2010, ജൂലൈ 28, ബുധനാഴ്‌ച

മൃദുലം

ആദ്യമൊന്നും ഫ്ലാറ്റ് ജീവിതവുമായി പൊരുത്തപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. മണ്ണ് സ്പര്‍ശിക്കാത്ത വിണ്ണിലെ താമസം. ഒഴിവു സമയങ്ങളിലെ പുറം കാഴ്ചകളില്‍ വര്‍ണ്ണാഭമായ ആകാശവും പൂമരങ്ങളുടെ തലപ്പുകളും നോക്കിയിരിക്കാന്‍ അവള്‍ക്കിഷ്ടമാണ്. തൊഴിലിലേര്‍പ്പെടുമ്പോള്‍ എപ്പോഴും ഫ്രഷായിരിക്കാന്‍ പറ്റിയ ചുറ്റുപാടുകള്‍ ഫ്ലാറ്റില്‍ ധാരാളമുള്ളതിനാല്‍ യോജിച്ച് പോകുന്നു.

ഗുരുവായൂരില്‍ ഫ്ലാറ്റില്‍ ജീവിക്കാന്‍ ആരംഭിച്ചതിനുശേഷമാണ് അല്പമെങ്കിലും സ്വസ്ഥത കൈവന്നത്. നാനാതുറകളില്‍ പെട്ട ആളുകള്‍ ഇടതടവില്ലാതെ വന്നു പോകുന്ന സ്ഥലം. മനസ്സിലെ സങ്കടങ്ങള്‍ ഇറക്കിവെച്ച് ചെയ്തുപോയ സമസ്താപരാധങ്ങള്‍ക്കും മാപ്പിരന്ന് കാണിക്കയര്‍പ്പിച്ച് ജനസഹസ്രങ്ങള്‍ ശാന്തി തേടുന്നയിടം. ജീവിതം റീ ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ഗുരുപവനപുരി. തിരക്കുള്ള ദിവസങ്ങളില്‍ ദര്‍ശനം സാധിക്കാറില്ലെങ്കിലും മനസ്സ് തിരുനടയിലെത്തി തൊഴുതു മടങ്ങാറുണ്ട്.

സുരേശനോടൊത്താണ് താമസം തുടങ്ങിയത്. കള്ളുകച്ചവടത്തിലെ ലാഭത്തിന്റെ ചെറിയ അംശങ്ങള്‍ സുഖസൌകര്യങ്ങള്‍ക്കായി ചെലവിടുന്നതില്‍ ആനന്ദം കണ്ടെത്തിയ മനുഷ്യന്‍. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും അവള്‍ക്ക് മടുപ്പനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മദ്യപിച്ച് ബോധം കെട്ടുറങ്ങുന്ന അയാള്‍ക്കരികിലെ ശയനം ഭീതിദമായ ഭൂതകാല വാതായനങ്ങള്‍ തുറന്നിടുകയായി. മൂന്നു മാസത്തെ കരാറവസാനിപ്പിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു.

വഴിയോര വിശ്രമകേന്ദ്രത്തിലേക്ക് ഇന്നൊരാള്‍കൂടിയെത്തുന്നു. വ്യത്യസ്ത രുചിഭേദങ്ങള്‍ അനുഭവിക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍. ഒരാഴ്ചത്തെ കൂടിക്കഴിയലിനുശേഷം താല്പര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മൂന്നുമാസത്തേക്ക് തുടരാം.

അവധിക്ക് നാട്ടിലെത്തിയ കുടുംബനാഥനെന്ന മട്ടിലാണ് അയാള്‍ വന്നു കയറിയത്. ഒന്നിനും ഒരു തിടുക്കവുമില്ലാതെ യാത്രാക്ഷീണമകറ്റാന്‍ കിടന്നുറങ്ങി. ചായയൂടെ സമയമായപ്പോള്‍ അവള്‍ വിളിച്ചുണര്‍ത്തി. ചായ മൊത്തിക്കുടിച്ചുകൊണ്ട് വീട്ടുകാരിയോടെന്നവണ്ണം അയാള്‍ വിശേഷങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. അമ്പലത്തില്‍ തിരക്കില്ലെങ്കില്‍ വൈകീട്ടൊരുമിച്ച് ദര്‍ശനത്തിനിറങ്ങണമെന്ന് നിഷ്കര്‍ഷിച്ചു. പെരുമാറ്റത്തിലെ സൌമ്യതയും പക്വതയും അറിയാതൊരു ആദരവു വളര്‍ത്താന്‍ പോന്നതായിരുന്നു.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് സോപാനത്തില്‍ നിന്ന് അത്താഴവും കഴിഞ്ഞ് ഫ്ലാറ്റിലെക്ക് നടക്കുമ്പോള്‍ ദമ്പതികളല്ലെന്ന് പറയാന്‍ സാധിക്കില്ല. അറിയാത്തൊരടുപ്പത്തോടെ നിഴല്‍ പറ്റി അയാളോടൊപ്പം ചേര്‍ന്ന് നടക്കുകയാണവള്‍.

‘നിനക്കറിയോ ഇതൊരു പുണ്യ നഗരിയാണ്, പുണ്യ പാപങ്ങള്‍ ഇടകലര്‍ന്ന ജീവിതം പോലെ ഇവിടം പാപികളുടെയും ഇടത്താവളമാണ്. പിടിച്ചു പറിക്കാരും പോക്കറ്റടിക്കാരും കൊലപാതകികളും വ്യഭിചാരികളും ഇടകലര്‍ന്നു കഴിയുന്നു. ആര്‍ക്കും ആരെയും സംശയിക്കാതെ കഴിയാം. ഭഗവല്‍ ദര്‍ശനത്തിന്റെ മറവില്‍ നിസംശയം വാഴാം. വേറൊരു കൂട്ടര്‍ കൂടിയുണ്ട്.. പാപക്കറ പുരണ്ട വരുമാനത്തിലൊരു പങ്ക് ഭഗവാന് കാണിക്കയര്‍പ്പിച്ച് ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങള്‍ പുണ്യ പ്രവര്‍ത്തിയാകുമെന്ന് വിശ്വസിച്ച് വീണ്ടും അതാവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ വന്നു ചേരുന്നവര്‍..’ അയാളുടെ വാക്ധോരണി കേട്ട് അവള്‍ തലകുലുക്കുക മാത്രം ചെയ്തു. അവള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ഒന്നുണ്ടായിരുന്നു. ദേവസ്വത്തിനെത്രയോ വരുമാനമുണ്ട്.. ഓടയിലെ കാര്‍വര്‍ണ്ണമായ മലിന ജലമൊന്ന് നീക്കി ഗുരുവായൂര്‍ ഒരു ക്ലീന്‍ സിറ്റിയാക്കാന്‍ ആരും എന്തേ മുന്‍ കയ്യെടുക്കാത്തത്.. ശബരിമല സീസണിലെ ദുര്‍ഗന്ധമനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. ദര്‍ശനത്തിനെത്തുന്ന പതിനായിരങ്ങള്‍ക്ക് അല്പ വിശ്രമത്തിനൊരിടം സൌജന്യമായി നല്‍കിക്കൂടെ.

