2010, ജൂൺ 30, ബുധനാഴ്‌ച

ഇങ്ങനെയും ചിലർ

സക്കറിയയുടെ അമ്മ മരിച്ചു. പ്രായാധിക്യം മൂലമാണ്. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ലായിരുന്നു. അന്ന് കാലത്ത് ആപ്പീസിലേക്കിറങ്ങുമ്പോഴും യാത്ര പറഞ്ഞ് പോന്നതാണത്രെ!

മകന്റെ സ്കൂളിൽ പോകേണ്ട അത്യാവശ്യമുള്ളതിനാൽ ഉച്ചക്ക് ശേഷം ലീവായിരുന്നു. സഹപ്രവർത്തകരുടെയൊപ്പം അവിടേക്ക് പോകാൻ സാധിച്ചില്ല! ഒറ്റക്ക് മരണവീട്ടിലേക്ക് കയറിച്ചെല്ലാൻ മടിതോന്നി. കരഞ്ഞുതളർന്ന ബന്ധുക്കളും മരണത്തിന്റെ മണം പരത്തുന്ന സുഗന്ധ ധൂപങ്ങളും അവിടവിടെ കൂട്ടം കൂടി നിന്ന് നാനാവിഷയങ്ങൾ ഗഹനമായി ചർച്ചക്കിടുന്ന നാട്ടുകാരും. മരിച്ചവർ എത്ര വേണ്ടപ്പെട്ടവരായാലും കഴിഞ്ഞില്ലേ.. ഇനി കണ്ടാലെന്ത്.. കണ്ടില്ലെങ്കിലെന്ത്.? ഇതങ്ങനെ ഒഴിവാക്കാനും പറ്റില്ലല്ലോ.. ആപ്പീസ് സൂപ്രണ്ടിന്റെ അമ്മ മരിച്ചിട്ട് ചെല്ലാതിരുന്നാൽ സംഗതി വിഷയമാകും.

ഈയിടെ നടന്ന ചില മരണങ്ങൾ മനസ്സിലേക്ക് തള്ളിക്കയറി. മകന്റെയൊപ്പം പഠിക്കുന്ന രാഹുലിന്റെ അച്ചന്റെ മരണം കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. സമയത്തിന് ആശുപത്രിയിലെത്തിയിരുന്നെങ്കിൽ സ്ട്രോക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നോ.. വൈകുന്നേരം ആറുമണിക്ക് തുടങ്ങിയ തലവേദന അവഗണിച്ചതുകൊണ്ടാണെന്ന് എല്ലാവരും പറഞ്ഞു. അല്ലെങ്കിലും ആർക്കാ ഇതൊക്കെ നിശ്ചയിക്കാൻ സാധിക്കുക. ആ കുട്ടിയെ കാണുമ്പോഴൊക്കെ .. അവന് വേണ്ടി സ്കൂളിലെ മീറ്റിംഗിൽ ഒപ്പിടണമെന്ന് അവന്റെ അമ്മ വിളിച്ച് പറഞ്ഞപ്പോഴും ആ മരണം എന്നെ കുത്തിനോവിച്ചിരുന്നു..

അയല്പക്കത്തെ ആത്മഹത്യ ചെയ്ത പ്രവാസിയുടെ ജഡത്തിനായുള്ള അനന്തമായ കാത്തിരിപ്പ് . രണ്ടു ദിവസം ആത്മഹത്യയിലെ ദുരൂഹത അനാവരണം ചെയ്യുന്നതിൽ നാട്ടുകാർ വ്യാപൃതരായി. ഒരുമാസം കഴിഞ്ഞ് ശരീരമെത്തിയപ്പോഴേക്കും ഭാര്യയുടെ ദീനരോദനവും ആർക്കോവേണ്ടിയെന്നപോലെ..

കൂട്ടുകാരോടൊത്ത് വാഴാനിയിൽ കാണാകയങ്ങളിലേക്കാഴ്ന്നിറങ്ങി കുളിച്ച് കയറാൻ ശ്രമിച്ച ഇരുപതുകാരന്റെ ദാരുണ അന്ത്യം. ചെറുപ്പത്തിലേ വിധവയായി മകനുവേണ്ടി ജീവിതം ഹോമിച്ച അമ്മയുടെ വിലാപം ഇപ്പോഴും കാതുകളിൽ. അമ്മയെ ഓർത്തെങ്കിലും അവൻ സാഹസത്തിന് ഒരുമ്പെടരുതായിരുന്നു.

അതിരപ്പിള്ളിയിലേക്ക് ബൈക്കോടിച്ച് മരണവാർത്തയായ മകന്റെ വിയോഗത്തെ കൂസാതെ വന്നവരെ സ്വീകരിച്ചാനയിക്കുന്ന പിതാവിന്റെ നെഞ്ചകം തിങ്ങുന്ന വേദന അറിയാതിരിക്കുന്നതെങ്ങനെ.

സക്കറിയയുടെ വീടിനടുത്ത സ്റ്റോപ്പിൽ വണ്ടിയിങ്ങി. വീടിന്റെ കോമ്പൌണ്ടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയൊരാൾക്കൂട്ടം പ്രതീക്ഷിച്ചു. ആരെയും കാണാതിരുന്നതിനാൽ വീടുമാറിയോയെന്ന് സംശയിച്ചു, അല്ലെങ്കിൽ ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പിരിഞ്ഞ് പോയിരിക്കാം .. വൈകീട്ട് മൂന്നുമണിക്കാണെന്ന് പറഞ്ഞിരുന്നു.. ഇപ്പോൾ പതിനൊന്നായതല്ലേയുള്ളൂ.. ശങ്കിച്ച് നിൽക്കുമ്പോൾ അകത്തെ ഹാളിൽ മൊബൈൽ ഫ്രീസർ കണ്ടു. അപ്പോൾ വീട് ഇതുതന്നെ , എല്ലാം കഴിഞ്ഞിരിക്കുന്നു. സക്കറിയയെ കണ്ടിട്ട് പോകാമെന്ന് കരുതി പുറത്തിരുന്നു.

ഒരു ആഡംഭരകാർ പടികടന്നു വന്നു. വലിയൊരു പുഷ്പചക്രവും കയ്യിലേന്തി വന്നവർ അകത്തെ ഹാളിലേക്ക് താളാത്മകമായി മാർച്ച് ചെയ്തു നീങ്ങി. കോട്ടും സ്യൂട്ടും സ്ലീവ്ലെസുമൊക്കെയായി അവർ പരിസരത്തിനു തികച്ചും അനുയോജ്യരായി.. ലയൺസ് എംബ്ലമുള്ള ആ കാർ പത്തുമിനിട്ടിനുള്ളിൽ പുറത്തേക്കൊഴുകി.

