2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

കരെയണ അമ്മിണിയുടെ സ്വകര്യം ചന്ദ്രൻ

മഴയോടൊപ്പം അഞ്ഞടിച്ച കാറ്റിൽ കായലോരത്തെ മുളങ്കൂട്ടങ്ങൾക്കിടയിൽ വൈദ്യുതാലങ്കാരം നടത്തുന്ന മിന്നാമിന്നുകൾ ലക്ഷ്യമില്ലാതെ പാറിപ്പോയി. കാറ്റിന്റെ ഹുങ്കാര ശബ്ദം ഭീതിദമായിരുന്നു.

ബോട്ട് യാത്രികർ ചകിതരായി സീറ്റുകളിൽ മുറുകെ പിടിച്ചിരുന്നു. കാറ്റൊന്നു ശമിച്ചപ്പോൾ അയാൾ പുറം കാഴ്ചകൾക്കായി പരതി. ഇരുട്ടുവീണ കായൽ പരപ്പിൽ കാഴ്ചകൾ മങ്ങിയിരുന്നു. കായലോരത്തെ ചെറിയ ചായപ്പീടികയിലെ വിളറിയ ബൾബുകൾ വെള്ളത്തിൽ ഇളകുന്ന മഞ്ഞ വൃത്തങ്ങളായി.

അയാളോടൊപ്പമുണ്ടായിരുന്ന സ്വകാര്യം ചന്ദ്രൻ ഉറക്കത്തിലാണ്. ഇരുട്ടും തണുപ്പും ക്ഷീണവും ചേർന്ന സുഖ നിദ്ര.

നാട്ടിലെ പാൽക്കാരനാണ് സ്വകാര്യം ചന്ദ്രൻ. മാധ്യമങ്ങളുടെ ഇടപെടൽ ഒട്ടുമില്ലാതിരുന്ന കാലം തൊട്ടുള്ള നാടിന്റെ വാർത്താ ചാനൽ. പുലർച്ചെ സൈക്കിളിൽ പാലുമായി നാടിന്റെ നാഡി ഞരമ്പുകളിലൂടെ ചന്ദ്രൻ യാത്രയാരംഭിക്കും. ചന്ദ്രൻ വന്നു പോകുന്നത് വീട്ടിലെ ആണുങ്ങളറിയില്ല. അടുക്കള വഴി പടിയിറങ്ങിപ്പോകുന്ന രഹസ്യങ്ങളറിയാത്ത ആണുങ്ങൾ മാന്യതയോടെ ഉടൽ പെരുപ്പിച്ച് നടക്കും.
പെണ്ണുങ്ങൾ വഴി നിഗൂഡതകളുടെ ചുരുളറിഞ്ഞവർ എതിരേൽക്കുമ്പോഴാണ് സ്വകാര്യം ചന്ദ്രന്റെ വില നാടറിയുന്നത്. ആരെങ്കിലും തടഞ്ഞു നിറുത്തി ചോദിച്ചാലൊ.. ആവൊ.. ആർക്കറിയാം എന്ന ഭാവം.

സ്വകാര്യം’ ചന്ദ്രന്റെ ഭാര്യ കരെയണ അമ്മിണിയാണ്. എന്തു കാര്യം പറയുമ്പോഴും അമ്മിണി വലിച്ചു നീട്ടി മരണ വീട്ടിലെ എണ്ണി പറച്ചിലുപോലെ കരഞ്ഞു കൊണ്ടേയിരിക്കും. സങ്കടമായാലും ആഹ്ലാദമായാലും അമ്മിണിക്കൊരുപോലെ.

അയാൾക്ക് വീട്ടിൽ ജോലിക്കാരിയുടെ അത്യാവശ്യമുണ്ടായിരുന്നു. മകളെ പ്ലേ സ്കൂളിലാക്കിയാണ് ഭാര്യ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്.മല്ലിക സ്കൂളിൽ നിന്നും വരുന്ന വഴിക്ക് മകളേയും കൂട്ടും.
അയാൾ ആപ്പീസിൽ നിന്നും വീട്ടിലെത്തിയാൽ മകളെ അയാളെയേല്പിച്ച് മല്ലിക വസ്ത്രങ്ങൽ കഴുകുന്നതിലും അടുക്കള ജോലികളിലും വ്യാപൃതയാകും.
വൈകീട്ട് വായനശാലയിലേക്കിറങ്ങാനൊ തോട്ടു വരമ്പത്തിരുന്ന് സുഹൃത്തുക്കളുമായി നാട്ടു വിശേഷങ്ങൽ പങ്കിടാനൊ സമയം ലഭിക്കുന്നില്ല.

മകളുണ്ടായതു മുതൽ ഒറ്റപ്പെട്ട തുരുത്തുകൾ അടുക്കി വെച്ച ഫ്ലാറ്റിലെ താമസം പോലെയായി.

പ്രിപബ്ലിക്കേഷൻ സ്കീമിൽ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളൊന്നു മറിച്ചു നോക്കാൻ പോലും സാധിച്ചിട്ടില്ല.

മല്ലികക്കാണ് കൂടുതൽ ബുദ്ധിമുട്ട് . സ്കൂൾ വിട്ടു വരുമ്പോൾ കുഞ്ഞിനെയുമെടുത്തുള്ള ബസ്സ് യാത്ര ക്ലേശകരമാണ്.

അയാളുടെയൊക്കെ ചെറുപ്പ കാലത്ത് ആരെങ്കിലും കുഞ്ഞിനെയുമെടുത്ത് ബസ്സിൽ കയറിയാൽ സീറ്റ് ലഭിക്കാൻ പ്രയാസമില്ലായിരുന്നു.

ഇപ്പോൾ മകളെയുമെടുത്ത് ബസ്സിൽ ഞാന്നു കിടന്ന് യാത്ര ചെയ്യുന്ന മല്ലികയെ ആരും കാണുന്നില്ലത്രെ.

മഴക്കാലം കഴിച്ചുകുട്ടുക പ്രയാസകരമാണ്. തണുപ്പടിച്ച് മകൾക്ക് കഫക്കെട്ടൊഴിഞ്ഞ നേരമില്ല. മല്ലികയാകെ ക്ഷീണിച്ചു പോയിരിക്കുന്നു. പ്രസവത്തിനു മുമ്പുള്ള മല്ലികയുടെ നിഴൽ രൂപം മാത്രമാണിപ്പോൾ.

ജോലിക്കാരിയെ തേടിയുള്ള യാത്രയുടെ നാലാം ഊഴമാണിത്.

അയാൾക്ക് ജോലിക്കാരിയെ ഏർപ്പാടാക്കി നൽകിയിരുന്നത് കൊല്ലങ്കോട്ടുള്ള രാജനാണ്. മന്ത്രവാദവും ചെത്തുമൊക്കെയാണ് രാജന്റെ തൊഴിൽ.
ആരു ചെന്നാലും മധുരമുള്ള പനങ്കള്ളൂം കോഴിക്കറിയും നൽകി സൽക്കരിക്കും. ആളുകൾ ദുഷ് കർമ്മങ്ങൾക്ക് വെട്ടാൻ കൊണ്ടു വരുന്ന നാടൻ ചാത്തൻ കോഴികൾ മന്ത്രക്കറിയാക്കി സ്വാദിഷ്ടമാക്കുന്നതിൽ രാജന്റെ ഭാര്യ സമർത്ഥയാണ്.
പനങ്കള്ളും നാട്ടു വിശേഷങ്ങളും കത്തിപടരുമ്പോൾ രാജന് ജോലിക്കാർ എവിടെയുണ്ടെന്ന വെളിപാടായി.

അഭീഷ്ട സിദ്ധിക്കായി ആഭിചാര ക്രിയകൾ നടത്തുന്നതിനു രാജനെ കാണാൻ തമിഴ് നാട്ടിൽ നിന്നും ആളുകളെത്താറുണ്ട്.

ചെറിയ പുരയോട് ചേർന്ന കുരുതിത്തറയിൽ കോഴിയെ വെട്ടിയും കുങ്കുമമെറിഞ്ഞും ചരടുകൾ ജപിച്ചും രാജൻ ആവാഹന ക്രിയകൾ നടത്തുന്നു. ഇഷ്ടമുള്ള ദക്ഷിണ നൽകി ഫല പ്രാപ്തി കൈവരിച്ച് വന്നവർ മടങ്ങുന്നു.
ചെത്തും ജോലിക്കാരെ സംഘടിപ്പിക്കലും സൈഡ് ബിസിനസ്സ്.



ജീവിതത്തിന്റെ ഉൾപിരിവുകളിൽ വെച്ച് കണ്ടുമുട്ടുന്ന മനുഷ്യ ജന്മങ്ങളെത്ര വിചിത്രമെന്ന് അയാൾ ഭയക്കാറുണ്ട്.

അയാളുടെ വീട്ടിൽ കൊല്ലങ്കോട്ടു നിന്ന് ആദ്യമെത്തിയത് മണിയമ്മയായിരുന്നു. ചുക്കി ചുളിഞ്ഞ തൊലിയും വെളുത്ത നിറവുമുള്ള എഴുപത് കഴിഞ്ഞ മണിയമ്മയെ കൊല്ലങ്കോട്ടെ മൂന്നു സെന്റ് കോളനിയിൽ നിന്നാണ് രാജൻ തപ്പിയെടുത്തത്.

മുറുക്കിയ ചുണ്ടും കൂനിക്കൂടിയുള്ള ഇരുപ്പും കണ്ടപ്പോൾ മണിയമ്മയെ നോക്കാൻ വേറൊരാൾ വേണ്ടി വരുമോയെന്ന ഭയം അയാളെ മഥിച്ചിരുന്നു. മണിയമ്മയെ യാത്രയാക്കാൻ കോളനിക്കാർ മുഴുവൻ അണിനിരന്നിരുന്നു. എല്ലാവരുടെ നേരെയും കൈ വീശി മണിയമ്മ കാറിൽ കയറുമ്പോൾ അയാളുടെ ചങ്കിടിപ്പ് വർദ്ധിച്ചിരുന്നു.

വീട്ടിലെത്തി ഒരു മാസം കഴിയുന്നതിനു മുമ്പ് മണിയമ്മയിൽ വന്ന മാറ്റം അത്ഭുതകരമായിരുന്നു. തൊലിയെല്ലാം മിനുസമാർന്ന് യൌവ്വനം പ്രാപിച്ചു . ഉത്സാഹത്തോടെ കാര്യങ്ങളന്വേഷിച്ച് നടക്കുന്ന മണിയമ്മയെ എല്ലാവർക്കും ഇഷ്ടമായി. മണിയമ്മക്ക് മൂന്നു പെൺ മക്കളാണ്. രണ്ടു പേരുടെ വിവാഹം കഴിഞ്ഞ് കഷ്ടപ്പാടുകളുമായി ജീവിക്കുന്നു. മൂന്നാമത്തെ മകൾ സുന്ദരിക്ക് ജോലി കൊയമ്പത്തൂരിലാണ്.

ഒരു ദിവസം സുന്ദരി ഫോണിൽ വിളിച്ച് മണിയമ്മയെ കൊണ്ടു പോയി. പട്ടയം വാങ്ങാൻ താലൂക്കാപ്പീസിൽ പോകണമെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ മണിയമ്മ പിന്നീട് തിരിച്ച് വന്നില്ല.

കൊല്ലങ്കോട്ടെ രാജൻ പറഞ്ഞു ' വരൂ.. നമുക്ക് മറ്റൊരാളെ കണ്ടെത്താം.. '

രാജന് പതിവുപോലെ ദക്ഷിണ നൽകി തത്തമ്മയെ കൊണ്ടു വരുന്നതിനിടയിൽ അയാൾ മണിയമ്മ പോയതെന്തു കൊണ്ടാണെന്നാരാഞ്ഞു..
' മണിയമ്മ പഴയ കേസ് കെട്ടല്ലെ.. ഒരിടത്തും സ്ഥിരമായി നിൽക്കില്ല.. മകൾ വിളിച്ച് ഇനി പോകണ്ടാന്ന് വിലക്കി.. മകളിപ്പോഴും ഫീൽഡിലാ.. 'രാജൻ നിറുത്തിയപ്പോൾ അയാൾ നടുങ്ങിപ്പോയി. വിരമിച്ചൊരു വേശ്യക്ക് കോളനിക്കാർ നൽകിയ യാത്രയയപ്പ് അയാളോർത്തു.

അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കിൽ തനിക്കീ ഗതികേട് വരില്ലായിരുന്നു. മാതാ പിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന പുതിയ ലോജിക് അയാൾക്കൊരിക്കലും ദഹിച്ചിരുന്നില്ല. നിവൃത്തിയില്ലാതെ ഗുരുവയൂർ അമ്പല പരിസരത്ത് കൂടിയിരിക്കുന്ന വൃദ്ധ ജനങ്ങളിലാരെയെങ്കിലും വീട്ടിലേക്ക് കൊണ്ടു പോയാലോയെന്ന് വരെ അയാൾ ആലോച്ചിരുന്നു.

മൂന്നു മാസത്തിൽ കൂടുതൽ ആരും നിന്നില്ല. രാജൻ പറഞ്ഞയച്ച പത്മാവതിയമ്മയെന്ന സ്ത്രീ വിചിത്ര സ്വഭാവക്കാരിയായിരുന്നു.

പത്മാവതിയമ്മ കറുത്തിട്ടായിരുന്നു. കാലുകളിലേക്ക് രക്തയോട്ടം ഇല്ലാതാകുന്ന അസുഖമാണത്രെ അവർക്ക്.വെളുത്ത് സുന്ദരിയായിരുന്ന പത്മാവതിയമ്മ അസുഖം മൂലം കറുത്തു പോയതാണെന്ന്. ഉറക്കത്തിൽ നടക്കുന്ന സ്വപ്നാടനക്കാരിയായിരുന്നു അവർ.

കൊല്ലങ്കോട് കൊയ്ത്തു കഴിഞ്ഞാൽ പിന്നെ ആളുകൾക്ക് പണിയില്ലാതാവും. ഞാറ് നടീൽ തുടങ്ങും മുമ്പുള്ള മൂന്നു മാസം ആരെ വേണമെങ്കിലും പണിക്ക് കിട്ടും. ഇടവേളയിൽ കുട്ടികളെ നോക്കാനും വീട്ടു ജോലിക്കുമായി എല്ലാവരും പോയിത്തുടങ്ങും. കൊണ്ടു പോകുന്നവരോട് താൽക്കാലികമെന്ന് ഒരിക്കലും പറയില്ല. അതാണ് ബിസിനസ്സ്.


