളുടെ ശരീരവും  മനസ്സും  പറന്നുയരാൻ എന്തിനോ വേണ്ടി വെമ്പൽകൊള്ളുകയായിരുന്നു..  എന്നിട്ടും അയാൾക്കഞ്ചു വയസായപ്പോൾ അവൾക്കിട്ടു പോകാൻ മടി തോന്നി.അച്ഛനും അമ്മാവനും തിരക്കിട്ട് ബന്ധം വേർപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലായിരുന്നു.  ആറു മാസമായാൽ കുറച്ച് മുലയൂട്ടിയിട്ട്  പോകാമെന്ന് അമ്മാവനോട് പറയാൻ അവൾ വെമ്പിയതാണ്  രോഷാഗ്നി ഭയന്ന് മൌനമവലംബിച്ചു.

      അവളുടെ ആദ്യ ഭർത്താവ്  സുന്ദരനായിരുന്നു.  വെളുത്ത് തടിച്ച ഒത്ത ഉയരത്തിലുള്ളൊരാൾ. അയാളെ കണ്ടപ്പോൾ അവളുടെ അച്ഛൻ പറഞ്ഞു:  ഗൾഫിൽ പണിയില്ലാണ്ടായാലും ന്റെ  മോൾക്ക്  പട്ടിണി കിടക്കേണ്ടി വരില്ല.  നല്ല തണ്ടും തടിയുമുണ്ട് കൈക്കോട്ടെടുത്താലും വീട് പുലരും.   അവളുടെ മനസ്സിൽ കുളിരു കോരിയിട്ട വാക്കുകൾ ആയിരുന്നു അത്.   കല്ല്യാണം കഴിഞ്ഞ നാൾ മുതൽ  അയാൾ കാത്തിരിക്കാൻ തുടങ്ങി, ഗൾഫിൽ നിന്നും കാർഗോ വഴി അയച്ച സാ‍ധനങ്ങൾ ലഭിക്കുവാൻ. കാറുകൾ മുതൽ വിലപിടിപ്പുള്ള രത്നങ്ങൾവരെ  അവയിലുണ്ടത്രെ.  അയച്ചതിനു ലഭിച്ച രശീതിയുമായി അവസാനം അച്ഛനും ആങ്ങളയും കൂടി ഇറങ്ങി പുറപ്പെട്ടു.  എല്ലാ‍ എയർപോർട്ടുകളിലും കാർഗോ ക്ലിയറൻസ് ഓഫീസുകളിലും അന്വേഷിച്ചെങ്കിലും അറബി സമ്മാനമായി നൽകിയ  കാറുകളും രത്നങ്ങളും എവിടെ പോയെന്നറിഞ്ഞില്ല.  അവസാനം നേരറിഞ്ഞു   മറുനാട്ടിൽ പണി പോയപ്പോൾ നൊസിളകിയതാണെന്ന്.  അപ്പോഴും അച്ഛൻ ധൈര്യം കൈവെടിഞ്ഞില്ല.  ആരോഗ്യമുള്ള മരുമകനല്ലെ, ചികിത്സിച്ച് ഭേദമാക്കാം. 

     അയാളുടെ അച്ഛന് ചെറുപ്പത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത അസുഖമുണ്ടായിരുന്നു.  കല്ല്യാണം കഴിച്ചു കൊടുത്തപ്പോൾ അച്ഛന്റെ സൂക്കേട് മാറിയത്രെ.   അച്ഛൻ മകനിൽ പരീക്ഷിച്ച സൂത്രമതായിരുന്നു.. എല്ലാം അറിഞ്ഞിട്ടും ശ്രാവണയുടെ ജീവിതംവെച്ച് പന്താടിയത് അദ്ദേഹമായിരുന്നു. 

     വൈകിപ്പോയ വൈതരണിയിൽ നിന്നും രക്ഷ നേടാൻ പ്രയാസമായിരുന്നു. പൂർണ്ണ ഗർഭിണിയായ  ശ്രാവണക്ക് പ്രസവിക്കാതെ തരമില്ലായിരുന്നു.  മകന് വേണ്ടി ജീവിക്കാൻ അവൾ സന്നദ്ധയായിരുന്നു.  തല വളരുന്ന  അസുഖത്തോടെ ജനിച്ച  മകൻ എട്ടാം മാസത്തിൽ മരണമടഞ്ഞു. പിന്നീടവൾക്കൊന്നും നോക്കാനുണ്ടായിരുന്നില്ല .  വിവാഹമോചനത്തിലൂടെ സ്വതന്ത്രയായ  അവൾ  വീണ്ടും അശ്വിന്റെ മുന്നിൽ തല കുനിച്ചു.


      മൂന്നാ‍മതൊരാളെ കാത്തിരിക്കുമ്പോഴാണ് ജീവിതത്തിലെ  വ്യത്യസ്ത അർത്ഥ തലങ്ങളെക്കുറിച്ചവൾ ബോധവതിയാവുന്നത്.  നന്മ തിന്മകളിലെ വേർതിരിവ് അപ്രത്യക്ഷമായിരുന്നു.   ഇറച്ചിക്കടയിലെ കോഴികളായി, കശാപ്പു നടക്കുന്നതറിഞ്ഞിട്ടും പ്രതികരണശേഷിയില്ലാതെ എല്ലാവരും കൂടെയുണ്ട്..   ബലിയാടായി ബലാൽക്കാരം ചെയ്യപ്പെടാൻ വിധിക്കപ്പെട്ടവളാണോ സ്ത്രീ.  അനിയത്തിക്കൊരു വിലങ്ങുതടിയാവാൻ അവളാഗ്രഹിച്ചില്ല.

     കാത്തിരിപ്പിന് വിരാമമായി  അയാളെത്തി.  വസൂരിക്കലകളുള്ള മുഖത്തെ കുണ്ടിൽ പോയ കണ്ണുകളിലെ കെടാത്ത വിശപ്പ് അവൾ തിരിച്ചറിഞ്ഞു.  വിവാഹത്തിന് മുൻപ് ആരെയുമറിയിക്കാതെ ശ്രാവണ ഒരു യാത്ര പോയി.   പ്രതിശ്രുദ്ധവരന്റെ  ആദ്യ ഭാര്യയുടെ അരികിലേക്ക്.. എല്ലാം പറഞ്ഞ് കണ്ണീരൊഴുക്കിയ  ആ പെൺകുട്ടി വിചാരിച്ചു കാണും ഈ കല്ല്യാണം നടക്കില്ലെന്ന്.  ശ്രാവണ സന്തോഷത്തൊടെയാണ്
മടങ്ങിയത്.  എല്ലാറ്റിനും ഒരു മുന്നൊരുക്കം വേണമല്ലോ..

     നവ വധുവിന്റെ പ്രസരിപ്പോടെയാണവൾ മണ്ഡപത്തിലേക്ക്  കാലെടുത്ത് വെച്ചത്.  അയാളുടെ പരുക്കൻ മുഖത്തെ വന്യതയിൽ നിർവൃതി പൂണ്ട് അവൾ നോക്കി നിന്നു.  അവളോടൊപ്പമുള്ള ചെറിയ സുഹൃദ്സംഘങ്ങൾ  അത്ഭുതപ്പെടുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു.  ആധി കയറി വേഗമൊഴിഞ്ഞു പോയ ബന്ധു ജനങ്ങളെ  ആഹ്ലാദത്തോടെ യാത്രയാക്കി തിരിച്ചു വന്നപ്പോൾ  കുറച്ചു നാളത്തെ ഇടവേളക്കു ശേഷം ഇരയെ വിഴുങ്ങാൻ തയ്യാറെടുത്ത് നിൽക്കുന്ന അയാളെയാണ് കണ്ടത്.

     ആജാനു ബാഹുവായ അയാൾക്കുമുന്നിൽ അവളുടെ ശരീരം ശിശുസഹജമായിരുന്നു.   ഉറച്ച   ശരീരഭാഗങ്ങളിൽ നിന്നും വിയർപ്പ് ചാലിട്ടൊഴുകിയിരുന്നു. ഒറ്റമുണ്ടിനിടയിലൂടെ പുറത്ത് ചാടാനൊരുങ്ങുന്ന ക്രൌര്യം അവളെ വെല്ലുവിളിക്കുകയാണെന്ന് തോന്നി.  മേശമേൽ ഉത്തേജക ഉപകരണങ്ങൾ നിരത്തിയിരുന്നു.  അയാൾ ഒന്നുമുരിയാടാതെ തന്നെ അവൾ പ്രവർത്തനമാരംഭിച്ചു.  

      അയാളിലെ ആശ്ചര്യാനുഭവങ്ങൾ തൃണവൽഗണിക്കുമ്പോൾ ഉള്ളിലുണരുന്ന ആനന്ദം രതിമൂർച്ചക്ക്  സമാനമായിരുന്നു.   എണ്ണ തേച്ചു പിടിപ്പിച്ച്  തിളച്ച ചൂടു വെള്ളത്തിൽ കുളിപ്പിക്കുമ്പോൾ  അയാൾ വികാര ലോലനായി.   കിടക്കയിൽ  കമിഴ്ന്നു കിടന്ന് ചാട്ടവാറടി  കൊള്ളുമ്പോൾ പുളകിതനായി.  ഉന്മാദബാധയാൽ  അവൾ  ആക്രോശിക്കുന്നുണ്ടായിരുന്നു. വികാര പാരമ്മ്യതയിൽ  അയാൾ ചലനമറ്റു   കിടക്കുന്നതു വരെ  അവൾ പ്രഹരിച്ചു കൊണ്ടിരുന്നു.
    
      അയാ‍ളുടെ  ശരീരത്തിലെ ചോര തിണർത്ത പാടുകളിൽ  തഴുകിക്കോണ്ട് അവൾ കഥ പറയാൻ തുടങ്ങി.  മൂന്നാമത്തെ ഭ്രാന്തനോടൊപ്പം ജീവിക്കാൻ  നിശ്ചയിച്ച ശ്രാവണയുടെ കഥയായിരുന്നു അത്..     തന്റെ ജീവിതത്തിലേക്ക്  ഭ്രാന്തന്മാർ മാത്രം  വരുന്നതെന്തുകൊണ്ടാണെന്ന്  അവൾക്കറിയണമെന്നില്ലായിരുന്നു.  ..   അവൾ ജീവിക്കാൻ തീരുമാനിച്ചിരുന്നു.






2010, നവംബർ 23, ചൊവ്വാഴ്ച

കഥയില്ലായ്മകൾ

     സായയുടെ വീട്ടിൽനിന്നും മടങ്ങുമ്പോൾ അവളുടെ മുഖം കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു. നാട്ടിലെത്തിയപ്പോഴാണ് വിവരങ്ങളറിഞ്ഞത്. സായ ഇപ്പോൾ ഒറ്റക്കാണെന്നും കൂടെയുണ്ടായിരുന്ന അച്ഛന്റെ മരണത്തോടെ മരോട്ടിച്ചാലിലെ തറവാ‍ട്ട് വീട്ടിലേക്ക് താമസം മറ്റിയെന്നുമൊക്കെ. യാത്രയിൽ ബഷീർ ഒപ്പമുണ്ടായിരുന്നു. എല്ലാം അറിയാവുന്ന അവൻ പഴയ കാര്യങ്ങൾ ഒർത്തെടുക്കുവാൻ ശ്രമിക്കുന്നതുപോലെ തോന്നി.

     കായൽതീരത്തെ കോട്ടേജിലേക്കെത്തുമ്പോഴേക്കും അർദ്ധരാത്രി കഴിഞ്ഞിരുന്നു, ഉറക്കം വരില്ലെന്നറിയാവുന്നതുകൊണ്ട് പതിവ് തെറ്റിക്കാതെ ഗുളികയെടുത്തു വിഴുങ്ങി. ബഷീർ കിടന്നതേ ഉറങ്ങിക്കഴിഞ്ഞിരുന്നു. അഞ്ച് കുട്ട്യോളും കെട്ട്യോളുമൊക്കെയായി അവൻ ഇപ്പോഴും സുഖമായി ജീവിക്കുകയാണ്. മുമ്പൊക്കെ നാട്ടിലെത്തുമ്പോൾ കൂട്ടുകാർ എല്ലാവരും കൂടി അവന്റെ മേൽ കുതിര കയറുമായിരുന്നു. എല്ലാവർക്കും ഒന്നോ രണ്ടോ കുട്ടികൾ ഉള്ളപ്പോൾ അവന്റെ പെണ്ണിന് വർഷത്തിലൊരിക്കൽ സുഖ പ്രസവം. കള്ളിന്റെ പുറത്ത് അവൻ പറയുന്നത് കേൾക്കാൻ രസമായിരുന്നു.  ' ഇക്കാ നിക്കൊരു കുട്ടി കൂടി വേണമെന്ന് കെഞ്ചുമ്പോൾ' അവൻ
വിസമ്മതിച്ചിട്ട് കാര്യമുണ്ടോ.. അവസാനം എല്ലാവരും കൂടി അവനെ പൊക്കിയെടുത്ത് സർക്കാർ ആസ്പത്രിയിലേക്കെത്തിക്കുകയായിരുന്നു. അല്ലെങ്കിൽ പെറ്റ് കൂട്ടി അവൾ പുര നിറക്കുമായിരുന്നു. എല്ലാവർക്കും ഒന്ന് തന്നെ സിസ്സേറിയൻ ചെയ്തെടുക്കുമ്പോൾ പെറാൻ പൂതിയുള്ളൊരു പെണ്ണ് അത്ഭുതം തന്നെ. തയ്യൽ ജോലിയിൽനിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അവർ ജീവിക്കുന്നു.
     തികച്ചും ശൂന്യമായ മനസ്സോടെയാണ് ഉണർന്നെഴുന്നേറ്റത്. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു.  തുറന്നിട്ട ജാലകത്തിനപ്പുറത്തെ പുഴയോര കാഴ്ചകളിൽ മുഴുകിയിരിക്കുമ്പോൾ  സമയത്തിന് ചിറകുകൾ മുളക്കുന്നു.. ശല്ല്യപ്പെടുത്താതെ ബഷീർ ഷോപ്പിലേക്ക് പോയിരിക്കുന്നു.  ഓപ്പൻ എയർ റെസ്റ്റോറണ്ടിൽ തലേദിവസത്തെ ആഘോഷത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടില്ലായിരുന്നു.   മുഴുവനാക്കാത്ത ബിയർക്കുപ്പികളും കൊത്തിപ്പൊരിച്ച  മുട്ടയും  മൺപാത്രത്തിലെ കള്ളും എല്ലാം കൂടി അഴുകിയ ഒരു വാട അന്തരീക്ഷത്തിലുണ്ട്.   അയാളെക്കണ്ട് സപ്ലയർ ഓടി വന്ന്  താഴ്വാരത്തിനഭിമുഖമായി ഇട്ടിരിക്കുന്ന ടേബിൾ പെട്ടെന്ന് വൃത്തിയാക്കി.  കഞ്ഞി പുഴുക്കും  ചുട്ട പപ്പടവും  കൂട്ടി കഴിച്ചപ്പോൾ ഗൃഹാതുരത്വം അനുഭവപ്പെട്ടു.
      കാണുന്നവർക്ക്  നാടൻ പാട്ട് മൂളാൻ തോന്നിപ്പിക്കുന്ന വിധത്തിൽ തുഴഞ്ഞ്  ഒരു മീൻ പിടുത്ത വഞ്ചി പുഴയിലൂടെ ഒഴുകുന്നുണ്ടായിരുന്നു.  അകാരണമായൊരു വിഷാദം മൂടൽ മഞ്ഞായി മനസ്സിനെ ഗ്രസിച്ചു.  സായയെ ഒന്നുകൂടി കാണണം.  മുപ്പത് വർഷത്തോളം കരുതി വെച്ച ചോദ്യത്തിനുത്തരം തേടണം.

       കൂടെ മറ്റാരും ഉണ്ടാകരുതെന്ന് തോന്നിയതിനാൽ  ആരോടും പറയാതെയാണ്  കോട്ടേജിൽ നിന്നുമിറങ്ങിയത്.  സുഹൃത്തുക്കൾ ആരെങ്കിലും വന്നാൽ വൈകീട്ടെത്തുമെന്ന് പറഞ്ഞേൽ‌പ്പിച്ചു.  സിറ്റിയുടെ തിരക്കിൽ  നിന്നും രക്ഷപ്പെട്ട് സായയുടെ വീട്ടിലേക്കേത്തിയപ്പോൾ ഉച്ചയായി.  ഗെയ്റ്റ് തുറക്കുമ്പോഴേക്കും സായ വാതിൽ തുറന്ന് പുറത്ത് വന്നിരുന്നു.  ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖം വിളിച്ചോതുന്നുണ്ട്.  ജ്വലിക്കുന്ന  സൌന്ദര്യത്തിന്  മാറ്റ് കൂട്ടാനെന്നവണ്ണം വീതിയിൽ കസവുള്ള സെറ്റ് സാരിയാണ് വേഷം.  ഊണ് കഴിക്കാൻ ക്ഷണിച്ചപ്പോൾ മറുത്തൊന്നും പറഞ്ഞില്ല.  സാമ്പാറും അവിയലുമൊക്കെയായി സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്.  ആശ്ചര്യം കണ്ടിട്ടാകാം അവൾ വിശദീകരിച്ചു.  " ഇന്ന് അച്ഛന്റെ ശ്രാദ്ധമാണ്, ഇന്നലെ പറയണമെന്ന് കരുതിയതാണ്.  മറന്നു പോയി"

     ഓർമ്മയിൽ ഒരു പൂക്കാലമായി സായയും അച്ഛനും കോളേജിന്റെ പടി കടന്നെത്തുന്നു.  മുത്തുകൾ ചിതറിത്തെറിക്കുന്നതു പോലെ പൊട്ടിച്ചിരിക്കുന്ന കൊലുന്നനെയുള്ള പെൺകുട്ടി.  തൃശൂർകാരിയാണെന്നറിഞ്ഞപ്പോൾ  അടുപ്പം തോന്നി.  താമസാവശ്യത്തിനായി രാംഭട്ട് കൊമ്പൌണ്ടിലെ പെൺകുട്ടികളുടെ വീട് ഏർപ്പാടാക്കി. അന്ന് സീനിയറായിരുന്ന അയാളാണ് ലോക്കൽ ഗാർഡിയനെന്ന്  പുറത്ത് തട്ടിയോർമ്മിപ്പിച്ച് പിരിഞ്ഞ് പോയ സ്നേഹ നിധിയായ അച്ഛൻ.

     ഒരു നിഴൽ പോലെ സായയോടൊപ്പം എന്നും അദ്ദേഹമുണ്ടായിരുന്നു.  ഒറ്റമോളെന്ന വാത്സല്ല്യത്താൽ മോളെ സുഹൃത്തായി കണ്ട ഒരച്ഛൻ.  ഭാര്യയുടെ വിയോഗശേഷം പുസ്തകങ്ങളെ മാത്രം സ്നേഹിച്ച വലിയ മനുഷ്യൻ.  കുടുംബത്തിന്റെ ആഹ്ലാദം  തല്ലിക്കൊഴിച്ച മകളെ കുറ്റപ്പെടുത്താതെ സ്വയം നീറിയൊടുങ്ങിയ മാതാപിതാക്കൾ...

     സായ നീയെന്തിനിത് ചെയ്തു...? അയാൾ   തേടിയലഞ്ഞ ഹൃദയത്തിൽ നന്മയുടെ പൂക്കളുള്ള പെൺകുട്ടിയാവാമായിരുന്നില്ലേ..  ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ശൂന്യത തളം കെട്ടിയ അകത്തളങ്ങളിൽ നിശ്ശബ്ദമായി.

     "ഒരു ദിവസം ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ താക്കോൽ മറ്റുള്ളവർ വരുമ്പോൾ  നൽകാൻ നിങ്ങളെയേല്പിക്കുമ്പോൾ സുചിത്ര  പറഞ്ഞത് ഓർക്കുന്നുണ്ടോ....?   സായയുടെ ഹൃദയത്തിന്റെ താക്കോലാണിതെന്നും  സൂക്ഷിച്ചോളണേയെന്ന്..."   സായയുടെ പ്രതികരണം അയാളെ സ്തബ്ധനാക്കി.
       അന്ന് സുചിത്രയുടെ തമാശയാണെന്നേ..കരുതിയുള്ളൂ...അയാൾ ഭീരുവായി ഒഴിഞ്ഞു മാറിയതിനാലാണൊ ഇതൊക്കെ സംഭവിച്ചത്.   അന്നത്തെ  സായയുടെ മനസ്സിലിരിപ്പായിരുന്നോ..  സുചിത്രയിലൂടെ പുറത്തേക്ക് വന്നത്.  ഒരു പെൺകുട്ടിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്  പ്രണയ സൂചന നൽകിയിട്ടും കാണാതെ പോയത് അയാളുടെ പിഴയല്ലേ..   മനസാകെ ഭ്രമിച്ചതു പോലെ.  വാദി പ്രതിയായി മാറിയ അവസ്ഥ.
     സായക്കറിയാം അയാളുടെ കുട്ടികളില്ലാത്ത ദാമ്പത്യം സമാന്തരപാളങ്ങൾ മാത്രമാണെന്ന്.  ഒപ്പം ദൂരം താണ്ടുന്ന സഹയാത്രകൾ മാത്രം.  സഹശയനത്തിലെ വിരസതക്കൊപ്പം വളരുന്ന വെറുപ്പുകൾ  വർഷങ്ങൾ കൊണ്ട് അകലങ്ങളായി പരിണമിക്കുന്നു.