സംസ്കാരം കഴിഞ്ഞിട്ടില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത ദു:ഖ സാന്ദ്രമല്ലാത്ത അന്തരീക്ഷം. മരണവീടായാൽ ഇങ്ങനെ വേണം. എനിക്കെന്തോ അവിടെനിന്നും എഴുന്നേൽക്കാൻ തോന്നിയില്ല.. പ്രൌഡിയോടെ ഗ്ലാസ് കൂട്ടിനുള്ളിൽ സക്കറിയയുടെ അമ്മ.. ഇനിയുള്ള ചടങ്ങുകൾ എത്ര ആകർഷണീയവും ആഡംഭരവും നിറഞ്ഞതാകും. എല്ലാം കണ്ടിട്ടു തന്നെ ബാക്കി കാര്യം. ഇത്തരം കാഴ്ച്ക ജീവിതത്തിൽ ഇനിയുണ്ടായില്ലെങ്കിലോ.. നെഞ്ചത്തടിയോ പേരിനൊരേങ്ങലടിയോ ഇല്ലാത്തൊരു മരണവീട്.

ആരോ തട്ടിവിളിച്ചപ്പോഴാണ് കാടുകയറിയ ചിന്തകളിൽനിന്നും മോചിതനായത്. ‘സക്കറിയ സാർ വിളിക്കുന്നു..’ അകത്തേക്കെഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ അയാൾ വീണ്ടും ‘അങ്ങോട്ടല്ല, കാറിലോട്ട്..’ അപ്പോഴാണ് തെക്കുവശത്ത് പാർക്ക് ചെയ്തിരുന്ന സക്കറിയയുടെ കാർ കണ്ടത്.. കാറിന് സമീപത്തേക്ക് അയാൾ ആനയിച്ചു.

കാറിന്റെ പുറകിലെ ഗ്ലാസ്സ് താഴ്ത്തി സക്കറിയ വിളിച്ചു. ‘താൻ അകത്തേക്ക് കയറ്.. വീടിന്റെയുള്ളിൽ നിറയെ പെണ്ണുങ്ങളാ.. ഇവിടാണെങ്കിൽ നല്ല സൌകര്യാ.. ഡോർ തുറന്ന് അകത്തുകയറിയപ്പോൾ സ്തബ്ധനായി.!

വിലയേറിയ വിദേശ മദ്യം ഗ്ലാസ്സിലേക്ക് പകർന്ന് ഐസിട്ട് സക്കറിയ എനിക്ക് നേരെ നീട്ടി.. ‘താൻ വന്നതൊക്കെ ഞാൻ കണ്ടു.. തനിക്കെന്നോടിത്ര താല്പര്യമുണ്ടെന്ന് മനസ്സിലാക്കിയില്ല.. പോട്ടെടൊ.. താനിത് പിടിപ്പിക്ക് എനിക്ക് ദു:ഖം സഹിക്കാൻ കഴിയ്.. ണില്ല ..’

അമ്മയുടെ മരണം താങ്ങാൻ കഴിയാതെ മദ്യം വിഴുങ്ങുന്നൊരു സാധു.. എനിക്കും സഹിക്കാൻ കഴിഞ്ഞില്ല.. ഗ്ലാസ്സ് വാങ്ങി ദു:ഖ ചഷുകം തൊണ്ടയിലേക്ക് കമഴ്ത്തി...

2010, ജൂൺ 26, ശനിയാഴ്‌ച

പുറംകാഴ്ചകളിൽ ഇല്ലാത്തത്

എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അശ്വതിനായരുടെ പ്രവർത്തി. മാധവ് വർമ്മയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതോടെ അവൾ നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രമായി. ഇരുവരെയും അടുത്തറിയാവുന്ന എല്ലാവർക്കും
അതൊരു ഷോക്കായി. വിവാഹം കഴിഞ്ഞ് ഒന്നു രണ്ട് വർഷത്തിനുള്ളിൽ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നവർ വിരളമല്ല. ബന്ധങ്ങളുടെ ഊഷ്മളത അറിയാതെ വളർന്ന് പന്തലിക്കുന്ന യുവതലമുറ.ഇതങ്ങനെയല്ലല്ലോ.. ഇരുപത്തഞ്ച് വർഷത്തെ ജീവിതം പെട്ടെന്ന് അവസാനിപ്പിക്കുകയെന്നു വെച്ചാൽ..

മാധവ് വർമ്മയുടെ ദിവസം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണി മുതലാണ്. പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചതിന് ശേഷം പ്രഭാതസവാരിക്കിറങ്ങുന്നു. ബർമുഡയും ടീഷർട്ടും ധരിച്ച് മഴയും മഞ്ഞുമൊന്നും വകവെക്കാതെയുള്ള നടത്തം.. റെയ്ൻകോട്ടും കൌബോയ് തൊപ്പിയുമൊക്കെയായങ്ങനെ കാണാം. നടത്തം കഴിഞ്ഞാൽ പുരയിടത്തിലെ അദ്ധ്വാനം. ബ്രേക് ഫാസ്റ്റിന്ശേഷം പാന്റ്സും തൊപ്പിയും ബൂട്സുമൊക്കെ ധരിച്ച് കൈക്കോട്ട്, വെട്ടുകത്തി തുടങ്ങിയവയുമായി പുറമ്പറമ്പിലേക്ക്. ഉച്ചക്ക് നാളികേരം അടക്ക കായക്കുല തുടങ്ങിയവയൊക്കെ ചാക്കിലിട്ട് തോളിലേറ്റി വരുന്നത് കാണാം.

മാധവ് വർമ്മ ഗൾഫിൽ സായ്പിന്റെ കുശിനിക്കാരനായിരുന്നു. സായ്പ് കമ്പനി പൂട്ടി നാട്ടിലേക്ക് മടങ്ങിയപ്പോൾ വിശ്വസ്ഥനായ സേവകന് ഉപയോഗിച്ചിരുന്ന ഫർണ്ണീച്ചറുകളും വീട്ടുപകരണങ്ങളും നൽകി. എല്ലാം നാട്ടിലേക്കെത്തിച്ച് സായ്പ് പകർന്നു നൽകിയ ശീലങ്ങളുമായ് അയാൾ ജീവിച്ചു. ഭർത്താവ് നാട്ടിലെത്തിയതോടെ അശ്വതിനായർക്ക് പരമസുഖമായി. വീടും പരിസരവും വൃത്തിയാക്കലും പാചകവുമെല്ലാം അയാൾ ഏറ്റെടുത്തു.