ഇനി ജോലിക്കാരെ വെക്കുന്നെങ്കിൽ ചെറുപ്പക്കാരെ മതിയെന്ന് അയാളും ഭാര്യയും തീരുമാനമെടുത്തിരുന്നു. കുട്ടികളെ എടുത്തു നടക്കാൻ പ്രായമായവർക്ക് ബുദ്ധിമുട്ടല്ലേ.. തീരെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് മല്ലിക ചെറുപ്പക്കാരെ അന്വേഷിക്കാൻ സമ്മതം നൽകിയതെന്ന് അയാൾക്കറിയാമായിരുന്നു.

കുടുംബത്തിലെ സ്വസ്ഥത നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി അയാൾ ഇതുവരെ അന്വേഷണമാരംഭിച്ചിരുന്നില്ല. സ്വകാര്യം ചന്ദ്രനോടൊത്തുള്ള യാത്ര ഒരു തുടക്കമായി..
അയാളുടെ സുഹൃത്ത് കറുപ്പന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിയായിരുന്നു അവൾ. രണ്ടു വർഷമായി ശമ്പളം കൊടുക്കാതെ വീട്ടു ജോലി ചെയ്യിക്കുകയായിരുന്നു കറുപ്പൻ. അവസാനം പെൺകുട്ടിയുടെ രക്ഷിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടാണത്രെ.. കറുപ്പൻ ശമ്പള കുടിശിഖ നൽകിയത്. ഇനിയവിടെ നിൽക്കുന്നില്ലെന്ന് പറഞ്ഞ് അവൾ ആലപ്പുഴക്ക് വണ്ടി കയറിയെന്നാണ് ചന്ദ്രൻ പറഞ്ഞത്.

ബോട്ട് ജട്ടിയിലേക്കടുത്തപ്പോൾ ചന്ദ്രനെ തട്ടിവിളിച്ച് അയാൾ പുറത്തിറങ്ങി. അപ്പീസ് കാര്യത്തിന് ആലപ്പുഴ യിലെത്തുമ്പോൾ താമസിക്കാറുള്ള ഉടുപ്പി ലോഡ്ജിൽ തന്നെ മുറിയെടുത്തു.പഴയ കെട്ടിടമാണെങ്കിലും വൃത്തിയുണ്ടായിരുന്നു.

കാലത്ത് പരിസരം ബഹളമയമായിരുന്നു. ഉല്ലാസയാത്രക്കെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘം ഒച്ചയിട്ട് എല്ലായിടത്തും ഓടി നടക്കുന്നുണ്ടായിരുന്നു.

ഇനിയങ്ങോട്ടുള്ള യാത്ര ചന്ദ്രന്റെ നിയന്ത്രണത്തിലാണ്. കറുപ്പന്റെയൊപ്പം ഒരിക്കൽ ചന്ദ്രൻ ആ വീട്ടിൽ പോയിട്ടുള്ളതാണ്.

ഓട്ടോറിക്ഷ വിജനമായ പാട ശേഖരങ്ങൾക്കിടയിലൂടെ വെള്ള ക്കെട്ടുകൾ താണ്ടി ചെറിയ ഓടിട്ട വീടിനു മുന്നിലെത്തിയപ്പോൾ ചന്ദ്രൻ വണ്ടി നിറുത്തി.

മെലിഞ്ഞൊരു സ്ത്രീ രൂപം വീടിന്റെ ഇറയത്തിരിക്കുന്നുണ്ടായിരുന്നു. അനുഭവങ്ങൾ പച്ചകുത്തിയ വിളറിയ നിഴൽ രൂപങ്ങൾ മുഖത്ത് കാണാം.
'വേലായുധനില്ലേയെന്ന' 'ചോദ്യത്തിനുത്തരമൊന്നും പറയാതെ അവൾ അകത്തേക്ക് കയറിപ്പോയി. മറുപടിയായി വീടിന്റെയുള്ളിൽ നിന്നും ട്രൌസറിട്ട പത്തു വയസുകാരൻ പുറത്തേക്ക് പാഞ്ഞു. വേലായുധന്റെ ഇളയ മകൻ അച്ഛനെ വിളിക്കാൻ പോയതായിരിക്കും.

'അല്ല സരോജിനി നിങ്ങളെന്താ മിണ്ടാണ്ട് അകത്ത് കയറിയിരിക്കുന്നത്. ഞങ്ങളിത്ര വഴി വന്നത് നിങ്ങളോടൊരു കാര്യം ചോദിക്കാനാ.. ' ചന്ദ്രൻ വീണ്ടും തുടങ്ങി. 'ഈ നിൽക്കുന്ന സാറിന്റെ വീട്ടിലേക്ക് കുട്ടിയെ നോക്കാൻ സീതക്കൊച്ചിനെ കൊണ്ടു പോകാനാ ഞങ്ങൾ വന്നത്. കറുപ്പേട്ടൻ തന്നിരുന്നതിനേക്കാൾ കൂടുതൽ അഞ്ഞൂറു രൂപ മാസം തോറും തരും. ആറു മാസത്തെ ശമ്പളം അഡ്വാൻസായി ഇപ്പൊ തരാം. എന്താ.. പറ്റില്ലെന്നുണ്ടോ.. '

അകത്തു നിന്നും ഉയർന്നു കൊണ്ടിരുന്ന വിതുമ്പലുകൾ അപ്പോഴാണയാൾ ശ്രദ്ധിച്ചത്.

കാര്യങ്ങൾ പന്തിയല്ലെന്നയാൾക്ക് തോന്നി. പെട്ടെന്ന് സ്ഥലം വിടുകയാണ് ബുദ്ധിയെന്ന തോന്നലോടെ അയാളെഴുന്നേറ്റു.

അപ്പോഴേക്കും ഓടിപ്പോയ കുട്ടി വേലായുധനേയും കൂട്ടി വന്നു. കുറച്ചപ്പുറത്തു നിന്നും വേറെയും ആളുകൾ ഓടിവരുന്നുണ്ടായിരുന്നു.

സ്വകാര്യം ചന്ദ്രന് അപകടം മണത്തു. പക്ഷെ വൈകിപ്പോയി.
'ആരെടാ ന്റെ മോളെ നശിപ്പിച്ചത് പറയടാ.. ' വേലായുധന്റെയലർച്ച പ്രദേശമാകെ മുഴങ്ങുന്ന വിധത്തിലായിരുന്നു.

കറുപ്പന്റെ വീട്ടിലെ രഹസ്യമറിഞ്ഞപ്പോൾ അയാ‍ൾ ഞെട്ടി വിറച്ചു പോയി.

'ഞങ്ങൾക്കൊന്നുമറിയില്ല എന്റെ കൊച്ചിനെ നോക്കാൻ വേണ്ടി മോളെ വിളിക്കാൻ വന്നതാണ്.. ' ഇതറിഞ്ഞെങ്കിൽ ഞങ്ങൾ വരില്ലായിരുന്നു.’

പ്രായപൂർത്തിയാവാത്ത പെൺകുട്ടി, കൂടാതെ ഗർഭിണിയും അയാൾ അക്ഷരാർത്ഥത്തിൽ അവരോട് കെഞ്ചുകയായിരുന്നു. അവസാനം കയ്യിലുണ്ടായിരുന്ന കാശ് മുഴുവൻ വേലായുധന്റെ കയ്യിലേല്പിച്ച് അവിടെ നിന്നും തടിയൂരി.

ചുറ്റുമുള്ളവർ ഭീഷണമായ ഭാവങ്ങളോടെ അവരെ നോക്കി നിൽക്കുകയാണ്. വേലായുധനൊന്ന് വിരൽ ഞൊടിച്ചാൽ എന്തും സംഭവിക്കുമായിരുന്നു.
ഓട്ടോറിക്ഷയിൽ ചാടിക്കയറി തിരികെ ഉടുപ്പി ലോഡ്ജിലേക്കെത്തുമ്പോഴേക്കും പരവശരായിരുന്നു.

മടക്കയാത്രയിൽ ചന്ദ്രൻ അയാളോടൊന്നും സംസാരിച്ചില്ല. ജീവിതത്തിലാദ്യമായി ചന്ദ്രന്റെ വാക്കുകൾ അപ്രസക്തമായിരിക്കുന്നു.

നാട്ടിൽ ചന്ദ്രനറിയാത്തൊരു രഹസ്യം. അവർ നാട്ടിലെത്തുന്നതോടെ അങ്ങാടിപ്പാട്ടാവും.
ചന്ദ്രൻ മൌനത്തിലായിരുന്നു.ഭക്ഷണം പോലും കഴിച്ചില്ല.
അയാൾ ചന്ദ്രനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. .. 'അറിയാഞ്ഞിട്ടല്ലേ കറുപ്പന്റെ പെണ്ണല്ലെ ചതിച്ചത് എല്ലാം അവൾക്കറിയുമായിരിക്കും നമ്മൾ പോയ കാര്യവും എന്താണവിടെ ഉണ്ടായതെന്നും ആരുമറിയില്ല. വീട്ടു ജോലിക്ക് ഞാൻ കൊല്ലങ്കോട്ടു നിന്നും നോക്കിക്കൊള്ളാം '

ചന്ദ്രൻ ഒന്നിനും പ്രതികരിച്ചില്ല. ഉള്ളിലെ സംഘർഷം മുഖത്ത് പ്രകടമായിരുന്നു. ചന്ദ്രൻ കറുപ്പന്റെ പെണ്ണ് സുമിത്രയെ ഓർത്തെടുക്കുകയായിരുന്നു. കറന്നെടുത്ത പാൽ ആദ്യമെത്തുന്നത് കറുപ്പന്റെ വീട്ടിലേക്കാണ്. നാലുമണിക്ക് തന്നെ സുമിത്രയെഴുന്നേറ്റിട്ടുണ്ടാകും. ചന്ദ്രന്റെ ജീവിതത്തിലെ ആരുമറിയാത്തൊരു ഊഷ്മള രഹസ്യമായിരുന്നു സുമിത്ര.

പരുപരുത്ത കയ്യിൽ ചൂടാക്കിയ ധന്വന്തരം കുഴമ്പെടുത്ത് സുമിത്രയുടെ മാംസള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുന്നതിനിടയിൽ ചന്ദ്രന് സുമിത്ര ഒരു സിന്ധി പശുവാണെന്ന് തോന്നിയിരുന്നു. അകിട്ടിൽ വെള്ളം വീഴുമ്പോൾ ചുരത്തുന്ന അയാളുടെ സിന്ധി പശു.

സുമിത്രയുടെ ചതി ചന്ദ്രനെ ഏറെ അസ്വസ്ഥനാക്കി. നാട്ടിൽ സ്വകാര്യം ചന്ദ്രനെന്ന പേര് പരദൂഷണത്തിന്റേതല്ലായിരുന്നു. മറഞ്ഞിരിക്കുന്ന യഥാർത്ഥ്യങ്ങൾ സർവ്വ വ്യാപിയാക്കുന്നതിലായിരുന്നു ചന്ദ്രന്റെ പങ്ക്.
വീടിനടുത്ത് ബസ്സിറങ്ങിയപ്പോൾ ഉത്സാഹമില്ലാതെ മ്ലാന വദനനായി നിന്ന ചന്ദ്രനെ അയാൾ സമാധാനിപ്പിച്ചു. ' സാരമില്ലെടാ.. ചെന്ന് തല ചായ്ക്കാൻ നോക്ക് .. നാളത്തെ കറവ തെറ്റണ്ട '

പുലർച്ചെ കൊല്ലങ്കോട്ടേക്ക് പോകുന്നതിന് ബ്സ് സ്റ്റോപ്പിലേക്ക് തിരക്കിട്ട് നടക്കുന്നതിനിടയിൽ എതിരെ ഓടിപ്പോകുന്ന 'കരയണ ' അമിണിയെ അയാൾ കണ്ടു.

അമ്മിണി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടാടുമ്പോൾ അയാൾ അവ്യക്തമായി കേട്ടു' ' ചന്ദ്രേട്ടൻ നാടു വിട്ടേ. കൂടെ ആ അറുവാണിച്ചിണ്ടേ… കറുപ്പന്റെ പെണ്ണ് .. അയ്യോ.. എനിക്ക് വയ്യായേ '

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സിഗററ്റ്

വർഷം തോറും മുറ തെറ്റിക്കാതെ നടന്നുവന്നിരുന്ന റിലാക്സേഷൻ ടൂറിലാണ് അനംഗദാസൻ. പതിവു ബഹളങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന ദിനങ്ങൾ. കുടുംബത്തോടൊപ്പമല്ലാത്ത അപൂർവ്വത കൂടിയുണ്ടായിരുന്നു ആ ദിവസങ്ങൾക്ക്.

അവർ അഞ്ചു പേരുണ്ടായിരുന്നു. ആരുടെ പക്കലും കാര്യമായ ലഗേജുകളില്ല. ശീതീകരിച്ച കാറിൽ തല ചായ്ച്ചിരുന്ന് എല്ലാവരും എന്തൊക്കെയോ ആലോചിച്ചിരിക്കുന്നു. കുറച്ചു സമയം കൊണ്ട് എല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിയാനുള്ള തയ്യാറെടുപ്പിലാവും.

പൊള്ളാച്ചിയെത്തുന്നതിനു മുൻപുള്ള ഹൈവേയിലെ നിരയായി തണൽ വിരിച്ച പുളിമരങ്ങൾക്കിടയിൽ വണ്ടി നിറുത്തുന്നതുവരെ തുടർന്ന മൌനം ഭഞ്ജിച്ചു അനംഗദാസൻ: തുടങ്ങാം അല്ലേ'....?

'ബക്കാർഡിയെന്ന സുന്ദരിയുടെ കഴുത്തു തടവിക്കൊണ്ട് ഷാജി തയ്യാറായി. ' വണ്ടി വിട് ഗ്ലാസ്സെടുത്തിട്ടില്ല' ' ജിതിരാജ് ഊർജ്ജസ്വലനായി.
അപ്പോഴാണ് ഗ്ലാസ് വാങ്ങുന്ന കാര്യം മറന്നെന്നോർത്തത്.