       യാത്ര പറഞ്ഞ് മൊബൈലിൽ സംസാരിച്ചുകൊണ്ട്  നടന്നു മറയുന്ന അയാളെ നൊമ്പരത്തോടെ നോക്കി സായയിരുന്നു.  ദൂരെ നിന്നും അയാളെ കാണുന്ന ഒരാൾക്ക് ഭ്രാന്തനാണെന്ന് തോന്നുമായിരുന്നു.  കൈകൾ കൊണ്ട് ചേഷ്ടകൾ കാണിച്ച് കൂടെയാരുമില്ലാതെ സംസാരിച്ച് നീങ്ങുന്ന ഒരാൾ...

     സായയുടെ രണ്ടാമൂഴമായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെന്ന് മറ്റാർക്കുമറിയില്ലായിരുന്നു.  പ്രണയ മധുവുമായി പറന്നുയർന്ന വർഷങ്ങൾ.   ഗുരുപ്രണാമങ്ങളെപ്പോഴോ പ്രണയത്തിനായി  ചുവടുമാറി.  തുറന്നിട്ട വാതായനങ്ങളിൽ ചവർക്കുന്ന സ്നേഹമായി അദ്ദേഹം പടർന്നു കയറി.  നരച്ച മീശയിൽ ...    പരുപരുത്ത താടി രോമങ്ങളിൽ ...  നെഞ്ചിലെ  പഞ്ഞിക്കെട്ടിൽ  എല്ലാം  അവൾ പുരുഷനെയറിഞ്ഞു.  കൺപോളകളിൽ   വാത്സല്ല്യ   ചുംബനങ്ങൾ നൽകി   ഹൃദയ സ്പ്ന്ദനങ്ങൾ കവർന്നെടുത്തു.   മദ്ധ്യവയസ്കനും വഭാര്യനുമായ പ്രൊഫസർ അവളുടേതായിരുന്നു.  അദ്ദേഹത്തെ ആലിംഗനം ചെയ്യുമ്പോൾ ലഭിച്ചിരുന്ന സുരക്ഷിതത്വം അവിസ്മരണീയമായിരുന്നു.  ചെവിയിലെ മൃദുലതയിൽ വേദനയില്ലാതെ കടിക്കുമ്പോൾ അദ്ദേഹത്തിന് ലഭിച്ചിരുന്ന ഉത്തേജനം അജയ്യമായിരുന്നു.  കവിത ചൊല്ലി കഥകൾ പറഞ്ഞ് ആശയങ്ങൾ പങ്കുവെച്ചുള്ള ജീവിതം.  വീട്ടുകാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ബന്ധമൊഴിവാക്കാൻ  അവൾ തയ്യാറായില്ല.  ഒടുവിൽ പ്രഭാത സവാരിക്കിടയിൽ അജ്ഞാത വാഹനമിടിച്ച് പ്രൊഫസർ മരണമടയുന്നതുവരെ അവൾ
അദ്ദേഹത്തിന്റേതായിരുന്നു.

     ഉണങ്ങാത്ത മുറിപ്പാടിന്റെ വേദന ചിനക്കിയെടുക്കുന്നവളാണ് സായ.  മറ്റൊരു പ്രണയത്തിൽ നിന്നും രക്ഷനേടാനൊരു സുഹൃത്ത് വേണമായിരുന്നു.   അവളേക്കാൾ അഞ്ച്  വയസ്സ് ഇളപ്പമുള്ള ചരൺ നല്ല സുഹൃത്തായി... എല്ലാവർക്കും മുന്നിൽ സഹോദരീ സഹോദര ബന്ധം. കളി ചിരികൾക്കിടയിൽ അത്ഭുത ശക്തിയുള്ള മുറി മരുന്നായി ചരൺ.

    സൌഹൃദത്തിന് അതിർവരമ്പുകളില്ലാതായി.  മാസത്തിലൊരിക്കൽ തീർത്ഥാടനത്തിനിറങ്ങുന്ന മാതാപിതാക്കൾ കാവലേല്പിക്കുന്നത് ചരണിനെയായി...   എല്ലാം കൊണ്ടും സേഫായ ബന്ധം.  ചുരത്തുന്ന മാതൃത്വമായി അളവില്ലാതെ ചരണിന് സ്നേഹം നൽകി.   കോഴ്സ് കഴിഞ്ഞിറങ്ങിയ ചരൺ സീരിയസാവുന്നതറിഞ്ഞ സായ പക്വതയുള്ള മനസ്സിന്റെ ഉടമയായി.  ഒരു വീടിന്റെ പച്ചപ്പ് കരിയിക്കാതെ ചരണിനെ പ്രയാസത്തോടെ തൂത്തെറിഞ്ഞു.

     മുന്നിൽ പുതിയ പ്രണയാത്മാക്കൾ അവതരിച്ചപ്പോൾ വിങ്ങുന്ന മനസ്സോടെ ചരൺ പടിയിറങ്ങി.   ഓർക്കുമ്പോൾ എല്ലാം അവൾക്കൊരു കളിക്കമ്പം മാത്രം.  അണയാത്ത പ്രേമ ജ്വാലകളിൽ പടർന്നേറിയ ജീവിതം ഇതുവരെ.
     അയാൾ മാത്രം അവൾക്കന്യനായി.  കയ്യെത്താ ദൂരത്ത് മോഹപ്പക്ഷിയായി കാത്തുനിൽക്കുമ്പോഴും അഞ്ജത നടിച്ചു.  ഇപ്പോഴും പരിഹസിച്ച് ആത്മാവിനെ കുത്തിനോവിച്ച് ഇറക്കി വിട്ടു.
      യഥാർത്ഥത്തിൽ അയാളുടെ പ്രണയം അവളറിഞ്ഞിരുന്നു.  ചെമ്പൻ കണ്ണുകളിലെ തീഷ്ണതയേറിയ കൃഷ്ണമണികൾ പ്രണയം വിളിച്ചോതിയിരുന്നു.....    അവളെ ദർശിക്കുമ്പോൾ പോടിഞ്ഞിരുന്ന സ്വേദ കണങ്ങൾ  പ്രണയത്തിന്റെ സുഗന്ധം പരത്തിയിരുന്നു. .... അയാളുടെ ഉച്ഛ്വാസ വായു  സഫലീകരിക്കാത്ത പ്രണയത്താൽ ചുട്ടുപൊള്ളിയിരുന്നു.
     പാപികൾക്കിടമില്ലാത്ത പുണ്യാത്മാവാണയാൾ..  ബന്ധങ്ങൾ രതി രസത്തിലൂടെ നിർവ്വചിക്കുന്ന സായക്കതിനർഹതയില്ല.  സജലങ്ങളായ കണ്ണുകളിലൂടെ സായയുടെ ദൂരക്കാഴ്ചകൾ മറഞ്ഞില്ലാതായി.

2010, നവംബർ 4, വ്യാഴാഴ്‌ച

സ്നേഹമുള്ള വല്ല്യമ്മ

                                         
    രജിസ്ത്രാപ്പീസിൽ നല്ല തിരക്കായിരുന്നു.റിയൽ എസ്റ്റേറ്റ് ബിസ്സിനസുകാരും ഇടനിലക്കാരും സാധാരണ ഇടപാടുകാരുമൊക്കെയായി പരിസരം ജനനിബിഡമാണ്. ഞാൻ വിശാലമായ തൊടിയിലെ പ്രിയോർ മാവിനടിയിൽ ഇട്ടിരുന്ന  ചാരു ബെഞ്ചിലിരിക്കുകയാണ്.   ആധാരമെഴുത്തുകാരൻ അമ്മയേയും വല്ല്യമ്മയേയും കൊണ്ട് അകത്ത് പോയിരിക്കുകയാണ്.  അമ്മാവൻ നേരത്തെ സ്ഥലത്തെത്തിചേർന്നിട്ടുണ്ട്.    അമ്മാമയുടെ മരണപത്രപ്രകാരം സ്വത്ത് വല്ല്യമ്മക്കാണ് എഴുതി വെച്ചിട്ടുള്ളത്.   നാമമാത്ര പ്രതിഫലമായി അമ്മക്കും അമ്മാവനും ഇരുന്നൂറ് രൂപ നൽകണമെന്ന് വ്യവസ്ഥയുണ്ട്.  അമ്മാമ്മ മരിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും  വ്യവസ്ഥ പാലിക്കാൻ വേണ്ടി ഇപ്പോഴാണ് രശീതി തീറാക്കുന്നത്.  എല്ലാവർക്കും പ്രായാധിക്യമായി.  മരണശേഷം മക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ       ഉണ്ടാവരുതെന്ന് വല്ല്യമ്മക്ക് നിർബന്ധമുണ്ടായിരുന്നു.

     അടുത്ത്  ബഞ്ചിലിരിക്കുന്നയാളുടെ അരികിലേക്ക്  ആധാരമെഴുത്തുകാരൻ വന്നിട്ടുണ്ട്.  എഴുത്ത്കാരന് നൽകേണ്ട സംഖ്യയുടെ പകുതി സംഖ്യ കൈക്കൂലി നൽകുന്നതിനുവേണ്ടി ചോദിക്കുകയാണ്. 
       “നിങ്ങളെന്തുപറഞ്ഞാലും ഇത്രയധികം കാശ് ഞാൻ തരില്ല.വല്ല നൂറോ ഇരുന്നൂറോ ആണെങ്കിൽ തരാമായിരുന്നു.  അയ്യായിരം നിങ്ങൾക്കും രണ്ടായിരത്തഞ്ഞൂറ് കൈക്കൂലിയും ഇതെവിടുത്തെ ന്യായമാ..”
       “ പതുക്കെ പറ, ആളുകൾ ശ്രദ്ധിക്കുന്നു.. എനിക്ക് ഇന്നു മാത്രം ഇവിടെ വന്നാൽ പോരല്ലോ..എല്ലാം ഞാൻ പറഞ്ഞുറപ്പിച്ചിരുന്നതല്ലേ..  “
      “എന്റെ കാര്യം നടക്കണ്ടേ.. അതോണ്ടാ.. ഞാൻ സമ്മതിച്ചത്  ഞാനൊരാള് വിചാരിച്ചാ..  ഇവിടം നന്നാവാൻ പോണില്ലെന്നറിയാം..  എല്ലാവർക്കും ഇതറിയാവുന്നതല്ലേ..  രജിസ്ത്രാപ്പീസിലെ കൈക്കൂലി നിറുത്താൻ ആർക്കാ കഴിയാ.. ഇന്നാ കൊണ്ടു പോയി തുലക്ക്..”  മടിശീലയിൽ നിന്നും കാശെടുത്ത് കൊടുത്ത്  അണപൊട്ടിയ രോഷമൊതുക്കി അയാളിരുന്നു.

     നിറയെ തണൽ മരങ്ങൾ നിറഞ്ഞ ഒരിടമായിരുന്നു അത്.  വിൽക്കുന്നവന്റെ നൈരാശ്യം തണുപ്പിക്കുന്നതിനും വാങ്ങുന്നവന്റെ  ആഹ്ലാദം പെരുപ്പിക്കുന്നതിനും പറ്റിയ അന്തരീക്ഷം.   ഭൂമിയുടെ അവകാശികൾ പിറവിയെടുക്കുന്നയിടം.  വളരെ പഴക്കമുള്ള കെട്ടിടമാണ്.  എത്രയോ പഴങ്കഥകൾ പറയാനുണ്ടാവും..തകർച്ചയുടേയും സമ്പന്നതയുടേയും  കഥകൾ..    അന്നും ഇന്നും പിന്തുടരുന്ന രീതി മാറിയിട്ടില്ല  കൈമാറുന്ന തുക കൂടിക്കോണ്ടിരിക്കുന്നുവെന്ന് മാത്രം.

     അമ്മക്ക് സുഖമില്ല. കടുത്ത  ആസ്തമയാണ്.  രജിസ്ത്രാപ്പീസിൽ വരാൻ പറ്റുമെന്ന് വിചാരിച്ചില്ല.  കാശിന് അത്യാവശ്യമുണ്ടായിരുന്നതുകൊണ്ട് നിർബന്ധിച്ചുകൊണ്ടുവന്നതാണ്.    വല്ല്യമ്മക്ക് നല്ല ധനസ്ഥിതിയാണ്  മുപ്പത് വർഷം മുമ്പ് നൽകേണ്ട ഇരുന്നൂറ് രൂപയല്ലേ, വല്ല്യമ്മയുടെ ചുറ്റുപാടനുസരിച്ച് ചുരുങ്ങിയത് ഇരുപതിനായിരമെങ്കിലും ഇല്ലാതിരിക്കില്ല.   അമ്മയുടെ കല്ല്യാണത്തിന് സിംഗപ്പൂരിലായിരുന്ന വല്ല്യമ്മ അന്നു ഇരുപത്തഞ്ച് പവൻ സഹായിച്ചുവത്രെ. അച്ഛാഛൻ തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും  നൽകുകയുണ്ടായില്ല . .  അമ്മാവനെ പഠിപ്പിക്കുന്നതിനും ജോലിക്കും വേണ്ടി നൽകിയ കണക്കുകൾ വേറെയും.  പറഞ്ഞു വരുമ്പോൾ വല്ല്യമ്മക്ക് നഷ്ടങ്ങളുടെ കണക്കുകൾ മാത്രം.

     വല്ല്യമ്മ  ആളൊരു കൊച്ചുസുന്ദരിയാണ്.  നല്ല വിലകൂടിയ സാരിയും ആഭരണങ്ങളും ധരിച്ച് എപ്പോഴും ഫ്രഷായിരിക്കുന്ന വല്ല്യമ്മയെ കാണാൻ നല്ല ചന്തമാണ്.  വാതോരാതെ സംസാരിച്ച്  തമാശകൾ പറഞ്ഞ് പൊട്ടിചിരിക്കുന്ന അവരെകാണുമ്പോൾ  അമ്മയോ അമ്മാവനോ അല്ല ആഹ്ലാദമാണവരുടെ കൂടെപ്പിറപ്പെന്ന് തോന്നിപ്പോകും.  ദൈന്യത സാരിയുടുത്താൽ എങ്ങനെയിരിക്കും അതാണെന്റെ അമ്മ.  അമ്മയുടെ മുഖത്ത്  സന്തോഷം  ഒരിക്കലും കണ്ടിട്ടില്ല.  മദ്യപിച്ച്  എല്ലാം വിറ്റ് തുലച്ച്  ലക്കുകെട്ട്  ജീവിച്ച് അകാലത്തിൽ മരണമടഞ്ഞ അച്ഛന്റെയൊപ്പം കൂടിയതുമൂലമാകാം അമ്മയുടെ സന്തോഷം കെട്ടുപൊയത്.  അമ്മക്ക് വേണ്ടുന്ന സന്തോഷം കൂടി വല്ല്യമ്മക്ക് ലഭിച്ചിരിക്കുന്നു. വല്ല്യമ്മക്ക് അച്ഛനെ പേടിയായിരുന്നു. സംസ്കാരമില്ലാത്തവനെന്നാണ് അച്ഛനെ വിശേഷിപ്പിക്കുക.

      അമ്മാവനെക്കുറിച്ചും വല്ല്യമ്മക്ക് ആക്ഷേപങ്ങളെ ഉള്ളൂ..  പഠിപ്പിച്ചെന്നും  വല്ല്യച്ഛൻ സിംഗപ്പൂരിൽ ജോലി ശരിയാക്കിയിട്ടും ഉപേക്ഷിച്ചെന്നുമൊക്കെ എപ്പോഴും കേൾക്കുന്നതാണ്. അമ്മാവന്റേത് വല്ല്യമ്മക്ക് ഇഷ്ടമല്ലാത്ത വിവാഹമായിരുന്നു.നിറയെ പെൺകുട്ടികൾ ഉള്ള കുടുംബത്തിൽ നിന്നും പെണ്ണ് കെട്ടി പ്രാരാബ്ധക്കാരനായെന്നാ‍ണ് പരാതി.  ഇപ്പോൾ പറയത്തക്ക പണിയൊന്നുമില്ലാതിരിക്കുന്ന അമ്മാവൻ തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്    എന്നാ‍ലും പരിഭവങ്ങളേയുള്ളൂ.    വല്ല്യച്ഛന്റെ തറവാട് വീടിനോട് ചേർന്നുള്ള  ഭൂസ്വത്തുക്കൾ  അദ്ദേഹത്തിന്റെ സഹോദരങ്ങളാണ് സംരക്ഷിക്കുന്നത്.അവർ അതിര് തിക്കിയെടുത്തെന്നും നാളികേരം പകുതിയേ ലഭിക്കുന്നുള്ളുവെന്നുമൊക്കെ ആരോപണങ്ങൾ. ചുരുക്കത്തിൽ എല്ലാവർക്കും കുറ്റം.  അതുകൊണ്ടു തന്നെ ആവശ്യങ്ങൾ വരുമ്പോൾ സഹായിക്കാൻ ആരുമില്ല.

     വല്ല്യച്ഛനോടൊപ്പം കണ്ണോപ്പറേഷന്   തൃപ്പൂണിത്തറയിൽ പോയിരുന്നു.   സാത്വികനായ ഒരാളാണ്, സ്നേഹം  പുറത്ത് കാണിക്കില്ല  തിളങ്ങുന്ന കണ്ണുകളിലെ പ്രസന്നതയുടെ പുഞ്ചിരി  അനുഭവിക്കാൻ സാധിക്കുമായിരുന്നു.  വല്ല്യച്ഛനെ പരിചരിച്ച് മൂന്നു ദിവസം പോയതറിഞ്ഞില്ല.  എനിക്ക്  പതിനാറ് വയസ്സുള്ളപ്പോൾ മരണമടഞ്ഞ  അച്ഛന്റെ  സ്ഥാനം നൽകിയാണ് ഒപ്പം കഴിഞ്ഞത്.

      “നിങ്ങളിവിടിരിക്ക്യാ..  അവിടന്വേഷിക്ക്ണ്ണ്ട്”  ഡ്രൈവറാണ് സാക്ഷിയൊപ്പിടാൻ സമയമായിക്കാണും.   അകത്തേക്ക് ചെന്നപ്പോൾ അവർ രജിസ്ത്രാറുടെ മുന്നിലാണ്.  സംഖ്യയൊക്കെ കിട്ടിയല്ലോയെന്ന അയാളുടെ ചോദ്യത്തിന് അമ്മയും അമ്മാവനും  ചിരിച്ചുകൊണ്ട് തലയാട്ടി.  ഞാനും ഡ്രൈവറും ഒപ്പിടുമ്പോൾ തിണ്ണയിലിരിക്കുന്ന സ്ഥിരം സാക്ഷികൾ അതൃപ്തിയോടെ നൊക്കുന്നുണ്ടായിരുന്നു.  സാക്ഷിയൊപ്പിട്ട് അമ്പത് രൂപ കൈപ്പറ്റി  ജീവിതം നയിക്കുന്ന ഇവരെ  തീറ് നടന്ന് പുറത്തിറങ്ങുന്നതോടെ എല്ലാവരും മറക്കുന്നു.  കള്ളപ്രമാണങ്ങളിൽ ഒപ്പിട്ട് കേസായാൽ  സാക്ഷിജന്മങ്ങളെ കോടതി വരാന്തയിലെ തിണ്ണയിലും കാണാം.

     വല്ല്യമ്മ ഒരു കാൽ ക്രെച്ചസിലൂന്നിയാണ് നടക്കുന്നത്.  ഇപ്പോൾ കൂടുതൽ അവശതയുള്ളതുപോലെ..   ഇരു കാലുകളിലും നീരുമുണ്ട്.  വല്ല്യച്ഛൻ പ്രമേഹബാധിതനായിരുന്നു.  ഏക മകൾ ഭർത്താവിനോടൊപ്പം ഗൾഫിലാണ്.  മകൾ ലീവിൽ വന്നപ്പോഴാണ് വല്ല്യച്ഛന്റെ കാലിലെ തള്ളവിരൽ ഉറുമ്പ് തിന്ന് കുഴിയായിരിക്കുന്നത് കണ്ടത്.  സ്പർശനമറിയാത്ത വിധം പ്രെമേഹം കൂടിയിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു.  സെപ്റ്റിക് ആയി..  ഇതിനിടയിൽ വല്ല്യമ്മ കുളിമുറിയിൽ വഴുക്കി വീണു. ഇടുപ്പെല്ല് പൊട്ടി ആശുപത്രിയിലായി.  തീവ്രപരിചരണ  വിഭാഗത്തിൽ രണ്ടു പേരും അടുത്തടുത്ത കട്ടിലുകളിൽ മുഖത്തോടു മുഖം നോക്കി കിടന്നു.  വല്ല്യച്ഛന്റെ അവസാന നാളുകളായിരുന്നു.  അബോദ്ധാവസ്ഥയിൽ ഊർദ്ധൻ വലിക്കാൻ തുടങ്ങിയപ്പോൾ വല്ല്യച്ഛന്റെ കട്ടിൽ ജീവനക്കാർ കർട്ടൻ നീക്കി മറച്ചു.  ഓർമ്മയുടെ തീരങ്ങളിൽ പത്നിയെ അവസാനമായി കണ്ട് അദ്ദേഹം കണ്ണടച്ചു.  വ്വല്ല്യച്ഛനെ മുറിയിലേക്ക് മാറ്റിയെന്ന കള്ളം വിശ്വസിച്ച്  അവർ സർജ്ജറിക്കായി ഒരുങ്ങി.  വീട്ടിൽ ഭർത്താവിന്റെ മരണാനന്തര കർമ്മങ്ങൾ നടക്കുമ്പോൾ ഒന്നുമറിയാതെ വായക്കു രുചിയറിയാൻ കുടംമ്പുളിയിട്ട മീൻ കറി വാങ്ങി ഭക്ഷണം കഴിച്ചു.  അവരുടെ ജീവിതത്തിലെ ഏറ്റവും ദൌർഭാഗ്യകരമായ സംഭവമായിരിക്കും അത്.  