ഓരോ ദിവസം കഴിയുംതോറും അയാളെ കൂടുതല്‍ ഇഷടപ്പെട്ടു തുടങ്ങുകയായിരുന്നു. ഇത്രമാത്രം മൃദുലത ഒരിടത്തുനിന്നും അനുഭവിച്ചിട്ടില്ല. വാക്കിലും പ്രവര്‍ത്തിയിലും വേഴ്ചയിലും പക്വതയാര്‍ന്ന സമീപനം. ഒരു പനിനീര്‍പൂവ് വിരിയുന്നതുപോലെ സുരഭിലമായൊരു സ്ഥായീഭാവത്തിലവസാനിക്കുന്നു.

ഒരിക്കല്‍ പോലും ആരോടും വ്യക്തിപരമായ കാര്യങ്ങള്‍ ആരാഞ്ഞിട്ടില്ല. ഇദ്ദേഹത്തിനൊരു ഭാര്യയുണ്ടെങ്കില്‍ അവര്‍ ഭാഗ്യവതിയാണോ.. അഭിസാരികകളുടെയില്‍ അന്തിയുറങ്ങുന്നത് അയോഗ്യതയല്ലേ..

താമസം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്കും കാലങ്ങളായി ഒരു കൂരക്ക് കീഴില്‍ ജീവിച്ചുവന്നവരേക്കാള്‍ അടുപ്പത്തിലായി. തന്നെക്കൊണ്ട് സാധ്യമായതെല്ലാം നല്‍കി അവള്‍ അയാളെ ആനന്ദത്തിലാഴ്ത്തി.

ഇടപഴകിയ പലരും പോയ കാലം ചിക്കി ചികയാറുണ്ട്. നൈമിഷികമായ കൂടിച്ചേരലുകള്‍ക്കുപരിയായൊന്നും കാണാന്‍ ശ്രമിക്കാത്തവര്‍. മറ്റുള്ളവരുടെ യാതനകളില്‍ പല്ലുകളാഴ്ത്തി നൊട്ടി നുണയാന്‍ ആഗ്രഹിക്കുന്നവര്‍. അവര്‍ക്കുമുന്നിലൊന്നും തുറക്കാത്ത വാതിലുകള്‍ അവള്‍ പോലുമറിയാതെ ഒന്നൊന്നായി തുറന്നുകൊണ്ടിരുന്നു.

പൂത്തുലഞ്ഞ വസന്ത നിനവുകളുമായി വിവാഹിതയായ പെണ്‍കുട്ടി. ദാമ്പത്യത്തിന്റെ ജീവനാഡി നിഷേധിക്കപ്പെട്ട ഏഴു വര്‍ഷങ്ങള്‍. ഭര്‍ത്താവിന്റെ വിമുഖതയുടെ രഹസ്യമറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ അവിടെ ആയുസ്സൊടുക്കുവാന്‍ അവള്‍ തയ്യാറായിരുന്നു. വഴി വിട്ട സ്വവര്‍ഗ്ഗാനുരാഗ കാഴ്ചകള്‍ ഉള്‍ക്കാഴ്ചയായി. തല്ലിക്കൊഴിച്ചൊരു ജീവിതത്തിന്റെ പക അവളില്‍ നാമ്പിട്ടു. ഭര്‍ത്താവിന്റെ സുമുഖരായ അനുരാഗികളെ ഒന്നിച്ചും ഒറ്റക്കും അവര്‍ സ്വീകരിച്ചു. എല്ലാം പൊട്ടിച്ചെറിഞ്ഞപ്പോള്‍ കൂട്ടം തെറ്റിയ മറ്റൊരു ജീവിതത്തിന് തുടക്കവുമായി.

ദിവസങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചിരിക്കുന്നു.‍ അയാള്‍ക്ക് പോകാന്‍ സമയമായി. ഒരു പാവം ഗ്രാമീണ സ്ത്രീയാണ് അയാളുടെ ഭാര്യ. എഴുന്നേല്‍ക്കുമ്പോള്‍ പാദം തൊട്ടു വന്ദിച്ച് ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കാണുന്ന നിഷ്കളങ്ക. എല്ലാം അരുതാത്തതാണവള്‍ക്ക് .. അയാളും ഒന്നും നിര്‍ബന്ധിക്കാറില്ല. ഇടക്കുള്ള യാത്രകള്‍ക്കൊരു പ്രചോദനം വേണമല്ലോ..

ഇനിയും വരാമെന്ന് യാത്രാമൊഴി കേള്‍ക്കുമ്പോള്‍ അവളുടെ ഉള്‍ത്തടം വേദനകൊണ്ട് വിങ്ങുന്നുണ്ടായിരുന്നു. ജീവിതത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത അനുഭവം. സ്നേഹം കോണ്ട് കീഴ്പ്പെടുത്തിയ ഒരാള്‍..
മൂന്ന് മാസത്തെ വേതനമായി അയാള്‍ നല്‍കിയ ചെക്ക് മധുരിക്കുന്നൊരോര്‍മ്മയായി അവളുടെ കയ്യിലവശേഷിച്ചു.