ഞായറാഴ്ച്ച കാലത്ത് ബൈബിളുമായി പള്ളിയിൽ പോകുന്ന പതിവും അയാൾ ഉപേക്ഷിച്ചില്ല, അല്ലെങ്കിൽ സ്വന്തം നാട്ടിലും വിധേയത്വം പിന്തുടർന്നുവെന്ന് പറയുന്നതാവും ശരി. ഇടക്കിടെ ചില ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞ് സാധാരണക്കാരിൽനിന്നും അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. യൂറോപ്പ്യൻ ശൈലിയിലുള്ള മരസാമാനങ്ങളും വീട്ടുപകരണങ്ങളും വീട്ടിൽ കയറി വരുന്ന ആരിലും മതിപ്പുളവാക്കുന്നതായിരുന്നു. കുഞ്ഞുങ്ങളില്ലാത്ത ദുഖം അതിജീവിക്കാനെന്നോണം ഇറക്കുമതി ചെയ്ത പുഷ്പങ്ങളും വിവിധരാജ്യങ്ങളിലെ ഓമന പക്ഷികളും നായ്ക്കളുമൊക്കെയായി ഒരു ജീവ സമൂഹം എപ്പോഴും അയാൾക്കു ചുറ്റുമുണ്ടായിരുന്നു.

പ്രെത്യേകിച്ചൊന്നുമെടുക്കാതെ പടിയിറങ്ങിയത് ആരോടും പരിഭവമില്ലാതെയാണെന്ന് അശ്വതിനായർ ഓർക്കുന്നു. ഇരുപത്തഞ്ച് വർഷം ചിലവഴിച്ച വീടും ചുറ്റുപാടും ഒപ്പം കൊണ്ടുപോകാൻ കഴിയില്ലെന്ന പരമാർത്ഥം എല്ലാം അന്യമെന്ന് മനസ്സിലേക്കാവാഹിച്ചു. ഒരു തീരുമാനമെടുക്കുവാൻ നീണ്ട കാലയളവ് വേണ്ടിവന്നു. ഓരോ തവണയും ഒരു തട്ടിൽ അയാളുടെ സ്നേഹം വെച്ചു നോക്കുമ്പോൾ അതിനെ മറികടക്കുവാൻ വെറുപ്പിന്റെ ശകലത്തിന് കഴിയുന്നുണ്ടായിരുന്നില്ല. സ്നേഹത്തിന്റെ പ്രതിരൂപം ... തന്റെ ശരീരത്തിന്റെ ഓരോ പരമാണുവും അയാളെ ആഗ്രച്ചിരുന്നു... സ്നേഹിച്ചിരുന്നു.

വിവാഹം അവൾ സ്ഥിരമായി കണ്ടിരുന്ന സ്വപ്നത്തിന്റെ തുടർച്ചയായിരുന്നു. മറ്റുള്ളവർക്ക് അവിശ്വസനീയം. ഒരേ സ്വപ്നം ദിവസവും കാണുന്നു..ധനാഡ്യനും സുമുഖനുമായ ചെറുപ്പക്കാരനുമായുള്ള ആർഭാടത്തോടെയുള്ള വിവാഹം. അവൾ കിടപ്പുമുറിയിൽ പ്രവേശിക്കുന്നതോടെ സ്വപ്ന ഭംഗം വന്ന് അവൾ എഴുന്നേൽക്കുന്നു. ആ കാഴ്ച ഏറെ അസ്വസ്ഥയാക്കിയിരുന്നു. വിയർത്തുകുളിച്ച് സ്വസ്ഥത നഷ്ടപ്പെട്ട് ഉറക്കം വരാതെ പിന്നീടുള്ള കിടപ്പ്.

അയാളുടെ ശീലങ്ങൾ അവളെ അഭിമാനിയാക്കി. ആർക്കും ഇഷ്ടപ്പെടുന്ന പെരുമാറ്റം. അവളുടെ കളി ചിരി വർത്തമാനങ്ങൾ ക്ണ്ട് അമ്മ പറയുമായിരുന്നു. ‘മോളെ .. ഇതു നിലനിന്നാൽ മതിയായിരുന്നു.. എനിക്ക് പേടിയാ.. ആരെങ്കിലും കണ്ണ് വെച്ചാൽ അതോടെ എല്ലാം തീർന്നു.’

അയാളുടെ വീടും പരിസരവും സുഗന്ധപൂരിതമായിരുന്നു. ഓമന മൃഗങ്ങൾ അയാളോട് സ്നേഹം കൂടുമ്പോൾ അവൾക്ക് അസൂയയായിരുന്നു. അയാൾ പൂർണ്ണമായും അവളുടേതാവണം. പൂന്തോട്ടത്തിൽ സമയം ചിലവഴിക്കുമ്പോഴും പുഷ്പങ്ങൾ മണത്ത് സ്വയം മറന്ന് നിൽക്കുന്നത് കാണുമ്പോഴും കൂടുതൽ സ്നേഹിച്ച് കൊണ്ടേയിരുന്നു... അയാളുടെ ചില ഭ്രാന്തൻ ശീലങ്ങൾ അവൾക്ക് പഥ്യമായി. അവളുടെ മുഖമൊന്നു മങ്ങിയാൽ .. കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടാൽ അയാൾക്ക് വേവലാതിയായി. വീട്ടിൽ അയാൾ ജോലി ചെയ്യുന്നയിടങ്ങളിലെല്ലാം ഒരു നിഴൽ പോലെ അവൾ വേണം..

കുടുംബകോടതിയിലെ കൌൺസലിങ്ങിനിടയിൽ ആവർത്തിച്ചു കേട്ട ചോദ്യം. നിങ്ങളെന്തിന് വേർപിരിയുന്നു.? ജീവിതസായാഹ്നത്തിൽ പരസ്പരം താങ്ങായി നിങ്ങൾക്ക് കഴിഞ്ഞ്കൂടെ! കുഞ്ഞുങ്ങൾ ജനിക്കാത്തതിൽ പോലും നിങ്ങൾ പരസ്പരം കുറ്റപ്പെടുത്തുകയുണ്ടായില്ലല്ലോ.. പിന്നെയെന്തിന്?

അവൾ വീണ്ടും പഴയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയിരുന്നു. ബെഡ്രൂമിനകത്തെ കാഴ്ചകളിൽ അവളെന്നും ഉറക്കം വരാതെ വിയർത്ത് കുളിച്ച് കിടക്കുകയായിരുന്നു. അവളുടെ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് പുറകിലൂടെ പ്രവേശിക്കുന്ന അവയവവും.. കാക്ക പറക്കുന്നതുപോലെ കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന അവളും ജീവിതയാഥാർത്ഥ്യങ്ങളിലെ ആരും കാണാത്ത പുറം കാഴ്ചകളിലൊന്നായിരുന്നു.