     അമ്മക്കും അമ്മാവനും വല്ല്യമ്മയോട് ഉള്ളിൽ രസക്കേടുകളുണ്ടായിരുന്നു.  അറുത്ത കൈക്ക് ഉപ്പുതേക്കാത്തവളാണെന്നും സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് കരളലിയാത്തവളാണെന്നുമൊക്കെയാണ്  പറച്ചിൽ.  അവർക്കതിന് ദൃഷ്ടാന്തങ്ങളുമുണ്ട്.  ചേച്ചിയുടെ കല്ല്യാണത്തിന്റെ ഭാഗമായി നടന്ന ഇരക്കൽ പ്രയാണത്തിൽ വല്ല്യമ്മയുടെ വീട്ടിലും പോയിരുന്നു.  വല്ല്യമ്മയുടെ മകളുടെ വിവാഹം കഴിഞ്ഞിട്ട്  അധികമായിട്ടില്ല.  കയ്യിൽ  കാശൊന്നുമില്ലെന്നും പണ്ടങ്ങളൊക്കെ ബങ്കിൽ പണയത്തിലാണെന്നും ഒഴിവു കഴിവുകൾ പറഞ്ഞ് അമ്മയെ തിടുക്കത്തിൽ ബസ്സ് കയറ്റി വിട്ടു.  ആ ബസ്സിൽ കയറിയില്ലെങ്കിൽ ഇനി ഒരു മണിക്കൂർ കഴിഞ്ഞേ ബസ്സുള്ളുവെന്ന കള്ളം അവർ ഇടക്കിടെ ആവർത്തിക്കുന്നുണ്ടായിരുന്നു.  അമ്മ ബസ്സിൽ കയറുമ്പോഴേക്കും  വിരുന്നുകാരുടെ കാർ വല്ല്യമ്മയുടെ വീട്ടിലേക്കെത്തിക്കഴിഞ്ഞിരുന്നു.  ദരിദ്രവാസിയായ ഒരനിയത്തിയുണ്ടെന്ന കാര്യം അവർക്ക് കുറച്ചിലുണ്ടാക്കുന്നതല്ലേ..

     ഏതൊക്കെയോ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ട് ഞങ്ങൾ രജിസ്ത്രാപ്പീസിന്റെ പടികളിറങ്ങി.  വല്ല്യമ്മയെ വീട്ടിലിറക്കി യാത്ര പറഞ്ഞിറങ്ങവെ  അമ്മയുടേയും അമ്മാവന്റേയും കയ്കളിൽ  ഓരോ ചുവന്ന ലക്കോട്ട് വല്ല്യമ്മ വെച്ചു കൊടുത്തു.  കാത്തിരുന്ന നിമിഷം . കനം കുറഞ്ഞ കവർ ഉള്ളിൽ ചെക്കായിരിക്കുമെന്ന ശുഭ സൂചന നൽകി.  അമ്മാവനുള്ളപ്പോൾ കവർ എങ്ങനെ തുറക്കുമെന്ന സന്ദേഹത്തിലായിരുന്നു ഞാൻ.    രണ്ടു പേർക്കും തുക വ്യത്യസ്തമായിരിക്കാം..  ആങ്ങളക്ക് സംഖ്യ കൂടുതൽ കാണുമായിരിക്കും.  കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട്  അദ്ദേഹം വശം കീറി കവർ തുറന്നു.  പുറത്തേക്ക് ചാടിയ രണ്ട് നൂറിന്റെ നോട്ടുകൾ കണ്ട് വിളറിയ മുഖത്തോടെ  ഞങ്ങളെ നോക്കി.  

     എനിക്ക് ഒരുപാടിഷ്ടമുള്ള വല്ല്യമ്മയോട് നീരസം തോന്നിയ നിമിഷങ്ങൾ.  ഇതിലും ഭേദം അവർ ഒന്നും നൽകാതിരിക്കുകയായിരുന്നു.   അമ്മ ചെറിയ പരിഹാസത്തോടെ പറഞ്ഞു.  “ ഞാൻ വരണ്ടാന്ന് കരുതിയതാ..  ഇവന്റെ നിർബന്ധം കാരണം വന്നതാ..  ഇപ്പൊ നന്നായില്ലെ...  ചേച്ചിയെ എനിക്കറിയാവുന്നിടത്തോളം ഇവനറിയില്ലല്ലോ..  വണ്ടി വാടക കൊടുക്കാൻ കടം വാങ്ങേണ്ട ഗതികേടിലായി...”

      കടമകൾ തീർത്ത് വല്ല്യമ്മ വീട്ടിലിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവുമോ....  ആഹ്ലാദമാണല്ലോ അവരുടെ കൂടെപ്പിറപ്പ്.

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

മരണ വണ്ടി

ആംബുലൻസ് ഹൈവേയിലൂടെ കുതിച്ചു പായുകയാണ്. രക്തം വാർന്നുകൊണ്ടിരിക്കുന്ന തകർന്ന ഇടത്തേകാൽ സ്ട്രെച്ചറിൽ പൊക്കി വെച്ചിട്ടുണ്ട്. ചതഞ്ഞ മാംസത്തിന്റെ ഒരു കഷണമാണ് കാലിനെ ശരീരവുമായി ബന്ധിപ്പിച്ചിട്ടുള്ളത്. തലക്കേറ്റ പരിക്ക് കാരണം അയാൾക്ക് എല്ലാം ഒരു പുകമറ പോലെ.

അയാൾ മകൾക്ക് മരുന്ന് വാങ്ങാനിറങ്ങിയതാണ്. നല്ല പനിയുണ്ടായിരുന്നു. ഫിറ്റ്സ് വരാൻ സാധ്യതയുള്ളതുകൊണ്ട് വാലിയം വാങ്ങാൻ തിരക്കിട്ടിറങ്ങിയതാണ്. പനിക്കുമ്പോൾ ടെമ്പറേച്ചർ വർദ്ധിക്കാതിരിക്കാൻ നനച്ചുകൊണ്ടിരുന്നു. അരമണിക്കൂർ കൂടുമ്പോൾ അലാറം വെച്ച് രാത്രി മുഴുവൻ ഉറങ്ങാതെ കഴിക്കുകയായിരുന്നു. കാലത്ത് നൽകാനുള്ള വാലിയം തീർന്നിരുന്നു. ഓരോതവണ ഫിറ്റ്സ് വരുമ്പോഴും കുട്ടിയുടെ ബ്രെയ്ൻ ക്വാളിറ്റി കുറഞ്ഞുകൊണ്ടിരിക്കുമത്രെ. ഒരിക്കൽ സന്നിയിളകിയതു കണ്ട് പേടിച്ചുപോയി. അന്നു തീരുമാനിച്ചതാണ് ഇനിയൊരിക്കലും അത് വരാൻ പാടില്ലെന്ന്. അവ്യക്തമായ ഓർമ്മയിൽ അയാൾ പാന്റ്സിന്റെ പോക്കറ്റിൽ മൊബൈൽ തപ്പി നോക്കി. അവിടെയില്ലായിരുന്നു ബൈക്കിൽനിന്നും വീണപ്പോൾ തെറിച്ചു പോയിരിക്കാം. ആംബുലൻസിൽ മറ്റാരുമില്ല. ഭാര്യയോട് വാലിയം വാങ്ങാൻ പറയാൻ മാർഗമില്ല. അപകടവിവരം അറിയിച്ചാൽ അവൾ തകർന്നു പോകും. കുഞ്ഞിന്റെ പനി മാറിയാൽ മതി. പതിമൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ചതാണ്. ലക്ഷങ്ങൾ ചെലവിട്ട് ജനിപ്പിച്ചതാണ്. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

വണ്ടിയിടിച്ച് എത്രനേരം റോഡിൽ കിടന്നെന്നറിയില്ല. ആളുകൾ കൂടിയിരുന്നെങ്കിലും ആരും അടുത്തേക്ക് വന്നില്ല. സ്വന്തം ചോരയുടെ തണുപ്പറിഞ്ഞ് വേദന മരവിച്ച് ലഹരിയായുള്ള കിടപ്പ്. അപകടത്തിൽ പെട്ടയാൾ ചോര വാർന്നു മരിച്ചു. നാളത്തെ പത്രത്തിലെ ചരമവാർത്തയാവാൻ സാധ്യത. ആക്ട്സ് പ്രവർത്തകരുടെ ആംബുലൻസെത്തിയതും ആരൊക്കെയോ സ്ട്രെച്ചറിൽ എടുത്തുകിടത്തിയതും ഓർമ്മയിലില്ല.

അയാൾ ടിവിയിൽ കേട്ട പ്രഭാഷണം ഓർത്തെടുക്കുകയായിരുന്നു. പനിക്കുമ്പോൾ ഫിറ്റ്സ് വരുന്നത് സ്വാഭാവികമാണെന്ന് കരുതി ചികിത്സിക്കാതിരുന്ന മാതാപിതാക്കളുടെ മന്ദബുദ്ധിയായിതീർന്ന കുഞ്ഞിനെ കുറിച്ചായിരുന്നു അത്. ആധി കൂടി ബോധം പൂർണ്ണമായി നഷ്ടപ്പെടുമെന്ന തോന്നിയ നിമിഷം. ഒരു കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി മനുഷ്യ സാധ്യമായ എല്ലാം അവർ ചെയ്തിരുന്നു. സകല സമ്പാദ്യങ്ങളും ജീവിതവും വ്യർത്ഥമെന്ന് തോന്നിച്ച വർഷങ്ങൾ. നാടോടി പെണ്ണുങ്ങൾ മുലയിൽ ഞാത്തി കൊണ്ടു നടക്കുന്ന മൂക്കിളയൊലിപ്പിച്ച കുഞ്ഞുങ്ങളെ കാണുമ്പോൾ എത്ര ഭാഗ്യവതികൾ എന്നു പറയുന്ന ഭാര്യ. എല്ലാമുണ്ടായിട്ടും സ്നേഹമസൃണമായ ഗൃഹാന്തരീക്ഷത്തിൽ കുട്ടികളില്ലെങ്കിൽ എല്ലാം മിഥ്യ. പക്ഷിമൃഗാദികൾക്കും പൂക്കൾക്കുമൊക്കെയായി സ്നേഹം പകുത്തുകൊടുത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അനപത്യ ദു:ഖത്തിലലിഞ്ഞു ചേരാൻ അയാൾ തയ്യാറായില്ല. വാശിയോടെ നേടിയെടുത്ത മകളാണ്. അവളെ ബുദ്ധിയില്ലാത്തവളാക്കാൻ കഴിയില്ല.

ആംബുലൻസ് പോകുന്നത് അയാളുടെ വീടിന്റെ മുന്നിലൂടെയാണ്. വീടെത്തുമ്പോൾ ഒന്നു നിറുത്തി ഭാര്യയെ വിളിക്കാൻ അയാളാഗ്രഹിച്ചു. ഡ്രൈവറോട് പറയാൻ വേണ്ടി ഒച്ചയിട്ടു. ശബ്ദമില്ലായിരുന്നു. ഇടിയുടെ ആഘാതം എല്ലാം മാറ്റി മറിച്ചിരിക്കുന്നു. വീട് ഹൈവേയുടെ സമീപത്തായതിനാൽ ദിവസവും ആംബുലൻസിന്റെ സയറൺ കേൾക്കാറുണ്ട്. ഏതോ ഹതഭാഗ്യൻ ജീവൻ മരണപോരാട്ടം നടത്തുകയാവുമെന്ന് അപ്പോഴൊക്കെ ഓർക്കാറുണ്ട്.

ആംബുലൻസ് ഡ്രൈവർ സ്വബോധമില്ലാത്തതുപോലെയാണ് വണ്ടിയോടിക്കുന്നത്. വഴിമാറി കൊടുത്തില്ലെങ്കിൽ ഓരോ വണ്ടിയും ഇടിച്ചുതെറിപ്പിക്കുമെന്ന് കാഴ്ചക്കാർക്ക് തോന്നുമായിരുന്നു. മരണവും മരണവേഗവും തമ്മിലുള്ള നിരന്തര സമ്പർക്കം മൂലമാവാം ഡ്രൈവർക്ക് വേഗത ഹരമായിരുന്നു. ആശുപത്രിയിൽ ആളെ ഇറക്കിയ ശേഷവും അമിത വേഗതയിൽ സയറൺ മുഴക്കിയാണ് തിരിച്ചു പൊയ്ക്കൊണ്ടിരുന്നത്.

അയാളെ ഇടിച്ച് തെറിപ്പിച്ചത് ടിപ്പർ ലോറിയാണ്. മുൻവശത്തെ ഇടത്തെ ചക്രം ബൈക്കിൽ തട്ടിയപ്പോൾ അയാൾ ചെന്നു വീണത് റോഡിന്റെ വലതു ഭാഗത്തായിരുന്നു. തലയിലൂടെ വണ്ടി കയറ്റാതെ വെട്ടിച്ചെടുത്തപ്പോൾ കാലിലൂടെ ചക്രം കയറിയിറങ്ങി. ഒരു നിമിഷം പോലും സ്തംഭിക്കാതെ സ്വാഭാവികതയോടെ ടിപ്പർ നിയന്ത്രണത്തിലാക്കി ഡ്രൈവർ വണ്ടിയോടിച്ച് പോയി. ഒന്നു നിറുത്തിയിരുന്നെങ്കിൽ ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ലായിരുന്നു. വണ്ടി പോകുന്നതിനിടയിൽ നമ്പർ ശ്രദ്ധയിൽ പെടാതിരിക്കാൻ കിളി പൂഴി മൂടിയിരുന്ന ടാർപായയുടെ കയർ വെട്ടി പായ പുറകിലേക്കിട്ടിരുന്നു. പെട്ടെന്ന് ആരെങ്കിലും ആശുപത്രിയിലേക്കെത്തിച്ചാൽ അയാൾ മരിക്കില്ലെന്ന് ഡ്രൈവർക്ക് ഉറപ്പായിരുന്നു. പൂഴി പിടിച്ചാലുള്ള ഗുലുമാലുകളെക്കുറിച്ചോർത്തപ്പോൾ ഇതെല്ലാമെത്ര നിസ്സാരം. വണ്ടിയുടെ വില പിഴയിട്ടാലും ലോറി ഇറക്കാൻ നാളുകൾ കഴിയും. ഇതിനിടയിൽ നഷ്ടമാവുന്ന ഓട്ടങ്ങളുടെ കണക്ക് വേറെയും. കേസുകൾ രജിസ്റ്റർ ചെയ്യിക്കാതെ അപകടങ്ങൽ നേരിടുന്ന പ്രൊഫഷണൽ ടച്ച് ഇപ്പോൾ ഡ്രൈവർമാരുടെ കൂടിയ യോഗ്യതയാണ്.

ആംബുലൻസ് വലിയ ശബ്ദത്തോടെ ഗട്ടറിൽ വീണതും ഡ്രൈവർ ആരെയോ ഉറക്കെ തെറി വിളിക്കുന്നതും അയാൾ പാതിമയക്കത്തിൽ കേട്ടു. സ്ട്രെച്ചറിൽ വേർപെട്ട് കിടക്കുന്ന കാലിന്റെ കാഴ്ച അയാളെ അബോധാവസ്ഥയിലാക്കി. പ്രഞ്ജയുടെ തീരങ്ങൾ നഷ്ടമായി മയക്കത്തിലേക്ക് വീഴുമ്പോൾ മകൾക്ക് ടെമ്പറേച്ചർ കൂടുന്നതും വായിൽനിന്ന് നുരയും പതയും വന്ന് കൈകാലുകളിട്ടടിച്ച് അവൾ ബുദ്ധിശൂന്യതയിലേക്ക് കൂപ്പ് കുത്തുന്നതും അയാളെ കാത്ത് നിൽക്കാതെ വാലിയം തേടി ഭാര്യ മെഡിക്കൽ ഷോപ്പിലേക്കോടുന്നതും വഴിയിൽ കുഴഞ്ഞ് വീഴുന്നതും കാണാകാഴ്ചയായി.

അത്യാഹിത വിഭാഗത്തിൽ വലിയ ശബ്ദത്തോടെ ബ്രേക്ക് ചെയ്ത ആംബുലൻസിനരികിലേക്ക് അറ്റൻഡർമാർ സ്ട്രെച്ചറുമായി ഓടിയടുത്തു. ബോഡിയെടുത്ത് മോർച്ചറിയിലേക്ക് നടക്കുമ്പോൾ അവർ ഡ്രൈവറോട് കയർത്തു: ഡെഡ്ബോഡി കോണ്ടുവരാൻ മരണവെപ്രാളം കാണിക്കുന്നതെന്തിനാടോ..?

2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

വിചിത്രം

ചന്ദ്രന്‍ തേങ്ങാക്കുല വെട്ടി താഴേക്കിട്ടു. അടുത്തത് വിളഞ്ഞോന്നറിയാന്‍ കൊയ്ത്ത കൊണ്ട് തോണ്ടിയെടുത്ത് കുലുക്കി നോക്കി താഴേക്കെറിഞ്ഞു. മണ്ടയിലേക്ക് നോക്കി കണക്കെടുത്തുകൊണ്ടിരുന്ന ശങ്കരന്റെ കാലിന്നടുത്താണ് തേങ്ങ വീണത്. ഞെട്ടി ചാടുന്ന ശങ്കരനെ നോക്കി ചന്ദ്രന്‍ വിളിച്ചു കൂവി..’കടക്കല്‍ന്ന് ഒന്ന് മാറ്ണ്ണ്ടോ..’ എല്ലാം വെട്ടിയിട്ടില്ലെങ്കില്‍ പെട്ടെന്ന് തെങ്ങ് കയറ്റം വന്നാലോയെന്ന പേടിയാണ് ശങ്കരന്. ഇപ്പോള്‍ തെങ്ങൊന്നുക്ക് ഉറുപ്പിക പതിനഞ്ചല്ലേ.. ചന്ദ്രന്റെ മൊബൈല്‍ ശബ്ദിച്ച കാരണം ശങ്കരന്‍ വിളിച്ചുപറഞ്ഞ മുഴുത്ത തെറി അയാള്‍ കേട്ടതായി ഭാവിച്ചില്ല.

ശബ്ദം കേട്ടപ്പോഴേ ഉള്ളം കുളിര്‍ത്തു. അവള്‍ എത്തിയിരിക്കുന്നു. തല്‍ക്കാലം ചന്ദ്രന്റെ പഞ്ഞം തീര്‍ന്നു. ഇനി അവള്‍ പോകുന്നതുവരെ കയ്യില്‍ കാശുണ്ടാവും. കയറ്റത്തിനൊന്നും പോയില്ലെങ്കിലും കുഴപ്പമില്ല. ശങ്കരനോട് വന്ന ദ്യേഷ്യമെല്ലാം കെട്ടടങ്ങി. ഒരു മൂളിപ്പാട്ടോടെ തെങ്ങില്‍നിന്നും ഊര്‍ന്നിറങ്ങിത്തുടങ്ങി. അയാളുടെ കൈകാലുകളിലെയും നെഞ്ചിലേയും ഉരുണ്ടു കളിക്കുന്ന മാംസ പേശികളില്‍നിന്നും വിയര്‍പ്പ് ചാലിട്ടൊഴുകി.

‘ഇനി നാളെയാവാം ശങ്കരേട്ടാ.. ഏണി ഞാനിവിടെ വെക്കുന്നുണ്ട്. ഒരിടം വരെ അത്യാവശ്യമായി പോകേണ്ടതാ..’ ചന്ദ്രന്‍ തെങ്ങിന്മേല്‍ ഏണി ചാരി. ഉടുത്തിരുന്ന തോര്‍ത്തുരിഞ്ഞ് മേലാസകലമുള്ള വിയര്‍പ്പു തുടച്ചു. ചന്ദ്രന്റെ നില്പും ചെയ്തികളും കണ്ട് ഒരു പോക്കാച്ചി തവള രണ്ടു കാലേല്‍ നില്‍ക്കുന്നതായാണ് ശങ്കരന് തൊന്നിയത്. ഇനിയെന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം. തെങ്ങ് കയറി പകുതിയായതേയുള്ളു . കയറ്റക്കാരന് മാത്രം കാര്യമുള്ള തെങ്ങ് കയറ്റം നടന്നാലെന്ത് നടന്നില്ലെങ്കിലെന്ത്.. പലവിധ വിചാരങ്ങളോടെ ശങ്കരന്‍ തലക്ക് കൈകൊടുത്ത് നിലത്ത് കുത്തിയിരുന്നു.