'പച്ചമുളകും ചെറുനാരങ്ങയും വാങ്ങണം' രാമനാണ്. പച്ചമുളക് ചീന്തി ഗ്ലാസിലിട്ടാലെ രാമന്റെ സ്റ്റൈലാവൂ

അടുത്തുള്ള കവലയിൽ വണ്ടി നിറുത്തി ആവശ്യമുള്ളതെല്ലാം വാങ്ങി വീണ്ടും യാത്ര തുടർന്നു.
രാമൻ വില കൂടിയ ഗ്ലാസുകൾ വാങ്ങിയിരുന്നു.
'കള്ള് കുടിക്കാൻ ഏതെങ്കിലും വെട്ടു ഗ്ലാസ് വാങ്ങിയാൽ പോരെ, അവനെപ്പോഴും എല്ലാം തികഞ്ഞത് വേണം, തിരിച്ച് പോരുമ്പോൾ കളയാനുള്ളതല്ലേ.. ' ചന്ദ്രന്റെ കമന്റ് .

' നീ മിണ്ടാതിരി.. നമ്മളുപയോഗിക്കുന്ന വസ്തുക്കൾക്ക് മിനിമം സ്റ്റാൻഡേർഡ് കീപ് ചെയ്യണ്ടെ' ' രാമനൊച്ചയിട്ടു.

ആലും മാവും പിണഞ്ഞ് ശിഖരങ്ങൾ നാലുപാടും പടർന്ന് നിറയെ നിഴലായി നിൽക്കുന്ന ആൽ മാവിനടുത്താണ് പിന്നീട് വണ്ടി നിറുത്തിയത്.

'നമ്മുടെ സാരഥിക്കറിയാം വണ്ടി എവിടെയാണ് നിറുത്തേണ്ടതെന്ന് ' തൂങ്ങികിടക്കുന്ന വേരുകളിൽ നോക്കി ചന്ദ്രൻ ഉരുവിട്ടു.


ആലും മാവും പ്രണയിച്ചൊന്നായി നിൽക്കുന്ന കാഴ്ചയിൽ അനംഗദാസൻ ബക്കാർഡിയുടെ അഗ്നിവേരുകൾ രുചിച്ചു തുടങ്ങി.

കനത്ത മൌനത്തിൽ തുടർന്നു പോന്ന പാനോത്സവം വിരസമായിരുന്നെങ്കിലും പ്രാകൃതമായ ഒരനുഷ്ഠാനത്തിലെന്ന പോലെ എല്ലാവരും തികഞ്ഞ ഗൌരവത്തിലായിരുന്നു. അവസാനം ആലിൻ വേരുകളിൽ പിടിച്ച് ഊഞ്ഞാലാടി ജിതിരാജ് ഉറക്കെ ഓരിയിടാൻ തുടങ്ങി.

കഴിഞ്ഞ ഒരു വർഷമായി എടുത്തണിഞ്ഞിരുന്ന സദാചാരത്തിന്റേയും മാന്യതയുടേയും മുഖം മൂടി അഴിച്ചു വെച്ചതിന്റെ അടയാളം മുഴക്കിയതാണ് ജിതിരാജ്..

പിന്നെയെല്ലാം തകൃതിയായി. രാമൻ തെറിപ്പാട്ട് തുടങ്ങി. കൂടെയെല്ലാവരും താളമിട്ടു. യാത്രക്ക് ശുഭാരംഭമായി.

ഇടക്കെപ്പോഴൊ മയക്കത്തിലേക്കാഴ്ന്നു പോയ അനംഗദാസൻ ആൽമാവിന്റെ വേരുകൾ ശരീരത്തിൽ ചുറ്റിവരിയുന്ന ഭീഷണമായ സ്വപ്നത്താൽ ഉണർത്തപ്പെട്ടു. വണ്ടി തഴച്ചു നിൽക്കുന്ന പലതരം പച്ചപ്പുകൾക്കിടയിലൂടെ ഹെയർപിൻ വളവുകൾ കയറിത്തുടങ്ങിയിരുന്നു.

പതിന്നാലാമത്തെ വളവിൽ വണ്ടികൾ നിറുത്തി ടൂറിസ്റ്റുകൾ പുറം കാഴ്ചകൾ കാണുന്നുണ്ട്. കനത്ത വേനലിൽ അകലെ കാണുന്ന വെള്ളിനാരു പോലെയുള്ള വെള്ളച്ചാട്ടം. താഴെ നിന്നും വന്നു കൊണ്ടിരുന്ന വാഹന വ്യൂഹങ്ങളുടെ കാഴ്ച ഉൾക്കിടിലമുണ്ടാക്കുന്നതായി. വളഞ്ഞു പുളഞ്ഞുള്ള വഴിയുടെ വശങ്ങൾ അഗാധ ഗർത്തങ്ങളായിരുന്നു.

ഒരു മല കഴിഞ്ഞ് പാലം കയറിയാൽ അടുത്ത മല തുടങ്ങുകയായി. ഹെയർ പിൻ വളവുകളിലൂടെ ദൂരങ്ങൾ താണ്ടി സമുദ്ര നിരപ്പിൽ നിന്നും മുവ്വായിരത്തഞ്ഞൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാല്പാറയിലെത്തിയപ്പോൾ തണുപ്പ് തുടങ്ങിയിരുന്നില്ല. തേയിലച്ചെടികളുടെ പച്ചപ്പിന്റെ സമൃദ്ധിയിൽ അലങ്കരിക്കപ്പെട്ടു കിടക്കുന്ന കുന്നുകൾ.

പമ്പിനടുത്ത് വിൻസന്റ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. പെരുമ്പാവൂർകാരനായ വിൻസന്റ് കുടുംബസമേതം വാല്പാറയിലാണ് താമസം. കാഴ്ചക്കാരായെത്തുന്ന മലയാളികൾക്ക് താമസവും ഭക്ഷണവുമൊരുക്കി സുഖമായി ജീവിക്കുന്നു. പത്തു സെന്റിൽ അടുക്കുകളായി നിർമ്മിച്ച ചെറിയ ഫ്ലാറ്റുകൾ. ടൈൽസിട്ട മുറികൾക്ക് ആവശ്യത്തിന് വലിപ്പവും വൃത്തിയുമുണ്ട്. വലിയ ഹാളിൽ മൂന്ന് ഡബിൾകോട്ടിട്ട് എല്ലാവർക്കും ഒരുമിച്ച് കിടക്കാനുള്ള സൌകര്യവുമൊരുക്കിയിട്ടുണ്ട്.

സന്ധ്യയോടെ താഴ് വാരങ്ങളിലെ തൊട്ടു തൊട്ടുള്ള തൊഴിലാളി വീടുകളിൽ വിളക്ക് തെളിഞ്ഞു കൊണ്ടിരുന്നു. തേയില തോട്ടങ്ങൾക്കിടക്ക് ഒറ്റപ്പെട്ടു നിൽക്കുന്ന മരങ്ങളിൽ ചേക്കേറിയ കിളികളുടെ രൂക്ഷതയാർന്ന കോലാഹലം പരിസരമാകെ ബഹളമയമാക്കി.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഏലക്കായ സുഗന്ധമുള്ള ചായയുമായി വിൻസന്റ് എത്തിയിരുന്നു.
'ഹായ് ഇത് മുതലാളിച്ചായയാണല്ലോ.. ' ഷാജിയാണ്.
ചാവക്കാട്ടെ പ്രമുഖ മുസ്ലിം തറവാടുകളിൽ ലഭിക്കുന്നതാണ് 'മുതലാളിച്ചായ '. പാല് തിളപ്പിച്ച് ഏലക്കായ ചതച്ചതും മേൽതരം പൊടിയുമിട്ട് ഉണ്ടാക്കിയെടുക്കുന്ന ചായ രുചിച്ചവരാരും മറക്കില്ലത്രെ!

ചാവക്കാട് തോട്ടാപ്പിൽ ഷാജിയുടെ വീട്ടിൽ ഒരിക്കൽ വിശ്രുത ചിത്രകാരൻ എം. എഫ്. ഹുസൈൻ വന്നിരുന്നു. മുതലാളിച്ചായ ഇഷ്ടത്തോടെ രണ്ട് കപ്പ് ആസ്വദിച്ച് അന്ന് കൈക്കുഞ്ഞായിരുന്ന ഷാജിയുമായുള്ള ഉമ്മയുടെ രേഖാ ചിത്രം വരച്ച് ഉപ്പയുടെ കയ്യിലേല്പിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. വീര്യം അകത്തു ചെല്ലുമ്പോൾ തികട്ടി വരുന്ന ഷാജിയുടെ കഥകളിലൊന്ന്.
'ഇന്ന് ചന്ത ദിവസമാണ്. നിങ്ങൾക്ക് വേണമെങ്കിൽ നഗരം ചുറ്റിയടിക്കാം. പൂവ് ചൂടിയ തമിഴ് യുവതികളെ കണ്ടാസ്വദിക്കാം.. വില കുറവിൽ ലഭിക്കുന്ന പച്ചക്കറികൾ വാങ്ങി വണ്ടിയുടെ ഡിക്കി നിറക്കാം..'

വിൻസന്റിന്റെ വാക് ധോരണി കേട്ട് അഞ്ചു പേരും പൊട്ടിച്ചിരിച്ചു.
'പൊന്നു സുഹൃത്തെ .. ഇതെല്ലാം വെണ്ടുവോളമുള്ളിടത്തുനിന്നുമാണ് ഞങ്ങൾ വരുന്നത്.. ആഘോഷിക്കാൻ വേണ്ടി മാത്രം വന്നതാണ്....'

ഭക്ഷണം എട്ടുമണിക്കെത്തിക്കാമെന്നേറ്റ് മെനുവുമായി വിൻസന്റ് പോയി.

ആഘോഷവേളയിലെപ്പോഴൊ രാമൻ കവിത ചൊല്ലി. ഷാജി ഉഷ്ണമകറ്റാൻ ദിഗംബരനായി. ഒരെണ്ണമടിച്ചപ്പോഴേക്കും ചന്ദ്രൻ വാൽ‌പ്പാറയിലെ തണുപ്പിലേക്ക്
ജനലിലൂടെ ഇളം മൂത്രമൊഴിച്ചു. ചപ്പാത്തിയെടുത്ത് തറയിലേക്കിട്ട് ബീഫ് റോസ്റ്റിൽ മുക്കി അനംഗദാസൻ വയറു നിറച്ചു. ഗ്രില്ലിൽ ഞന്നു കിടന്ന് ജിതിരാജ് സംതൃപ്തിയുടെ ഓരി മുഴക്കി. അഞ്ചാത്മാക്കളും അപ്പൂപ്പൻ താടിയായി പാറി നടന്നു.

വാല്പാറയിലെ തണുത്ത രണ്ടു രാത്രികൾ ഉന്മാദത്തിന്റേതായിരുന്നു.

മൂന്നാമത്തെ രാത്രി ഫ്രാങ്ക്ലിൻ ജോസഫിന്റെ വീട്ടിലേക്ക്. തേയിലചെടികൾ മാത്രമുള്ള നിമ്നോന്നതങ്ങളായ കുന്നിൻ ചെരുവുകളിലൂടെയുള്ള രസകരമായ യാത്ര. പച്ചമലയും കടന്ന് വിജനമായ പ്രദേശങ്ങൾ താണ്ടി വൈദ്യുതി വേലി കെട്ടി വേർതിരിച്ച കോമ്പൌണ്ടിലേക്ക് കാർ വേഗത കുറച്ച് കയറിത്തുടങ്ങി. ദൂരെ ഇടിഞ്ഞു വീഴാറായ പഴയൊരു തേയില ഫാക്ടറി കാണുന്നുണ്ടായിരുന്നു. ഏതോ സായ്പ് നടത്തിയ ഫാക്ടറിയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ വിട്ടു പോകുമ്പോൾ മറ്റാർക്കും കൈമാറാതെ പോവുകയായിരുന്നുവത്രെ അയാൾ..

തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ജോലിക്കാർ മറ്റ് കമ്പനികളിലേക്ക് കുടിയേറി. സായ്പിന്റെ നിത്യ സ്മാരകമായ കെട്ടിടം ഇപ്പോഴും
പൂർണ്ണമായും നിലം പൊത്തിയിട്ടില്ല.

ഒറ്റപ്പെട്ടു നിൽക്കുന്ന ഇരു നില ബംഗ്ലാവിലാണ് ഫ്രാങ്ക്ലിൻ ജോസഫ് താമസിക്കുന്നത്. വീടിനു പുറകുവശത്തെ ഇരുണ്ട തേക്കിൻ കാട്ടിൽ കാട്ടു പന്നികളുടെ മുരൾച്ച കേൾക്കാമായിരുന്നു. പച്ചമല ടീ എസ്റ്റേറ്റിലെ മേനേജരാണ് ഫ്രാങ്ക്ലിൻ ജോസഫ്.

വല്ലപ്പോഴും വന്നെത്തുന്ന സുഹൃത്തുക്കളുമായി ഏകാന്തതയോട് മല്ലിടുമ്പോൾ പഴയ കാല സ്മൃതികളുണർന്ന് തണുപ്പൊഴിഞ്ഞ ഓർമ്മയുടെ നെരിപ്പോടുകൾ ആളിക്കത്തുമായിരുന്നു.

കാട് കയറിയ സംഭാഷണങ്ങൾക്കിടയിൽ ആഷ്ട്രേയിൽ കുമിഞ്ഞ ചാരത്തിൽ കണ്ണുടക്കിയ ഷാജി സിഗററ്റ് ആവശ്യപ്പെട്ടു. കാലിയായ സിഗററ്റ് പാക്കറ്റുകൾ. ചിതറികിടക്കുന്ന കുറ്റികൾ. സുഹൃത്തുക്കൾക്കാവശ്യമായ സിഗററ്റ് കരുതിവെക്കാത്തതിൽ ഫ്രാങ്ക്ലിൻ ജോസഫിന് വിഷമമായി.

'വലി ഇനി നാളെയാവാമല്ലൊ.. ' അനംഗദാസൻ ഇടപെട്ടു.