2010, ജൂൺ 21, തിങ്കളാഴ്‌ച

ജൂനിയർ

വീട്ടിലേക്കുള്ള അവസാന ബസ്സിന്റെ സമയമായി.സീനിയറോട് യാത്ര പറഞ്ഞിറങ്ങാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഗ്ലാസ്സ് ഡോർ തുറന്ന് അകത്തുകയറിയ അയാളെ ശ്രദ്ധിച്ചത്. ഒരു പുതു പണക്കാരന്റെ ഭാവഹാദികളോടെ കടന്നു വന്ന് എന്നെ നോക്കി കൈകൾ വീശി സീനിയറുടെ കാബിനിലേക്ക് പ്രവേശിച്ചു.
ഇനിയങ്ങോട്ട് പോയിട്ട് കാര്യമില്ല. വമ്പൻ കക്ഷിയാണെങ്കിൽ എത്ര ശ്രമിച്ചാലും അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയില്ലല്ലോ..! ഗുമസ്ഥൻ സോമേട്ടനോട് പറഞ്ഞ് തിടുക്കത്തിൽ പുറത്തിറങ്ങി. റൌണ്ട് ക്രോസ് ചെയ്ത് പൂരപ്പറമ്പിലൂടെ തെക്കോട്ടിറങ്ങി. പത്തു മിനുട്ടിനുള്ളിൽ ശക്തൻ സ്റ്റാന്റിലെത്തിയില്ലെങ്കിൽ ബസ് പോകും. മൊബൈലിൽ പരിചയമില്ലാത്ത നമ്പർ.. ‘ ടാ നീ നല്ല പണിയാ കാണിച്ചത്. എന്നെ കണ്ടിട്ടും നീ നിൽക്കാതെ പോയില്ലേ..
‘ആരാ സംസാരിക്കുന്നത്..’
‘അത് ശരി എന്റെ ശബ്ദം പോലും മറന്നു.. ല്ലേ.. ഇതു ഞാനാടാ രാജു തോമസ്..’
‘ഒരുമിച്ച് മൂന്നു വർഷം ഉണ്ടായിരുന്ന ആളെ മനസ്സിലായില്ലെങ്കിൽ.. നിന്നെ പറഞ്ഞിട്ട് കാര്യമില്ല പോകാനുള്ള തിരക്കല്ലേ.. സാരല്ല്യ നാളെ കാണാം..’

സമ്പത്ത് മനുഷ്യനെ എത്ര മാത്രം മാറ്റി മറിക്കുന്നു. മെലിഞ്ഞു നീണ്ടിരുന്നയാൾ ഇപ്പോൾ പരമയോഗ്യൻ. അവനും ഞാനും സന്നതെടുത്തത് ഒരു ദിവസമായിരുന്നു. അന്നത്തെ പരിചയം ഒരുമിച്ചായപ്പോൾ ഊഷ്മളമായ ബന്ധമായി.

തേക്കിൻ കാട് മൈതാനിയിലെ ചീട്ടുകളിക്കാരെയും പിമ്പുകളെയും അനാശാസ്യക്കാരെയും പിന്നിട്ട് സ്റ്റാന്റിലെത്തിയപ്പോൾ ബസ് പുറപ്പെട്ട് കഴിഞ്ഞു. ഒരു വിധത്തിൽ ചാടിക്കയറി. പതിവുപോലെ വിജയേട്ടന്റടുത്തിരുന്നു. വിജയേട്ടൻ വക്കീൽ ഗുമസ്ഥനായിരുന്നു. ഇപ്പോൾ കുറിക്കമ്പനിയിലെ വ്യവഹാരകാര്യസ്ഥനാണ്. പ്രവർത്തിപഥം കോടതി തന്നെ. കമ്പനിക്കാര്യങ്ങൾക്കായി ദിവസവും അയ്യന്തോളിലെത്തും.

‘വിജയേട്ടാ.. നമ്മുടെ രാജു തോമസ് വന്നിട്ടുണ്ട്’.
‘ഉവ്വോ.. ആള് രക്ഷപ്പെട്ടോ..?’ രാജു തോമസിനെ വിജയേട്ടനറിയാം.
‘കാഴ്ചപ്പാടിൽ മെച്ചമാന്നാ തോന്നണ്.. എനിക്ക് സംസാരിക്കാൻ സാധിച്ചില്ല, ശരിക്കുള്ള അവസ്ഥ ഞാൻ നാളെ പറയാം..’

പതിവുപോലെ വീടെത്തുന്നതുവരെ സംസാരിച്ചിരിക്കാൻ തോന്നിയില്ല. അവന്റെ തിരോധാനത്തിന് ഹേതുവായ സാഹചര്യങ്ങളായിരുന്നു മനസ്സിൽ. ഞങ്ങൾ പ്രാക്ടീസ് തുടങ്ങിയകാലം. കാലത്ത് എട്ടര മുതൽ വൈകീട്ട് ഏഴര വരെ ആപ്പീസിലും കോടതിയിലും ടൌണിലുമൊക്കെയായി സമയം പോകുന്നു. രാജുതോമസ് രാത്രി പത്തുമണി വരെ ഇരിക്കും. വീട് അടുത്തായതിനാൽ ആപ്പീസ് അടച്ചുപൂട്ടി സീനിയറോടൊപ്പമാണ് മടക്കം. വീട്ടുകാർക്കിഷ്ടമല്ലാത്ത പ്രണയ വിവാഹം. അതോടെ അവന്റെ കഷ്ടകാലമായി. സാമ്പത്തിക പ്രയാസങ്ങൾ അതിജീവിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കാലം. ശനിയാഴ്ച ദിവസം വൈകീട്ട് ലഭിക്കുന്ന പ്രതിഫലം നൂറ്റമ്പത് രൂപയാണ്. സീനിയറോട് യാത്ര ചോദിക്കാൻ ചെല്ലുമ്പോൾ കയ്യിൽ വെച്ചു തരും. എനിക്കാദ്യം കിട്ടിയപ്പോൾ ഞാൻ കരുതി ആയിരം രൂപയെങ്കിലുമുണ്ടാവും.. ആപ്പീസിൽ നിന്നിറങ്ങി നിവർത്തി നോക്കിയപ്പോൾ വെറും നൂറ്റമ്പത് ഇത്ര വലിയൊരു മനുഷ്യൻ ഈ ചെറിയ സംഖ്യ തരുമോ..? അതായിരുന്നു സീനിയർ.. ശനിയാഴ്ച ദിവസം സമയത്ത് ആപ്പീസിലില്ലെങ്കിൽ അതും ലഭിക്കില്ല!

ഓരോ ദിവസവും ആപ്പീസിൽ നിന്നുമിറങ്ങുമ്പോൾ വക്കീൽ പണി തിരഞ്ഞെടുക്കാൻ തോന്നിയ നിമിഷത്തെ ശപിക്കുമായിരുന്നു.