ചന്ദ്രന്‍ പോയത് മെഡിക്കല്‍ ഷോപ്പിലേക്കാണ്. കഫ് സിറപ്പും രണ്ട് അനാസിന്‍ ഗുളികകളും പിയേഴ്സ് സോപ്പും വാങ്ങി തോട്ട് വരമ്പത്തെ പൂഴിക്കുന്നത്തേക്ക് നടന്നു. ഗുളികകള്‍ പൊടിച്ച് ചുമ മരുന്നിന്റെ മൂടി തുറന്ന് കുപ്പിയിലേക്കിട്ട് നല്ല വണ്ണം കുലുക്കി വായിലേക്ക് കമഴ്ത്തി. തോട്ടില്‍ രാമന്‍ പശുവിനെ കഴുകുന്നുണ്ടായിരുന്നു. രാമന്‍ കാണാതെ പശുക്കിടാവ് തള്ളയുടെ അകിടിന്നടുത്തെത്തിയെങ്കിലും തള്ള കിടാവിനെ കാലു കൊണ്ട് തൊഴിച്ചകറ്റി യജമാനസ്നേഹം പ്രകടമാക്കി. നട്ടുച്ചക്ക് പൂഴിയില്‍ മലര്‍ന്ന് കിടന്ന് ചന്ദ്രന്‍ ഒരുക്കങ്ങള്‍ തുടങ്ങുകയായിരുന്നു. ആകാശത്തപ്പോള്‍ ആദിത്യനു പകരം ദിവാകരനായി.

ഉച്ചതിരിഞ്ഞ് ചെറുഗുരുവായൂരമ്പലത്തില്‍ നിന്നും പാട്ട് കേട്ട ചന്ദ്രന്‍ ഉണര്‍ന്ന് തോട്ടിലെ വെള്ളത്തില്‍ കന്നിന്റെ മാതിരി മുങ്ങിക്കിടന്ന് ശേഷം സോപ്പെടുത്ത് വിയര്‍പ്പിന്റെ ചൂര് കളഞ്ഞു. കുളി കഴിഞ്ഞ് പതിയെ വീട്ടിലേക്ക് നടന്നു. ചന്ദ്രനെ ദൂരെ കണ്ടപ്പോള്‍ കുഞ്ഞിക്കാളി മക്കളേയും കൊണ്ട് അകത്തേക്ക് വലിഞ്ഞു. കയറി വരുന്ന സമയത്ത് ഉമ്മറത്തെങ്ങാനുമിരിക്കുന്നത് കണ്ടാല്‍ കയ്യില്‍ കിട്ടിയതെടുത്ത് അടിക്കുന്ന സ്വഭാവക്കാരനാണ്. ചായയുമായി പുറത്തേക്ക് വന്നപ്പോഴേക്കും ചന്ദ്രന്‍ അലക്കി തേച്ച വസ്ത്രങ്ങളെടുത്തിട്ട് പുറപ്പെട്ടു കഴിഞ്ഞിരുന്നു. ‘ഞാന്‍ നാളെയേ വരൂ.. മേശയില്‍ ചില്വാനം വാങ്ങാന്‍ കാശ്ണ്ട്..’

ഇത്തരം യാത്രകളെങ്ങോട്ടാണെന്ന് കുഞ്ഞിക്കാളിക്കറിയില്ല. വരുമ്പോള്‍ കൈനിറയെ കാശും കുട്ടികള്‍ക്കും അവള്‍ക്കും പുതുവസ്ത്രങ്ങളും വിലപിടിപ്പുള്ള ഏതെങ്കിലും വീട്ടുപകരണങ്ങളും കയ്യിലുണ്ടാകും. ഇടക്കിങ്ങനെ അയാള്‍ പോകാന്‍ വേണ്ടി കാത്തിരിക്കാറുണ്ട്. ഒന്നരമാസം കൂടുമ്പോള്‍ തെങ്ങ് കയറ്റിയിരുന്നവര്‍ ഇപ്പോള്‍ നാലുമാസം കൂടുമ്പോഴാണ് കയറ്റുന്നത്. അവരേയും പറഞ്ഞിട്ട് കാര്യമില്ല വില തുച്ഛമല്ലേ.. കുട്ടികളുടെ പടനവും വീട്ട്ചിലവും മുട്ടിപ്പോകുന്നില്ല. അവള്‍ നാട്ടുപണികള്‍ക്കെന്തെങ്കിലും പോകാമെന്ന വെച്ചാല്‍ അയാള്‍ സമ്മതിക്കുന്നുമില്ല.

ചന്ദ്രന്‍ കയ്യില്‍ കരുതിയിരുന്ന കഞ്ചാവ് ബീഡി ആഞ്ഞുവലിച്ച് പുക വിട്ടുകൊണ്ടിരുന്നു. അവളുടെയരികിലേക്ക് പച്ചക്ക് പോയാല്‍ ഒന്നും സാധിക്കില്ലെന്നറിയാം. ഓരോ തവണയും നൂതന വിദ്യകള്‍ ആവശ്യമുള്ളപ്പോള്‍ അമാനുഷിക സിദ്ധികള്‍ പ്രദാനം ചെയ്യാന്‍ കഞ്ചാവിന് മാത്രമെ സാധിക്കൂ.

തെങ്ങുകയറ്റം തൊഴിലാക്കുന്നതിനു മുമ്പ് അയാള്‍ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഇടക്ക് ഓട്ടോയില്‍ കയറിയിരുന്ന മദ്ധ്യവയസ്കയായ സ്ത്രീയെ പരിചയമാകുന്നത് അങ്ങനെയാണ്. ബാങ്കില്‍ പോകാനും വീട്ട്സാമാനങ്ങള്‍ വാങ്ങാനുമെല്ലാം അവള്‍ ചന്ദ്രനെ വിളിക്കാന്‍ തുടങ്ങി. വേലക്കാരി നാട്ടിലേക്ക് പോയ ഒരു ദിവസമാണ് അയാള്‍ അവിടെ താമസിച്ചത്. ഭക്ഷണത്തിന് മുമ്പ് അവള്‍ അയാള്‍ക്ക് മദ്യം വിളമ്പി. കിടക്കാന്‍ പോകുന്നതിന് മുമ്പ് പുലര്‍ച്ചെ മൂന്നുമണിക്ക് വിളിച്ചുണര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. നന്നായി മദ്യപിച്ച അവസ്ഥയില്‍ അവളെ ആദ്യമായി കാണുകയായിരുന്നു. എന്നും അവള്‍ക്കൊരു നേരമുണ്ടായിരുന്നു. അവള്‍ പറയുന്നതനുസരിക്കുക.. കിട്ടുന്ന പണം വാങ്ങി തിരിച്ചു പോവുക.

പണത്തോടുള്ള മോഹവും ലഹരി നല്‍കുന്ന പ്രചോദനവും ഒരുമിച്ചാല്‍ അയാളൊരു റോള്‍ മോഡലായി. അവളുടെ ഭ്രാന്തിന് വഴങ്ങിക്കൊടുത്ത് നഗ്ന നിശ്ചല ദൃശ്യമായി മണിക്കൂറുകളോളം നില്കുക. ആദ്യമെല്ലാം അസാധ്യമെന്ന് തോന്നി .. ലഭിക്കുന്ന പ്രതിഫലമോര്‍ത്തപ്പോള്‍ എല്ലാം സാധ്യമായി.

അവര്‍ തമ്മിലുള്ള മൂന്നാമത്തെ സന്ധിപ്പില്‍ കാന്‍വാസില്‍ വരക്കപ്പെടുന്ന നഗ്നശരീരത്തിന്റെ പരിണാമ ദിശയിലെപ്പോഴോ അവള്‍ക്ക് രതിമൂര്‍ച്ഛയനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലായി. വിറക്കുന്ന ശരീരത്തോടെ ബ്രഷ് താഴെ വെച്ച് അവള്‍ വിശ്രമാവസ്ഥയില്‍ കിടക്കുന്നതും പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും കാണാമായിരുന്നു. അവള്‍ക്കനുഭവപ്പെടുന്ന രതിമൂര്‍ച്ഛയുടെ ഏറ്റക്കുറവനുസരിച്ച് ലഭിക്കുന്ന പ്രതിഫല സംഖ്യയിലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

ഓരോതവണയും ഇനി അങ്ങോട്ടില്ലെന്നുറപ്പിച്ചിരുന്നു. ദരിദ്രാവസ്ഥയില്‍ തീരുമാനങ്ങള്‍ മാറുന്നു. അവള്‍ക്ക് വിദേശത്ത് ജോലിയുണ്ടെന്നും മൂന്നുമാസത്തിലൊരിക്കല്‍ നാട്ടിലെത്തുമെന്നും അയാള്‍ക്കറിയാം. ഒരുപക്ഷെ ഒരു ചിത്രകാരിയായിരിക്കാം.

അയാള്‍ അവിടെയെത്തുമ്പോള്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞുവെന്നറിഞ്ഞു. ശവസംസ്കാരം കഴിഞ്ഞ് ആളുകള്‍ പോയിത്തുടങ്ങി. മാധ്യമപടയുടെ ലൈവ് വണ്ടികള്‍ നീങ്ങിത്തുടങ്ങി. പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അവളുടെ അന്ത്യം.

കാലത്ത് തെങ്ങേല്‍ കയറാന്‍ പോകുമ്പോള്‍ കഞ്ചാവടിക്കില്ലെന്ന ശപഥമെടുത്ത് അയാള്‍ തിരിഞ്ഞു നടന്നു.

2010, ജൂലൈ 28, ബുധനാഴ്‌ച

മൃദുലം

ആദ്യമൊന്നും ഫ്ലാറ്റ് ജീവിതവുമായി പൊരുത്തപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. മണ്ണ് സ്പര്‍ശിക്കാത്ത വിണ്ണിലെ താമസം. ഒഴിവു സമയങ്ങളിലെ പുറം കാഴ്ചകളില്‍ വര്‍ണ്ണാഭമായ ആകാശവും പൂമരങ്ങളുടെ തലപ്പുകളും നോക്കിയിരിക്കാന്‍ അവള്‍ക്കിഷ്ടമാണ്. തൊഴിലിലേര്‍പ്പെടുമ്പോള്‍ എപ്പോഴും ഫ്രഷായിരിക്കാന്‍ പറ്റിയ ചുറ്റുപാടുകള്‍ ഫ്ലാറ്റില്‍ ധാരാളമുള്ളതിനാല്‍ യോജിച്ച് പോകുന്നു.

ഗുരുവായൂരില്‍ ഫ്ലാറ്റില്‍ ജീവിക്കാന്‍ ആരംഭിച്ചതിനുശേഷമാണ് അല്പമെങ്കിലും സ്വസ്ഥത കൈവന്നത്. നാനാതുറകളില്‍ പെട്ട ആളുകള്‍ ഇടതടവില്ലാതെ വന്നു പോകുന്ന സ്ഥലം. മനസ്സിലെ സങ്കടങ്ങള്‍ ഇറക്കിവെച്ച് ചെയ്തുപോയ സമസ്താപരാധങ്ങള്‍ക്കും മാപ്പിരന്ന് കാണിക്കയര്‍പ്പിച്ച് ജനസഹസ്രങ്ങള്‍ ശാന്തി തേടുന്നയിടം. ജീവിതം റീ ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ഗുരുപവനപുരി. തിരക്കുള്ള ദിവസങ്ങളില്‍ ദര്‍ശനം സാധിക്കാറില്ലെങ്കിലും മനസ്സ് തിരുനടയിലെത്തി തൊഴുതു മടങ്ങാറുണ്ട്.

സുരേശനോടൊത്താണ് താമസം തുടങ്ങിയത്. കള്ളുകച്ചവടത്തിലെ ലാഭത്തിന്റെ ചെറിയ അംശങ്ങള്‍ സുഖസൌകര്യങ്ങള്‍ക്കായി ചെലവിടുന്നതില്‍ ആനന്ദം കണ്ടെത്തിയ മനുഷ്യന്‍. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും അവള്‍ക്ക് മടുപ്പനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മദ്യപിച്ച് ബോധം കെട്ടുറങ്ങുന്ന അയാള്‍ക്കരികിലെ ശയനം ഭീതിദമായ ഭൂതകാല വാതായനങ്ങള്‍ തുറന്നിടുകയായി. മൂന്നു മാസത്തെ കരാറവസാനിപ്പിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു.

വഴിയോര വിശ്രമകേന്ദ്രത്തിലേക്ക് ഇന്നൊരാള്‍കൂടിയെത്തുന്നു. വ്യത്യസ്ത രുചിഭേദങ്ങള്‍ അനുഭവിക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍. ഒരാഴ്ചത്തെ കൂടിക്കഴിയലിനുശേഷം താല്പര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മൂന്നുമാസത്തേക്ക് തുടരാം.

അവധിക്ക് നാട്ടിലെത്തിയ കുടുംബനാഥനെന്ന മട്ടിലാണ് അയാള്‍ വന്നു കയറിയത്. ഒന്നിനും ഒരു തിടുക്കവുമില്ലാതെ യാത്രാക്ഷീണമകറ്റാന്‍ കിടന്നുറങ്ങി. ചായയൂടെ സമയമായപ്പോള്‍ അവള്‍ വിളിച്ചുണര്‍ത്തി. ചായ മൊത്തിക്കുടിച്ചുകൊണ്ട് വീട്ടുകാരിയോടെന്നവണ്ണം അയാള്‍ വിശേഷങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. അമ്പലത്തില്‍ തിരക്കില്ലെങ്കില്‍ വൈകീട്ടൊരുമിച്ച് ദര്‍ശനത്തിനിറങ്ങണമെന്ന് നിഷ്കര്‍ഷിച്ചു. പെരുമാറ്റത്തിലെ സൌമ്യതയും പക്വതയും അറിയാതൊരു ആദരവു വളര്‍ത്താന്‍ പോന്നതായിരുന്നു.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് സോപാനത്തില്‍ നിന്ന് അത്താഴവും കഴിഞ്ഞ് ഫ്ലാറ്റിലെക്ക് നടക്കുമ്പോള്‍ ദമ്പതികളല്ലെന്ന് പറയാന്‍ സാധിക്കില്ല. അറിയാത്തൊരടുപ്പത്തോടെ നിഴല്‍ പറ്റി അയാളോടൊപ്പം ചേര്‍ന്ന് നടക്കുകയാണവള്‍.

‘നിനക്കറിയോ ഇതൊരു പുണ്യ നഗരിയാണ്, പുണ്യ പാപങ്ങള്‍ ഇടകലര്‍ന്ന ജീവിതം പോലെ ഇവിടം പാപികളുടെയും ഇടത്താവളമാണ്. പിടിച്ചു പറിക്കാരും പോക്കറ്റടിക്കാരും കൊലപാതകികളും വ്യഭിചാരികളും ഇടകലര്‍ന്നു കഴിയുന്നു. ആര്‍ക്കും ആരെയും സംശയിക്കാതെ കഴിയാം. ഭഗവല്‍ ദര്‍ശനത്തിന്റെ മറവില്‍ നിസംശയം വാഴാം. വേറൊരു കൂട്ടര്‍ കൂടിയുണ്ട്.. പാപക്കറ പുരണ്ട വരുമാനത്തിലൊരു പങ്ക് ഭഗവാന് കാണിക്കയര്‍പ്പിച്ച് ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങള്‍ പുണ്യ പ്രവര്‍ത്തിയാകുമെന്ന് വിശ്വസിച്ച് വീണ്ടും അതാവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ വന്നു ചേരുന്നവര്‍..’ അയാളുടെ വാക്ധോരണി കേട്ട് അവള്‍ തലകുലുക്കുക മാത്രം ചെയ്തു. അവള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ഒന്നുണ്ടായിരുന്നു. ദേവസ്വത്തിനെത്രയോ വരുമാനമുണ്ട്.. ഓടയിലെ കാര്‍വര്‍ണ്ണമായ മലിന ജലമൊന്ന് നീക്കി ഗുരുവായൂര്‍ ഒരു ക്ലീന്‍ സിറ്റിയാക്കാന്‍ ആരും എന്തേ മുന്‍ കയ്യെടുക്കാത്തത്.. ശബരിമല സീസണിലെ ദുര്‍ഗന്ധമനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. ദര്‍ശനത്തിനെത്തുന്ന പതിനായിരങ്ങള്‍ക്ക് അല്പ വിശ്രമത്തിനൊരിടം സൌജന്യമായി നല്‍കിക്കൂടെ.

ഓരോ ദിവസം കഴിയുംതോറും അയാളെ കൂടുതല്‍ ഇഷടപ്പെട്ടു തുടങ്ങുകയായിരുന്നു. ഇത്രമാത്രം മൃദുലത ഒരിടത്തുനിന്നും അനുഭവിച്ചിട്ടില്ല. വാക്കിലും പ്രവര്‍ത്തിയിലും വേഴ്ചയിലും പക്വതയാര്‍ന്ന സമീപനം. ഒരു പനിനീര്‍പൂവ് വിരിയുന്നതുപോലെ സുരഭിലമായൊരു സ്ഥായീഭാവത്തിലവസാനിക്കുന്നു.

ഒരിക്കല്‍ പോലും ആരോടും വ്യക്തിപരമായ കാര്യങ്ങള്‍ ആരാഞ്ഞിട്ടില്ല. ഇദ്ദേഹത്തിനൊരു ഭാര്യയുണ്ടെങ്കില്‍ അവര്‍ ഭാഗ്യവതിയാണോ.. അഭിസാരികകളുടെയില്‍ അന്തിയുറങ്ങുന്നത് അയോഗ്യതയല്ലേ..

താമസം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്കും കാലങ്ങളായി ഒരു കൂരക്ക് കീഴില്‍ ജീവിച്ചുവന്നവരേക്കാള്‍ അടുപ്പത്തിലായി. തന്നെക്കൊണ്ട് സാധ്യമായതെല്ലാം നല്‍കി അവള്‍ അയാളെ ആനന്ദത്തിലാഴ്ത്തി.

ഇടപഴകിയ പലരും പോയ കാലം ചിക്കി ചികയാറുണ്ട്. നൈമിഷികമായ കൂടിച്ചേരലുകള്‍ക്കുപരിയായൊന്നും കാണാന്‍ ശ്രമിക്കാത്തവര്‍. മറ്റുള്ളവരുടെ യാതനകളില്‍ പല്ലുകളാഴ്ത്തി നൊട്ടി നുണയാന്‍ ആഗ്രഹിക്കുന്നവര്‍. അവര്‍ക്കുമുന്നിലൊന്നും തുറക്കാത്ത വാതിലുകള്‍ അവള്‍ പോലുമറിയാതെ ഒന്നൊന്നായി തുറന്നുകൊണ്ടിരുന്നു.

പൂത്തുലഞ്ഞ വസന്ത നിനവുകളുമായി വിവാഹിതയായ പെണ്‍കുട്ടി. ദാമ്പത്യത്തിന്റെ ജീവനാഡി നിഷേധിക്കപ്പെട്ട ഏഴു വര്‍ഷങ്ങള്‍. ഭര്‍ത്താവിന്റെ വിമുഖതയുടെ രഹസ്യമറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ അവിടെ ആയുസ്സൊടുക്കുവാന്‍ അവള്‍ തയ്യാറായിരുന്നു. വഴി വിട്ട സ്വവര്‍ഗ്ഗാനുരാഗ കാഴ്ചകള്‍ ഉള്‍ക്കാഴ്ചയായി. തല്ലിക്കൊഴിച്ചൊരു ജീവിതത്തിന്റെ പക അവളില്‍ നാമ്പിട്ടു. ഭര്‍ത്താവിന്റെ സുമുഖരായ അനുരാഗികളെ ഒന്നിച്ചും ഒറ്റക്കും അവര്‍ സ്വീകരിച്ചു. എല്ലാം പൊട്ടിച്ചെറിഞ്ഞപ്പോള്‍ കൂട്ടം തെറ്റിയ മറ്റൊരു ജീവിതത്തിന് തുടക്കവുമായി.

ദിവസങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചിരിക്കുന്നു.‍ അയാള്‍ക്ക് പോകാന്‍ സമയമായി. ഒരു പാവം ഗ്രാമീണ സ്ത്രീയാണ് അയാളുടെ ഭാര്യ. എഴുന്നേല്‍ക്കുമ്പോള്‍ പാദം തൊട്ടു വന്ദിച്ച് ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കാണുന്ന നിഷ്കളങ്ക. എല്ലാം അരുതാത്തതാണവള്‍ക്ക് .. അയാളും ഒന്നും നിര്‍ബന്ധിക്കാറില്ല. ഇടക്കുള്ള യാത്രകള്‍ക്കൊരു പ്രചോദനം വേണമല്ലോ..

ഇനിയും വരാമെന്ന് യാത്രാമൊഴി കേള്‍ക്കുമ്പോള്‍ അവളുടെ ഉള്‍ത്തടം വേദനകൊണ്ട് വിങ്ങുന്നുണ്ടായിരുന്നു. ജീവിതത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത അനുഭവം. സ്നേഹം കോണ്ട് കീഴ്പ്പെടുത്തിയ ഒരാള്‍..
മൂന്ന് മാസത്തെ വേതനമായി അയാള്‍ നല്‍കിയ ചെക്ക് മധുരിക്കുന്നൊരോര്‍മ്മയായി അവളുടെ കയ്യിലവശേഷിച്ചു.