പിറ്റേന്ന് ഫ്ലാറ്റിന്റെ വാടക നല്‍കുന്നതിനു വേണ്ടി ചെക്ക് ബേങ്കില്‍ നല്‍കിയപ്പോളറിഞ്ഞ സത്യം കുറച്ച് കൂടി ഖേദകരമായിരുന്നു. വണ്ടിച്ചെക്ക് നല്‍കി ഓര്‍മ്മകളെ കുഴിച്ച് മൂടാന്‍ അയാള്‍ പ്രാപ്തനായിരുന്നുവത്രെ!

2010, ജൂലൈ 18, ഞായറാഴ്‌ച

രാജുതോമസ് പറയാതെ പറഞ്ഞത്

പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കവിയുമായ രാജുതോമസ് അന്തരിച്ചു. മരണവാര്‍ത്ത ഏഷ്യാനെറ്റ് ചാനലില്‍ ഫ്ലാഷ് ന്യൂസായി വന്നുകൊണ്ടിരുന്നു.

അയാളുടെ മരണം ആകസ്മികമായിരുന്നില്ല. ആല്‍ക്കഹോളിക് ആയിരുന്നതുകൊണ്ട് കരളും ഹൃദയവുമൊക്കെ കാലങ്ങളായി റിപ്പയര്‍ ചെയ്തു വരികയായിരുന്നുവല്ലോ..

സുഹൃത്തുക്കളെത്തുന്ന സമയം ജയന്‍ വിളിച്ചറിയിച്ചു. എത്താന്‍ സാധ്യതയുള്ള ക്ലാസ്മേറ്റ്സ് എല്ലാവരും അവിടെയുണ്ടാകും. ആശയും ചിത്രനും മറ്റെന്തോ തിരക്കുകള്‍ ഉള്ളതുകൊണ്ട് പെട്ടെന്ന് പോകുമെന്നറിയിച്ചു. ചിത്രനിപ്പോള്‍ ‘ഔദാര്യ‘ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രട്ടറിയാണ്. സംഘടനയുടെ ചിലവില്‍ കേരളം ചുറ്റുകയാണ് പ്രധാന പരിപാടി. അശരണര്‍ക്കൊരാശ്രയം പദ്ധതി വന്‍ വിജയമായിരുന്നുവത്രെ! കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പ്രാതിനിധ്യമുണ്ടായിരുന്നു. മുപ്പത്താറുതരം വിഭവങ്ങളുമായി സദ്യയുണ്ണുന്ന പാവങ്ങളുടെ വിവിധ പോസുകള്‍ ചാനലുകല്‍ക്കുത്സവമായി. അവരോടൊപ്പം പോസ് ചെയ്യാന്‍ ജനപ്രതിനിധികളും മന്ത്രിമാരും മത്സരിച്ചു. ആടിയില്‍ പിടിച്ച് ഒരമ്മയെ ആശ്വസിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചന്ദ്രന്‍ പിള്ളയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ വഴിനീളെ നിരത്തി വെച്ചിരുന്നു.

കേരളവര്‍മ്മയില്‍ തത്വശാസ്ത്രത്തിന് പഠിക്കുമ്പോള്‍ തൊട്ടുള്ള കൂട്ടുകെട്ടാണ്. നാലാള്‍ മാത്രമുള്ള വിപ്ലവസംഘടനയില്‍ ക്ലാസില്‍ നിന്നും രണ്ടുപേര്‍ രാജുതോമസും ശോഭയും. കേമ്പസ് ചുറ്റി വിപ്ലവം മുഴക്കി വരുന്ന അവരെ എല്ലാവര്‍ക്കും അറിയാം. കോളേജിലെ ഊട്ടിയിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ സര്‍വ്വജ്ഞന്മാരായി വിലസിയിരുന്ന കാലം.

ഇപ്പോഴുമോര്‍ക്കുന്നു അവസാന വര്‍ഷത്തെ പഠനയാത്ര. സ്വാതന്ത്ര്യത്തിന്റെ അപാരതയില്‍ ബാദ്ധ്യതകളൊന്നുമില്ലാത്ത യൌവ്വനത്തിന്റെ ആഘോഷയാത്ര. താമസിക്കുന്നയിടങ്ങളില്‍ സദസ് കൊഴുപ്പിക്കാന്‍ മദ്യസേവയും പാട്ടും ഡാന്‍സുമൊക്കെയായി എല്ലാവരും സന്തോഷഭരിതര്‍. അവര്‍ക്കിടയില്‍ മദ്യം കഴിക്കാതെ എല്ലാവരെയും നിയന്ത്രിച്ചിരുന്ന രാജുതോമസ്.

വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.. പലരും ഗൃഹസ്ഥരായി, നിരവധി മേഖലകളില്‍ ജോലിക്കാരായി. എല്ലാവരും ഒരിക്കല്‍ ഒത്തുകൂടിയത് ജയന്റെ സഹോദരിയുടെ വിവാഹത്തിനായിരുന്നു. അന്നാണ് കോലം കെട്ട് രാജുതോമസിനെ ആദ്യമായി കണ്ടത്. സദ്യയുണ്ണുന്നതിനിടയില്‍ രണ്ടു പേര്‍ ചേര്‍ന്ന് താങ്ങി നടത്തിക്കൊണ്ടു വരുന്നു. വാളു വെച്ച് വൃത്തികേടാക്കി.. മറ്റുള്ളവരില്‍ ജുഗുപ്സയുണര്‍ത്തി.. വിശ്വസിക്കാന്‍ പ്രയാസപ്പെട്ട് മിഴിച്ചിരുന്നപ്പോള്‍ മുന്‍പും നന്നായി കഴിച്ചിരുന്നയാളാണ് നിനക്കതറിയില്ലേന്ന് ജയന്‍.. ശേഷം അയാളെ കാണാന്‍ സാധിച്ചിട്ടില്ല.

ചിലര്‍ മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുന്നതും സമ്പത്തും ആരോഗ്യവും ക്ഷയിച്ച് ഭീതിദമായ അന്ത്യത്തിലേക്കെത്തുന്നതും മദ്യം മൂലമാണ്. ബോധപൂര്‍വ്വം മദ്യത്തിന് കീഴടങ്ങുന്നവന്‍ കാംക്ഷിക്കുന്ന സുഖവും എല്ലാം മറക്കാമെന്ന വ്യാമോഹവും ക്ഷണികമായിട്ടും നിരന്തരം ഇത് തുടരുന്നതെന്തുകൊണ്ടാണ്.? പ്രകൃതി നിലനിര്‍ത്തുന്ന സന്തുലിതാവസ്ഥയുടെ ഭാഗം തന്നെയായിരിക്കണം ഇതെല്ലാം.