ഒരു വിഷുവിന്റെ തലേദിവസം വൈകീട്ട് ഞങ്ങൾ ആപ്പീസിൽ കാത്തിരിക്കുകയാണ്. ഓണത്തിനും വിഷുവിനും അഞ്ഞൂറ് രൂപ കിട്ടും.. അതുകൊണ്ട് വേണം വിവാഹിതരായ ഞങ്ങളുടെ ആഘോഷം. ഏഴരകഴിഞ്ഞപ്പോൾ ഞാൻ കാത്തിരിപ്പവസാനിപ്പിച്ച് ഗുമസ്ഥനോട് യാത്ര പറഞ്ഞിറങ്ങി. രാജുതോമസ് അപ്പോഴും കാത്തിരിക്കുന്നുണ്ടായിരുന്നു.

അന്ന് തേക്കികാട് മൈതാനിയിലൂടെ കലുഷമായ മനസ്സോടെ നടക്കുമ്പോൾ വേനൽ മഴ ഇടിയോടുകൂടി പെയ്തിറങ്ങിയിരുന്നു. ശക്തൻ സ്റ്റാന്റിലെത്താൻ തിടുക്കമില്ലായിരുന്നു. എൽ.ഡി.ക്ലർക്കായി ജോലി ലഭിച്ചിട്ടും പോകാതിരുന്ന നിമിഷത്തെ ശപിച്ചു.

വിഷു കഴിഞ്ഞ് ആപ്പീസിൽ ചെന്ന ദിവസം സോമേട്ടൻ പരിഹാസത്തോടെ അന്നത്തെ സംഭവങ്ങൾ വിളമ്പി.. രാജുതോമസ് താഴത്തെ കടയിൽ നിന്നും ഭാര്യക്ക് ഡ്രെസ്സെടുത്തിരുന്നു.. വൈകീട്ട് ആപ്പീസിൽനിന്നിറങ്ങുമ്പോൾ ബില്ല് കൊടുക്കാമെന്ന് കരുതി. സീനിയർ അന്നു വൈകീട്ടെത്തിയില്ല. ഏതോ സുഹൃത്തിന്റെ മകളുടെ മേരേജ് റിസപ്ഷൻ കഴിഞ്ഞപ്പോൾ വൈകിയത്രെ! സോമേട്ടന്റെ കയ്യിൽനിന്നും കടം വാങ്ങി തുണിക്കടയിലെ കാശ് കൊടുത്തിട്ടാണത്രെ അവൻ പോയത്.

പിന്നീടവൻ ആപ്പീസിലേക്ക് വന്നിട്ടില്ല. ഗൾഫിലേക്ക് പോയെന്നൊരു ശ്രുതിയുണ്ടായിരുന്നു. ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ആപ്പീസിലേക്ക് വന്നത് എന്തിനാവും... അല്ലെങ്കിലും അവൻ ചെയ്തതല്ലേ ശരി.. വല്ലപ്പോഴും കോടതിയിൽ നിന്നും ലഭിക്കുന്ന കമ്മീഷനും ആപ്പീസിലെ തുച്ഛമായ വരുമാനവും കൊണ്ട് ഒരു കുടുംബമെങ്ങനെ കഴിയും.

‘വക്കീല് കാര്യമായ ആലോചനയിലാണല്ലോ.. ഞാനെറങ്ങാട്ടാ..’ വിജയേട്ടനിറങ്ങി.

അടുത്ത സ്റ്റോപ്പിൽ എനിക്കുമിറങ്ങണം. നാളേക്ക് തയ്യാറാക്കേണ്ട അന്യായത്തിന്റെ കെട്ടുമെടുത്ത് വാതിൽക്കലേക്ക് നടന്നു.

2010, ജൂൺ 13, ഞായറാഴ്‌ച

പുരുഷ പീഡനം.കോം

സുഹൃത്തുക്കളെ മുഖ്യാതിഥി അഭിസംബോധന ചെയ്യുന്നതിനു മുമ്പ് നമ്മുടെ ഇടയിൽ നിന്നും മൂന്ന് അംഗ മെമ്പർമാർ
നമ്മോട് സംവദിക്കും.. നമ്മുടെ സംഘടനാ രൂപീകരണത്തിന്റെ ലക്ഷ്യപ്രാപ്തിയെക്കുറിച്ചും അവശ്യകതയെക്കുറിച്ചും
എല്ലാവർക്കും മനസ്സിലാവും..ശേഷം ഔപചാരിക ചടങ്ങുകൾ തുടങ്ങുന്നതായിരിക്കും...