പിറ്റേന്ന് ഫ്ലാറ്റിന്റെ വാടക നല്‍കുന്നതിനു വേണ്ടി ചെക്ക് ബേങ്കില്‍ നല്‍കിയപ്പോളറിഞ്ഞ സത്യം കുറച്ച് കൂടി ഖേദകരമായിരുന്നു. വണ്ടിച്ചെക്ക് നല്‍കി ഓര്‍മ്മകളെ കുഴിച്ച് മൂടാന്‍ അയാള്‍ പ്രാപ്തനായിരുന്നുവത്രെ!

2010, ജൂലൈ 18, ഞായറാഴ്‌ച

രാജുതോമസ് പറയാതെ പറഞ്ഞത്

പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കവിയുമായ രാജുതോമസ് അന്തരിച്ചു. മരണവാര്‍ത്ത ഏഷ്യാനെറ്റ് ചാനലില്‍ ഫ്ലാഷ് ന്യൂസായി വന്നുകൊണ്ടിരുന്നു.

അയാളുടെ മരണം ആകസ്മികമായിരുന്നില്ല. ആല്‍ക്കഹോളിക് ആയിരുന്നതുകൊണ്ട് കരളും ഹൃദയവുമൊക്കെ കാലങ്ങളായി റിപ്പയര്‍ ചെയ്തു വരികയായിരുന്നുവല്ലോ..

സുഹൃത്തുക്കളെത്തുന്ന സമയം ജയന്‍ വിളിച്ചറിയിച്ചു. എത്താന്‍ സാധ്യതയുള്ള ക്ലാസ്മേറ്റ്സ് എല്ലാവരും അവിടെയുണ്ടാകും. ആശയും ചിത്രനും മറ്റെന്തോ തിരക്കുകള്‍ ഉള്ളതുകൊണ്ട് പെട്ടെന്ന് പോകുമെന്നറിയിച്ചു. ചിത്രനിപ്പോള്‍ ‘ഔദാര്യ‘ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. സംഘടനയുടെ ചിലവില്‍ കേരളം ചുറ്റുകയാണ് പ്രധാന പരിപാടി. അശരണര്‍ക്കൊരാശ്രയം പദ്ധതി വന്‍ വിജയമായിരുന്നുവത്രെ! കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പ്രാതിനിധ്യമുണ്ടായിരുന്നു. മുപ്പത്താറുതരം വിഭവങ്ങളുമായി സദ്യയുണ്ണുന്ന പാവങ്ങളുടെ വിവിധ പോസുകള്‍ ചാനലുകല്‍ക്കുത്സവമായി. അവരോടൊപ്പം പോസ് ചെയ്യാന്‍ ജനപ്രതിനിധികളും മന്ത്രിമാരും മത്സരിച്ചു. ആടിയില്‍ പിടിച്ച് ഒരമ്മയെ ആശ്വസിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചന്ദ്രന്‍ പിള്ളയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ വഴിനീളെ നിരത്തി വെച്ചിരുന്നു.

കേരളവര്‍മ്മയില്‍ തത്വശാസ്ത്രത്തിന് പഠിക്കുമ്പോള്‍ തൊട്ടുള്ള കൂട്ടുകെട്ടാണ്. നാലാള്‍ മാത്രമുള്ള വിപ്ലവസംഘടനയില്‍ ക്ലാസില്‍ നിന്നും രണ്ടുപേര്‍ രാജുതോമസും ശോഭയും. കേമ്പസ് ചുറ്റി വിപ്ലവം മുഴക്കി വരുന്ന അവരെ എല്ലാവര്‍ക്കും അറിയാം. കോളേജിലെ ഊട്ടിയിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ സര്‍വ്വജ്ഞന്മാരായി വിലസിയിരുന്ന കാലം.

ഇപ്പോഴുമോര്‍ക്കുന്നു അവസാന വര്‍ഷത്തെ പഠനയാത്ര. സ്വാതന്ത്ര്യത്തിന്റെ അപാരതയില്‍ ബാദ്ധ്യതകളൊന്നുമില്ലാത്ത യൌവ്വനത്തിന്റെ ആഘോഷയാത്ര. താമസിക്കുന്നയിടങ്ങളില്‍ സദസ് കൊഴുപ്പിക്കാന്‍ മദ്യസേവയും പാട്ടും ഡാന്‍സുമൊക്കെയായി എല്ലാവരും സന്തോഷഭരിതര്‍. അവര്‍ക്കിടയില്‍ മദ്യം കഴിക്കാതെ എല്ലാവരെയും നിയന്ത്രിച്ചിരുന്ന രാജുതോമസ്.

വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.. പലരും ഗൃഹസ്ഥരായി, നിരവധി മേഖലകളില്‍ ജോലിക്കാരായി. എല്ലാവരും ഒരിക്കല്‍ ഒത്തുകൂടിയത് ജയന്റെ സഹോദരിയുടെ വിവാഹത്തിനായിരുന്നു. അന്നാണ് കോലം കെട്ട് രാജുതോമസിനെ ആദ്യമായി കണ്ടത്. സദ്യയുണ്ണുന്നതിനിടയില്‍ രണ്ടു പേര്‍ ചേര്‍ന്ന് താങ്ങി നടത്തിക്കൊണ്ടു വരുന്നു. വാളു വെച്ച് വൃത്തികേടാക്കി.. മറ്റുള്ളവരില്‍ ജുഗുപ്സയുണര്‍ത്തി.. വിശ്വസിക്കാന്‍ പ്രയാസപ്പെട്ട് മിഴിച്ചിരുന്നപ്പോള്‍ മുന്‍പും നന്നായി കഴിച്ചിരുന്നയാളാണ് നിനക്കതറിയില്ലേന്ന് ജയന്‍.. ശേഷം അയാളെ കാണാന്‍ സാധിച്ചിട്ടില്ല.

ചിലര്‍ മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുന്നതും സമ്പത്തും ആരോഗ്യവും ക്ഷയിച്ച് ഭീതിദമായ അന്ത്യത്തിലേക്കെത്തുന്നതും മദ്യം മൂലമാണ്. ബോധപൂര്‍വ്വം മദ്യത്തിന് കീഴടങ്ങുന്നവന്‍ കാംക്ഷിക്കുന്ന സുഖവും എല്ലാം മറക്കാമെന്ന വ്യാമോഹവും ക്ഷണികമായിട്ടും നിരന്തരം ഇത് തുടരുന്നതെന്തുകൊണ്ടാണ്.? പ്രകൃതി നിലനിര്‍ത്തുന്ന സന്തുലിതാവസ്ഥയുടെ ഭാഗം തന്നെയായിരിക്കണം ഇതെല്ലാം.

ഞങ്ങള്‍ രാജുതോമസിന്റെ വീട്ടിലെത്തി. അകത്ത് അന്ത്യശുശ്രൂഷകള്‍ ആരംഭിച്ചിരിക്കുന്നു. തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയില്‍ കരയുന്ന വാര്‍ദ്ധക്യം. അയാളുടെ അമ്മ. കുടുബ സങ്കല്പത്തിനെതിരായിരുന്നതിനാല്‍ അമ്മയില്‍ എല്ലാം ഒതുങ്ങുന്നു.

ചുറ്റിലും ഭിന്നരുചിക്കാരായ് ആളുകള്‍. മാധ്യമങ്ങളിലൂടെ സംസ്കാരം വിളമ്പുന്ന സാംസ്കാരിക നായകന്മാരും.. എന്തൊക്കെയോ തീവ്രമായ ആശയങ്ങള്‍ പേറുന്നുണ്ടെന്ന് നടിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്റെ കണ്ണുകള്‍ രാജുതോമസിന്റെ ഹൃദയം കവര്‍ന്നവരെ തേടുകയായിരുന്നു. ദൂരെ മാറി വിഷാദമഗ്നരായി ഇരിക്കുന്ന മൂന്നുപേരെയും തിരിച്ചറിയാന്‍ കഴിഞ്ഞു. കൂട്ടത്തിലൊരുവന്‍ മണ്ണില്‍ വീണു കിടന്ന് വിലപിക്കുന്നുണ്ടായിരുന്നു. അവരില്‍ നിന്നും വേറിട്ടൊരു ശബ്ദം രാജുതോമസിനില്ലല്ലോ.. മദ്യത്തിന്റെ മാന്ത്രിക സുതാര്യതയില്‍ കമിതാക്കളെപ്പോല്‍ അവര്‍ എല്ലാം കൈമാറിയിരിക്കുമല്ലോ..

ഇടക്കെപ്പോഴോ രാജുതോമസിന്റെ പ്രശസ്ത കവിതയിലെ ചില വരികള്‍ അവര്‍ ഉറക്കെ ആലപിക്കുന്നു...

‘മദ്യമേ നിന്‍ മടിയില്‍..
മായിക വലയത്തില്‍
വിരാജിക്കുന്നൂ.. ഞങ്ങള്‍
സുകൃതമാം മായാ ലഹരിയില്‍
പതഞ്ഞുയരട്ടെ ലോകം

സുരപാനം നിത്യവും
ശീലമാക്കീടുവാന്‍
കൃപതന്നു ഞങ്ങളില്‍
അമൃതം ചൊരിയണേ..
വിറയാര്‍ന്ന കൈകളാല്‍
മധുപാനം തുടങ്ങുവാന്‍
എന്നും പുലര്‍കാലെ..
പ്രാപ്തരാക്ക ഞങ്ങളെ..

ശൊഭയും മിനിമൈക്കിളും ഓടിക്കിതച്ചെത്തി. ശോഭ വൈകുമെന്നാണ് കരുതിയിരുന്നത്. വൈക്കത്തുനിന്നും എത്തണ്ടേ..
രാജുതോമസിന്റെ മുഖത്ത് ശാന്തത കളിയാടി... തലയും താടിയും ഇനിയും നരച്ചിട്ടില്ല, ആവശ്യമില്ലാത്ത ടെന്‍ഷനുകള്‍ കയറ്റിവെച്ച് കഷണ്ടി കയറിയ തലയും നരച്ച കുറ്റിത്താടിയുമൊക്കെയായി നില്‍ക്കുന്ന ഞങ്ങളേക്കാള്‍ പ്രായം പെണ്ണുങ്ങള്‍ക്കായിരുന്നു. മേദസ് കൂടി വയറ് ചാടി ഒക്കെ തള്ളകളായി.

അലങ്കരിച്ച ശവവണ്ടിക്കു പുറകില്‍ നിരയായി നീങ്ങുമ്പോള്‍ ‘ഇന്നു ഞാന്‍ നാളെ നീ’ എന്ന ശീലുകള്‍ ആത്മജ്ഞാനം പ്രദാനം ചെയ്തു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ആവര്‍ത്തിക്കാന്‍ പോകുന്നതുമായ പാപങ്ങള്‍ക്ക് മാപ്പ്. ഇനിയെങ്കിലും കാരുണ്യവും സാന്ത്വനവും നിറഞ്ഞ കര്‍മ്മങ്ങളില്‍ സായൂജ്യം തേടുവാന്‍ സാധിച്ചിരുന്നെങ്കില്‍.

ഓരോ മരണവും ആശുപത്രി സന്ദര്‍ശനവും ഇത്തരം സത് ചിന്തകള്‍ക്ക് മനസ്സില്‍ ഇടം നല്‍കാറുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ല. ചരാചരങ്ങള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്ന പ്രകൃതി നിയമം മാറ്റാന്‍ സാധിക്കില്ലല്ലോ..
വേര്‍പിരിഞ്ഞ ആദ്യ സതീര്‍ത്ഥ്യന്‍ രാജുതോമസ്. ഇനി ആരായിരിക്കും..

ബിരുദങ്ങള്‍ ഓരോന്നായി വാരിക്കൂട്ടി ഇപ്പോള്‍ പാരാസൈക്കോളജിയില്‍ ഗവേഷണം നടത്തുകയാണ് ശശി. അറിവ് തേടിക്കൊണ്ട് അറിവുള്ളവനാകാന്‍ ശ്രമിക്കുന്നു.
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ കോടികള്‍ സമ്പാദിച്ച് കൊണ്ടേയിരിക്കുന്ന രവി.. തത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത് വിഷയത്തിന്റെ അര്‍ത്ഥവ്യാപ്തി മുഴുവന്‍ കൈവരിച്ചുവെന്ന അഹങ്കാരം രവിയുടെ മുഖത്തുണ്ടായിരുന്നു.
വയനാട്ടിലെ നാടന്‍ കലാരൂപങ്ങളില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി ആദ്ധ്യാപക ജോലിയില്‍ സംതൃപ്തി തേടിയ ദിരാര്‍..
പ്രമുഖ പുസ്തകപ്രസാധക കമ്പനിയില്‍ പ്രൂഫ് റീഡറായി തുടങ്ങി അക്ഷരമറിയാത്ത ഉടമയെ മൂലക്കിരുത്തി കമ്പനി നടത്തിക്കൊണ്ടിരിക്കുന്ന ഷീന്‍.. ഞങ്ങളില്‍ ചിലര്‍.. വ്യത്യസ്തതയോടെ ഉപജീവനം നടത്തുന്നവര്‍.

ഒരാള്‍ വേര്‍പ്പെട്ടുപോയിരിക്കുന്നു. കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം കണ്ടുമുട്ടാത്തവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒത്ത്ചേരുന്നു.

സംസ്കാരം കഴിഞ്ഞ് പെണ്ണുങ്ങള്‍ പിരിഞ്ഞെങ്കിലും പുരുഷപ്രജകള്‍ എല്ലാവരുംകൂടി അനുശോചനയോഗം തുടങ്ങാന്‍ ആലോചനയായി. ദു:ഖ സാന്ദ്രമായ അന്തരീക്ഷത്തില്‍നിന്നും രക്ഷ തേടി ഞങ്ങള്‍ മുന്തിയ ഹോട്ടലിലെ മിനി ഹാളിലെത്തിചേര്‍ന്നു.

രാജുതോമസ് സാഹിത്യത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചും ഒരു കവിയെന്ന നിലയില്‍ അയാളുടെ പാദമുദ്രകള്‍ മലയാള കാവ്യ വേദികളില്‍ എന്നെന്നും നിറഞ്ഞ്നില്‍ക്കുമെന്നും ഞങ്ങള്‍ വിലയിരുത്തി. അകാല ചരമമടഞ്ഞിരുന്നില്ലെങ്കില്‍ നോബല്‍ സമ്മാനം വരെ പ്രതീക്ഷിക്കാമായിരുന്നുവെന്ന് ചിലര്‍ വാദിച്ചു. സംവാദത്തിന്റെ അവസാനം സുരപാനം നിറുത്തിയാല്‍ എഴുത്ത് നിറുത്തി ജീവിത്തില്‍ നിന്നും ഉള്‍വലിയേണ്ടി വരുമെന്ന് സോദാഹരണങ്ങള്‍ സഹിതം നിരത്തി സദസ് പ്രക്ഷുബ്ധമായി. വിവാഹം കഴിഞ്ഞാല്‍ അഭിനയം നിറുത്തുന്ന നടികളെപ്പോലെയാണ് മദ്യപിക്കാത്ത എഴുത്തുകാര്‍ എന്നും ആക്ഷേപമുണ്ടായി...

കുടിച്ചുതീര്‍ത്ത മുപ്പത്തയ്യായിരം രൂപയുടെ ബില്ലിന്റെ മീതെ ക്രഡിറ്റ് കാര്‍ഡിട്ട് രവി പണത്തിന് മീതെ പരുന്തില്ലെന്ന പരമാര്‍ത്ഥമറിയിച്ച് അനുശോചന യോഗം പിരിച്ചു വിട്ടു. നാളത്തെ ദുഷ്കര്‍മ്മങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണകളോടെ വേച്ച് വേച്ച് സതീര്‍ത്ഥ്യര്‍ ഒരോരുത്തരായി പിരിഞ്ഞു പോയി.

2010, ജൂലൈ 15, വ്യാഴാഴ്‌ച

ഡ്യൂപ്ലിക്കേറ്റ്

മൈലാഞ്ചിയണിയിച്ച് കൂട്ടുകാര്‍ പോയി. അവര്‍ പോകാന്‍ കാത്തിരുന്നപോലെ ഉമ്മ അവളെ അകത്തേക്ക് കോണ്ടുപോയി. ‘മോളെ ഇക്കൊരു കാര്യം പറയാന്‍ണ്ട് .. ഇയ്യ് വെഷമിക്കൊന്നും വേണ്ട. തല്‍ക്കാലത്തേക്ക് അവര് ചോദിച്ച പണ്ടം കൊടുക്കാന്‍ ഇക്ക് കഴിയൂല.. പത്ത് പവന്റെ കൊറവ് നികത്താന്‍ ബാപ്പ ഒരു പണി ചെയ്തിട്ട്ണ്ട്.. ഈ വളകള് പത്തെണ്ണം സ്വര്‍ണ്ണല്ല.. മുക്കാ.. ആരോടും പറയണ്ട.. വെള്ളിയാഴ്ചക്കുള്ളില്‍ സ്വര്‍ണ്ണം കൊണ്ടു തരാന്ന് ബാപ്പ ഉറപ്പ് പറഞ്ഞിട്ടുണ്ട്..’ ഒരു ജീവച്ഛവമായി അവള്‍ ഉമ്മയുടെ വാക്കുകള്‍ ശ്രവിച്ചു.

വാടിയ മുഖത്തേക്ക് നോക്കാന്‍ കഴിയാതെ ഉമ്മ പുറത്തേക്ക് പോയി. അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. ഒതുക്കി നിറുത്തിയ സങ്കടമെല്ലാം ഘനീഭവിച്ച് തൊണ്ടയില്‍ കുരുങ്ങിയതല്ലാതെ അല്പം പോലും കണ്ണുനീര്‍ വന്നില്ല.

കല്ല്യാണമേ വേണ്ടായിരുന്നു. അങ്ങനെ ഉറപ്പിച്ചു പറഞ്ഞു നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. അവളുടെ ബാപ്പയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നുവോ.. ഗള്‍ഫില്‍ ജോലിക്ക് പോയി അവിടെ നിന്നും കാണാതായ ബാപ്പ പിന്നീടൊരിക്കലും തിരിച്ച് വന്നില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഉമ്മയും അവളും തീര്‍ത്തും അശരണരായെന്ന യാഥാര്‍ത്ഥ്യം പൂര്‍ണ്ണ ബോദ്ധ്യത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.

ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സഹായഹസ്തവുമായെത്തിയതായിരുന്നു മൊയ്തീന്‍. മറ്റൊരു കുടുംബമുള്ള അയാള്‍ക്കിതൊരു ഇടത്താവളം. അയാളുടെ ആര്‍ത്തി അവളുടെ വളര്‍ച്ചയിലേക്കെത്തിനോക്കിത്തുടങ്ങിയപ്പോള്‍ ഉമ്മക്കാധി കയറി. അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് ജനിമൃതികള്‍ക്കിടയിലുള്ള നൂല്‍പ്പാലം കയറാമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.

മറ്റേതൊരു വിടനെപ്പോലെ അയാളും സ്നേഹപ്രകടനങ്ങള്‍ക്ക് കുറവ് വരുത്തിയില്ല. വ്യാജ ആയുര്‍വ്വേദ ഉല്പ്ന്നങ്ങളുടെ പരസ്യം പോലെ മൊയ്തീന്‍ അവളുടെ ഉപ്പയായി വിരാജിച്ചു.

അവള്‍ക്ക് ആലോചനകള്‍ വന്നു കൊണ്ടേയിരുന്നു. എല്ലാം ഒഴിവുകഴിവുകള്‍ പറഞ്ഞ് മൊയ്തീന്‍ ഒഴിവാക്കി. അവസാനം അവളുടെ ഉമ്മയുടെ നാട്ടില്‍ നിന്നും വന്ന ബന്ധുത എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. മൊയ്തീന്റെ വാക്കുകള്‍ വിലപ്പോയില്ല. ഇരിക്കുന്ന പുരയിടത്തിലെ പത്തു സെന്റ് വിറ്റിട്ടും സ്വര്‍ണ്ണമെടുക്കാതെ അയാള്‍ പകപോക്കി. അവള്‍ക്കുറപ്പുണ്ട് അയാള്‍ ഒരിക്കലും സ്വര്‍ണ്ണമെത്തിക്കില്ലെന്ന്. ചോദിച്ച പണ്ടങ്ങള്‍ കൊടുത്തില്ലെങ്കില്‍ അവള്‍ക്കവിടെ സ്ഥാനമുണ്ടാവില്ലല്ലോ.. അവളെ മൊഴിചൊല്ലിയാല്‍ അയാളുടെ ഇംഗിതത്തിന് എളുപ്പം വശപ്പെടുമെന്ന് കണക്ക് കൂട്ടി.

ഇനിയൊന്നും ആലോചിക്കാന്‍ കൂടി സമയമില്ല. വിരുന്നുകാര്‍ ഒരോരുത്തരായി വന്നു കൊണ്ടിരുന്നു. കൂട്ടുകാരുടെ കളിചിരികള്‍ക്കിടയിലും അവളുടെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു. സര്‍വ്വാഭരണ വിഭൂഷിതയായി പെണ്ണുങ്ങള്‍ക്കിടയിലിരിക്കുമ്പോള്‍ സ്വര്‍ണ്ണം പൂശിയ വളകള്‍ നാഗങ്ങളായി അവളുറ്റെ നെഞ്ചില്‍ ആഞ്ഞുകൊത്തി. ഇല്ലായ്മകളില്‍ മഞ്ഞ ലോഹത്തിന്റെ വിഷദംശനമേറ്റ് അകാല ചരമമടയേണ്ടി വന്ന കുടുംബിനികളുടെ വിഷാദ കഥകള്‍ ഭ്രമണം ചെയ്യുന്നത് അവളില്‍ അസ്വസ്ഥത പടര്‍ത്തി.