'പറ്റില്ല.. സമയം പന്ത്രണ്ടായതേയുളു.. ഈ തണുത്ത വാല്പാറ രാത്രി തുടങ്ങിയിട്ടേയുള്ളു. '

'ഫ്രാങ്ക്ലിൻ അവിടെയിരുന്നോളു.. ഞങ്ങൾ വണ്ടിയുമായി പോയി ഇപ്പൊ വരാം ' രാത്രിയുടെ സുഗന്ധം ആസ്വദിക്കുകയുമാവാമല്ലോ.. ' ചന്ദ്രൻ ഉഷാറായി.
' നിങ്ങൾക്ക് വഴി തെറ്റിയാലോ.. '
' നിന്റെ പ്രേത ഭവനം നിലാവത്ത് തിളങ്ങുകയല്ലേ.. ' പിന്നെങ്ങനെ വഴി തെറ്റും. '
' ടാ.. വഴിയിൽ വല്ല പുലിയൊക്കെയുണ്ടാവും സൂക്ഷിച്ചോളണേ ' ഫ്രാങ്ക്ലിന് ആധിയൊഴിയുന്നില്ല.

ഷാജിയാണ് വണ്ടിയോടിക്കുന്നത്. സിഗററ്റ് വിൽക്കുന്ന കട കണ്ടെത്തണമെങ്കിൽ വാല്പാറ വരെ പോകേണ്ടി വരും. തേയില ചെടികളുടെ ഇരുണ്ട പച്ചപ്പിലൂടെയുള്ള മടക്ക യാത്ര രസകരമായിരുന്നു. പ്രധാന നിരത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും എതിർ ദിശയിൽ നിന്നും പോലീസ് ജീപ്പ് വരുന്നത് കണ്ടു.

'കൈ കാണിച്ചാൽ കുടുങ്ങുമല്ലോ ഷാജി.. വെള്ളമടിച്ച് വണ്ടിയോടിച്ചതിന് പെറ്റിയടക്കേണ്ടി വരും '. അനംഗദാസൻ ഷാജിയെ ഓർമ്മിപ്പിച്ചു.
'എന്നാൽ നമുക്കൊരു കാര്യംചെയ്യാം ഈ ചെറിയ റോഡിലൂടെ തിരിഞ്ഞു പോയി അപ്പുറത്തു കൂടെ മെയിൻ റോഡിലേക്ക് കയറാം.' ഷാജി സാമാന്യ ബോധം പ്രകടിപ്പിച്ചു.
വണ്ടി ചെറിയ റോഡിലൂടെ തിരിഞ്ഞ് പ്രധാന നിരത്തിലേക്കിറങ്ങി. ഗ്ലാസ് താഴ്ത്തിയിട്ടപ്പോൾ തേയില ചെടികളിൽ തളിച്ച കീടനാശിനിയുടെ മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിലേക്കടിച്ചു കയറി.
വീണ്ടും അകലെനിന്നൊരു ജീപ്പ് പ്രത്യക്ഷപ്പെട്ടു.
'.. അവര് പിന്നെയും.. ' ഷാജി ശബ്ദമുയർത്തി.
'ഒന്നു പോടാ.. പോലീസ് കൈ കാണിച്ചാൽ നിർത്താണ്ട് പോകാം ഗുണ്ടകളാണെന്ന് കരുതി അവർ പുറകെ വരില്ല.. അതാ ഇവിടത്തെ
സ്റ്റൈൽ..' ഫ്രാങ്ക്ലിൻ പറഞ്ഞത് നീ കേട്ടതല്ലേ. '. ചന്ദ്രൻ പറഞ്ഞു.

'നിനക്കൊറപ്പുണ്ടെങ്കിൽ അങ്ങന്യായിക്കോട്ടെ.. അതും ഒരു രസല്ലേ.. അങ്ങട് കത്തിച്ച് വിട്ടോടാ..' ജിതിരാജ് പ്രകോപിതനായി.

അടുത്തു വന്ന ജീപ്പിൽ നിന്നും പോലീസുകാരൻ വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു. തയ്യാറായിരുന്ന ഷാജി ആക്സിലേറ്ററിൽ കാലമർത്തി. മോശം റോഡിലൂടെ വാഹനം വേഗത കൂട്ടിയോടി.
കൂടുതൽ ഉത്സാഹത്തോടെ എല്ലാവരും കാഴ്ചകളിലേക്ക് കണ്ണയച്ചു. നിലാവിൽ ഇലകളിൽ തിളങ്ങുന്ന മഞ്ഞുകണങ്ങൾക്കു മുകളിലൂടെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉയർച്ച താഴ്ചകളിലേക്ക് ഉരുണ്ടു പോകുവാൻ അനംഗദാസന് അദ മ്യമായ ആഗ്രഹം തോന്നി.
അകലെ നിന്നും അടുത്തടുത്ത് വരുന്ന സയറൺ ആദ്യം ശ്രവിച്ചത് ഷാജിയായിരുന്നു. '.. പോലീസ് പുറകെ വരുന്നുണ്ട് '
'കത്തിച്ച് വിട്.. ഏതെങ്കിലും ചെറിയ വഴിയിലേക്ക് കയറി രക്ഷപ്പെടാം '

കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ വണ്ടി ചീറിപ്പാഞ്ഞു. പോലീസ് ഒപ്പമെത്താറായി. ഒരു ഹെയർപിൻ വളവ് വേഗതയിൽ തിരിച്ചെടുത്തപ്പോൾ കാർ മറിഞ്ഞെന്നു കരുതി അനംഗദാസൻ കണ്ണുകൾ ഇറുക്കിയടച്ചു.
'മതി നിറുത്ത്.. അല്ലെങ്കിൽ നമ്മുടെ യാത്ര മരണത്തിലേക്കാവും.. ' ജിതിരാജിന് വിവേകമുദിച്ചിരിക്കുന്നു.
കുടിച്ചിരിക്കുന്ന മദ്യത്തിന്റെ കെട്ട് വിട്ട് എല്ലാവരും ജാഗരൂകരായി.


ഒപ്പം വന്നെത്തിയ പോലീസ് വാഹനം നിറുത്തിയപ്പോൾ ഉയർന്ന ശബ്ദം കാറിലുള്ളവരെ വിറപ്പിക്കാൻ പര്യാപ്തമായിരുന്നു. അസാധാരണ ശബ്ദമുയർന്നപ്പോൾ മൌനത്തിലാണ്ട പരിസര പ്രദേശങ്ങളിൽ നിന്നും നയ്ക്കളുടെ കുര ഉയർന്നു.

ഷാ‍ജിയെ ഡ്രൈവിംഗ് സീറ്റിൽ നിന്നും വലിച്ചു താഴേക്കിട്ട് കനമുള്ള റൂൾ വടി കൊണ്ട് ഓങ്ങിയടിച്ചപ്പോൾ ഉയർന്ന ആക്രന്ദനം ഭീതിദമായി.
മുൻ സീറ്റിൽ നിന്നും ജിതിരാജിനെ ചവിട്ടിക്കൂട്ടി എറിയുന്ന കാ‍ഴ്ച ചന്ദ്രന്റെ ബർമുഡയിലെ നനവിന്റെ കിനിവായി.
കാറിന്റെ പുറകിലെ വാതിൽ തുറക്കാനുള്ള പോലീസുകാരുടെ ശ്രമം വിഫലമാക്കിക്കൊണ്ട് അനംഗദാസൻ ലോക്കിലമർത്തിപ്പിടിച്ചു. രണ്ടു പോലീസുകാർ പണിപ്പെട്ട് ഇരു വശത്തിലിരിക്കുന്നവരെ ഇളക്കിയെടുത്തപ്പോൾ ലഭിച്ച സാവകാശത്തിലൂടെ അനംഗദാസൻ ഡോർ തുറന്ന് തേയിലച്ചെടികൾക്കിടയിലൂടെ കുന്നിൻ പുറത്തേക്കോടി. അസംഖ്യം കാലടികൾ പിന്തുടരുന്നുണ്ടായിരുന്നു.

അരമണിക്കൂറോളം അയാൾ തേയിലച്ചെടികൾക്കിടയിൽ മറഞ്ഞിരുന്നു. ജീപ്പും കാറും അകന്നു പോകുന്ന ശബ്ദം കേട്ട് പരിസര വീക്ഷണത്തിന് മുതിർന്നു.

ചുറ്റിലും ഇരുണ്ട നിഴൽ വിടർത്തി തേയില ച്ചെടികൾ. നിമിഷങ്ങൾക്കകം പരന്നൊഴുകിയിറങ്ങിയ കോടയിൽ അയാൾക്ക് കാഴ്ച മറഞ്ഞുപോയി. തണുപ്പിന്റെ സൂചിമുനകൾ ഓട്ടത്തിനിടയിൽ ചെരുപ്പ് നഷ്ടപ്പെട്ട പാദങ്ങളെ മരവിപ്പിച്ചു.

പിന്നീടയാൾ ഓടുകയായിരുന്നു. ശരീരം ചൂടാക്കാൻ വേറെ മാർഗ്ഗമില്ല. വഴിമുട്ടുന്ന ചെടികൾക്കിടയിൽ വഴിയറിയാതെയുള്ള ഓട്ടം തണുപ്പിനെയകറ്റാൻ ഉപകരിച്ചു.

നിലാവിൽ പെയ്തിറങ്ങിയ മേഘങ്ങൾ പോലെ മഞ്ഞിൽ പൊതിഞ്ഞ തേയിലകൾ തിളങ്ങി. കുറച്ചു നേരത്തെ ശ്രമഫലമായി അനംഗദാസൻ നിരത്തിലേക്കെത്തിച്ചേർന്നു. ദിശയറിയാതെ എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ പിന്തുടരുന്ന തിളങ്ങുന്ന കണ്ണുകളുടെ കാഴ്ചയിൽ ഉൾക്കുളിരോടെ അയാളറിഞ്ഞു. കാട്ടു നായ്ക്കളിൽനിന്നും രക്ഷാമാർഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു.ഇതിലും ഭേദം പോലീസായിരുന്നുവെന്ന ചിന്ത അശുഭ ലക്ഷണമായി മനസ്സിലുയർന്നു.

റോഡരികിൽ കൂട്ടിയിരുന്ന മെറ്റൽകൂനയിൽ വീഴാൻ തുടങ്ങിയെങ്കിലും ചെറിയ മെയ് വഴക്കത്തോടെ അതിൽ നിന്നും രക്ഷപ്പെട്ടു. തീർച്ചയായും അവസാനത്തെ വീഴ്ചയാകുമായിരുന്നു. കാട്ടു നായ്ക്കൾ കടിച്ചു കീറിയ എല്ലിൻ കഷണങ്ങൾ തോട്ടം തൊഴിലാളികൾ കണ്ടെത്തുമായിരുന്നു.

കുനിഞ്ഞെടുത്ത മെറ്റൽ കഷണങ്ങൾ തിരിഞ്ഞുനിന്ന് അതിശക്തിയോടെ അയാൾ എറിയാൻ തുടങ്ങി. നിറുത്താതെ തുടർന്ന കല്ലേറിനൊടുവിൽ അയാൾ തളർന്നു പോയി. ഭാഗ്യം തുണച്ചിരിക്കുന്നു അവ അപ്രത്യക്ഷമായി.

വിജനമായ പ്രദേശങ്ങൾ. എന്തെങ്കിലും സംഭവിച്ചാൽ ആരുമറിയില്ല. പാമ്പിന്റെ കടിയായൊ , കാട്ടു മൃഗത്തിന്റെ ആക്രമണമായൊ പുറകിൽ മരണമുണ്ട്. മരണ ഭയം തളർത്തിയ കാൽ വെപ്പുകൾക്ക് ഇടർച്ചയുണ്ടായിരുന്നു.

അകലെ നിന്നും ഒരു വാഹനത്തിന്റെ ഹെഡ് ലൈറ്റ് കണ്ട് അനംഗദാസൻ പ്രതീക്ഷയോടെ കൈകാണിച്ചു. വേഗത കുറക്കാതെ കടന്നു പോയ ടെമ്പൊ വാനിൽ ഡ്രൈവർ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. അനംഗദാസൻ അയാളുടെ ദൃഷ്ടിപഥത്തിലില്ലായിരുന്നു. അവസാന യാമങ്ങളിൽ അണ്ണാമല മല നിരകളിൽ നിന്നുമിറങ്ങിവരുന്ന പ്രേതാത്മാക്കളിൽ ഡ്രൈവർക്കൊട്ടും താല്പര്യമില്ലായിരുന്നു.

തേയില തോട്ടങ്ങൾ അവസാനിക്കുന്നയിടത്തു നിന്നും നിരത്ത് രണ്ടായി തിരിഞ്ഞു. എവിടേക്കാണെന്ന് നിശ്ചയമില്ലാതെ നിൽക്കുമ്പോൾ പോത്തിൻ കൂട്ടങ്ങളെ നയിച്ചു കൊണ്ട് ഒരാൾ ഇടതു വശത്തേക്ക് തിരിഞ്ഞു പോകുന്നത് കാണപ്പെട്ടു.

അയാളുടെ പൂറകിൽ ചന്തയിലേക്കെത്താമെന്ന പ്രതീക്ഷയോടെ നടക്കാൻ തുടങ്ങി. അപരിചിതനെ സംശയത്തോടെ നോക്കി വലിയ വടി ചുഴറ്റി അയാൾ അനംഗദാസനെ ഭയപ്പെടുത്തി.

ഭീഷണമായ അംഗ ചലനങ്ങൾ ശ്രദ്ധിക്കാതെ അനംഗദാസൻ പിന്തുടർന്നു കൊണ്ടിരുന്നു. മനുഷ്യനെ കണ്ട ആശ്വാസത്താൽ ഭയത്തിന്റെ നീരാളിപ്പിടിയിൽ നിന്നും അയാൾ കുറേശ്ശെ മോചിതനായി.

ഒരു സിഗററ്റ് വരുത്തിവെച്ച വിനയെക്കുറിച്ചോർക്കാതിരിക്കാൻശ്രമിച്ചു. തണുത്ത് മരവിച്ച ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സിഗററ്റിന് കഴിയുമായിരുന്നുവെങ്കിലും അയാളതാഗ്രഹിച്ചില്ല.