ഞങ്ങള്‍ രാജുതോമസിന്റെ വീട്ടിലെത്തി. അകത്ത് അന്ത്യശുശ്രൂഷകള്‍ ആരംഭിച്ചിരിക്കുന്നു. തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയില്‍ കരയുന്ന വാര്‍ദ്ധക്യം. അയാളുടെ അമ്മ. കുടുബ സങ്കല്പത്തിനെതിരായിരുന്നതിനാല്‍ അമ്മയില്‍ എല്ലാം ഒതുങ്ങുന്നു.

ചുറ്റിലും ഭിന്നരുചിക്കാരായ് ആളുകള്‍. മാധ്യമങ്ങളിലൂടെ സംസ്കാരം വിളമ്പുന്ന സാംസ്കാരിക നായകന്മാരും.. എന്തൊക്കെയോ തീവ്രമായ ആശയങ്ങള്‍ പേറുന്നുണ്ടെന്ന് നടിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്റെ കണ്ണുകള്‍ രാജുതോമസിന്റെ ഹൃദയം കവര്‍ന്നവരെ തേടുകയായിരുന്നു. ദൂരെ മാറി വിഷാദമഗ്നരായി ഇരിക്കുന്ന മൂന്നുപേരെയും തിരിച്ചറിയാന്‍ കഴിഞ്ഞു. കൂട്ടത്തിലൊരുവന്‍ മണ്ണില്‍ വീണു കിടന്ന് വിലപിക്കുന്നുണ്ടായിരുന്നു. അവരില്‍ നിന്നും വേറിട്ടൊരു ശബ്ദം രാജുതോമസിനില്ലല്ലോ.. മദ്യത്തിന്റെ മാന്ത്രിക സുതാര്യതയില്‍ കമിതാക്കളെപ്പോല്‍ അവര്‍ എല്ലാം കൈമാറിയിരിക്കുമല്ലോ..

ഇടക്കെപ്പോഴോ രാജുതോമസിന്റെ പ്രശസ്ത കവിതയിലെ ചില വരികള്‍ അവര്‍ ഉറക്കെ ആലപിക്കുന്നു...

‘മദ്യമേ നിന്‍ മടിയില്‍..
മായിക വലയത്തില്‍
വിരാജിക്കുന്നൂ.. ഞങ്ങള്‍
സുകൃതമാം മായാ ലഹരിയില്‍
പതഞ്ഞുയരട്ടെ ലോകം

സുരപാനം നിത്യവും
ശീലമാക്കീടുവാന്‍
കൃപതന്നു ഞങ്ങളില്‍
അമൃതം ചൊരിയണേ..
വിറയാര്‍ന്ന കൈകളാല്‍
മധുപാനം തുടങ്ങുവാന്‍
എന്നും പുലര്‍കാലെ..
പ്രാപ്തരാക്ക ഞങ്ങളെ..

ശൊഭയും മിനിമൈക്കിളും ഓടിക്കിതച്ചെത്തി. ശോഭ വൈകുമെന്നാണ് കരുതിയിരുന്നത്. വൈക്കത്തുനിന്നും എത്തണ്ടേ..
രാജുതോമസിന്റെ മുഖത്ത് ശാന്തത കളിയാടി... തലയും താടിയും ഇനിയും നരച്ചിട്ടില്ല, ആവശ്യമില്ലാത്ത ടെന്‍ഷനുകള്‍ കയറ്റിവെച്ച് കഷണ്ടി കയറിയ തലയും നരച്ച കുറ്റിത്താടിയുമൊക്കെയായി നില്‍ക്കുന്ന ഞങ്ങളേക്കാള്‍ പ്രായം പെണ്ണുങ്ങള്‍ക്കായിരുന്നു. മേദസ് കൂടി വയറ് ചാടി ഒക്കെ തള്ളകളായി.

അലങ്കരിച്ച ശവവണ്ടിക്കു പുറകില്‍ നിരയായി നീങ്ങുമ്പോള്‍ ‘ഇന്നു ഞാന്‍ നാളെ നീ’ എന്ന ശീലുകള്‍ ആത്മജ്ഞാനം പ്രദാനം ചെയ്തു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ആവര്‍ത്തിക്കാന്‍ പോകുന്നതുമായ പാപങ്ങള്‍ക്ക് മാപ്പ്. ഇനിയെങ്കിലും കാരുണ്യവും സാന്ത്വനവും നിറഞ്ഞ കര്‍മ്മങ്ങളില്‍ സായൂജ്യം തേടുവാന്‍ സാധിച്ചിരുന്നെങ്കില്‍.

ഓരോ മരണവും ആശുപത്രി സന്ദര്‍ശനവും ഇത്തരം സത് ചിന്തകള്‍ക്ക് മനസ്സില്‍ ഇടം നല്‍കാറുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ല. ചരാചരങ്ങള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്ന പ്രകൃതി നിയമം മാറ്റാന്‍ സാധിക്കില്ലല്ലോ..
വേര്‍പിരിഞ്ഞ ആദ്യ സതീര്‍ത്ഥ്യന്‍ രാജുതോമസ്. ഇനി ആരായിരിക്കും..

ബിരുദങ്ങള്‍ ഓരോന്നായി വാരിക്കൂട്ടി ഇപ്പോള്‍ പാരാസൈക്കോളജിയില്‍ ഗവേഷണം നടത്തുകയാണ് ശശി. അറിവ് തേടിക്കൊണ്ട് അറിവുള്ളവനാകാന്‍ ശ്രമിക്കുന്നു.
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ കോടികള്‍ സമ്പാദിച്ച് കൊണ്ടേയിരിക്കുന്ന രവി.. തത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത് വിഷയത്തിന്റെ അര്‍ത്ഥവ്യാപ്തി മുഴുവന്‍ കൈവരിച്ചുവെന്ന അഹങ്കാരം രവിയുടെ മുഖത്തുണ്ടായിരുന്നു.
വയനാട്ടിലെ നാടന്‍ കലാരൂപങ്ങളില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി ആദ്ധ്യാപക ജോലിയില്‍ സംതൃപ്തി തേടിയ ദിരാര്‍..
പ്രമുഖ പുസ്തകപ്രസാധക കമ്പനിയില്‍ പ്രൂഫ് റീഡറായി തുടങ്ങി അക്ഷരമറിയാത്ത ഉടമയെ മൂലക്കിരുത്തി കമ്പനി നടത്തിക്കൊണ്ടിരിക്കുന്ന ഷീന്‍.. ഞങ്ങളില്‍ ചിലര്‍.. വ്യത്യസ്തതയോടെ ഉപജീവനം നടത്തുന്നവര്‍.