സ്കൂ‍ൾ അദ്ധ്യാപകനായിരുന്ന എന്നെ ആദ്യമായി അനുഭവങ്ങൾ പങ്കിടാൻ വിളിച്ചതിന്റെ ഔചിത്യം അറിയാവുന്നതുകൊണ്ട് അനുഭവങ്ങളിലെ ഉണ്മയും പക്വതയും നിങ്ങൾ കാംക്ഷിക്കുന്നുണ്ടെന്നെനിക്കറിയാം. ഒരു പക്ഷെഎന്തുകൊണ്ട് നേരത്തെ പുറംലോകത്തെ അറിയിക്കാൻ തുനിഞ്ഞില്ല എന്ന ചോദ്യം അവസാനം നിങ്ങളുടെ മനസ്സിലുയിർക്കൊണ്ടാൽ സമൂഹം ബഹുമാനിക്കുന്ന വിദ്ധ്യാർത്ഥികൾ ബഹുമാനിക്കുന്ന അദ്ധ്യാപകനായ എനിക്ക് സഹിക്കാനും പൊറുക്കാനും കഴിഞ്ഞില്ലെങ്കിൽ എന്നിൽ നിന്നും പുറത്തേക്ക് വരുന്ന നല്ല വാക്കുകൾക്കെന്ത് വിലയാണുള്ളത്.. സമൂഹം അതെങ്ങനെ ഉൾക്കൊള്ളും എന്നൊക്കെയുള്ള മനോവ്യാപാരങ്ങൾ ആ പ്രവർത്തിയിൽനിന്നും തടഞ്ഞുവെന്നേയുള്ളൂ..
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്ക് വീട്ടിൽ സ്വാതന്ത്ര്യം കുറവായിരുന്നു. വലിയൊരു കൂട്ടു കുഡുംബം, മാതാപിതാക്കളും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളുമൊക്കെയായി പടർന്നു പന്തലിച്ചു നിൽക്കുന്ന തറവാട്. ഞങ്ങൾ മാത്രമുളൊരു വീട് അതായിരുന്നു അന്നത്തെ സ്വപ്നം. സ്വാഭാവികമായുള്ള പ്രയത്നഫലമായി വീടും ചുറ്റുപാടുകളുമായി സ്നേഹനിധിയായ ഭാര്യ ... ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ വാരിച്ചൊരിയുന്ന സ്നേഹവുമായി അവൾ! എപ്പോഴൊക്കെയോ സഹപ്രവർത്തകർക്ക് ഞങ്ങളുടെ ജീവിതത്തിൽ അസൂയ തോന്നിയിട്ടുണ്ട്.. ജീവിക്കുന്നെങ്കിൽ മാഷെപോല്യാവണം.. ആ സംഭവം കണ്മുമ്പിൽ കാണുന്നതുവരെ അതു തന്നെയായിരുന്നു ഞങ്ങൾ.. ഒരു ദിവസം രാത്രി ഒരുമണിയായിക്കാണും. ചില അപശബ്ദങ്ങൾ കേട്ടാണ് ഞെട്ടിയുണർന്നത്.. കിടക്കയിൽ അനിതയില്ല! ബെഡ് റൂമിന്റെ വാതിൽ തുറന്നു കിടന്നിരുന്നു.. ഡൈനിംഗ് ഹാളിനോട് ചേർന്ന ബാത്ത് റൂമിൽ വെളിച്ചമുണ്ട് . ആ വെളിച്ചത്തിൽ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. ഡൈനിംഗ് ഹാളിൽ നിലത്ത് കിടന്ന് ലൈംഗികാസക്തിയുടെ പുതുമുറകൾ പരിശീലിക്കുന്ന സഹധർമ്മിണി..കൂടെ അയല്പക്കത്തെ കല്ല്യാണം വീഡിയോവിൽ പകർത്താൻ വന്ന ഫോട്ടോഗ്രാഫർ..ഞാനവരെ വെട്ടിക്കൊന്നില്ല! നിശ്ചേതനായി കിടക്കയിൽ തളർന്നുവീണു.. അവൾക്കൊരു കുഞ്ഞിനെ നൽകാൻ കഴിയാത്തത് എന്റെ കുറവ് കൊണ്ടാണെങ്കിൽ ..അതിനു വേണ്ടി പൊറുക്കാൻ തയ്യാറായി.. പിന്നീട് ഞങ്ങളുടെ ജീവിതം യാന്ത്രികമായിരുന്നു.
അവൾ തെറ്റ് ആവർത്തിച്ചുവോ ഇല്ലയോ ..അറിയില്ല പുറമേക്ക് ഞങ്ങൾ മാതൃകാദമ്പതികൾ.. ആണത്തമില്ലാത്തവൻ എന്ന് നിങ്ങൾ കരുതുന്നുണ്ടാവും, എല്ലാറ്റിനും അതീതമായിട്ടുള്ള ചില നിശ്ചയങ്ങൾ ഉണ്ടല്ലോ..നിയോഗം എന്നേ ഞാൻ കരുതിയുള്ളൂ.. ഞാൻ കൈവിട്ടുകളഞ്ഞ ജീവിതം അവളുടെ മരണത്തോടെ അപ്രസക്തമായി.. സമൂഹത്തിന്റെയും നിയമത്തിന്റെയും സംരക്ഷണയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ത്രീ.. സർക്കാരും നിയമവും സമൂഹവുമെല്ലാം സ്ത്രീകൾ മൂലം പുരുഷന്മാർ അനുഭവിക്കുന്ന മനോവ്യഥകളെക്കുറിച്ച് അജ്ഞരാണ്. നമ്മുടെ സമൂഹ മനസാക്ഷിക്കുമുമ്പിൽ പരമാർത്ഥങ്ങളായ സംഗതികൾ കാഴ്ചവെച്ച് ഉണ്മയുടെ തീ നാളങ്ങൾക്ക് വെണ്മ പകരാൻ എന്റെ അനുഭവസാക്ഷ്യം ഉപകരിക്കുമെങ്കിൽ ഞാൻ കൃതാർത്ഥനായി..
കാലഹരണപ്പെട്ട കേസുപോലെ സദസ്സിൽ പ്രെത്യേകിച്ച് പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നതായിരുന്നില്ല വിരമിച്ച ഗുരുവിന്റെ പ്രകടനം.

ഉദേശം നാല്പത് വയസിനോടടുത്ത്പ്രായമുള്ള വെളുത്തസുമുഖനായ ബാങ്കുദ്യോഗസ്ഥനായിരുന്നു അടുത്തയാൾ.

ഈ ലോകം നിലനിൽക്കുന്നത് മാതൃത്വത്തിന്റെ ശക്തികൊണ്ടാണെന്ന് വിശ്വസിക്കുന്നവനാണ്, സ്ത്രീ അമ്മയാണ്..ദേവിയാണ്..അനാദിയാണ്. എന്റെ അമ്മയെ ആശുപത്രിയിലാക്കിയ ഒരു ദിവസം എ. ടി.എം കാർഡെടുക്കാൻ വേണ്ടിയാണ് തിരിച്ച് വീട്ടിലെത്തിയത് .. വീടിനോടടുത്ത് ചെറിയൊരാൾക്കൂട്ടം ഒരാളെ പിടിച്ചു വെച്ചിരിക്കുന്നു..ചുറ്റും കൂടിയവർ അയാളെ ഭേദ്യം ചെയ്യുന്നുമുണ്ട് .. മകൻ നമ്മുടെ വീട്ടിൽ കയറിയ കള്ളനാണെന്നറിയിച്ചു. പോലീസെത്തി അയാളെ കൊണ്ടു പോയപ്പോൾ ഞാൻ ഏ. ടി. എം. കാർഡെടുത്ത് ആശുപത്രിയിലേക്ക് പോന്നു. വഴിമദ്ധ്യ്യേ പോലീസ് സ്റ്റേഷനിൽ നിന്നും അത്യാവശ്യമായി എത്തിച്ചേരണമെന്ന വിളിവന്നു. ഞാൻ സ്റ്റേഷനിൽ ഏൽ‌പ്പിച്ചത് കള്ളനെയല്ലത്രെ അയാൾ എന്റെ ഭാര്യയുടെ ജാരനാണെന്ന്. സ്കൂൾ കഴിഞ്ഞ് റ്റൂഷൻ മാഷില്ലാത്തതിനാൽ നേരത്തെയെത്തിയ മകന്റെ മുന്നിൽ പെട്ടപ്പോൾ കട്ടിലിനടിയിൽ കയറി ഒളിച്ചതാണെന്ന്. മകൻ കള്ളനാക്കിയപ്പോൾ ഭാര്യക്കും മറ്റൊന്നും പറയാനില്ലായിരുന്നു. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായി. ഭാര്യ ഇപ്പോൾ ചെലവിനു കിട്ടാൻ കുടുംബക്കോടതിയിൽ, പീഡനത്തിന് വനിതാകമ്മീഷനിൽ , ആഭരണങ്ങൾ തിരിച്ച്കിട്ടാൻ വനിതാസെല്ലിൽ, സ്ത്രീപീഡനത്തിനും ഞാൻ വീട്ടിൽനിന്നും മാറിപ്പോകണമെന്നും പറഞ്ഞ് മജിസ്ടേറ്റ് കോടതിയിൽ അങ്ങനെ എനിക്കെതിരെ കേസുകളുടെ പരമ്പരയാണ്.ഇപ്പോൾ എനിക്കൊരു സംശയം സത്യത്തിൽ ആരാണ് വ്യഭിചരിച്ചത്..?