ചുടു ചായക്കായി വരണ്ട തൊണ്ട. ഭ്രമകല്പനകളാൽ പകച്ച മനസ്സ്. സുഹൃത്തുക്കൾക്കെന്ത് സംഭവിച്ചുവെന്ന ആധി. തെറ്റായ തീരുമാനങ്ങൾ അനുഭവങ്ങളാകുമെന്ന തിരിച്ചറിവ്. ജീവിതത്തിന്റെ കാണാചുഴികളിൽ അകപ്പെട്ട അനംഗ ദാസൻ കൊടും തണുപ്പിലും വിയർത്തൊഴുകി.

പോലീസ് കൈ കാണിച്ചപ്പോൾ ഷാജിക്ക് നിറുത്താമായിരുന്നു. സിഗററ്റ് ആവശ്യപ്പെടാതിരിക്കാമായിരുന്നു. ഫ്രാങ്ക്ലിൻ ജോസഫിന് കൂടെ വരാമായിരുന്നു. അപ്രകാരമായിരുന്നെങ്കിൽ ഇത്തരമൊരവസ്ഥ സംജാതമാകില്ല.

പുലർന്നിട്ടും സുഹൃത്തുക്കൾ തിരിച്ചു വന്നില്ലെന്ന അറിവോടെ ഉണർന്ന ഫ്രാങ്ക്ലിൻ ജോസഫ് പരിഭ്രാന്തിയിലായി.

യഥാർത്ഥത്തിൽ അയാൾ അവരെ കാത്തിരിക്കുകയായിരുന്നു. ഉറങ്ങിപ്പോയതെപ്പോഴാണെന്ന് ഓർക്കാൻ സാധിക്കുന്നില്ല.

ടൌണിലൂടെയും തേയിലതോട്ടങ്ങൾക്കിടയിലൂടെയും പരിചയ സമ്പന്നനായ അയാൾ വണ്ടിയോടിച്ചു കൊണ്ടിരുന്നു. സുഹൃത്തുക്കൾ സ്ഞ്ചരിച്ചിരുന്ന കാർ പോലും കണ്ടെത്താനാകാതെ വിഷമ വൃത്തത്തിലായി.

അവസാനം നല്ല മുടി പൂഞ്ചോലയിലെ സൂയിസൈഡ് പോയന്റിലേക്ക് ജീപ്പോടിച്ച് കയറ്റി. സുഹൃത്തുക്കൾക്കെന്തൊ ആപത്ത് പിണഞ്ഞിരിക്കുന്നുവെന്ന തോന്നലിൽ അയാൾ അതീവ ദുഖിതനായി.

താഴെ കാണുന്ന അഗാധ ഗർത്തത്തിലേക്ക് കോടമഞ്ഞ് തെന്നി നീങ്ങിക്കൊണ്ടിരുന്നു. മധുരിക്കുന്നൊരു വെണ്മാടമായി ജീവത്യാഗം ചെയ്യാൻ വരുന്ന ശുദ്ധാത്മാക്കളെ കാത്തിരിക്കുന്നയിടം.

സഞ്ചാരികൾക്ക് മഴരക്ഷക്കായി നിർമ്മിച്ച ഷെഡ്ഡിൽ ആരോ കിടക്കുന്നുണ്ടായിരുന്നു. നടന്നു തളർന്നു വഴിമുട്ടിയ അനംഗദാസനായിരുന്നു.

വാല്പാറ സ്റ്റേഷനിൽ നിന്നും പതിവ് പെട്രോളിംഗിനിറങ്ങിയത് ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു. എസ് ഐ നേതൃത്വം നൽകുമ്പോൾ നിറുത്താത്ത വണ്ടികൾ കണ്ടാൽ കണ്ണടക്കുകയാണ് പതിവ്.

ഓടി രക്ഷപ്പെട്ട പെണ്ണിനെ സ്റ്റേഷനിലെത്തിച്ചാൽ നാലു പേരെയും വിട്ടയക്കാൻ എസ് ഐ തയ്യാറായിരുന്നു. രക്ഷപ്പെട്ടയാൾ അനംഗദാസനാണെന്നറിയിച്ചിട്ടും
വിശ്വസിക്കാൻ തയ്യാറായില്ല. അവസാനം വില പേശിയുറപ്പിച്ച് സംഖ്യ നൽകി ഫ്രാങ്ക്ലിൻ ജോസഫ് സുഹൃത്തുക്കളെയും കൊണ്ടിറങ്ങി.

മടക്കയാത്ര മൌനത്തിലായിരുന്നു. ലാത്തിയടിയേറ്റ് തിണർത്ത പാടുകൾ കരുവാളിച്ച് കിടന്നിരുന്നു. അനംഗദാസൻ രക്ഷപ്പെട്ടത് നന്നായി, അല്ലെങ്കിൽ തെളിയാത്ത കേസുകൾ കെട്ടിവെച്ച് ജയിലിലാകുമായിരുന്നുവെന്ന് സുഹൃത്തുക്കൾ സമാധാനിപ്പിച്ചുവെങ്കിലും താൻ സ്വാർത്ഥതയുടെ പ്രതീകമായല്ലോയെന്നോർത്ത് അനംഗദാസന് കുറ്റ ബോധം തോന്നി. നാട്ടിലെ വ്യത്യസ്ത പദവികളുടെ വേഷങ്ങൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

2011, മാർച്ച് 3, വ്യാഴാഴ്‌ച

മന്ദാകിനി

വാരി വലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങൾക്കിടയിൽ നിന്നുമെഴുന്നേറ്റ് വരുന്ന അയാൾ ഏതോ സഞ്ചാര സാഹിത്യത്തിൽ നിന്നും പുറത്തു ചാടിയ യാത്രക്കാരനാണെന്ന് തോന്നി. വേഷത്തിലോ ഭാവത്തിലോ മന:സാന്നിദ്ധ്യം തീരെയില്ലാത്തതുപോലെ.

ഹാളിൽ കൂടിയിരിക്കുന്ന എല്ലാവരും അയാളെ സഹതാപത്തോടെ വീക്ഷിക്കുന്നുണ്ട്. ഭാര്യയുടെ ചേതനയറ്റ ശരീരത്തിനരികിൽ മകൾ കണ്ണീർ പൊഴിച്ചു കൊണ്ടിരിക്കുന്നു.

ഇടക്കയാൾ വായനാമുറിയിൽ നിന്നും പുറത്തേക്ക് വന്നെത്തി നോക്കി വീണ്ടും അങ്ങോട്ട് പോകും. വർഷങ്ങളായി ആ വലിയ വീട്ടിൽ അയാൾ കൂടുതൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് വായനാമുറിയാണ്. ടെലിവിഷന്റെ മടുപ്പിക്കുന്ന പരമ്പരകളിൽ നിന്നും ഭാര്യയുടെ തേഞ്ഞ കുശുമ്പുകളിൽ നിന്നും രക്ഷ നേടാൻ വേണ്ടി അഭയം പ്രാപിക്കുന്ന രക്ഷാ സങ്കേതമാണ് വായനാമുറി.

ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ഉണ്ടായപ്പോഴെല്ലാം അയാൾ ഏറ്റവും കൂടുതൽ തങ്ങിയത് വായനാമുറിയിലാണ്. ഇപ്പോൾ ഭാര്യയുടെ മരണത്തെ അഭിമുഖീകരിക്കാനുള്ള കരുത്ത് നേടിയതും അവിടെനിന്നു തന്നെ.

ഒരാൾ മരണ സമയത്ത് കഴിഞ്ഞ കാലം മുഴുവനായും ഒർത്തെടുക്കുമെന്ന് കേട്ടിട്ടുണ്ട് അപ്രകാ‍രമെന്നോണം അയാളിപ്പോൾ സ്മരണയുടെ കയങ്ങളിൽ നീന്തിത്തുടിക്കുകയാണ്. എവിടെ നിന്നായിരുന്നു തുടക്കം.. പഠന കാലത്തെ ഒഴിവുകാലം തന്നെയായിരുന്നു..
എല്ലാവരും ഓണം വെക്കേഷന് നാട്ടിലേക്ക് പോയപ്പോൾ അയാൾ ഹോസ്റ്റലിൽനിന്നും സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. പരസ്പരം സംസാരിക്കാതെ ഒരേ കൂരക്ക് കീഴിൽ മാതൃകാ ദമ്പതികളായി കഴിയുന്ന മാതാപിതാക്കളെ കാണാൻ താല്പര്യമില്ലായിരുന്നു. അകലങ്ങളിൽ കഴിയുന്നവരെ അടുത്തു കാണുന്ന ജാലവിദ്യ ദാമ്പത്യത്തിൽ മാത്രമായിരിക്കും കാണപ്പെടുക.

ദരിദ്രർ തിങ്ങിപാർക്കുന്ന നാല് സെന്റ് കോളനിക്കടുത്തായിരുന്നു ജയന്റെ വീട്. അദ്ധ്യാപകരായ അച്ഛനും അമ്മയും ജയനുമടങ്ങിയ കുടുംബം. വീട്ടിൽ സ്നേഹ ശീതളിമയുണ്ടായിരുന്നു. ജയന്റെ ബന്ധുക്കളും കൂട്ടുകാരുമൊക്കെയായി ഒഴിവുകാലം പോയതറിഞ്ഞില്ല. തിരിച്ചു പോരുമ്പോൾ പ്രണയ നൊമ്പരമായൊരു പെൺകുട്ടി ഉള്ളിൽ ചേക്കേറിയിരുന്നു.

കാരണമായത് ജയനും സുഹൃത്തുക്കളുമൊപ്പിച്ചൊരു കുസൃതി.

നാല് സെന്റ് കോളനിയിലേക്കുള്ള ഇടവഴി ജയന്റെ വീടിന്റെ തെക്കു ഭാഗത്തു കൂടെയാണ്. സന്ധ്യ കഴിഞ്ഞാൽ കോളനിവാസികൾ വയറു നിറയെ കള്ളും പേറി ഇടവഴിയിലൂടെ പാട്ടും മേളവുമൊക്കെയായി പോകുന്നത് കാണാം. ഇടവഴിയുടെ പടിഞ്ഞാറു ഭാഗത്തെ താമസക്കാരനായ വാസു വേച്ചു വേച്ചു നടന്നു പോകുന്നത് കാണാറുണ്ട്. വാസുവിന് മൂന്ന് പെൺ മക്കളാണ്.
പതിവു പോലെ ആനമയക്കിയും കുഴിമിന്നിയുമടിച്ച് വാസു വീടിന്റെ ചവിട്ടു പടികൾ കയറുകയാണ്. കൂട്ടുകാരിലൊരാൾ കല്ലിൽ പൊതിഞ്ഞൊരു കടലാസ് വാസുവിന്റെ ഉമ്മറം ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു. കൃത്യം കാൽക്കൽ തന്നെ ചെന്നു വീണ കടലാസു കഷണം കുനിഞ്ഞെടുത്ത് വാസു കയ്യിൽ നിവൃത്തി പിടിച്ചു.: എടാ.. ആരാ.. ഇതെറിഞ്ഞത്. ചോണ്യൊള്ളോര് വരിനെടാ..
എല്ലാവരും ഒളിച്ച് കഴിഞ്ഞിരുന്നു കടലാസിലെ അക്ഷരങ്ങൾ നോക്കി വാസു ഉറക്കെ പ്രഖ്യാപിച്ചു: എടീ മന്ദാകിനീ… ഇതു നിനക്കുള്ള പ്രേമലേഖനമല്ലേടീ.. കഴുവേറീടെ മോളെ.. ഞാൻ ഇപ്പൊ ശെര്യാക്കിത്തരാം.. വാസു കൊടുങ്കാറ്റു പോലെ അകത്തേക്കോടുന്നു.
അകത്ത് മന്ദാകിനിയുടെ അനിയത്തിമാരുടെ നിലവിളികൾ: അയ്യോ ..വേണ്ടച്ഛാ.. ചേച്ചിക്കൊന്നുമറിയില്ല. ..
സുഹൃത്തുക്കൾ ആർത്തു ചിരിക്കുകയാണ്. " കഴിഞ്ഞിട്ടില്ലെടാ. കുറച്ച് സമയം കൂടി വെയ്റ്റ് ചെയ്യ്.. ക്ലൈമാക്സ് കാണാൻ പോകുന്നേയുള്ളു.." ജയൻ വിളിച്ചു പറഞ്ഞു.
വാസു വീര പരിവേഷത്തോടെ ഷർട്ടഴിച്ചിട്ട് കൈകൾ മൂരി നിവർത്തി ഇല്ലാത്ത മസിൽ പെരുപ്പിച്ച് കാട്ടി ഉമ്മറത്ത് നിൽക്കുകയാണ്.
അല്പം കഴിഞ്ഞപ്പോൾ വാസുവിന്റെ ഭാര്യ മീനാക്ഷി ഇടവഴിയിലേക്ക് തിരിഞ്ഞ് വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. കൈനോട്ടക്കാരിയായ മീനാക്ഷി തത്തക്കൂട് ചരടിൽ കെട്ടി വലിച്ചാണ് കൊണ്ടു പോകുന്നത്. അവളുടെ നടത്തം കണ്ടപ്പോഴെ അല്പം അടിച്ചിട്ടുണ്ടോന്ന് സംശയം.

മീനാക്ഷി വാസുവിനെ നോക്കി നീട്ടിയൊന്ന് മുറുക്കി തുപ്പി അകത്തേക്ക് കയറിപ്പോയി. തത്തക്കൂട് അനാഥമായി മുറ്റത്ത് കിടക്കുന്നുണ്ട്. അപ്പുറത്തുനിന്നും ഓടിയെത്തിയ പൂച്ച തത്തയെ പിടിക്കാൻ കൈ കൂട്ടിലേക്ക് കടത്താൻ ശ്രമിക്കുന്നുണ്ട്.

തത്തയുടെ ചിറകടിയും കരച്ചിലും കേട്ട് ഓടിയെത്തിയ മന്ദാകിനിയുടെ ഇളയ അനിയത്തി കൂട് അകത്തേക്ക് കൊണ്ട് പോകുന്നതിനിടയിൽ അച്ഛനോട് വിളിച്ച് പറഞ്ഞു.. " അച്ഛാ അമ്മ വിളിക്ക്ണ്ണ്ട്'
വാസു മീശയൊക്കെ പിരിച്ച് അകത്തേക്ക് കയറി.
“സിനിമാപാട്ടെഴുത്യാ.. പ്രെമലേഖനാവോ.." മനുഷ്യാ.. നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ ആവശ്യല്ലാതെ ന്റെ കുട്ട്യോളെ അടിക്കരുതെന്ന്.. സ്കൂളീ.. പോകാത്തേന്റെ കൊഴപ്പാ.. ഇനി ഇതാവർത്തിക്കോ " അകത്തുനിന്ന് വാസുവിന്റെ ഞരക്കവും മൂളലും കേൽക്കുന്നുണ്ട് . ആരെങ്കിലും ചത്തു പോകുമോയെന്ന് ഭയന്നു.