ഒരാള്‍ വേര്‍പ്പെട്ടുപോയിരിക്കുന്നു. കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം കണ്ടുമുട്ടാത്തവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒത്ത്ചേരുന്നു.

സംസ്കാരം കഴിഞ്ഞ് പെണ്ണുങ്ങള്‍ പിരിഞ്ഞെങ്കിലും പുരുഷപ്രജകള്‍ എല്ലാവരുംകൂടി അനുശോചനയോഗം തുടങ്ങാന്‍ ആലോചനയായി. ദു:ഖ സാന്ദ്രമായ അന്തരീക്ഷത്തില്‍നിന്നും രക്ഷ തേടി ഞങ്ങള്‍ മുന്തിയ ഹോട്ടലിലെ മിനി ഹാളിലെത്തിചേര്‍ന്നു.

രാജുതോമസ് സാഹിത്യത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചും ഒരു കവിയെന്ന നിലയില്‍ അയാളുടെ പാദമുദ്രകള്‍ മലയാള കാവ്യ വേദികളില്‍ എന്നെന്നും നിറഞ്ഞ്നില്‍ക്കുമെന്നും ഞങ്ങള്‍ വിലയിരുത്തി. അകാല ചരമമടഞ്ഞിരുന്നില്ലെങ്കില്‍ നോബല്‍ സമ്മാനം വരെ പ്രതീക്ഷിക്കാമായിരുന്നുവെന്ന് ചിലര്‍ വാദിച്ചു. സംവാദത്തിന്റെ അവസാനം സുരപാനം നിറുത്തിയാല്‍ എഴുത്ത് നിറുത്തി ജീവിത്തില്‍ നിന്നും ഉള്‍വലിയേണ്ടി വരുമെന്ന് സോദാഹരണങ്ങള്‍ സഹിതം നിരത്തി സദസ് പ്രക്ഷുബ്ധമായി. വിവാഹം കഴിഞ്ഞാല്‍ അഭിനയം നിറുത്തുന്ന നടികളെപ്പോലെയാണ് മദ്യപിക്കാത്ത എഴുത്തുകാര്‍ എന്നും ആക്ഷേപമുണ്ടായി...

കുടിച്ചുതീര്‍ത്ത മുപ്പത്തയ്യായിരം രൂപയുടെ ബില്ലിന്റെ മീതെ ക്രഡിറ്റ് കാര്‍ഡിട്ട് രവി പണത്തിന് മീതെ പരുന്തില്ലെന്ന പരമാര്‍ത്ഥമറിയിച്ച് അനുശോചന യോഗം പിരിച്ചു വിട്ടു. നാളത്തെ ദുഷ്കര്‍മ്മങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണകളോടെ വേച്ച് വേച്ച് സതീര്‍ത്ഥ്യര്‍ ഒരോരുത്തരായി പിരിഞ്ഞു പോയി.

2010, ജൂലൈ 15, വ്യാഴാഴ്‌ച

ഡ്യൂപ്ലിക്കേറ്റ്

മൈലാഞ്ചിയണിയിച്ച് കൂട്ടുകാര്‍ പോയി. അവര്‍ പോകാന്‍ കാത്തിരുന്നപോലെ ഉമ്മ അവളെ അകത്തേക്ക് കോണ്ടുപോയി. ‘മോളെ ഇക്കൊരു കാര്യം പറയാന്‍ണ്ട് .. ഇയ്യ് വെഷമിക്കൊന്നും വേണ്ട. തല്‍ക്കാലത്തേക്ക് അവര് ചോദിച്ച പണ്ടം കൊടുക്കാന്‍ ഇക്ക് കഴിയൂല.. പത്ത് പവന്റെ കൊറവ് നികത്താന്‍ ബാപ്പ ഒരു പണി ചെയ്തിട്ട്ണ്ട്.. ഈ വളകള് പത്തെണ്ണം സ്വര്‍ണ്ണല്ല.. മുക്കാ.. ആരോടും പറയണ്ട.. വെള്ളിയാഴ്ചക്കുള്ളില്‍ സ്വര്‍ണ്ണം കൊണ്ടു തരാന്ന് ബാപ്പ ഉറപ്പ് പറഞ്ഞിട്ടുണ്ട്..’ ഒരു ജീവച്ഛവമായി അവള്‍ ഉമ്മയുടെ വാക്കുകള്‍ ശ്രവിച്ചു.

വാടിയ മുഖത്തേക്ക് നോക്കാന്‍ കഴിയാതെ ഉമ്മ പുറത്തേക്ക് പോയി. അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. ഒതുക്കി നിറുത്തിയ സങ്കടമെല്ലാം ഘനീഭവിച്ച് തൊണ്ടയില്‍ കുരുങ്ങിയതല്ലാതെ അല്പം പോലും കണ്ണുനീര്‍ വന്നില്ല.

കല്ല്യാണമേ വേണ്ടായിരുന്നു. അങ്ങനെ ഉറപ്പിച്ചു പറഞ്ഞു നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. അവളുടെ ബാപ്പയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നുവോ.. ഗള്‍ഫില്‍ ജോലിക്ക് പോയി അവിടെ നിന്നും കാണാതായ ബാപ്പ പിന്നീടൊരിക്കലും തിരിച്ച് വന്നില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഉമ്മയും അവളും തീര്‍ത്തും അശരണരായെന്ന യാഥാര്‍ത്ഥ്യം പൂര്‍ണ്ണ ബോദ്ധ്യത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.

ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സഹായഹസ്തവുമായെത്തിയതായിരുന്നു മൊയ്തീന്‍. മറ്റൊരു കുടുംബമുള്ള അയാള്‍ക്കിതൊരു ഇടത്താവളം. അയാളുടെ ആര്‍ത്തി അവളുടെ വളര്‍ച്ചയിലേക്കെത്തിനോക്കിത്തുടങ്ങിയപ്പോള്‍ ഉമ്മക്കാധി കയറി. അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് ജനിമൃതികള്‍ക്കിടയിലുള്ള നൂല്‍പ്പാലം കയറാമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു.

മറ്റേതൊരു വിടനെപ്പോലെ അയാളും സ്നേഹപ്രകടനങ്ങള്‍ക്ക് കുറവ് വരുത്തിയില്ല. വ്യാജ ആയുര്‍വ്വേദ ഉല്പ്ന്നങ്ങളുടെ പരസ്യം പോലെ മൊയ്തീന്‍ അവളുടെ ഉപ്പയായി വിരാജിച്ചു.

അവള്‍ക്ക് ആലോചനകള്‍ വന്നു കൊണ്ടേയിരുന്നു. എല്ലാം ഒഴിവുകഴിവുകള്‍ പറഞ്ഞ് മൊയ്തീന്‍ ഒഴിവാക്കി. അവസാനം അവളുടെ ഉമ്മയുടെ നാട്ടില്‍ നിന്നും വന്ന ബന്ധുത എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. മൊയ്തീന്റെ വാക്കുകള്‍ വിലപ്പോയില്ല. ഇരിക്കുന്ന പുരയിടത്തിലെ പത്തു സെന്റ് വിറ്റിട്ടും സ്വര്‍ണ്ണമെടുക്കാതെ അയാള്‍ പകപോക്കി. അവള്‍ക്കുറപ്പുണ്ട് അയാള്‍ ഒരിക്കലും സ്വര്‍ണ്ണമെത്തിക്കില്ലെന്ന്. ചോദിച്ച പണ്ടങ്ങള്‍ കൊടുത്തില്ലെങ്കില്‍ അവള്‍ക്കവിടെ സ്ഥാനമുണ്ടാവില്ലല്ലോ.. അവളെ മൊഴിചൊല്ലിയാല്‍ അയാളുടെ ഇംഗിതത്തിന് എളുപ്പം വശപ്പെടുമെന്ന് കണക്ക് കൂട്ടി.

ഇനിയൊന്നും ആലോചിക്കാന്‍ കൂടി സമയമില്ല. വിരുന്നുകാര്‍ ഒരോരുത്തരായി വന്നു കൊണ്ടിരുന്നു. കൂട്ടുകാരുടെ കളിചിരികള്‍ക്കിടയിലും അവളുടെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു. സര്‍വ്വാഭരണ വിഭൂഷിതയായി പെണ്ണുങ്ങള്‍ക്കിടയിലിരിക്കുമ്പോള്‍ സ്വര്‍ണ്ണം പൂശിയ വളകള്‍ നാഗങ്ങളായി അവളുറ്റെ നെഞ്ചില്‍ ആഞ്ഞുകൊത്തി. ഇല്ലായ്മകളില്‍ മഞ്ഞ ലോഹത്തിന്റെ വിഷദംശനമേറ്റ് അകാല ചരമമടയേണ്ടി വന്ന കുടുംബിനികളുടെ വിഷാദ കഥകള്‍ ഭ്രമണം ചെയ്യുന്നത് അവളില്‍ അസ്വസ്ഥത പടര്‍ത്തി.

ചടങ്ങുകള്‍ എല്ലാം അവസാനിച്ചു. മണിയറയില്‍ അവര്‍ മാത്രമായി. അര്‍പ്പിതമായ ശരീരങ്ങളില്‍ തീ പടരുന്നില്ല. വാക്കുകള്‍ പോലും ലോപിച്ചാണ് പുറത്ത് വരുന്നത്. അയാള്‍ എല്ലാം കണ്ടുപിടിക്കുമെന്ന് അവള്‍ ഭയപ്പെട്ടു. അതിനുമുമ്പ് തുറന്നു പറയണം. എങ്ങനെ തുടങ്ങണമെന്നറിയാതെ വിഷമിച്ചു. പുറത്തേക്ക് വരാന്‍ വെമ്പുന്ന ശബ്ദം വിമ്മിഷ്ടമായി..

‘എനിക്കൊരു കാര്യം പറയാനുണ്ട്..’ അവസാനം വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ക്കൊരു സംശയം. പറഞ്ഞത് ഞാനല്ലല്ലോ.. അയാളാണ് ‘ ഞാനൊരു ശിഖണ്ഡി ജന്മമാണ്. .. നിന്റെ ആഗ്രഹങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് കഴിയില്ല.’

മൊയ്തീന്‍ മുടക്കിയിട്ടും മുടങ്ങാത്ത കല്ല്യാണം. എരിതീയില്‍ നിന്നും വറ ചട്ടിയിലേക്കാണെങ്കിലും അവള്‍ സന്തോഷവതിയായി. കെട്ടിപ്പിടിച്ച് ചുംബനം നല്‍കി അവള്‍ അയാളോടൊപ്പം കട്ടിലിലേക്ക് ചാഞ്ഞു.

2010, ജൂലൈ 7, ബുധനാഴ്‌ച

തിരിച്ചറിവ്

ഗുരുവയൂരിൽ നിന്നും അങ്ങാടിപ്പുറത്തേക്കുള്ള ബസിൽ തിരക്ക് കുറവായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയ ഏതാനും കുടുംബങ്ങൾ. ജാനകി മകളോടൊപ്പം ഡ്രൈവറുടെ പുറകിലെ സീറ്റിൽ ഇരുന്നു. ഇത്തരമൊരു യാത്ര ജീവിതത്തിൽ ഉണ്ടാകുമെന്ന് കരുതിയില്ല. എന്നോ മറവിയിലാഴ്ന്നുപോയ ജീവിത മുഹൂർത്തങ്ങൾ പുനർജനിതേടിയ പോലെ.