ചടങ്ങുകള്‍ എല്ലാം അവസാനിച്ചു. മണിയറയില്‍ അവര്‍ മാത്രമായി. അര്‍പ്പിതമായ ശരീരങ്ങളില്‍ തീ പടരുന്നില്ല. വാക്കുകള്‍ പോലും ലോപിച്ചാണ് പുറത്ത് വരുന്നത്. അയാള്‍ എല്ലാം കണ്ടുപിടിക്കുമെന്ന് അവള്‍ ഭയപ്പെട്ടു. അതിനുമുമ്പ് തുറന്നു പറയണം. എങ്ങനെ തുടങ്ങണമെന്നറിയാതെ വിഷമിച്ചു. പുറത്തേക്ക് വരാന്‍ വെമ്പുന്ന ശബ്ദം വിമ്മിഷ്ടമായി..

‘എനിക്കൊരു കാര്യം പറയാനുണ്ട്..’ അവസാനം വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ക്കൊരു സംശയം. പറഞ്ഞത് ഞാനല്ലല്ലോ.. അയാളാണ് ‘ ഞാനൊരു ശിഖണ്ഡി ജന്മമാണ്. .. നിന്റെ ആഗ്രഹങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് കഴിയില്ല.’

മൊയ്തീന്‍ മുടക്കിയിട്ടും മുടങ്ങാത്ത കല്ല്യാണം. എരിതീയില്‍ നിന്നും വറ ചട്ടിയിലേക്കാണെങ്കിലും അവള്‍ സന്തോഷവതിയായി. കെട്ടിപ്പിടിച്ച് ചുംബനം നല്‍കി അവള്‍ അയാളോടൊപ്പം കട്ടിലിലേക്ക് ചാഞ്ഞു.

2010, ജൂലൈ 7, ബുധനാഴ്‌ച

തിരിച്ചറിവ്

ഗുരുവയൂരിൽ നിന്നും അങ്ങാടിപ്പുറത്തേക്കുള്ള ബസിൽ തിരക്ക് കുറവായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയ ഏതാനും കുടുംബങ്ങൾ. ജാനകി മകളോടൊപ്പം ഡ്രൈവറുടെ പുറകിലെ സീറ്റിൽ ഇരുന്നു. ഇത്തരമൊരു യാത്ര ജീവിതത്തിൽ ഉണ്ടാകുമെന്ന് കരുതിയില്ല. എന്നോ മറവിയിലാഴ്ന്നുപോയ ജീവിത മുഹൂർത്തങ്ങൾ പുനർജനിതേടിയ പോലെ.

വീട്ടുകാർ ആലൊചിച്ചുറപ്പിച്ച വിവാഹം. ആദ്യത്തെ നാലു ദിവസം മാത്രം നീണ്ട ദാമ്പത്യം... പിന്നീടയാൾ വീട്ടിലേക്ക് വന്നീട്ടില്ല! അയാൾക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. വീട്ടുകാർക്കായി മറ്റൊന്നുകൂടി കഴിച്ചതാണെന്ന്. മകൾക്കുവേണ്ടിയുള്ള ജീവിതം. അവൾ ജനിച്ചില്ലെങ്കിൽ മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നുവോ..? മകളുടെ വിവാഹമായപ്പോൾ പലരും പറഞ്ഞു; അദ്ദേഹത്തെ അറിയിക്കേണ്ടേ.. വേണ്ടെന്ന് പറഞ്ഞതിന് മറ്റു കാരണങ്ങളും.. ഇതുവരെ കാണാത്ത മകൾ , വളർത്തിക്കൊണ്ടു വരുന്നതിനൊ , പഠനചെലവിനൊ ആശ്രയിച്ചില്ല. ഇനി വിവാഹമല്ലേ.. അതുമങ്ങട് കഴിഞ്ഞു പൊയ്ക്കൊള്ളും.

ഇനിയൊരിക്കലും കാണരുതെന്നാഗ്രഹിച്ചു. യൌവ്വനത്തിളപ്പിൽ കയറിയിറങ്ങിയ വഴിയോരങ്ങൾ.. ബന്ധത്തിന്റെ ദൃഡത അത്രക്കല്ലേയുള്ളു.! പിന്നീട് പല ബന്ധുതകളും വന്നെങ്കിലും വേണ്ടെന്ന് പറഞ്ഞു. എല്ലാവരോടും പകയായിരുന്നു. ശരീരത്തിന്റെ പ്രലോഭനങ്ങൾക്ക് പല തവണ കീഴടങ്ങേണ്ടി വന്നെങ്കിലും അതൊന്നും ശാശ്വതമാക്കാൻ ആഗ്രഹിച്ചില്ല.

വീണ്ടും കാലം കീഴടക്കുന്നു. ഒരിക്കൽകൂടി ശിരസ് അയാൾക്ക് മുന്നിൽ താഴേണ്ടി വരുന്നു.

മകളുടെ വിവാഹം കഴിഞ്ഞതോടെ ജാനകി തീർത്തും ഏകയായി. എല്ലാം നുള്ളിപ്പെറുക്കി നടത്തിയ കല്ല്യാണം. കാത്തു വെച്ചിരുന്ന പൊന്നും സമ്പാദ്യവുമെല്ലാം അവസാനിച്ചു. പുരയിടത്തിലെ വരുമാനം ചിലവിനു പോലും തികയാതെയായി. ആശ്രയിക്കുവാൻ തക്ക വരുമാനമൊന്നും മരുമകനുമില്ല. സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കര കയറാൻ ബുദ്ധിമുട്ടുന്ന സമയത്താണ് വിമുക്ത ഭടന്റെ വിവാഹ മോചിതയായ മകൾക്കും സർക്കാർ പെൻഷനുണ്ടെന്നറിയുന്നത്. അമ്മയുടെ മരണശേഷം തുടർച്ചയായി ലഭിക്കുമെന്ന്. കയ്പേറിയ അനുഭവങ്ങൾക്കിടയിൽ ആകുലമായിരിക്കുന്നതിനിടയിൽ ഒരു പിടിവള്ളി. വീണ്ടും അച്ഛന്റെ കനിവായി. വേണ്ടത്ര അന്വേഷണം നടത്താതെ അയാൾക്ക് വിവാഹം കഴിച്ചുകൊടുത്തതിൽ അതീവ ദു:ഖിതനായിരുന്നു അച്ഛൻ.
ഒരു കുറവുമുണ്ടാകാതെ മരണം വരെ സംരക്ഷിച്ചു.

രേഖകളെല്ലാം സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് വിവാഹ മോചനത്തിന്റെ വിധിപകർപ്പ് ഹാജരാ‍ക്കാനുള്ള അറിയിപ്പ് കയ്യിൽ കിട്ടിയത്. അന്ന് കേസ് കൊടുക്കുന്ന പതിവില്ല. സ്ഥലത്തെ പ്രമാണിമാർ ഒത്തുകൂടി കരാർ രജിസ്ത്രാക്കി അവസാനിപ്പിക്കുന്നു. അതിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കൊടുക്കൽ വാങ്ങലുകൾ കഴിഞ്ഞിരിക്കും. കരാർ ഹാജരാക്കിയെങ്കിലും പോരെന്ന് പറഞ്ഞ് ആപ്പീസിൽ നിന്നും മടക്കി. ഡൽഹിയിലേക്കയക്കണമെങ്കിൽ കോടതിയുത്തരവ് തന്നെ വേണമത്രെ.

വർഷങ്ങൾ കഴിഞ്ഞില്ലേ.. ആർക്കും പരിചയമില്ല. അല്ലെങ്കിൽ മറ്റാരും പോകാനുമില്ല. അവസാനം നേരിട്ട് പോകാൻ തീരുമാനിച്ചു. കോടതി വരെ വന്ന് പരസ്പര സമ്മതത്തോടെയുള്ള ഹരജിയിൽ ഒപ്പിട്ടാൽ പെട്ടെന്ന് ശരിയാകും.. നിയമപ്രകാരം ആറുമാസം കഴിയണം .. സാഹചര്യം കണക്കിലെടുത്ത് അതൊഴിവാക്കാമെന്ന് വക്കീൽ ഉറപ്പ് തന്നിട്ടുണ്ട്.

ബസ് പട്ടാമ്പി പാലം കടക്കുകയാണ്. ഇത്രയേറെ മഴ പെയ്തിട്ടും നിള കണ്ണീർ ചാലു പോലെ. പൂഴി നിറഞ്ഞ് പറമ്പായി കിടക്കുന്നു. ഒരു പക്ഷെ പൂഴി നീക്കി ആഴം കൂട്ടിയാൽ വെള്ളം കൂടുമായിരിക്കും.

ഇനി മുക്കാൽ മണിക്കൂർ കൂടി ബസിലിരിക്കണം. ജാനകിയുടെ മനസ്സ് ശാന്തമാണ്. ലോകത്തിൽ ഒരു സ്ത്രീക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവില്ല. അയാളെക്കണ്ടാൽ അവൾക്ക് തിരിച്ചറിയാൻ സാധിക്കുമോ.. കാലങ്ങളായി മനസ്സിൽ പെരുകിയിരുന്ന പലവിധ വികാരങ്ങൾ നിഷ്പ്രഭമായി. ആകസ്മിക സംഭവങ്ങൾ ഇനിയുമുണ്ടാകും. അനുഭവിക്കാൻ തയ്യാറാവുക. ശരീരത്തെയും മനസ്സിനെയും ഒരുക്കി നിറുത്തുക, ഇതല്ലാതെ മറ്റൊന്നും പ്രവർത്തിക്കാനില്ല.

ബസ് അങ്ങാടിപ്പുറത്തെത്തിയപ്പോൾ മകൾ കുലുക്കി വിളിക്കുകയായിരുന്നു. ജാനകി എപ്പോഴൊ മയങ്ങിപ്പോയിരുന്നു. തലേ ദിവസം തീരെ ഉറങ്ങാൻ കഴിയാതിരുന്നതുകൊണ്ടാകും.

മകൾ അമ്മയോട് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട് കൂടെയുള്ളത് ആരാണെന്ന് പറയരുതെന്ന്. കൂട്ടിന് അടുത്തുനിന്നൊരാൾ.. അതു മതി. ഇങ്ങനെയൊരു മകൾ ജനിച്ചിട്ടുണ്ടെന്ന് അയാൾക്കറിയുമോ..എന്തോ. ജനയിതാവിനെ ഒന്നടുത്തു കാണുക അത്ര മാത്രം. കുട്ടിക്കാലത്ത് കൈവിട്ട കിനാവുകൾ.. അച്ഛനെയൊന്നടുത്ത് കാണുക. മടിയിൽ കയറി നെഞ്ചിലെ ചൂട് പറ്റിയിരിക്കുക. ഉത്സവപറമ്പുകളിൽ കറങ്ങിയടിച്ച് കൈനിറയെ കുപ്പിവളകലും ബലൂണുമൊക്കെയായി.. നെറുകയിലൊരുമ്മ വാങ്ങാൻ.. എല്ലാം എത്രമാത്രം കൊതിച്ചിരുന്നു.

പുത്തനുടുപ്പുകളും സമ്മാനപ്പൊതികളുമായി അച്ഛൻ വന്നെത്തുമെന്ന അമ്മയുടെ ആശ്വാസവാക്കുകൾ വിശ്വസിച്ച് കാതോർത്തിരുന്ന ബാല്ല്യം കഴിഞ്ഞുപോയിരിക്കുന്നു. ജനിപ്പിച്ചാൽ മാത്രം അച്ഛനാകുമെന്ന വിശ്വാസം ഇപ്പോൾ അവൾക്കില്ല. അവൾക്കിപ്പോൾ അച്ഛൻ അന്യനാണ്.. ഇനിയെന്നും അങ്ങനെ മതി.

ബസ് റെയിൽവേ ഗേറ്റ് കടന്നപ്പോൾ രണ്ടുപേരും വാതിൽക്കലേക്ക് നടന്നു. തിരുമന്ധാംകുന്ന് ദേവിയെ ദർശിക്കുവാൻ പോകുന്നവരുടെ തിരക്ക്. ഇറങ്ങിക്കഴിഞ്ഞപ്പോൽ ദർശനം കഴിഞ്ഞിട്ടാകാം അയാളുടെ വീട്ടിലേക്കെന്ന് നിശ്ചയിച്ചു. വീതിയുള്ള കല്പടവുകളിലൂടെ കയറാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും സന്നിധിയിലെത്തിയപ്പോൾ സുഖകരമായ അന്തരീക്ഷം. തൊഴുത് കഴിഞ്ഞ് മറുഭാഗത്തു കൂടി താഴോട്ടിറങ്ങി. പട്ടണത്തിന്റെ യാതൊരു ബഹളങ്ങളുമില്ല. വെള്ളം നിറഞ്ഞൊഴുകുന്ന കൈതോടും പാടവുമെല്ലാം കൺകുളിർപ്പിച്ച് മനസ്സിനെ ശാന്തമാക്കി.

വഴിയിൽ കണ്ട മദ്ധ്യവയസ്കനോട് വഴി ചോദിച്ചറിഞ്ഞു. പുറത്താരെയും കണ്ടില്ല. ബെല്ലടിച്ചപ്പോൾ പ്രായമുള്ള സ്ത്രീ വാതിൽ തുറന്നു. ഇതായിരിക്കും അയാളുടെ ഭാര്യ.. ‘ഞാൻ ജാനകി.. ഗുരുവായൂരിലെ ശ്വേതാവിഹാറിൽ നിന്നും..’ തുടർന്നു പറയാൻ അവർ സമ്മതിച്ചില്ല., ‘എനിക്ക് മനസ്സിലായി വരൂ.. അദ്ദേഹം കിടപ്പിലാണെന്നറിഞ്ഞിട്ട് വന്നതാവും..’ ആയുർവേദ മരുന്നുകളുടെ രൂക്ഷ ഗന്ധമുള്ളൊരു മുറിയിൽ പാതി തളർന്നു കിടക്കുകയാണ്. കണ്ണുകളിൽ തിരിച്ചറിവിന്റെ തിളക്കമുണ്ടോ.. ജാനകി മകളെ നോക്കി .. അവൾ പ്രതിമകണക്കെ നിൽക്കുകയാണ്.

‘ഒരു വർഷമായി കിടപ്പ് തുടങ്ങിയിട്ട് ഇടക്കല്പം ഭേദമായി.. ഇപ്പോൾ കൂടുതലാ.. സംസാരിക്കാൻ പോലും കഴിയണ് ല്ല്യ..’

തന്റെ ജീവിതം തട്ടിപ്പറിച്ചെടുത്ത സ്ത്രീയുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ ജാനകി കൌതുകത്തോടെ നോക്കി. നൈമിഷിക വികാരങ്ങൾക്കുപരിയായൊരു ജ്ഞാനപ്രകാശം അവളിൽ നിറഞ്ഞു. ‘ഞങ്ങൾ പോകുന്നു.’ തന്റെ സുമംഗലിയോഗമവസാനിപ്പിക്കുവാൻ അയാളുടെ മരണത്തിനു മാത്രമെ കഴിയൂവെന്ന
തിരിച്ചറിവോടെ തിരിഞ്ഞുനടന്നു.

2010, ജൂൺ 30, ബുധനാഴ്‌ച

ഇങ്ങനെയും ചിലർ

സക്കറിയയുടെ അമ്മ മരിച്ചു. പ്രായാധിക്യം മൂലമാണ്. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ലായിരുന്നു. അന്ന് കാലത്ത് ആപ്പീസിലേക്കിറങ്ങുമ്പോഴും യാത്ര പറഞ്ഞ് പോന്നതാണത്രെ!

മകന്റെ സ്കൂളിൽ പോകേണ്ട അത്യാവശ്യമുള്ളതിനാൽ ഉച്ചക്ക് ശേഷം ലീവായിരുന്നു. സഹപ്രവർത്തകരുടെയൊപ്പം അവിടേക്ക് പോകാൻ സാധിച്ചില്ല! ഒറ്റക്ക് മരണവീട്ടിലേക്ക് കയറിച്ചെല്ലാൻ മടിതോന്നി. കരഞ്ഞുതളർന്ന ബന്ധുക്കളും മരണത്തിന്റെ മണം പരത്തുന്ന സുഗന്ധ ധൂപങ്ങളും അവിടവിടെ കൂട്ടം കൂടി നിന്ന് നാനാവിഷയങ്ങൾ ഗഹനമായി ചർച്ചക്കിടുന്ന നാട്ടുകാരും. മരിച്ചവർ എത്ര വേണ്ടപ്പെട്ടവരായാലും കഴിഞ്ഞില്ലേ.. ഇനി കണ്ടാലെന്ത്.. കണ്ടില്ലെങ്കിലെന്ത്.? ഇതങ്ങനെ ഒഴിവാക്കാനും പറ്റില്ലല്ലോ.. ആപ്പീസ് സൂപ്രണ്ടിന്റെ അമ്മ മരിച്ചിട്ട് ചെല്ലാതിരുന്നാൽ സംഗതി വിഷയമാകും.

ഈയിടെ നടന്ന ചില മരണങ്ങൾ മനസ്സിലേക്ക് തള്ളിക്കയറി. മകന്റെയൊപ്പം പഠിക്കുന്ന രാഹുലിന്റെ അച്ചന്റെ മരണം കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. സമയത്തിന് ആശുപത്രിയിലെത്തിയിരുന്നെങ്കിൽ സ്ട്രോക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നോ.. വൈകുന്നേരം ആറുമണിക്ക് തുടങ്ങിയ തലവേദന അവഗണിച്ചതുകൊണ്ടാണെന്ന് എല്ലാവരും പറഞ്ഞു. അല്ലെങ്കിലും ആർക്കാ ഇതൊക്കെ നിശ്ചയിക്കാൻ സാധിക്കുക. ആ കുട്ടിയെ കാണുമ്പോഴൊക്കെ .. അവന് വേണ്ടി സ്കൂളിലെ മീറ്റിംഗിൽ ഒപ്പിടണമെന്ന് അവന്റെ അമ്മ വിളിച്ച് പറഞ്ഞപ്പോഴും ആ മരണം എന്നെ കുത്തിനോവിച്ചിരുന്നു..

അയല്പക്കത്തെ ആത്മഹത്യ ചെയ്ത പ്രവാസിയുടെ ജഡത്തിനായുള്ള അനന്തമായ കാത്തിരിപ്പ് . രണ്ടു ദിവസം ആത്മഹത്യയിലെ ദുരൂഹത അനാവരണം ചെയ്യുന്നതിൽ നാട്ടുകാർ വ്യാപൃതരായി. ഒരുമാസം കഴിഞ്ഞ് ശരീരമെത്തിയപ്പോഴേക്കും ഭാര്യയുടെ ദീനരോദനവും ആർക്കോവേണ്ടിയെന്നപോലെ..

കൂട്ടുകാരോടൊത്ത് വാഴാനിയിൽ കാണാകയങ്ങളിലേക്കാഴ്ന്നിറങ്ങി കുളിച്ച് കയറാൻ ശ്രമിച്ച ഇരുപതുകാരന്റെ ദാരുണ അന്ത്യം. ചെറുപ്പത്തിലേ വിധവയായി മകനുവേണ്ടി ജീവിതം ഹോമിച്ച അമ്മയുടെ വിലാപം ഇപ്പോഴും കാതുകളിൽ. അമ്മയെ ഓർത്തെങ്കിലും അവൻ സാഹസത്തിന് ഒരുമ്പെടരുതായിരുന്നു.

അതിരപ്പിള്ളിയിലേക്ക് ബൈക്കോടിച്ച് മരണവാർത്തയായ മകന്റെ വിയോഗത്തെ കൂസാതെ വന്നവരെ സ്വീകരിച്ചാനയിക്കുന്ന പിതാവിന്റെ നെഞ്ചകം തിങ്ങുന്ന വേദന അറിയാതിരിക്കുന്നതെങ്ങനെ.

സക്കറിയയുടെ വീടിനടുത്ത സ്റ്റോപ്പിൽ വണ്ടിയിങ്ങി. വീടിന്റെ കോമ്പൌണ്ടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയൊരാൾക്കൂട്ടം പ്രതീക്ഷിച്ചു. ആരെയും കാണാതിരുന്നതിനാൽ വീടുമാറിയോയെന്ന് സംശയിച്ചു, അല്ലെങ്കിൽ ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പിരിഞ്ഞ് പോയിരിക്കാം .. വൈകീട്ട് മൂന്നുമണിക്കാണെന്ന് പറഞ്ഞിരുന്നു.. ഇപ്പോൾ പതിനൊന്നായതല്ലേയുള്ളൂ.. ശങ്കിച്ച് നിൽക്കുമ്പോൾ അകത്തെ ഹാളിൽ മൊബൈൽ ഫ്രീസർ കണ്ടു. അപ്പോൾ വീട് ഇതുതന്നെ , എല്ലാം കഴിഞ്ഞിരിക്കുന്നു. സക്കറിയയെ കണ്ടിട്ട് പോകാമെന്ന് കരുതി പുറത്തിരുന്നു.