കുറച്ച് കഴിഞ്ഞപ്പോൾ വാസു കട്ടിളപ്പടിയിന്മേൽ പിടിച്ച് അവശതയോടെ പുറത്തേക്ക് വന്നു. ആസ്ത്മാ രോഗി വലിക്കുന്നതു പോലെ ശക്തിയായി വലിക്കുന്നുണ്ടായിരുന്നു. മീനാക്ഷി കൈമുട്ടു മടക്കിയിടിക്കുന്നതിൽ മിടുക്കിയാണത്രെ.

സിനിമാ പാട്ടെഴുതി കല്ല് ചുരുട്ടിയെറിഞ്ഞ് പ്രേമലേഖനമാക്കുന്ന വിദ്യ കൂട്ടുകാർ കാണിച്ചു തന്നു. ഒപ്പം മന്ദാകിനിയെന്ന സൌന്ദര്യം തികഞ്ഞൊരു യുവതിയുടെ ഗതികേടും കണ്ടറിഞ്ഞു.

രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോഴും വാസുവിന്റെ വീട്ടിൽ നിന്നും മീനാക്ഷിയുടെ ശബ്ദ കോലാഹലങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. മന്ദാകിനി കൈനോട്ടത്തിനു സഹായിയായി കൂടെ ചെല്ലാത്തതിനുള്ള ശകാരമായിരുന്നു.

ഒഴിവുകാലമാഘോഷിച്ച് തിരിച്ച് ബാംഗ്ലൂരിലേക്ക് ഞങ്ങൾ കയറിയ ബസ്സിൽ അവിചാരിതമായിട്ടല്ലാതെ മന്ദാകിനിയുമുണ്ടായിരുന്നു. അലക്ഷ്യമായി മുടി പിന്നിലേക്ക് വിടർത്തിയിട്ട് കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി കയറിയ അവൾ എങ്ങോട്ടാണെന്നറിയാതെ ഞങ്ങൾ പകച്ചിരുന്നു.

വടിവൊത്ത ശരീരഘടനയും മെയ്ക്കപ്പിലൊളിയാത്ത രൂപ ഭാവങ്ങളും അയാളെ അവളിലേക്കടുപ്പിച്ച ഘടകങ്ങളായിരുന്നു. മൂന്നു പേർക്കിരിക്കാവുന്ന അവളിരുന്ന സീറ്റിൽ നിന്നും രണ്ടു സ്ത്രീകൾ ഇറങ്ങിയപ്പോൾ അയാളും ജയനും പെട്ടെന്ന് അവിടേക്ക് കയറിയിരുന്നു. അവളെ നോട്ടമിട്ട ഡ്രൈവറുടെ എതിർവശത്തിരുന്ന കൊമ്പൻ മീശക്കാരന് അതൊട്ടും ഇഷ്ടമായില്ല അവരെ നോക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എവിടേക്കാണെന്ന് മന്ദാകിനിക്ക് നിശ്ചയമുണ്ടായിരുന്നു. അമ്മയുടെ നിർബന്ധങ്ങൾക്ക് വഴങ്ങിയില്ലെങ്കിലും ജീവിതം വൃത്തികേടുകൾക്കിടയിലാവും
ബാംഗ്ലൂരിലേക്ക് അവർ പോകുന്ന ദിവസം തിരക്കിവെച്ചിരുന്ന അവൾക്ക് മറ്റൊരു സാധ്യതയില്ലായിരുന്നു. തൽക്കാലം നിന്നു തിരിയാനൊരു ജോലി അവർ മുഖേന ലഭിക്കുമെന്നവൾ വിശ്വസിച്ചിരുന്നു.

ജയന്റെ കണ്ണിൽ ആഗ്രഹ പൂർത്തീകരണത്തിന്റെ ചാരിതാർത്ഥ്യമായിരുന്നു. അവളുടെ സ്ത്രീത്വത്തിന്റെ മുഴപ്പും തുടുപ്പും ആവോളമാസ്വദിച്ച് പെഴയാവാൻ ഇറങ്ങിത്തിരിച്ച അവളെ പെഴക്കാൻ വിടുക.

അയാൾക്കവൾ ലഹരിയായി. ജീവിത സഖിയായി. അവളുടെ കണ്ണുകളിൽ കാമത്തിനു പകരം സ്നേഹമാണെന്നറിഞ്ഞു. കിട്ടാത്ത, കൊടുക്കാത്ത സ്നേഹത്തിന്റെ പകൽ പൂരം. തിളക്കങ്ങളിലും പൊലിമയിലും അതിനെ വെല്ലാൻ മറ്റൊന്നില്ലായിരുന്നു.

സുഹൃത്തിനു വേണ്ടി കാമത്തെയൊഴിവാക്കി സ്നേഹത്തെ പുണരാൻ നിർബന്ധിതനായ ജയനെ ദേവദാസി തെരുവുകളിലൂടെ നാല് ഞായറാഴ്ചകളിൽ തേരോട്ടം നടത്തി ശമനതാളത്തിലെത്തിച്ചു.

മലയാളി വിദ്യാർത്ഥിനികളുടെ പാചകക്കാരിയായി ചെറിയ വരുമാനമുണ്ടാക്കി മന്ദാകിനി പിടിച്ചു നിന്നു. പിന്നീടങ്ങോട്ടുള്ള കോഴ്സ് കഴിയുന്നതുവരെയുള്ള ഒഴിവു കാലങ്ങൾ അയാളുടേതായിരുന്നു. മന്ദാകിനിയുടെ പ്രണയ സദ്യയുണ്ട് അയാൾ ഉന്മത്തനായി. ജോലിയിൽ പ്രവേശിച്ചയുടനെ കല്ല്യാണവുമായി.

സംരക്ഷിതയായാൽ എന്നെന്നും സ്നേഹിക്കുമെന്നും വീട്ടിലെ ദാമ്പത്യ നാടകം ഒരിക്കലും ആവർത്തിക്കില്ലെന്നും തണലായ് അവൾ എന്നും കൂടെയുണ്ടാകുമെന്നും ആശിച്ചു.

ജീവിതം ഒഴുകുകയായിരുന്നു. നിശ്ചലമായ കാലത്തിനു മുന്നിലൂടെ പകപ്പില്ലാതെ ഒഴുകിയ ജീവിതം അവളെ മാറ്റി മറിക്കുകയായിരുന്നു.
സാമ്പത്തികാഭ്യുന്നതിയിൽ അവൾ പിറന്ന വീട് മറന്നു. വാസുവിനേയും മീനാക്ഷിയേയും സഹോദരികളേയും മറന്നു. അതോടൊപ്പം അവളിലെ നന്മയുടെ അംശങ്ങളും ഇല്ലാതായി.

മന്ദാകിനിയുടെ മാനം വിറ്റായാലും അവളുടെ വീട്ടുകാർ ജീവിക്കുമായിരുന്നുവെന്ന ബോധമുള്ളതുകൊണ്ട് അയാളവരെ മറന്നില്ല. . നിശ്ചിത മാസ വരുമാനം നൽകി പ്രായശ്ചിത്തം ചെയ്തു. അയാൾ വീട്ടുകാരെ സഹായിക്കുന്നതു പോലും അവൾക്ക് ഇഷ്ടമല്ലായിരുന്നു.

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹിതനായി. മാംസ നിബിഡമായ അനുരാഗതീവ്രത കുറയുന്നതുവരെ ഒന്നുമറിഞ്ഞില്ല.
ജീവിതത്തിൽ ഒരിക്കലും യോജിക്കാൻ കഴിയാത്തവരായിരുന്നുവെന്ന തിരിച്ചറിവ് വേദനാജനകമായിരുന്നു.
രക്ഷകന്റെ പരിവേഷവുമായുള്ള ആദ്യ സമാഗമങ്ങൾ. തിടുക്കത്തിലണിഞ്ഞ രക്ഷകവേഷം മോഹങ്ങൾ തല്ലിക്കൊഴിക്കുകയായിരുന്നില്ലേ….
വിചിത്രമായ ശീലങ്ങൾ സൃഷ്ടിയുടെ വൈചിത്ര്യം വെളിപ്പെടുത്തുന്നതായിരുന്നു.
ഒരില മറ്റൊന്നിൽ നിന്നും ഒരു ജീവി മറ്റൊരു സഹജീവിയിൽ നിന്നും വ്യത്യസ്തമാണ്.
എല്ലാവർക്കും അവരുടേതായ മാർഗം തുറന്നു കിടക്കുന്നുണ്ടെന്നും ദയ സഹാനുഭൂതി തുടങ്ങിയ ഗുണങ്ങൾ കൊണ്ട് മാർഗ്ഗ വിഘ്നം വരുത്തിയതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്നും മനസ്സിലായി. .. ഒരു ഗണികയുടെ ജീവിതം പോലും ഇതിനേക്കാൾ ഉൽക്കർഷമാകുമായിരുന്നുവെന്ന അവളുടെ പ്രസ്താവന അമ്പരപ്പിക്കുന്നതായിരുന്നു.


ഒരു നാൾ കോളേജിലെ പഠന സംഘത്തോടൊപ്പം യാത്ര പോയെങ്കിലും ഇടക്ക് വെച്ച് രക്ത സമ്മർദ്ധം കുറഞ്ഞതിനെ തുടർന്ന് യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് തിരിക്കുകയായിരുന്നു. വേനൽ ചൂട് പാരമ്മ്യത്തിലെത്തിയ ഏപ്രിലിലെ നട്ടുച്ച്. മുറ്റത്തെ പടർന്നു പന്തലിച്ച് നിറയെ നിഴലായി നിൽക്കുന്ന സപ്പോട്ട മരത്തിനു താഴെ ആശ്വാസത്തോടെ അല്പ സമയം വിശ്രമിച്ചു.

വാതിൽ തുറന്നു കിടക്കുകയായിരുന്നു. താഴെ കിടപ്പുമുറിയിൽ മന്ദാകിനി ഭക്ഷണശേഷമുള്ള പതിവ് മയക്കത്തിലാണെങ്കിൽ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി മുകളിലേക്ക് കയറി. പതിവിനു വിപരീതമായി രഹസ്യമുറി തുറന്നിട്ടിരുന്നു. മന്ദാകിനിയുടെ സ്വകാര്യ ശേഖരങ്ങളുടെ സൂക്ഷിപ്പായിരുന്നു അവിടെ ആ മുറിയെ അപ്രകാരം അടയാളപ്പെടുത്തിയതിൽ അവൾക്കും നീരസമില്ലായിരുന്നു. ഒരിക്കൾ ധരിച്ച അടിവസ്ത്രങ്ങൾ അവൾ വീണ്ടും ഉപയോഗിക്കാറില്ല പുതിയതില്ലെങ്കിൽ അങ്ങനെയൊന്ന് ആവശ്യമില്ലെന്ന് വെക്കും.

ഇരുട്ടുമുറിയിലെ കാഴ്ചകൾ തെളിഞ്ഞു വരാൻ കുറച്ച് സമയമെടുത്തു. പല നിറങ്ങളിലുള്ള അടി വസ്ത്രങ്ങൾ ചിതറിക്കിടക്കുന്ന തറയിൽ ഒരു കിടക്കയിലെന്ന പോലെ മന്ദാകിനി കിടന്നിരുന്നു. രതിജന്യമായൊരു ചൂരിൽ അന്തരീക്ഷം തണുത്ത് വിറങ്ങലിച്ച് പുറത്തെ മേടച്ചൂടിനെ പുറന്തള്ളിയിരുന്നു. പൂർണ്ണ നഗ്നയായ അവൾ രതിമൂർച്ഛയിലെന്നവണ്ണം മലർന്നു കിടന്നുറങ്ങുകയാണ് . മന്ദാകിനിയുടെ സൂക്ഷിപ്പിൽ വിവാഹശേഷം ഉപയോഗിച്ചിരുന്ന എല്ലാ അടി വസ്ത്രങ്ങളും അതുവരെയുള്ള നാപ്കിനുകളുമുണ്ടായിരുന്നു. വൃത്തികേടുകൾക്കുള്ളിലെ ജീവനുള്ള വൃത്തികേടായി അവൾ അയാളുടെയുള്ളിൽ പ്രതിഫലിച്ചു.

നാല് സെന്റ് കോളനിയിലെ കൌമാര ക്രീഡകളിലെ സാന്ത്വന സ്പർശമായി അടിവസ്ത്രം അവളിൽ ചേക്കേറിയിരുന്നു.. രഹസ്യ കേളികളിൽ ഭാഗ ഭാക്കായിരുന്ന പുരുഷ സാന്നിദ്ധ്യം ആരെന്ന ചോദ്യം അപ്രസക്തവുമായിരുന്നു.
അയാളിലെ ഉദ്ധാരണം പരിപൂർണ്ണമായി ക്ഷയിക്കുവാൻ തക്ക ശക്തി കാഴ്ചയായിരുന്നു അതെന്നതിന് പിന്നിടുള്ള ജീവിതം സാക്ഷിയായി.
ചിതയെരിയുമ്പോൾ മനസ്സിൽ നന്മകളുണ്ടാവണം…നന്മകൾക്കായി കാതോർത്ത് അയാൾ വായനാമുറി ലക്ഷ്യമാക്കി നടന്നു.

2011, ജനുവരി 24, തിങ്കളാഴ്‌ച

കള്ളന്റെ ഫീസ്

കോടതി വരാന്തയിൽ പ്രതികളും വാദികളും സാക്ഷികളും പോലീസുകാരുമൊക്കെയായി വൻ ജനക്കൂട്ടം തന്നെയുണ്ട്. കേസ് വിളിക്കുന്ന മുറക്ക് ബന്ധപ്പെട്ട കക്ഷികൾ അകത്തേക്ക് പോവുകയും വരികയും ചെയ്യുന്നത് ഇടുങ്ങിയ വാതിലിനുള്ളിലൂടെയാണ്. കഷ്ടിച്ച് ഒരാൾക്ക് കടന്നു പോകാനുള്ള പഴുതുണ്ടാക്കുവാൻ ഡ്യൂട്ടി പോലീസ് നന്നായി പാടു പെടുന്നുണ്ട്.