മൂന്നാമതെത്തിയത് ഒരു പ്രവാസിയായിരുന്നു. കുഡുംബത്തിനുവേണ്ടി സ്വന്തം ജീവിതം ഹോമിച്ചവൻ. തോരാത്ത കണ്ണീർ മഴയായി സദസ്യർക്കിടയിലേക്ക് പെയ്തിറങ്ങി..
ഞാൻ ഓരോ തവണ നാട്ടിലേക്ക് വരാനൊരുങ്ങുമ്പോഴും ഭാര്യയോട് ചോദിക്കാറുണ്ട്.. നിനക്കെന്ത് വേണം? വിലയേറിയ മൊബൈൽ .. ആഭരണങ്ങൾ.. കൌതുകവസ്തുക്കൾ.. അങ്ങനെ ഓരോ തവണയും സമ്മാനങ്ങളുമായെത്തി. ഭാര്യയോടും മക്കളോടുമൊപ്പം സന്തോഷത്തോടെ വർഷത്തിൽ ഒരു മാസം ജീവിച്ചു. പിന്നീട് യന്ത്രികമായ ജീവിതത്തിന് വഴങ്ങി അടുത്ത അവധിക്കായുള്ള കാത്തിരിപ്പ്. അപ്രകാരമുള്ള ഒരു കാത്തിരിപ്പിനിടയിലാണ് ഭാര്യയെ കാണാതായെന്ന അറിവ് ലഭിക്കുന്നത്. മകന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു..അതെന്നെയും ബാധിച്ചു. ഒരാഴ്ച് മുമ്പാണ് സുഹൃത്തുക്കളുടെ പക്കൽ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപ അവളുടെ സഹോദരന്റെ ജോലിക്കാര്യത്തിനായി നാട്ടിലേക്കയച്ചത്. ഇവിടെയെത്തി അന്വേഷണം നീണ്ടു പോയതല്ലാതെ യാതൊരു വിവരവും ലഭിച്ചില്ല! അവളുടെ സഹോദരൻ സംഖ്യ ആവശ്യപ്പെട്ടിരുന്നില്ല, ഓരോതവണയും ഞാനവൾക്ക് സമ്മാനിച്ച വിലപിടിപ്പുള്ള അഭരണങ്ങൾ ഒന്നും വീട്ടിലുണ്ടായിരുന്നില്ല...അവൾക്കൊരു കാമുകനുണ്ടായിരുന്നിരിക്കാം..അപ്രതീക്ഷിതമായി ജീവിതപ്രഹരമേൽക്കേണ്ടി വരുന്നവരിലൊരുവനായി ഞാൻ പ്രവാസ ജീവിതം തുടർന്നു. പ്രായം ചെന്ന അമ്മയുടെ സംരക്ഷണയിൽ മക്കൾ സുരക്ഷിതരായി. എല്ലാം നൽകിയാലും ശാരീരികാവശ്യം നിറവേറ്റാൻ സാധിക്കാത്ത ശരാശരി ഗൾഫുകാരനായ എനിക്കെന്ത് ചെയ്യാൻ കഴിയും.. ഒരു തകർന്ന മനുഷ്യന്റെ വിലാപങ്ങൾ വലിച്ചു നീട്ടുന്നില്ല! മാസങ്ങൾക്കുശേഷം ചാക്കിൽ വെട്ടിക്കൂട്ടി കായലിൽ തഴ്ത്തിയ നിലയിൽ കണ്ടെത്തിയ ശരീരം തിരിച്ചറിയാൻ ചെല്ലേണ്ടിവന്നപ്പോഴുള്ള അവസ്ഥ നിങ്ങൾക്കൂഹിക്കാൻ സാധിക്കുമോ.. അഴുകിയ ശവനാറ്റത്തിനപ്പുറത്തായിരുന്നു ബാക്കി കഥകൾ.. ഞാൻ കഷ്ടപ്പെട്ടയക്കുന്ന പണം ചെലവഴിച്ച് കഷ്ടിച്ച് ഇരുപത് വയസു പ്രായമുള്ള യുവാവിന്റെയും സുഹൃത്തുക്കളുടെയുമൊപ്പം കാമകേളികളാടിയിരുന്ന അവളോട് ഞാനെങ്ങനെ പൊറുക്കും.. ഒരാഴ്ചയോളം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കൊലപാതക കഥ നിങ്ങൾക്കെല്ലാം അറിയാവുന്നതാണ്. ഇരുപത് വയസുകാരന്റെ പട്ടമഹഷിയാവാൻ കൊതിച്ച മദ്ധ്യവയസ്കയുടെ ദാരുണമരണമെന്ന തലക്കെട്ട് എന്റെ നെഞ്ചകം പിളർത്തുന്നതായിരുന്നു...

സദസ്യർക്കിടയിൽ നിശ്ശബ്ദത മാത്രമായി.. ശോകമൂകനായി താഴെയിറങ്ങിപ്പോകുന്ന അയാളെ ആർക്കാണ് അശ്വസിപ്പിക്കുവാൻ സാധിക്കുക്..

സുഹൃത്തുക്കളെ ഇവരുടെ ജീവിതം നമ്മൾ അറിഞ്ഞുകഴിഞ്ഞു, ഇനി ദീർഘിപ്പിക്കുന്നില്ല.. നമ്മുടെ മുഖ്യാതിഥിയും നഗരപിതാവുമായ അഭിഭാഷകനെ സംഘടനാരൂപീകരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതിനായി ക്ഷണിച്ചുകൊള്ളുന്നു..