ഒരു ആഡംഭരകാർ പടികടന്നു വന്നു. വലിയൊരു പുഷ്പചക്രവും കയ്യിലേന്തി വന്നവർ അകത്തെ ഹാളിലേക്ക് താളാത്മകമായി മാർച്ച് ചെയ്തു നീങ്ങി. കോട്ടും സ്യൂട്ടും സ്ലീവ്ലെസുമൊക്കെയായി അവർ പരിസരത്തിനു തികച്ചും അനുയോജ്യരായി.. ലയൺസ് എംബ്ലമുള്ള ആ കാർ പത്തുമിനിട്ടിനുള്ളിൽ പുറത്തേക്കൊഴുകി.

സംസ്കാരം കഴിഞ്ഞിട്ടില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത ദു:ഖ സാന്ദ്രമല്ലാത്ത അന്തരീക്ഷം. മരണവീടായാൽ ഇങ്ങനെ വേണം. എനിക്കെന്തോ അവിടെനിന്നും എഴുന്നേൽക്കാൻ തോന്നിയില്ല.. പ്രൌഡിയോടെ ഗ്ലാസ് കൂട്ടിനുള്ളിൽ സക്കറിയയുടെ അമ്മ.. ഇനിയുള്ള ചടങ്ങുകൾ എത്ര ആകർഷണീയവും ആഡംഭരവും നിറഞ്ഞതാകും. എല്ലാം കണ്ടിട്ടു തന്നെ ബാക്കി കാര്യം. ഇത്തരം കാഴ്ച്ക ജീവിതത്തിൽ ഇനിയുണ്ടായില്ലെങ്കിലോ.. നെഞ്ചത്തടിയോ പേരിനൊരേങ്ങലടിയോ ഇല്ലാത്തൊരു മരണവീട്.

ആരോ തട്ടിവിളിച്ചപ്പോഴാണ് കാടുകയറിയ ചിന്തകളിൽനിന്നും മോചിതനായത്. ‘സക്കറിയ സാർ വിളിക്കുന്നു..’ അകത്തേക്കെഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ അയാൾ വീണ്ടും ‘അങ്ങോട്ടല്ല, കാറിലോട്ട്..’ അപ്പോഴാണ് തെക്കുവശത്ത് പാർക്ക് ചെയ്തിരുന്ന സക്കറിയയുടെ കാർ കണ്ടത്.. കാറിന് സമീപത്തേക്ക് അയാൾ ആനയിച്ചു.

കാറിന്റെ പുറകിലെ ഗ്ലാസ്സ് താഴ്ത്തി സക്കറിയ വിളിച്ചു. ‘താൻ അകത്തേക്ക് കയറ്.. വീടിന്റെയുള്ളിൽ നിറയെ പെണ്ണുങ്ങളാ.. ഇവിടാണെങ്കിൽ നല്ല സൌകര്യാ.. ഡോർ തുറന്ന് അകത്തുകയറിയപ്പോൾ സ്തബ്ധനായി.!

വിലയേറിയ വിദേശ മദ്യം ഗ്ലാസ്സിലേക്ക് പകർന്ന് ഐസിട്ട് സക്കറിയ എനിക്ക് നേരെ നീട്ടി.. ‘താൻ വന്നതൊക്കെ ഞാൻ കണ്ടു.. തനിക്കെന്നോടിത്ര താല്പര്യമുണ്ടെന്ന് മനസ്സിലാക്കിയില്ല.. പോട്ടെടൊ.. താനിത് പിടിപ്പിക്ക് എനിക്ക് ദു:ഖം സഹിക്കാൻ കഴിയ്.. ണില്ല ..’

അമ്മയുടെ മരണം താങ്ങാൻ കഴിയാതെ മദ്യം വിഴുങ്ങുന്നൊരു സാധു.. എനിക്കും സഹിക്കാൻ കഴിഞ്ഞില്ല.. ഗ്ലാസ്സ് വാങ്ങി ദു:ഖ ചഷുകം തൊണ്ടയിലേക്ക് കമഴ്ത്തി...

2010, ജൂൺ 26, ശനിയാഴ്‌ച

പുറംകാഴ്ചകളിൽ ഇല്ലാത്തത്

എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അശ്വതിനായരുടെ പ്രവർത്തി. മാധവ് വർമ്മയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതോടെ അവൾ നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. ഇരുവരെയും അടുത്തറിയാവുന്ന എല്ലാവർക്കും
അതൊരു ഷോക്കായി. വിവാഹം കഴിഞ്ഞ് ഒന്നു രണ്ട് വർഷത്തിനുള്ളിൽ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നവർ വിരളമല്ല. ബന്ധങ്ങളുടെ ഊഷ്മളത അറിയാതെ വളർന്ന് പന്തലിക്കുന്ന യുവതലമുറ.ഇതങ്ങനെയല്ലല്ലോ.. ഇരുപത്തഞ്ച് വർഷത്തെ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കുകയെന്നു വെച്ചാൽ..

മാധവ് വർമ്മയുടെ ദിവസം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണി മുതലാണ്. പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചതിന് ശേഷം പ്രഭാതസവാരിക്കിറങ്ങുന്നു. ബർമുഡയും ടീഷർട്ടും ധരിച്ച് മഴയും മഞ്ഞുമൊന്നും വകവെക്കാതെയുള്ള നടത്തം.. റെയ്ൻകോട്ടും കൌബോയ് തൊപ്പിയുമൊക്കെയായങ്ങനെ കാണാം. നടത്തം കഴിഞ്ഞാൽ പുരയിടത്തിലെ അദ്ധ്വാനം. ബ്രേക് ഫാസ്റ്റിന്ശേഷം പാന്റ്സും തൊപ്പിയും ബൂട്സുമൊക്കെ ധരിച്ച് കൈക്കോട്ട്, വെട്ടുകത്തി തുടങ്ങിയവയുമായി പുറമ്പറമ്പിലേക്ക്. ഉച്ചക്ക് നാളികേരം അടക്ക കായക്കുല തുടങ്ങിയവയൊക്കെ ചാക്കിലിട്ട് തോളിലേറ്റി വരുന്നത് കാണാം.

മാധവ് വർമ്മ ഗൾഫിൽ സായ്പിന്റെ കുശിനിക്കാരനായിരുന്നു. സായ്പ് കമ്പനി പൂട്ടി നാട്ടിലേക്ക് മടങ്ങിയപ്പോൾ വിശ്വസ്ഥനായ സേവകന് ഉപയോഗിച്ചിരുന്ന ഫർണ്ണീച്ചറുകളും വീട്ടുപകരണങ്ങളും നൽകി. എല്ലാം നാട്ടിലേക്കെത്തിച്ച് സായ്പ് പകർന്നു നൽകിയ ശീലങ്ങളുമായ് അയാൾ ജീവിച്ചു. ഭർത്താവ് നാട്ടിലെത്തിയതോടെ അശ്വതിനായർക്ക് പരമസുഖമായി. വീടും പരിസരവും വൃത്തിയാക്കലും പാചകവുമെല്ലാം അയാൾ ഏറ്റെടുത്തു.

ഞായറാഴ്ച്ച കാലത്ത് ബൈബിളുമായി പള്ളിയിൽ പോകുന്ന പതിവും അയാൾ ഉപേക്ഷിച്ചില്ല, അല്ലെങ്കിൽ സ്വന്തം നാട്ടിലും വിധേയത്വം പിന്തുടർന്നുവെന്ന് പറയുന്നതാവും ശരി. ഇടക്കിടെ ചില ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞ് സാധാരണക്കാരിൽനിന്നും അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. യൂറോപ്പ്യൻ ശൈലിയിലുള്ള മരസാമാനങ്ങളും വീട്ടുപകരണങ്ങളും വീട്ടിൽ കയറി വരുന്ന ആരിലും മതിപ്പുളവാക്കുന്നതായിരുന്നു. കുഞ്ഞുങ്ങളില്ലാത്ത ദുഖം അതിജീവിക്കാനെന്നോണം ഇറക്കുമതി ചെയ്ത പുഷ്പങ്ങളും വിവിധരാജ്യങ്ങളിലെ ഓമന പക്ഷികളും നായ്ക്കളുമൊക്കെയായി ഒരു ജീവ സമൂഹം എപ്പോഴും അയാൾക്കു ചുറ്റുമുണ്ടായിരുന്നു.

പ്രെത്യേകിച്ചൊന്നുമെടുക്കാതെ പടിയിറങ്ങിയത് ആരോടും പരിഭവമില്ലാതെയാണെന്ന് അശ്വതിനായർ ഓർക്കുന്നു. ഇരുപത്തഞ്ച് വർഷം ചിലവഴിച്ച വീടും ചുറ്റുപാടും ഒപ്പം കൊണ്ടുപോകാൻ കഴിയില്ലെന്ന പരമാർത്ഥം എല്ലാം അന്യമെന്ന് മനസ്സിലേക്കാവാഹിച്ചു. ഒരു തീരുമാനമെടുക്കുവാൻ നീണ്ട കാലയളവ് വേണ്ടിവന്നു. ഓരോ തവണയും ഒരു തട്ടിൽ അയാളുടെ സ്നേഹം വെച്ചു നോക്കുമ്പോൾ അതിനെ മറികടക്കുവാൻ വെറുപ്പിന്റെ ശകലത്തിന് കഴിയുന്നുണ്ടായിരുന്നില്ല. സ്നേഹത്തിന്റെ പ്രതിരൂപം ... തന്റെ ശരീരത്തിന്റെ ഓരോ പരമാണുവും അയാളെ ആഗ്രച്ചിരുന്നു... സ്നേഹിച്ചിരുന്നു.

വിവാഹം അവൾ സ്ഥിരമായി കണ്ടിരുന്ന സ്വപ്നത്തിന്റെ തുടർച്ചയായിരുന്നു. മറ്റുള്ളവർക്ക് അവിശ്വസനീയം. ഒരേ സ്വപ്നം ദിവസവും കാണുന്നു..ധനാഡ്യനും സുമുഖനുമായ ചെറുപ്പക്കാരനുമായുള്ള ആർഭാടത്തോടെയുള്ള വിവാഹം. അവൾ കിടപ്പുമുറിയിൽ പ്രവേശിക്കുന്നതോടെ സ്വപ്ന ഭംഗം വന്ന് അവൾ എഴുന്നേൽക്കുന്നു. ആ കാഴ്ച ഏറെ അസ്വസ്ഥയാക്കിയിരുന്നു. വിയർത്തുകുളിച്ച് സ്വസ്ഥത നഷ്ടപ്പെട്ട് ഉറക്കം വരാതെ പിന്നീടുള്ള കിടപ്പ്.

അയാളുടെ ശീലങ്ങൾ അവളെ അഭിമാനിയാക്കി. ആർക്കും ഇഷ്ടപ്പെടുന്ന പെരുമാറ്റം. അവളുടെ കളി ചിരി വർത്തമാനങ്ങൾ ക്ണ്ട് അമ്മ പറയുമായിരുന്നു. ‘മോളെ .. ഇതു നിലനിന്നാൽ മതിയായിരുന്നു.. എനിക്ക് പേടിയാ.. ആരെങ്കിലും കണ്ണ് വെച്ചാൽ അതോടെ എല്ലാം തീർന്നു.’

അയാളുടെ വീടും പരിസരവും സുഗന്ധപൂരിതമായിരുന്നു. ഓമന മൃഗങ്ങൾ അയാളോട് സ്നേഹം കൂടുമ്പോൾ അവൾക്ക് അസൂയയായിരുന്നു. അയാൾ പൂർണ്ണമായും അവളുടേതാവണം. പൂന്തോട്ടത്തിൽ സമയം ചിലവഴിക്കുമ്പോഴും പുഷ്പങ്ങൾ മണത്ത് സ്വയം മറന്ന് നിൽക്കുന്നത് കാണുമ്പോഴും കൂടുതൽ സ്നേഹിച്ച് കൊണ്ടേയിരുന്നു... അയാളുടെ ചില ഭ്രാന്തൻ ശീലങ്ങൾ അവൾക്ക് പഥ്യമായി. അവളുടെ മുഖമൊന്നു മങ്ങിയാൽ .. കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടാൽ അയാൾക്ക് വേവലാതിയായി. വീട്ടിൽ അയാൾ ജോലി ചെയ്യുന്നയിടങ്ങളിലെല്ലാം ഒരു നിഴൽ പോലെ അവൾ വേണം..

കുടുംബകോടതിയിലെ കൌൺസലിങ്ങിനിടയിൽ ആവർത്തിച്ചു കേട്ട ചോദ്യം. നിങ്ങളെന്തിന് വേർപിരിയുന്നു.? ജീവിതസായാഹ്നത്തിൽ പരസ്പരം താങ്ങായി നിങ്ങൾക്ക് കഴിഞ്ഞ്കൂടെ! കുഞ്ഞുങ്ങൾ ജനിക്കാത്തതിൽ പോലും നിങ്ങൾ പരസ്പരം കുറ്റപ്പെടുത്തുകയുണ്ടായില്ലല്ലോ.. പിന്നെയെന്തിന്?

അവൾ വീണ്ടും പഴയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരുന്നു. ബെഡ്രൂമിനകത്തെ കാഴ്ചകളിൽ അവളെന്നും ഉറക്കം വരാതെ വിയർത്ത് കുളിച്ച് കിടക്കുകയായിരുന്നു. അവളുടെ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് പുറകിലൂടെ പ്രവേശിക്കുന്ന അവയവവും.. കാക്ക പറക്കുന്നതുപോലെ കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന അവളും ജീവിതയാഥാർത്ഥ്യങ്ങളിലെ ആരും കാണാത്ത പുറം കാഴ്ചകളിലൊന്നായിരുന്നു.

2010, ജൂൺ 21, തിങ്കളാഴ്‌ച

ജൂനിയർ

വീട്ടിലേക്കുള്ള അവസാന ബസ്സിന്റെ സമയമായി.സീനിയറോട് യാത്ര പറഞ്ഞിറങ്ങാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഗ്ലാസ്സ് ഡോർ തുറന്ന് അകത്തുകയറിയ അയാളെ ശ്രദ്ധിച്ചത്. ഒരു പുതു പണക്കാരന്റെ ഭാവഹാദികളോടെ കടന്നു വന്ന് എന്നെ നോക്കി കൈകൾ വീശി സീനിയറുടെ കാബിനിലേക്ക് പ്രവേശിച്ചു.
ഇനിയങ്ങോട്ട് പോയിട്ട് കാര്യമില്ല. വമ്പൻ കക്ഷിയാണെങ്കിൽ എത്ര ശ്രമിച്ചാലും അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയില്ലല്ലോ..! ഗുമസ്ഥൻ സോമേട്ടനോട് പറഞ്ഞ് തിടുക്കത്തിൽ പുറത്തിറങ്ങി. റൌണ്ട് ക്രോസ് ചെയ്ത് പൂരപ്പറമ്പിലൂടെ തെക്കോട്ടിറങ്ങി. പത്തു മിനുട്ടിനുള്ളിൽ ശക്തൻ സ്റ്റാന്റിലെത്തിയില്ലെങ്കിൽ ബസ് പോകും. മൊബൈലിൽ പരിചയമില്ലാത്ത നമ്പർ.. ‘ ടാ നീ നല്ല പണിയാ കാണിച്ചത്. എന്നെ കണ്ടിട്ടും നീ നിൽക്കാതെ പോയില്ലേ..
‘ആരാ സംസാരിക്കുന്നത്..’
‘അത് ശരി എന്റെ ശബ്ദം പോലും മറന്നു.. ല്ലേ.. ഇതു ഞാനാടാ രാജു തോമസ്..’
‘ഒരുമിച്ച് മൂന്നു വർഷം ഉണ്ടായിരുന്ന ആളെ മനസ്സിലായില്ലെങ്കിൽ.. നിന്നെ പറഞ്ഞിട്ട് കാര്യമില്ല പോകാനുള്ള തിരക്കല്ലേ.. സാരല്ല്യ നാളെ കാണാം..’

സമ്പത്ത് മനുഷ്യനെ എത്ര മാത്രം മാറ്റി മറിക്കുന്നു. മെലിഞ്ഞു നീണ്ടിരുന്നയാൾ ഇപ്പോൾ പരമയോഗ്യൻ. അവനും ഞാനും സന്നതെടുത്തത് ഒരു ദിവസമായിരുന്നു. അന്നത്തെ പരിചയം ഒരുമിച്ചായപ്പോൾ ഊഷ്മളമായ ബന്ധമായി.

തേക്കിൻ കാട് മൈതാനിയിലെ ചീട്ടുകളിക്കാരെയും പിമ്പുകളെയും അനാശാസ്യക്കാരെയും പിന്നിട്ട് സ്റ്റാന്റിലെത്തിയപ്പോൾ ബസ് പുറപ്പെട്ട് കഴിഞ്ഞു. ഒരു വിധത്തിൽ ചാടിക്കയറി. പതിവുപോലെ വിജയേട്ടന്റടുത്തിരുന്നു. വിജയേട്ടൻ വക്കീൽ ഗുമസ്ഥനായിരുന്നു. ഇപ്പോൾ കുറിക്കമ്പനിയിലെ വ്യവഹാരകാര്യസ്ഥനാണ്. പ്രവർത്തിപഥം കോടതി തന്നെ. കമ്പനിക്കാര്യങ്ങൾക്കായി ദിവസവും അയ്യന്തോളിലെത്തും.

‘വിജയേട്ടാ.. നമ്മുടെ രാജു തോമസ് വന്നിട്ടുണ്ട്’.
‘ഉവ്വോ.. ആള് രക്ഷപ്പെട്ടോ..?’ രാജു തോമസിനെ വിജയേട്ടനറിയാം.
‘കാഴ്ചപ്പാടിൽ മെച്ചമാന്നാ തോന്നണ്.. എനിക്ക് സംസാരിക്കാൻ സാധിച്ചില്ല, ശരിക്കുള്ള അവസ്ഥ ഞാൻ നാളെ പറയാം..’

പതിവുപോലെ വീടെത്തുന്നതുവരെ സംസാരിച്ചിരിക്കാൻ തോന്നിയില്ല. അവന്റെ തിരോധാനത്തിന് ഹേതുവായ സാഹചര്യങ്ങളായിരുന്നു മനസ്സിൽ. ഞങ്ങൾ പ്രാക്ടീസ് തുടങ്ങിയകാലം. കാലത്ത് എട്ടര മുതൽ വൈകീട്ട് ഏഴര വരെ ആപ്പീസിലും കോടതിയിലും ടൌണിലുമൊക്കെയായി സമയം പോകുന്നു. രാജുതോമസ് രാത്രി പത്തുമണി വരെ ഇരിക്കും. വീട് അടുത്തായതിനാൽ ആപ്പീസ് അടച്ചുപൂട്ടി സീനിയറോടൊപ്പമാണ് മടക്കം. വീട്ടുകാർക്കിഷ്ടമല്ലാത്ത പ്രണയ വിവാഹം. അതോടെ അവന്റെ കഷ്ടകാലമായി. സാമ്പത്തിക പ്രയാസങ്ങൾ അതിജീവിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കാലം. ശനിയാഴ്ച ദിവസം വൈകീട്ട് ലഭിക്കുന്ന പ്രതിഫലം നൂറ്റമ്പത് രൂപയാണ്. സീനിയറോട് യാത്ര ചോദിക്കാൻ ചെല്ലുമ്പോൾ കയ്യിൽ വെച്ചു തരും. എനിക്കാദ്യം കിട്ടിയപ്പോൾ ഞാൻ കരുതി ആയിരം രൂപയെങ്കിലുമുണ്ടാവും.. ആപ്പീസിൽ നിന്നിറങ്ങി നിവർത്തി നോക്കിയപ്പോൾ വെറും നൂറ്റമ്പത് ഇത്ര വലിയൊരു മനുഷ്യൻ ഈ ചെറിയ സംഖ്യ തരുമോ..? അതായിരുന്നു സീനിയർ.. ശനിയാഴ്ച ദിവസം സമയത്ത് ആപ്പീസിലില്ലെങ്കിൽ അതും ലഭിക്കില്ല!

ഓരോ ദിവസവും ആപ്പീസിൽ നിന്നുമിറങ്ങുമ്പോൾ വക്കീൽ പണി തിരഞ്ഞെടുക്കാൻ തോന്നിയ നിമിഷത്തെ ശപിക്കുമായിരുന്നു.

ഒരു വിഷുവിന്റെ തലേദിവസം വൈകീട്ട് ഞങ്ങൾ ആപ്പീസിൽ കാത്തിരിക്കുകയാണ്. ഓണത്തിനും വിഷുവിനും അഞ്ഞൂറ് രൂപ കിട്ടും.. അതുകൊണ്ട് വേണം വിവാഹിതരായ ഞങ്ങളുടെ ആഘോഷം. ഏഴരകഴിഞ്ഞപ്പോൾ ഞാൻ കാത്തിരിപ്പവസാനിപ്പിച്ച് ഗുമസ്ഥനോട് യാത്ര പറഞ്ഞിറങ്ങി. രാജുതോമസ് അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു.

അന്ന് തേക്കികാട് മൈതാനിയിലൂടെ കലുഷമായ മനസ്സോടെ നടക്കുമ്പോൾ വേനൽ മഴ ഇടിയോടുകൂടി പെയ്തിറങ്ങിയിരുന്നു. ശക്തൻ സ്റ്റാന്റിലെത്താൻ തിടുക്കമില്ലായിരുന്നു. എൽ.ഡി.ക്ലർക്കായി ജോലി ലഭിച്ചിട്ടും പോകാതിരുന്ന നിമിഷത്തെ ശപിച്ചു.