വീട്ടുകാർ ആലൊചിച്ചുറപ്പിച്ച വിവാഹം. ആദ്യത്തെ നാലു ദിവസം മാത്രം നീണ്ട ദാമ്പത്യം... പിന്നീടയാൾ വീട്ടിലേക്ക് വന്നീട്ടില്ല! അയാൾക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. വീട്ടുകാർക്കായി മറ്റൊന്നുകൂടി കഴിച്ചതാണെന്ന്. മകൾക്കുവേണ്ടിയുള്ള ജീവിതം. അവൾ ജനിച്ചില്ലെങ്കിൽ മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നുവോ..? മകളുടെ വിവാഹമായപ്പോൾ പലരും പറഞ്ഞു; അദ്ദേഹത്തെ അറിയിക്കേണ്ടേ.. വേണ്ടെന്ന് പറഞ്ഞതിന് മറ്റു കാരണങ്ങളും.. ഇതുവരെ കാണാത്ത മകൾ , വളർത്തിക്കൊണ്ടു വരുന്നതിനൊ , പഠനചെലവിനൊ ആശ്രയിച്ചില്ല. ഇനി വിവാഹമല്ലേ.. അതുമങ്ങട് കഴിഞ്ഞു പൊയ്ക്കൊള്ളും.

ഇനിയൊരിക്കലും കാണരുതെന്നാഗ്രഹിച്ചു. യൌവ്വനത്തിളപ്പിൽ കയറിയിറങ്ങിയ വഴിയോരങ്ങൾ.. ബന്ധത്തിന്റെ ദൃഡത അത്രക്കല്ലേയുള്ളു.! പിന്നീട് പല ബന്ധുതകളും വന്നെങ്കിലും വേണ്ടെന്ന് പറഞ്ഞു. എല്ലാവരോടും പകയായിരുന്നു. ശരീരത്തിന്റെ പ്രലോഭനങ്ങൾക്ക് പല തവണ കീഴടങ്ങേണ്ടി വന്നെങ്കിലും അതൊന്നും ശാശ്വതമാക്കാൻ ആഗ്രഹിച്ചില്ല.

വീണ്ടും കാലം കീഴടക്കുന്നു. ഒരിക്കൽകൂടി ശിരസ് അയാൾക്ക് മുന്നിൽ താഴേണ്ടി വരുന്നു.

മകളുടെ വിവാഹം കഴിഞ്ഞതോടെ ജാനകി തീർത്തും ഏകയായി. എല്ലാം നുള്ളിപ്പെറുക്കി നടത്തിയ കല്ല്യാണം. കാത്തു വെച്ചിരുന്ന പൊന്നും സമ്പാദ്യവുമെല്ലാം അവസാനിച്ചു. പുരയിടത്തിലെ വരുമാനം ചിലവിനു പോലും തികയാതെയായി. ആശ്രയിക്കുവാൻ തക്ക വരുമാനമൊന്നും മരുമകനുമില്ല. സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കര കയറാൻ ബുദ്ധിമുട്ടുന്ന സമയത്താണ് വിമുക്ത ഭടന്റെ വിവാഹ മോചിതയായ മകൾക്കും സർക്കാർ പെൻഷനുണ്ടെന്നറിയുന്നത്. അമ്മയുടെ മരണശേഷം തുടർച്ചയായി ലഭിക്കുമെന്ന്. കയ്പേറിയ അനുഭവങ്ങൾക്കിടയിൽ ആകുലമായിരിക്കുന്നതിനിടയിൽ ഒരു പിടിവള്ളി. വീണ്ടും അച്ഛന്റെ കനിവായി. വേണ്ടത്ര അന്വേഷണം നടത്താതെ അയാൾക്ക് വിവാഹം കഴിച്ചുകൊടുത്തതിൽ അതീവ ദു:ഖിതനായിരുന്നു അച്ഛൻ.
ഒരു കുറവുമുണ്ടാകാതെ മരണം വരെ സംരക്ഷിച്ചു.

രേഖകളെല്ലാം സമർപ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.അപ്പോഴാണ് വിവാഹ മോചനത്തിന്റെ വിധിപകർപ്പ് ഹാജരാ‍ക്കാനുള്ള അറിയിപ്പ് കയ്യിൽ കിട്ടിയത്. അന്ന് കേസ് കൊടുക്കുന്ന പതിവില്ല. സ്ഥലത്തെ പ്രമാണിമാർ ഒത്തുകൂടി കരാർ രജിസ്ത്രാക്കി അവസാനിപ്പിക്കുന്നു. അതിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കൊടുക്കൽ വാങ്ങലുകൾ കഴിഞ്ഞിരിക്കും. കരാർ ഹാജരാക്കിയെങ്കിലും പോരെന്ന് പറഞ്ഞ് ആപ്പീസിൽ നിന്നും മടക്കി. ഡൽഹിയിലേക്കയക്കണമെങ്കിൽ കോടതിയുത്തരവ് തന്നെ വേണമത്രെ.

വർഷങ്ങൾ കഴിഞ്ഞില്ലേ.. ആർക്കും പരിചയമില്ല. അല്ലെങ്കിൽ മറ്റാരും പോകാനുമില്ല. അവസാനം നേരിട്ട് പോകാൻ തീരുമാനിച്ചു. കോടതി വരെ വന്ന് പരസ്പര സമ്മതത്തോടെയുള്ള ഹരജിയിൽ ഒപ്പിട്ടാൽ പെട്ടെന്ന് ശരിയാകും.. നിയമപ്രകാരം ആറുമാസം കഴിയണം .. സാഹചര്യം കണക്കിലെടുത്ത് അതൊഴിവാക്കാമെന്ന് വക്കീൽ ഉറപ്പ് തന്നിട്ടുണ്ട്.

ബസ് പട്ടാമ്പി പാലം കടക്കുകയാണ്. ഇത്രയേറെ മഴ പെയ്തിട്ടും നിള കണ്ണീർ ചാലു പോലെ. പൂഴി നിറഞ്ഞ് പറമ്പായി കിടക്കുന്നു. ഒരു പക്ഷെ പൂഴി നീക്കി ആഴം കൂട്ടിയാൽ വെള്ളം കൂടുമായിരിക്കും.