കോടതിയിൽ സൂചി വീണാൽ കേൾക്കാവുന്നത്ര നിശ്ശബ്ദതയാണ്. ബഞ്ച് ക്ലർക്ക് കേസ് നമ്പർ വിളിക്കുന്നത് ശ്രദ്ധിച്ച് അഭിഭാഷകരും പേര് വിളിക്കുന്നത് കേൾക്കാൻ കക്ഷികളും കാത് കൂർപ്പിച്ചിരിക്കുകയാണ്.

ഇടുങ്ങിയ കോടതി മുറിയിൽ വായു സഞ്ചാരം കുറവാണ്. പഴയ രണ്ട് സീലിംഗ് ഫാൻ കറങ്ങുന്ന ഒച്ചയുണ്ടെങ്കിലും കാറ്റ് തീരെയില്ല. കറുത്ത കോട്ടിനും ഗൌണിനുമുള്ളിൽ വിയർത്തു പുഴുകിയിരിക്കുകയാണ് അഭിഭാഷകർ.

ആദ്യം വിധി പറയാനുള്ള കേസുകളാണ് വിളിച്ചുകൊണ്ടിരുന്നത്. ശിക്ഷിച്ച കേസുകൾ വിളിക്കുമ്പോൾ പ്രതിനിധീകരിക്കാൻ ആരും എഴുന്നേൽക്കാറില്ല. വിചാരണ തടവുകാരായ കളവു കേസിലെ പ്രതികൾ കോടതി മൂലയിലൊതുങ്ങി നിൽക്കുന്നുണ്ട്. യാതൊരു കള്ള ലക്ഷണങ്ങളുമില്ലാത്ത സുമുഖരായ ചെറുപ്പക്കാർ..

അയാൾ പ്രാക്ടീസ് തുടങ്ങിയ കാലത്തെ കള്ളന്മാർ കഥകളിലൊക്കെ വായിക്കാറുള്ള കണ്ടാൽ തന്നെ കള്ളനെന്ന് തിരിച്ചറിയാൻ സാധിക്കുന്നവരാ‍യിരുന്നു. അയാളുടെ കേസും വിധി പറയാനുള്ളതായിരുന്നു. ഒരു പോക്കറ്റടി കേസാണ്. ശിക്ഷിച്ചാലും ഇല്ലെങ്കിലും അയാൾക്കൊരു പോലെയാണ്.

കേസുകളെ കുറിച്ചൊ വിധിന്യായങ്ങളെ പറ്റിയൊ വേവലാതിപ്പെടാറില്ല. കാരാഗൃഹ വാസ യോഗമുള്ളവർ അങ്ങോട്ടും അല്ലാത്തവർ പുറത്തേക്കും പോകുന്നു . ഇതൊക്കെയോർത്ത് ബി. പി.യും ഷുഗറും കൂട്ടാൻ അയാൾ തയ്യാറല്ല.
അയാളുടെ കേസ് വിളിച്ചപ്പോൾ ഗുമസ്തൻ ശശി ശെൽവനെ മാടി വിളിച്ച് കൂട്ടിലേക്ക് കയറ്റി നിറുത്തി. വെറുതെ വിട്ടിരിക്കുന്നുവെന്ന ഉത്തരവിനോട് പ്രത്യേക മമതയൊന്നും കാണിക്കാതെ അയാൾ പ്രതിക്കൂട്ടിൽ നിന്നുമിറങ്ങി.

കോടതി വരാന്തയിൽ ശശിയുടെ മുന്നിലിപ്പോൾ ശെൽവൻ ഓച്ഛാനിച്ച് നിൽക്കുകയാണ്.കേസ് ജയിച്ച വക്കീലിന്റെ ഗുമസ്തനാണ്. കിട്ടാനുള്ളത് കിട്ടിയാലെ ശെൽവന് പോകാൻ സാധിക്കൂ..

അവരുടെ തർക്കം രൂക്ഷമായപ്പോൾ അയാൾ ഇടപെട: " തന്റെ കയ്യിലിപ്പോൾ എത്രിണ്ട്?"
" ഒന്നുല്ല്യ സാറെ.. ഞാൻ ഇപ്പൊത്തന്നെ കൊണ്ടരാന്ന് പറഞ്ഞിട്ട്
ഇയാൾ സമ്മതിക്കുന്നില്ല" ശെൽവൻ കുതറുകയാണ്. വേറെ രക്ഷയില്ല. ശെൽവനെ അവന്റെ പാട്ടിനു വിടുക. ഫീസ് കൊണ്ടു വന്നാൽ വാങ്ങുക. സാധ്യതയില്ലാത്ത കാര്യമാണെങ്കിലും അപ്രകാരം പ്രതീക്ഷിക്കുക.

വീണ്ടും കോടതിമുറിയിലേക്ക് അയാൾ കയറി. വിയർപ്പും ചെളിയും കട്ടപിടിച്ച കോട്ടിന്റെയും ഗൌണിന്റെയും കെട്ട വാടയകറ്റാൻ സ്പ്രേ യുടെ സുഗന്ധത്തിനും കഴിയാതായിരിക്കുന്നു. കാലാവസ്ഥക്കനുകൂലമല്ലാത്ത കൊളോണിയൽ സംസ്കാരത്തിന്റെ അവക്ഷിപ്തമായി തുടർന്നുപോരുന്ന വസ്ത്രധാരണം മുട്ടിയുരുമ്മുന്ന ദുർഗന്ധമായി പുറത്തേക്ക് വമിച്ചു .
"എന്തായി ഫീസ് കിട്ടിയോ.." പൊറിഞ്ചു വക്കീലാണ്. പുറത്തേക്ക് പോകുന്നതും വരുന്നതുമൊക്കെ വക്കീൽ ശ്രദ്ധിച്ചിട്ടുണ്ട്. അയാൾ ഇല്ലെന്ന് കൈ മലർത്തി.

" വരാന്ന് പറഞ്ഞിട്ടില്ലേ അവൻ വരും, ഞാൻ ജാമ്മ്യമെടുത്താൽ ഉള്ളിലുള്ള കള്ളന്മാർ കാശെത്തിക്കുന്നത് കൊയമ്പത്തൂരിൽ നിന്നോ ഈറോഡിൽ നിന്നോ ആണ്. എപ്പോഴും പറഞ്ഞ കാശിലും ആയിരം രൂപയെങ്കിലും കൂടുതലുണ്ടായിരിക്കും."

പൊറിഞ്ചു വക്കീൽ കള്ളന്മാരുടെ കേസ് കൈകാര്യം ചെയ്യുന്നതിലെ സ്പെഷലിസ്റ്റാണ്. കേസ് നടത്താൻ "നോ ടെൻഷൻ" എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജാമ്മ്യത്തിലിറങ്ങി മുങ്ങുന്നതിന് മുമ്പ് ജാമ്മ്യക്കാർക്ക് കോടതിയിൽ കെട്ടി വെക്കേണ്ട സംഖ്യ പോലും ആപ്പീസിലെത്തിയിരിക്കും.

റോൾ കോൾ കഴിഞ്ഞ് വിസ്താരം തുടങ്ങിയിരുന്നു.സ്ത്രീപീഡനക്കേസിലെ സാക്ഷികളെയാണ് വിസ്തരിക്കുന്നത്. ഒരു കുടുംബത്തിലെ നിസ്സഹായയായ പെണ്ണിന്റെ മുറവിളികൾ സാക്ഷിക്കൂട്ടിൽ ഗതി കിട്ടാതലയുന്നു. തിരിച്ചും മറിച്ചും ചോദ്യ ശരങ്ങൾ ഉതിർത്ത് എതിർ ഭാഗം വക്കീൽ പീഡന ചരിത്രം മാറ്റാൻ ശ്രമിക്കുന്നു. കക്ഷിയുടെ സംതൃപ്തിക്കുവേണ്ടി ഏതറ്റംവരെ പോകാനും തയ്യാറുള്ളവരുള്ളപ്പോൾ
ചവിട്ടിയരക്കപ്പെടുന്ന മാനാപമാനങ്ങൾക്കെന്ത് പ്രസക്തി?

ഇടക്കെപ്പോഴൊ പരിചയമുള്ളൊരു മുഖം തിരക്കിനിടയിൽ കണ്ടതുപോലെ തോന്നി ശെൽ വനല്ലേയെന്ന് കരുതി അയാൾ ഒന്നു കൂടി തിരിഞ്ഞുനോക്കുമ്പോഴേക്കും അവൻ അപ്രത്യക്ഷമായിരുന്നു.

കുറച്ച് കഴിഞ്ഞ് ഗുമസ്തൻ വന്ന് പുറത്തേക്ക് വിളിച്ചു. പുറത്തെ ഉങ്ങ് മരത്തണലിൽ ശെൽവൻ നിന്നിരുന്നു. മുഖം നിറഞ്ഞ ചിരിയോടെ അവൻ അടുത്തെക്ക് വന്നു.
"ഞാൻ പറഞ്ഞാൽ പറഞ്ഞ പോല്യാ.. സാറെ.. ഇതാ " ശെൽവൻ നീട്ടിയ അഞ്ഞൂറ് രൂപ കയ്യിൽ പിടീച്ചുകൊണ്ട് പൊറിഞ്ചു വക്കീൽ പറഞ്ഞതെത്ര ശരിയെന്ന് മനസ്സിലോർത്തു.

കോടതിവരാന്തയിൽ ചെറിയൊരു ബഹളം. ഡ്യൂട്ടി പോലീസുകാരൻ ഇടപെട്ടിട്ടുണ്ട്. പോക്കറ്റടിയാണ്. കോടതി പരിസരമായതിനാൽ ശബ്ദമില്ലാത്ത വിലാപങ്ങൾ കേൾക്കുന്നുണ്ട്.. അയാൾ അറിയാതെ പഴ്സ് തപ്പി നോക്കി ഭാഗ്യം അതവിടെയുണ്ട്, എന്നാൽ ശെൽവൻ അപ്രത്യക്ഷമായിരുന്നു..

2011, ജനുവരി 1, ശനിയാഴ്‌ച

യുറേനിയം

                                                   



         ലോക്കപ്പിന്റെയുള്ളിൽ കിടന്ന് പത്മജൻ ഉറങ്ങുകയാണ്.    ഇന്നലെയുണ്ടായ സംഭവ ബഹുലമായ കാര്യങ്ങളെക്കുറിച്ചുള്ള   മാനസിക പിരിമുറുക്കങ്ങളൊന്നും അയാളുടെ മുഖത്തുണ്ടായിരുന്നില്ല.  സാധാരണ സംഭവിക്കാറുള്ളതുപോലെ   കഴിച്ചിരുന്ന മദ്യത്തിന്റെ കെട്ട് വിടുമ്പോൾ അതോർത്ത് വിലപിക്കുമെന്നും  ഇവിടെ നിന്നും പുറത്തിറങ്ങാൻ മാർഗ്ഗമില്ലെന്ന് കണ്ട് അമ്പരക്കുമെന്നുമോർത്ത്  പോലീസുകാർ കാത്തിരിക്കുകയാണ്.

          പ്രസിദ്ധമായ   ‘പൂഴിക്കുന്ന് ക്ഷേത്രം ‘ ബോംബ് വെച്ച് തകർക്കുമെന്ന്  ഭീഷണിപ്പെടുത്തിയതിനാണ് പത്മജനെ അറസ്റ്റ് ചെയ്തത്.   പൂഴിക്കുന്ന് ഫയർ സ്റ്റേഷനിലേക്ക് മൂന്നു തവണയാണ്  അയാൾ വിളിച്ച് ഭീഷണി മുഴക്കിയത്. വീട്ടിനുള്ളിലേക്ക് പോലീസ് ഇരച്ചു കയറിയപ്പോൾ അയാൾ ആത്മാഹുതി  ചെയ്യാനുള്ള തയ്യാറെടുപ്പിൽ കഴുത്തിൽ കുരുക്കിട്ട് നിൽക്കുകയായിരുന്നു. 

             പത്മജന്റെ വീട്  റെയ്ഡ് ചെയ്തപ്പോൾ കണ്ടെത്തിയ രേഖകൾ ഉന്നത ഉദ്യോഗസ്ത്ഥർ  പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.  പത്മജന്റെ  തീവ്രവാദ
ന്ധം വെളിവാക്കുന്ന രേഖകൾ  ലഭിച്ചാൽ അയാൾക്കിനി പുറം ലോകം കാണാൻ  സാധിക്കില്ല.

            പത്മജൻ  ഉറങ്ങുകയായിരുന്നില്ല.  നിദ്രക്കും ഉണർച്ചക്കുമിടയിലെ ജാഗ്രതാ‍വസ്ഥയിലായിരുന്നു .   കുട്ടിക്കാലത്ത് ഓരോ സ്ഥലങ്ങൾക്കും പ്രത്യേകം  ആധാരമുണ്ടെന്ന  തിരിച്ചറിവ് ലഭിച്ച ദിവസത്തെക്കുറിച്ചോർക്കുകയായിരുന്നു അയാൾ.

         തറവാട്ടിൽ ചെറിയച്ഛനുമായുള്ള ഭാഗം വെപ്പിലായിരുന്നു കാണുന്നതെല്ലാം പലരുടേതാണെന്നറിഞ്ഞത്.  മണ്ണിന്റെ അവകാശികൾ..   ആധാരവും പട്ടയവുമുള്ളവർ.  അന്ന് ഭാഗിക്കാതെ മാറ്റിവെച്ച  ഒരാധാരമുണ്ടായിരുന്നു. അത് മാത്രം ആധാരമെഴുത്തുകാരൻ ബാലേട്ടൻ  തുറക്കുകയോ വായിക്കുകയോ ചെയ്തില്ല.