വിഷു കഴിഞ്ഞ് ആപ്പീസിൽ ചെന്ന ദിവസം സോമേട്ടൻ പരിഹാസത്തോടെ അന്നത്തെ സംഭവങ്ങൾ വിളമ്പി.. രാജുതോമസ് താഴത്തെ കടയിൽ നിന്നും ഭാര്യക്ക് ഡ്രെസ്സെടുത്തിരുന്നു.. വൈകീട്ട് ആപ്പീസിൽനിന്നിറങ്ങുമ്പോൾ ബില്ല് കൊടുക്കാമെന്ന് കരുതി. സീനിയർ അന്നു വൈകീട്ടെത്തിയില്ല. ഏതോ സുഹൃത്തിന്റെ മകളുടെ മേരേജ് റിസപ്ഷൻ കഴിഞ്ഞപ്പോൾ വൈകിയത്രെ! സോമേട്ടന്റെ കയ്യിൽനിന്നും കടം വാങ്ങി തുണിക്കടയിലെ കാശ് കൊടുത്തിട്ടാണത്രെ അവൻ പോയത്.

പിന്നീടവൻ ആപ്പീസിലേക്ക് വന്നിട്ടില്ല. ഗൾഫിലേക്ക് പോയെന്നൊരു ശ്രുതിയുണ്ടായിരുന്നു. ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ആപ്പീസിലേക്ക് വന്നത് എന്തിനാവും... അല്ലെങ്കിലും അവൻ ചെയ്തതല്ലേ ശരി.. വല്ലപ്പോഴും കോടതിയിൽ നിന്നും ലഭിക്കുന്ന കമ്മീഷനും ആപ്പീസിലെ തുച്ഛമായ വരുമാനവും കൊണ്ട് ഒരു കുടുംബമെങ്ങനെ കഴിയും.

‘വക്കീല് കാര്യമായ ആലോചനയിലാണല്ലോ.. ഞാനെറങ്ങാട്ടാ..’ വിജയേട്ടനിറങ്ങി.

അടുത്ത സ്റ്റോപ്പിൽ എനിക്കുമിറങ്ങണം. നാളേക്ക് തയ്യാറാക്കേണ്ട അന്യായത്തിന്റെ കെട്ടുമെടുത്ത് വാതിൽക്കലേക്ക് നടന്നു.

2010, ജൂൺ 13, ഞായറാഴ്‌ച

പുരുഷ പീഡനം.കോം

സുഹൃത്തുക്കളെ മുഖ്യാതിഥി അഭിസംബോധന ചെയ്യുന്നതിനു മുമ്പ് നമ്മുടെ ഇടയിൽ നിന്നും മൂന്ന് അംഗ മെമ്പർമാർ
നമ്മോട് സംവദിക്കും.. നമ്മുടെ സംഘടനാ രൂപീകരണത്തിന്റെ ലക്ഷ്യപ്രാപ്തിയെക്കുറിച്ചും അവശ്യകതയെക്കുറിച്ചും
എല്ലാവർക്കും മനസ്സിലാവും..ശേഷം ഔപചാരിക ചടങ്ങുകൾ തുടങ്ങുന്നതായിരിക്കും...

സ്കൂ‍ൾ അദ്ധ്യാപകനായിരുന്ന എന്നെ ആദ്യമായി അനുഭവങ്ങൾ പങ്കിടാൻ വിളിച്ചതിന്റെ ഔചിത്യം അറിയാവുന്നതുകൊണ്ട് അനുഭവങ്ങളിലെ ഉണ്മയും പക്വതയും നിങ്ങൾ കാംക്ഷിക്കുന്നുണ്ടെന്നെനിക്കറിയാം. ഒരു പക്ഷെഎന്തുകൊണ്ട് നേരത്തെ പുറംലോകത്തെ അറിയിക്കാൻ തുനിഞ്ഞില്ല എന്ന ചോദ്യം അവസാനം നിങ്ങളുടെ മനസ്സിലുയിർക്കൊണ്ടാൽ സമൂഹം ബഹുമാനിക്കുന്ന വിദ്ധ്യാർത്ഥികൾ ബഹുമാനിക്കുന്ന അദ്ധ്യാപകനായ എനിക്ക് സഹിക്കാനും പൊറുക്കാനും കഴിഞ്ഞില്ലെങ്കിൽ എന്നിൽ നിന്നും പുറത്തേക്ക് വരുന്ന നല്ല വാക്കുകൾക്കെന്ത് വിലയാണുള്ളത്.. സമൂഹം അതെങ്ങനെ ഉൾക്കൊള്ളും എന്നൊക്കെയുള്ള മനോവ്യാപാരങ്ങൾ ആ പ്രവർത്തിയിൽനിന്നും തടഞ്ഞുവെന്നേയുള്ളൂ..
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്ക് വീട്ടിൽ സ്വാതന്ത്ര്യം കുറവായിരുന്നു. വലിയൊരു കൂട്ടു കുഡുംബം, മാതാപിതാക്കളും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളുമൊക്കെയായി പടർന്നു പന്തലിച്ചു നിൽക്കുന്ന തറവാട്. ഞങ്ങൾ മാത്രമുളൊരു വീട് അതായിരുന്നു അന്നത്തെ സ്വപ്നം. സ്വാഭാവികമായുള്ള പ്രയത്നഫലമായി വീടും ചുറ്റുപാടുകളുമായി സ്നേഹനിധിയായ ഭാര്യ ... ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ വാരിച്ചൊരിയുന്ന സ്നേഹവുമായി അവൾ! എപ്പോഴൊക്കെയോ സഹപ്രവർത്തകർക്ക് ഞങ്ങളുടെ ജീവിതത്തിൽ അസൂയ തോന്നിയിട്ടുണ്ട്.. ജീവിക്കുന്നെങ്കിൽ മാഷെപോല്യാവണം.. ആ സംഭവം കണ്മുമ്പിൽ കാണുന്നതുവരെ അതു തന്നെയായിരുന്നു ഞങ്ങൾ.. ഒരു ദിവസം രാത്രി ഒരുമണിയായിക്കാണും. ചില അപശബ്ദങ്ങൾ കേട്ടാണ് ഞെട്ടിയുണർന്നത്.. കിടക്കയിൽ അനിതയില്ല! ബെഡ് റൂമിന്റെ വാതിൽ തുറന്നു കിടന്നിരുന്നു.. ഡൈനിംഗ് ഹാളിനോട് ചേർന്ന ബാത്ത് റൂമിൽ വെളിച്ചമുണ്ട് . ആ വെളിച്ചത്തിൽ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. ഡൈനിംഗ് ഹാളിൽ നിലത്ത് കിടന്ന് ലൈംഗികാസക്തിയുടെ പുതുമുറകൾ പരിശീലിക്കുന്ന സഹധർമ്മിണി..കൂടെ അയല്പക്കത്തെ കല്ല്യാണം വീഡിയോവിൽ പകർത്താൻ വന്ന ഫോട്ടോഗ്രാഫർ..ഞാനവരെ വെട്ടിക്കൊന്നില്ല! നിശ്ചേതനായി കിടക്കയിൽ തളർന്നുവീണു.. അവൾക്കൊരു കുഞ്ഞിനെ നൽകാൻ കഴിയാത്തത് എന്റെ കുറവ് കൊണ്ടാണെങ്കിൽ ..അതിനു വേണ്ടി പൊറുക്കാൻ തയ്യാറായി.. പിന്നീട് ഞങ്ങളുടെ ജീവിതം യാന്ത്രികമായിരുന്നു.
അവൾ തെറ്റ് ആവർത്തിച്ചുവോ ഇല്ലയോ ..അറിയില്ല പുറമേക്ക് ഞങ്ങൾ മാതൃകാദമ്പതികൾ.. ആണത്തമില്ലാത്തവൻ എന്ന് നിങ്ങൾ കരുതുന്നുണ്ടാവും, എല്ലാറ്റിനും അതീതമായിട്ടുള്ള ചില നിശ്ചയങ്ങൾ ഉണ്ടല്ലോ..നിയോഗം എന്നേ ഞാൻ കരുതിയുള്ളൂ.. ഞാൻ കൈവിട്ടുകളഞ്ഞ ജീവിതം അവളുടെ മരണത്തോടെ അപ്രസക്തമായി.. സമൂഹത്തിന്റെയും നിയമത്തിന്റെയും സംരക്ഷണയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ത്രീ.. സർക്കാരും നിയമവും സമൂഹവുമെല്ലാം സ്ത്രീകൾ മൂലം പുരുഷന്മാർ അനുഭവിക്കുന്ന മനോവ്യഥകളെക്കുറിച്ച് അജ്ഞരാണ്. നമ്മുടെ സമൂഹ മനസാക്ഷിക്കുമുമ്പിൽ പരമാർത്ഥങ്ങളായ സംഗതികൾ കാഴ്ചവെച്ച് ഉണ്മയുടെ തീ നാളങ്ങൾക്ക് വെണ്മ പകരാൻ എന്റെ അനുഭവസാക്ഷ്യം ഉപകരിക്കുമെങ്കിൽ ഞാൻ കൃതാർത്ഥനായി..
കാലഹരണപ്പെട്ട കേസുപോലെ സദസ്സിൽ പ്രെത്യേകിച്ച് പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നതായിരുന്നില്ല വിരമിച്ച ഗുരുവിന്റെ പ്രകടനം.

ഉദേശം നാല്പത് വയസിനോടടുത്ത്പ്രായമുള്ള വെളുത്തസുമുഖനായ ബാങ്കുദ്യോഗസ്ഥനായിരുന്നു അടുത്തയാൾ.

ഈ ലോകം നിലനിൽക്കുന്നത് മാതൃത്വത്തിന്റെ ശക്തികൊണ്ടാണെന്ന് വിശ്വസിക്കുന്നവനാണ്, സ്ത്രീ അമ്മയാണ്..ദേവിയാണ്..അനാദിയാണ്. എന്റെ അമ്മയെ ആശുപത്രിയിലാക്കിയ ഒരു ദിവസം എ. ടി.എം കാർഡെടുക്കാൻ വേണ്ടിയാണ് തിരിച്ച് വീട്ടിലെത്തിയത് .. വീടിനോടടുത്ത് ചെറിയൊരാൾക്കൂട്ടം ഒരാളെ പിടിച്ചു വെച്ചിരിക്കുന്നു..ചുറ്റും കൂടിയവർ അയാളെ ഭേദ്യം ചെയ്യുന്നുമുണ്ട് .. മകൻ നമ്മുടെ വീട്ടിൽ കയറിയ കള്ളനാണെന്നറിയിച്ചു. പോലീസെത്തി അയാളെ കൊണ്ടു പോയപ്പോൾ ഞാൻ ഏ. ടി. എം. കാർഡെടുത്ത് ആശുപത്രിയിലേക്ക് പോന്നു. വഴിമദ്ധ്യ്യേ പോലീസ് സ്റ്റേഷനിൽ നിന്നും അത്യാവശ്യമായി എത്തിച്ചേരണമെന്ന വിളിവന്നു. ഞാൻ സ്റ്റേഷനിൽ ഏൽ‌പ്പിച്ചത് കള്ളനെയല്ലത്രെ അയാൾ എന്റെ ഭാര്യയുടെ ജാരനാണെന്ന്. സ്കൂൾ കഴിഞ്ഞ് റ്റൂഷൻ മാഷില്ലാത്തതിനാൽ നേരത്തെയെത്തിയ മകന്റെ മുന്നിൽ പെട്ടപ്പോൾ കട്ടിലിനടിയിൽ കയറി ഒളിച്ചതാണെന്ന്. മകൻ കള്ളനാക്കിയപ്പോൾ ഭാര്യക്കും മറ്റൊന്നും പറയാനില്ലായിരുന്നു. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായി. ഭാര്യ ഇപ്പോൾ ചെലവിനു കിട്ടാൻ കുടുംബക്കോടതിയിൽ, പീഡനത്തിന് വനിതാകമ്മീഷനിൽ , ആഭരണങ്ങൾ തിരിച്ച്കിട്ടാൻ വനിതാസെല്ലിൽ, സ്ത്രീപീഡനത്തിനും ഞാൻ വീട്ടിൽനിന്നും മാറിപ്പോകണമെന്നും പറഞ്ഞ് മജിസ്ടേറ്റ് കോടതിയിൽ അങ്ങനെ എനിക്കെതിരെ കേസുകളുടെ പരമ്പരയാണ്.ഇപ്പോൾ എനിക്കൊരു സംശയം സത്യത്തിൽ ആരാണ് വ്യഭിചരിച്ചത്..?

മൂന്നാമതെത്തിയത് ഒരു പ്രവാസിയായിരുന്നു. കുഡുംബത്തിനുവേണ്ടി സ്വന്തം ജീവിതം ഹോമിച്ചവൻ. തോരാത്ത കണ്ണീർ മഴയായി സദസ്യർക്കിടയിലേക്ക് പെയ്തിറങ്ങി..
ഞാൻ ഓരോ തവണ നാട്ടിലേക്ക് വരാനൊരുങ്ങുമ്പോഴും ഭാര്യയോട് ചോദിക്കാറുണ്ട്.. നിനക്കെന്ത് വേണം? വിലയേറിയ മൊബൈൽ .. ആഭരണങ്ങൾ.. കൌതുകവസ്തുക്കൾ.. അങ്ങനെ ഓരോ തവണയും സമ്മാനങ്ങളുമായെത്തി. ഭാര്യയോടും മക്കളോടുമൊപ്പം സന്തോഷത്തോടെ വർഷത്തിൽ ഒരു മാസം ജീവിച്ചു. പിന്നീട് യന്ത്രികമായ ജീവിതത്തിന് വഴങ്ങി അടുത്ത അവധിക്കായുള്ള കാത്തിരിപ്പ്. അപ്രകാരമുള്ള ഒരു കാത്തിരിപ്പിനിടയിലാണ് ഭാര്യയെ കാണാതായെന്ന അറിവ് ലഭിക്കുന്നത്. മകന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു..അതെന്നെയും ബാധിച്ചു. ഒരാഴ്ച് മുമ്പാണ് സുഹൃത്തുക്കളുടെ പക്കൽ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപ അവളുടെ സഹോദരന്റെ ജോലിക്കാര്യത്തിനായി നാട്ടിലേക്കയച്ചത്. ഇവിടെയെത്തി അന്വേഷണം നീണ്ടു പോയതല്ലാതെ യാതൊരു വിവരവും ലഭിച്ചില്ല! അവളുടെ സഹോദരൻ സംഖ്യ ആവശ്യപ്പെട്ടിരുന്നില്ല, ഓരോതവണയും ഞാനവൾക്ക് സമ്മാനിച്ച വിലപിടിപ്പുള്ള അഭരണങ്ങൾ ഒന്നും വീട്ടിലുണ്ടായിരുന്നില്ല...അവൾക്കൊരു കാമുകനുണ്ടായിരുന്നിരിക്കാം..അപ്രതീക്ഷിതമായി ജീവിതപ്രഹരമേൽക്കേണ്ടി വരുന്നവരിലൊരുവനായി ഞാൻ പ്രവാസ ജീവിതം തുടർന്നു. പ്രായം ചെന്ന അമ്മയുടെ സംരക്ഷണയിൽ മക്കൾ സുരക്ഷിതരായി. എല്ലാം നൽകിയാലും ശാരീരികാവശ്യം നിറവേറ്റാൻ സാധിക്കാത്ത ശരാശരി ഗൾഫുകാരനായ എനിക്കെന്ത് ചെയ്യാൻ കഴിയും.. ഒരു തകർന്ന മനുഷ്യന്റെ വിലാപങ്ങൾ വലിച്ചു നീട്ടുന്നില്ല! മാസങ്ങൾക്കുശേഷം ചാക്കിൽ വെട്ടിക്കൂട്ടി കായലിൽ തഴ്ത്തിയ നിലയിൽ കണ്ടെത്തിയ ശരീരം തിരിച്ചറിയാൻ ചെല്ലേണ്ടിവന്നപ്പോഴുള്ള അവസ്ഥ നിങ്ങൾക്കൂഹിക്കാൻ സാധിക്കുമോ.. അഴുകിയ ശവനാറ്റത്തിനപ്പുറത്തായിരുന്നു ബാക്കി കഥകൾ.. ഞാൻ കഷ്ടപ്പെട്ടയക്കുന്ന പണം ചെലവഴിച്ച് കഷ്ടിച്ച് ഇരുപത് വയസു പ്രായമുള്ള യുവാവിന്റെയും സുഹൃത്തുക്കളുടെയുമൊപ്പം കാമകേളികളാടിയിരുന്ന അവളോട് ഞാനെങ്ങനെ പൊറുക്കും.. ഒരാഴ്ചയോളം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കൊലപാതക കഥ നിങ്ങൾക്കെല്ലാം അറിയാവുന്നതാണ്. ഇരുപത് വയസുകാരന്റെ പട്ടമഹഷിയാവാൻ കൊതിച്ച മദ്ധ്യവയസ്കയുടെ ദാരുണമരണമെന്ന തലക്കെട്ട് എന്റെ നെഞ്ചകം പിളർത്തുന്നതായിരുന്നു...

സദസ്യർക്കിടയിൽ നിശ്ശബ്ദത മാത്രമായി.. ശോകമൂകനായി താഴെയിറങ്ങിപ്പോകുന്ന അയാളെ ആർക്കാണ് അശ്വസിപ്പിക്കുവാൻ സാധിക്കുക്..

സുഹൃത്തുക്കളെ ഇവരുടെ ജീവിതം നമ്മൾ അറിഞ്ഞുകഴിഞ്ഞു, ഇനി ദീർഘിപ്പിക്കുന്നില്ല.. നമ്മുടെ മുഖ്യാതിഥിയും നഗരപിതാവുമായ അഭിഭാഷകനെ സംഘടനാരൂപീകരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതിനായി ക്ഷണിച്ചുകൊള്ളുന്നു..

ഇവിടെ നിറഞ്ഞു കവിഞ്ഞ സദസ്സാണ്..നമ്മളറിഞ്ഞ മൂന്നു പേരുടെ ജീവിതം മതിയല്ലോ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സ്ത്രീപീഡനവും, പുരുഷപീഡനവുമെന്ന് മനസ്സിലാക്കാൻ, നമ്മുടെ വ്യവസ്ഥിതിയെ സമൂഹ മനസാക്ഷിയെ ഉണർത്താൻ ഇത്തരമൊരു സംഘന അത്യാവശ്യമാണ്.. ലോക മന:സാക്ഷിക്കു മുമ്പിൽ പുതിയൊരു തീ നാളമായി നിങ്ങളുടെ സംഘടന ആളിപ്പടരട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണ്. എനൊക്കൊരു അഭ്യർത്ഥനയുണ്ട് നിങ്ങളുടെ സംഘടനയിൽ എനിക്കുമൊരംഗത്വം വേണം.. കാഴ്ചയിൽ ഞാനൊരു വികലാംഗനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..? എനിക്ക് രണ്ട് മക്കളാണുള്ളത് ഒരു മകനും, മകളും.. അവരുടെ ജനനശേഷം ഭാര്യക്ക് പ്രാർത്ഥനയിൽ മാത്രമണ് താല്പര്യം.. സെക്സ് പാപമാണത്രെ! ചെറുപ്പത്തിന്റെ ചങ്കൂറ്റത്തിൽ ചിലപ്പോഴൊക്കെ ബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരാൾക്ക് എന്നും അപ്രകാരം സാധിക്കുമോ..എനിക്ക് മടുത്തു. ഇപ്പോൾ ലോകത്തിലേക്ക് വെച്ച് ഏറ്റവും ചെറിയ ലിംഗമാരുടേതാണെന്ന് ചോദിച്ചാൽ അതിന് മറുപടി പറയാൻ എനിക്ക മാത്രമെ സാധിക്കൂ.. ഞാനിപ്പോൾ ഇമ്പൊട്ടന്റാണ്.. ഒരു വിസർജ്ജനാവയവം മാത്രമായി..മലയാളിയുടെ കപട സദാചാര ബോധം മുൻ നിർത്തി മനസു നിറയെ ആഗ്രഹങ്ങളുമായി ഞാൻ കഴിയുന്നു..സുഹൃത്തുക്കളെ പുരുഷൻ വ്യഭിചാരിയാകുന്നെങ്കിൽ കാരണക്കാരി സ്ത്രീയാണ്.. അവന്റെ ആഗ്രഹ പൂർത്തീകരണങ്ങൾക്കുമുന്നിൽ പാപമെന്ന നെയിം ബോർഡ് സ്ഥാപിച്ച് ദുഷ്ടത പ്രവർത്തിക്കുന്നവൾ..

ഒന്നും പറയാനാഗ്രഹിച്ചിരുന്നില്ല! എങ്കിലും നിങ്ങളുടെ കൂട്ടത്തിലൊരുവനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ സംഘടനയിലെ മെമ്പർമാർക്ക് വേണ്ടി കപട സ്ത്രീപീഡനകേസുകളിലെ പാവങ്ങൾക്കുവേണ്ടി നാമൊത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചതായി പ്രഖ്യാപിക്കുന്നു...!