ഇനി മുക്കാൽ മണിക്കൂർ കൂടി ബസിലിരിക്കണം. ജാനകിയുടെ മനസ്സ് ശാന്തമാണ്. ലോകത്തിൽ ഒരു സ്ത്രീക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവില്ല. അയാളെക്കണ്ടാൽ അവൾക്ക് തിരിച്ചറിയാൻ സാധിക്കുമോ.. കാലങ്ങളായി മനസ്സിൽ പെരുകിയിരുന്ന പലവിധ വികാരങ്ങൾ നിഷ്പ്രഭമായി. ആകസ്മിക സംഭവങ്ങൾ ഇനിയുമുണ്ടാകും. അനുഭവിക്കാൻ തയ്യാറാവുക. ശരീരത്തെയും മനസ്സിനെയും ഒരുക്കി നിറുത്തുക, ഇതല്ലാതെ മറ്റൊന്നും പ്രവർത്തിക്കാനില്ല.

ബസ് അങ്ങാടിപ്പുറത്തെത്തിയപ്പോൾ മകൾ കുലുക്കി വിളിക്കുകയായിരുന്നു. ജാനകി എപ്പോഴൊ മയങ്ങിപ്പോയിരുന്നു. തലേ ദിവസം തീരെ ഉറങ്ങാൻ കഴിയാതിരുന്നതുകൊണ്ടാകും.

മകൾ അമ്മയോട് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട് കൂടെയുള്ളത് ആരാണെന്ന് പറയരുതെന്ന്. കൂട്ടിന് അടുത്തുനിന്നൊരാൾ.. അതു മതി. ഇങ്ങനെയൊരു മകൾ ജനിച്ചിട്ടുണ്ടെന്ന് അയാൾക്കറിയുമോ..എന്തോ. ജനയിതാവിനെ ഒന്നടുത്തു കാണുക അത്ര മാത്രം. കുട്ടിക്കാലത്ത് കൈവിട്ട കിനാവുകൾ.. അച്ഛനെയൊന്നടുത്ത് കാണുക. മടിയിൽ കയറി നെഞ്ചിലെ ചൂട് പറ്റിയിരിക്കുക. ഉത്സവപറമ്പുകളിൽ കറങ്ങിയടിച്ച് കൈനിറയെ കുപ്പിവളകലും ബലൂണുമൊക്കെയായി.. നെറുകയിലൊരുമ്മ വാങ്ങാൻ.. എല്ലാം എത്രമാത്രം കൊതിച്ചിരുന്നു.

പുത്തനുടുപ്പുകളും സമ്മാനപ്പൊതികളുമായി അച്ഛൻ വന്നെത്തുമെന്ന അമ്മയുടെ ആശ്വാസവാക്കുകൾ വിശ്വസിച്ച് കാതോർത്തിരുന്ന ബാല്ല്യം കഴിഞ്ഞുപോയിരിക്കുന്നു. ജനിപ്പിച്ചാൽ മാത്രം അച്ഛനാകുമെന്ന വിശ്വാസം ഇപ്പോൾ അവൾക്കില്ല. അവൾക്കിപ്പോൾ അച്ഛൻ അന്യനാണ്.. ഇനിയെന്നും അങ്ങനെ മതി.

ബസ് റെയിൽവേ ഗേറ്റ് കടന്നപ്പോൾ രണ്ടുപേരും വാതിൽക്കലേക്ക് നടന്നു. തിരുമന്ധാംകുന്ന് ദേവിയെ ദർശിക്കുവാൻ പോകുന്നവരുടെ തിരക്ക്. ഇറങ്ങിക്കഴിഞ്ഞപ്പോൽ ദർശനം കഴിഞ്ഞിട്ടാകാം അയാളുടെ വീട്ടിലേക്കെന്ന് നിശ്ചയിച്ചു. വീതിയുള്ള കല്പടവുകളിലൂടെ കയറാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും സന്നിധിയിലെത്തിയപ്പോൾ സുഖകരമായ അന്തരീക്ഷം. തൊഴുത് കഴിഞ്ഞ് മറുഭാഗത്തു കൂടി താഴോട്ടിറങ്ങി. പട്ടണത്തിന്റെ യാതൊരു ബഹളങ്ങളുമില്ല. വെള്ളം നിറഞ്ഞൊഴുകുന്ന കൈതോടും പാടവുമെല്ലാം കൺകുളിർപ്പിച്ച് മനസ്സിനെ ശാന്തമാക്കി.

വഴിയിൽ കണ്ട മദ്ധ്യവയസ്കനോട് വഴി ചോദിച്ചറിഞ്ഞു. പുറത്താരെയും കണ്ടില്ല. ബെല്ലടിച്ചപ്പോൾ പ്രായമുള്ള സ്ത്രീ വാതിൽ തുറന്നു. ഇതായിരിക്കും അയാളുടെ ഭാര്യ.. ‘ഞാൻ ജാനകി.. ഗുരുവായൂരിലെ ശ്വേതാവിഹാറിൽ നിന്നും..’ തുടർന്നു പറയാൻ അവർ സമ്മതിച്ചില്ല., ‘എനിക്ക് മനസ്സിലായി വരൂ.. അദ്ദേഹം കിടപ്പിലാണെന്നറിഞ്ഞിട്ട് വന്നതാവും..’ ആയുർവേദ മരുന്നുകളുടെ രൂക്ഷ ഗന്ധമുള്ളൊരു മുറിയിൽ പാതി തളർന്നു കിടക്കുകയാണ്. കണ്ണുകളിൽ തിരിച്ചറിവിന്റെ തിളക്കമുണ്ടോ.. ജാനകി മകളെ നോക്കി .. അവൾ പ്രതിമകണക്കെ നിൽക്കുകയാണ്.

‘ഒരു വർഷമായി കിടപ്പ് തുടങ്ങിയിട്ട് ഇടക്കല്പം ഭേദമായി.. ഇപ്പോൾ കൂടുതലാ.. സംസാരിക്കാൻ പോലും കഴിയണ് ല്ല്യ..’

തന്റെ ജീവിതം തട്ടിപ്പറിച്ചെടുത്ത സ്ത്രീയുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ ജാനകി കൌതുകത്തോടെ നോക്കി. നൈമിഷിക വികാരങ്ങൾക്കുപരിയായൊരു ജ്ഞാനപ്രകാശം അവളിൽ നിറഞ്ഞു. ‘ഞങ്ങൾ പോകുന്നു.’ തന്റെ സുമംഗലിയോഗമവസാനിപ്പിക്കുവാൻ അയാളുടെ മരണത്തിനു മാത്രമെ കഴിയൂവെന്ന
തിരിച്ചറിവോടെ തിരിഞ്ഞുനടന്നു.