        വൈകീട്ട് പരിക്ഷീണനായി ചാരുകസേരയിൽ കിടക്കുന്ന അച്ഛന്റെ ആടുത്തെത്തിയപ്പോഴും  അതവിടെ ഇരിക്കുന്നുണ്ടായിരുന്നു.  ആധാരമെടുത്ത് മറിച്ചു നോക്കുന്ന പത്മജനെ നോക്കി അച്ഛൻ  പറഞ്ഞു  :  ഉണ്ണി അതെടുത്തോളു  അതാർക്കും ഭാഗിക്കേണ്ടി വരില്ല.ബ്രിട്ടീഷ്കാര് പോകുമ്പോൾ  അച്ഛന് കൈമാറിയ രഹസ്യമാണ്  ഇത്രേം കാലം   ആർക്കും വേണ്ടെങ്കിലും ഞാനിത് സൂക്ഷിച്ചു.  ഇനി ഉണ്ണിക്കിഷ്ടമുള്ളതു ചെയ്തോളു.


       ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് സംസ്ഥാനത്തിലെ  മലബാർ ജില്ലാ സമിതി അംഗമായിരുന്ന  ചുള്ളിയിൽ ശങ്കരനായിരുന്നു പത്മജന്റെ  അച്ഛൻ .   1901 ജൂൺ എട്ടിന് മദ്രാസ് ഗവർണ്ണർക്ക് വേണ്ടി  റവന്യു സെക്രട്ടറി   മർഡി ഹമ്മിക്ക് ഒപ്പിട്ട്  പൊന്നാനി തഹസിൽദാരുടെ പേരിൽ  വാങ്ങിയ  ആധാരമാണത്.  ചാവക്കാട്ട് മത്തിക്കായലിന്റെ  തെക്കുഭാഗത്തുള്ള  ഭൂമിയിൽ  അപൂർവ്വ ധാതു നിക്ഷേപമുണ്ടത്രെ! 

        പൊന്നാനിയെ  ചാവക്കാടുമായി  ജലമാർഗം ബന്ധിപ്പിക്കുന്ന കനോലി കനാലിന്റെ വികസന പ്രവർത്തനങ്ങൾ  നടത്തുന്നതിനിടയിലാണ് ചാവക്കാട് എന്തോ അപൂർവ്വ  ധാതു നിക്ഷേപമുണ്ടെന്ന് ബ്രിട്ടീഷുകാർക്ക് മനസ്സിലായത്  സ്വർണ്ണം വെള്ളി , രത്നങ്ങൾ, കൽക്കരി എന്നിവയിലേതെങ്കിലുമായിരുന്നു ഇവിടെയുള്ള നിക്ഷേപങ്ങൾ എങ്കിൽ  ബ്രിട്ടീഷുകാർ അത് എന്നേ ചൂഷണം ചെയ്യുമായിരുന്നു.  അച്ഛനിൽ നിന്നും പകർന്നു കിട്ടിയ അറിവുകൾ  പത്മജന്റെ കുഞ്ഞുമനസ്സിൽ  ആഴത്തിൽ വേരോടി. 

     കോളേജിൽ പഠിക്കുന്ന കാലം തൊട്ട്  വില്ലേജാപ്പീസിൽ നിന്നും സ്കെച്ചെടുത്ത്
ആധാരത്തിൽ പറയുന്ന ലൊക്കേഷൻ പത്മജൻ കണ്ടെത്തിയിരുന്നു.   വീട്ടിൽ നിന്നും സൈക്കിളെടുത്ത്  കടൽ കാണാൻ പൊകും.  അസ്തമയത്തിന്റെ സാന്ധ്യ ശോഭയോടെ മടങ്ങി വരുമ്പോൾ  സഞ്ചിയിൽ മണൽ ശേഖരമുണ്ടായിരിക്കും.  അപൂർവ്വ ധാതുക്കളെക്കുറിച്ച്  പഠിച്ച കൂട്ടത്തിൽ  യൂറേനിയവുമുണ്ടായിരുന്നു.  പുറത്ത് മണ്ണെണ്ണ    സ്റ്റവ്  വെച്ച്  കപ്പലണ്ടി വറുക്കുന്നതു പോലെ മണൽ  ചൂടാക്കിയെടുക്കുമ്പോൾ ലഭിക്കുന്ന തിളങ്ങുന്ന വസ്തു ലെഡിന്റെ  ചെറിയ പെട്ടിയിലെടുത്ത് സൂക്ഷിച്ച് വെക്കാറുണ്ടായിരുന്നു.    പത്മജന്റെ ബലമായ സംശയം അത് യൂറേനിയമാണെന്നായിരുന്നു.

          രാജ്യത്തിന്റെ  സാമ്പത്തികാഭിവൃദ്ധിക്കുതകുന്ന കാര്യമല്ലേ..   അയാൾ മൈനിംങ്ങ് വകുപ്പിനെഴുതി..  ഒന്നും ഫലപ്രദമായില്ല. സാമ്പത്തിക സ്രോതസ്സും അനുബന്ധ ഉപകരണങ്ങളും ഉണ്ടെങ്കിൽ   സ്വന്തമായി ശേഖരിച്ച് സർക്കാരിനെ ബോദ്ധ്യപ്പെടുത്താൻ അയാൾ തയ്യാറായിരുന്നു.    അന്വേഷണങ്ങൾ പത്മജനെ ഒറ്റപ്പെടുത്തുകയായിരുന്നു.   ഒറ്റയാൾ  പോരാട്ടത്തിനൊടുവിൽ പല പത്രങ്ങളിലും വാർത്ത വന്നുവെന്നുമാത്രം.

       “ കേരളത്തിൽ  ദുർലഭമായി മാത്രം  കാണുന്ന  ഒരു തരം അമൂല്ല്യ ലോഹ മണൽ ചാവക്കാട് കടപ്പുറത്ത് കണ്ടെത്തി.  ഒരു പഠന സംഘം വർഷങ്ങൾക്ക് മുമ്പ്  കേന്ദ്ര സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞതാണ് ഇക്കാര്യം.  റിപ്പോർട്ടിൽ  പറഞ്ഞ വസ്തുതകൾ  പിന്നീട് വിസ്മരിക്കപ്പെട്ടു.    ചാവക്കാട് പുരുഷാരം മാത്രം വരാൻ പോകുന്ന അഭിവൃദ്ധിയെക്കുറിച്ചോർത്ത് കാലം കഴിച്ചു.  ഇപ്പോൾ അവരും ഇതെല്ലാം മറന്നു കഴിഞ്ഞു.   പഠന റിപ്പോർട്ടിനെക്കുറിച്ച്  വീണ്ടും പഠനം നടത്താൻ കാലമായി.  ലോഹ മണൽ അപ്രത്യക്ഷമായിട്ടുണ്ടെങ്കിൽ  ജനങ്ങളിൽ ഉണ്ടായിരുന്ന  ശുഭ പ്രതീക്ഷയെങ്കിലും ഒഴിവാക്കാമായിരുന്നു.“

      നിർഭാഗ്യകരമായ  ആ സംഭവമുണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ അയാൾക്ക്  യൂറേനിയത്തിന്റെ സാന്നിദ്ധ്യം തെളിയിക്കാൻ സാധിക്കുമായിരുന്നു.  അയാൾ ശേഖരിച്ച ലോഹ മണൽ  സൂക്ഷിച്ചിരുന്ന  ഇയ്യത്തിന്റെ പെട്ടി  ബൈക്കിന്റെ സൈഡ് സഞ്ചിയിലായിരുന്നു.  ബൈക്കോടിച്ച് വീട്ടിലേക്ക്  വന്നു കൊണ്ടിരിക്കുമ്പോൾ കുറുകെ സൈക്കിളിൽ വന്ന സ്കൂൾ വിദ്യാർത്ഥി  അപകടമുണ്ടാക്കി.  ഗുരുതരമായി തലക്ക് പരിക്കേറ്റ കുട്ടിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകേണ്ടി വന്നു. ജീവൻ രക്ഷപ്പെട്ടതിലെ ആശ്വാസവുമായി തിരിച്ചെത്തിയപ്പോൾ  ബൈക്കിലെ  സൂക്ഷിപ്പ് നഷ്ടപ്പെട്ടിരുന്നു.  സ്വർണ്ണമാണെന്ന് കരുതി ആരോ കവർന്നെടുത്തിരുന്നു..വർഷങ്ങളിലെ  പാഴായ പ്രയത്നത്തെക്കുറിച്ചോർത്തപ്പോൾ  അയാൾക്കിപ്പോഴും കരച്ചിൽ വരും.

         അവസാനം  അയാളൊന്നു തീരുമാനിച്ചു.  “പശും കമ്മൾടെ ,   പുല്ലും കമ്മൾടെ , നെല്ലും കമ്മൾടെ ,  പാടോം കമ്മൾടെ , തിന്നിട്ട്  അങ്ങട് പൊക്കോട്ടെ”

          ലോക്കപ്പിലെ തണുപ്പ് തലേ ദിവസത്തെ സംഭവങ്ങളായി മനസ്സിലേക്കരിച്ചു കയറി.

         പത്മജന്റെ    ജീവിതത്തിലെ  മറ്റൊരു  ദുർ ദിനമായിരുന്നു അന്ന്. രാവിലെ അയാളുടെ ഭാര്യ പതിവു പോലെ  അമ്പലത്തിലേക്കിറങ്ങി.  ഇനി പ്രസാദ ഊണു കഴിച്ച്  ഉച്ച കഴിഞ്ഞേ തിരിച്ചു വരികയുള്ളു.  ഞായറാഴ്ചയായതിനാൽ അയാൾക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.  മകൾ സ്റ്റേറ്റ്സിൽനിന്നും വന്നപ്പോൾ കൊണ്ടു വന്ന മുന്തിയ മദ്യമെടുത്ത് മുന്നിൽ വെച്ച് ഐശ്വര്യമായി തുടങ്ങിയതായിരുന്നു.  ഇടക്ക് ടിവിയിൽ കാണിക്കുന്ന ഫ്ലാഷ് ന്യൂസിൽ കണ്ണുടക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണം.  അമ്പലത്തിനടുത്തുള്ള കാളിന്ദി ഹോട്ടലിൽ അക്രമം നടക്കുന്നു.   വിശദമായ മറ്റൊന്നും കാണാനില്ലായിരുന്നു.


           എന്താണ് സംഭവിക്കുന്നതെന്നറിയാതെ അയാൾക്ക് വിമ്മിഷ്ടമായി.   ഭാര്യ അമ്പലത്തിനുള്ളിലേക്കെത്തിയിരിക്കുമോബഹളത്തിനിടയിൽ അവൾക്കെന്തെങ്കിലും സംഭവിച്ചു കാണുമോ..   മദ്യവും  ആകാംക്ഷയും അമ്പരപ്പും ഇരിക്കപ്പൊറുതിയില്ലാതാക്കി.  അവസാനം തൊട്ടടുത്ത ഫയർ സ്റ്റേഷനിലേക്ക് വിളിച്ച് വിവരങ്ങൾ തിരക്കാൻ തീരുമാനിച്ചു.   രണ്ടു തവണ ഫോണെടുത്തപ്പോഴും  അയാൾക്ക് വിവരങ്ങൾ ലഭിച്ചില്ല.  മൂന്നാമത്തെ പ്രാവശ്യം തന്നെയിപ്പോൾ കാണിച്ചു തരാമെടാ..എന്നൊരലർച്ച അയാൾ കേട്ടിരുന്നു.   ഇതിനിടയിൽ അകത്താക്കിയ  മദ്യം  അയാളെ വിഴുങ്ങിയിരുന്നു..   അബോധാവസ്ഥയിൽ പോലീസെത്തി  വാതിൽ ചവിട്ടി തുറന്നതും ലോക്കപ്പിലാക്കിയതൊന്നും അയാൾ  അറിഞ്ഞിരുന്നില്ല. 

        ലോക്കപ്പിന്റെ കമ്പിയിൽ തട്ടി പത്മജനെ  പോലീസുകാരൻ വിളിച്ചെഴുന്നേല്പിച്ചു.  “ ദാ.. വായിച്ചു നോക്കെന്നു പറഞ്ഞ് “ ഒരു പത്രമെടുത്ത് ഉള്ളിലേക്കിട്ട്   അയാൾ  പുറത്തേക്ക് പോയി. 

       പത്രത്തിൽ ഒന്നാം പേജിൽ തന്നെ പത്മജന്റെ പടമുണ്ടായിരുന്നു.  ദൈവമെ യൂറേനിയം പ്രൊജക്റ്റ്  ഫലത്തിൽ വന്നോ?  അയാൾ  ആകാംക്ഷയോടെ  വാർത്തയിലേക്കൂളിയിട്ടു. 

     പൂഴിക്കുന്ന് ക്ഷേത്രത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊടും  ഭീകരൻ അറസ്റ്റിൽ.   ബോം ബ് നിർമ്മാണ സാമഗ്രികളും  യുറേനിയവും കണ്ടെടുത്തു.   ചാവക്കാട് മത്തിക്കായലിൽ നിന്നും വൻ തോതിൽ യുറേനിയം ഖനനം  ചെയ്തെടുക്കുവാൻ തയ്യാറാക്കിയ  പ്രൊജക്റ്റും  പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു. പോലീസിനെ കണ്ട് ആത്മഹത്യക്ക് ശ്രമിച്ച  പ്രതിയെ അതി സാഹസികമായാണ് പോലീസ് കീഴടക്കിയത്.  കൂട്ടു പ്രതികൾ ജില്ല വിട്ടു പോകാതിരിക്കുവാൻ  തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതിയെ അറസ്റ്റ് ചെയ്ത സബ് ഇൻസ്പെക്ടർക്ക് അഭിനന്ദന പ്രവാഹം.

       പത്മജന്റെ കണ്ണുകളിൽ ഇരുട്ടു കയറി.  ബൈക്കിൽ വെച്ച് നഷ്ടപ്പെട്ടുവെന്ന് കരുതിയ യുറേനിയം കണ്ടെടുത്തിരിക്കുന്നു.

      അയാൾ ലോക്കപ്പിന്റെ മൂലയിലേക്ക് വീണ്ടും ചുരുണ്ടു കൂടി .  അയാളുടെ ഭ്രമ കല്പനകളിൽ അപ്പോൾ  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരും കൊല്ലപ്പെടാനിരിക്കുന്നവരുമായ  ഭീകരന്മാർ അയാൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് സ്റ്റേഷനിലേക്ക്  വരിവരിയായി വന്നു കൊണ്ടിരുന്നു.