ഇവിടെ നിറഞ്ഞു കവിഞ്ഞ സദസ്സാണ്..നമ്മളറിഞ്ഞ മൂന്നു പേരുടെ ജീവിതം മതിയല്ലോ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് സ്ത്രീപീഡനവും, പുരുഷപീഡനവുമെന്ന് മനസ്സിലാക്കാൻ, നമ്മുടെ വ്യവസ്ഥിതിയെ സമൂഹ മനസാക്ഷിയെ ഉണർത്താൻ ഇത്തരമൊരു സംഘന അത്യാവശ്യമാണ്.. ലോക മന:സാക്ഷിക്കു മുമ്പിൽ പുതിയൊരു തീ നാളമായി നിങ്ങളുടെ സംഘടന ആളിപ്പടരട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണ്. എനൊക്കൊരു അഭ്യർത്ഥനയുണ്ട് നിങ്ങളുടെ സംഘടനയിൽ എനിക്കുമൊരംഗത്വം വേണം.. കാഴ്ചയിൽ ഞാനൊരു വികലാംഗനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..? എനിക്ക് രണ്ട് മക്കളാണുള്ളത് ഒരു മകനും, മകളും.. അവരുടെ ജനനശേഷം ഭാര്യക്ക് പ്രാർത്ഥനയിൽ മാത്രമണ് താല്പര്യം.. സെക്സ് പാപമാണത്രെ! ചെറുപ്പത്തിന്റെ ചങ്കൂറ്റത്തിൽ ചിലപ്പോഴൊക്കെ ബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരാൾക്ക് എന്നും അപ്രകാരം സാധിക്കുമോ..എനിക്ക് മടുത്തു. ഇപ്പോൾ ലോകത്തിലേക്ക് വെച്ച് ഏറ്റവും ചെറിയ ലിംഗമാരുടേതാണെന്ന് ചോദിച്ചാൽ അതിന് മറുപടി പറയാൻ എനിക്ക മാത്രമെ സാധിക്കൂ.. ഞാനിപ്പോൾ ഇമ്പൊട്ടന്റാണ്.. ഒരു വിസർജ്ജനാവയവം മാത്രമായി..മലയാളിയുടെ കപട സദാചാര ബോധം മുൻ നിർത്തി മനസു നിറയെ ആഗ്രഹങ്ങളുമായി ഞാൻ കഴിയുന്നു..സുഹൃത്തുക്കളെ പുരുഷൻ വ്യഭിചാരിയാകുന്നെങ്കിൽ കാരണക്കാരി സ്ത്രീയാണ്.. അവന്റെ ആഗ്രഹ പൂർത്തീകരണങ്ങൾക്കുമുന്നിൽ പാപമെന്ന നെയിം ബോർഡ് സ്ഥാപിച്ച് ദുഷ്ടത പ്രവർത്തിക്കുന്നവൾ..

ഒന്നും പറയാനാഗ്രഹിച്ചിരുന്നില്ല! എങ്കിലും നിങ്ങളുടെ കൂട്ടത്തിലൊരുവനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ സംഘടനയിലെ മെമ്പർമാർക്ക് വേണ്ടി കപട സ്ത്രീപീഡനകേസുകളിലെ പാവങ്ങൾക്കുവേണ്ടി നാമൊത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചതായി പ്രഖ്യാപിക്കുന്നു...!

2010, ജൂൺ 6, ഞായറാഴ്‌ച

ഗുമസ്ഥന്റെ പ്രണയ ലേഖനം

ചില വൈകുന്നേരങ്ങളിൽ അകാരണമായി ആകുലത അനുഭവപ്പെടാറുണ്ട്.അത്തരം ഒരു ദിവസം മുന്നിൽ വന്നുപെട്ട ഒരാളെ എത്രയും വേഗം ഒഴിവക്കണമെന്ന ചിന്തയുമായി ഇരിക്കുമ്പോഴാണ് അവർ കടന്നു വന്നത്. ഇതുതന്നെ സമയം
‘തോമസേട്ടൻ അപ്പോൾ തിങ്കളാഴ്ച് കാലത്ത് വന്നോളൂ..’ വൈമുഖ്യത്തോടെ തോമസേട്ടൻ എഴുന്നേറ്റ് പുറത്തേക്ക്
നടന്നു. ചുരുങ്ങിയത് ഒരു പത്തുകൊല്ലത്തേക്കെങ്കിലും അയല്പക്കക്കാരുടെ സ്വൈരം നഷ്ടപ്പേടുത്താനുള്ള വ്യഗ്രത
അയാളുടെ ഓരോ ചുവടു വെയ്പിലും ഉണ്ടായിരുന്നു.

കസേരകൾ കയ്യടക്കിയ ആഗതർ മുഖവുരയില്ലാതെ തുടങ്ങി. ‘വക്കീലിന്റെ ഗുമസ്ഥനെവിടെ..?
ഗുമസ്ഥൻ എവിടെയണെന്ന് അയാൾക്ക് മാത്രമെ അറിയൂ.. എന്ന് പറയാൻ കഴിയാത്തതിനാൽ ‘അയാൾ പണിനിറുത്തിയിട്ട് മൂന്നാഴ്ചയായി.. പുതിയ ഒരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്..’
‘അങ്ങനെ പറഞ്ഞൊഴിയാമെന്ന് വക്കീൽ കരുതണ്ട! അവനും നിങ്ങളും ഇതിനുത്തരം പറയാതെ ഞങ്ങളിവിടുന്ന്
പോകുന്ന പ്രശ്നമില്ല!‘ കാതിൽ കമ്മലിട്ട പാന്റ്സ് പൃഷ്ഠത്തിലേക്കിറക്കി ധരിച്ചവന്റെ കമന്റ്..
‘എന്താണ് പ്രശ്നം..?
‘കാര്യമൊക്കെ പറയാം .. അതിനുമുമ്പ് ഇതൊന്ന് വായിച്ചു നോക്ക്..’
നാലായി മടക്കിയ വക്കീൽ നോട്ടീസായാണ് അതെനിക്ക് തോന്നിയത്. കയ്യക്ഷരം ശശിയുടേത് തന്നെ.
“ചാവക്കാട് താലൂക്ക് അന്നകര അംശം പെരുവല്ലൂർ ദേശത്ത് കോലത്താടിൽ രാമു മകൻ ശശി ടി അംശം
ദേശത്ത് നാഴികവട്ടത്ത് പരമൻ മകൻ പ്രമീള എന്നവരെ അറിയിക്കുന്ന ഹൃദയലേഖനം
നിങ്ങളും ഞാനും പ്രവർത്തിച്ചുവരുന്നത് ഒരേ സ്ഥലത്തും ആപ്പീസുകൾ തമ്മിൽ അടുത്തടുത്ത് സ്ഥിതി ചെയ്തു വരുന്നതുമാണല്ലോ..നിങ്ങൾ കമ്പ്യൂട്ടറിൽ പ്രിന്റിംഗ് വർക്കുകളും ഞാൻ വക്കീൽ ഗുമസ്തപ്പണിയും ചെയ്തൂ വരുന്നതുമണല്ലോ... അപ്രകാരം പ്രവർത്തിച്ചു വരവെ നിങ്ങളുടെ ജംഗമ വസ്തുക്കളുടെ പ്രദർശനത്തിൽ ഈയുള്ളവൻ
ആകൃഷ്ടനായിട്ടുള്ളതും ആയത് നിങ്ങളോട് പലവട്ടം പ്രസ്താവിച്ചിട്ടുള്ളതും അപ്പോഴൊക്കെയും നിങ്ങൾ ആയത് കൈപ്പറ്റി മൌനം
ദീക്ഷിച്ചു വരുന്നതുമാണല്ലോ..

ആയതുക്കൊണ്ട് ഇത് കൈപ്പറ്റി ഒരാഴ്ക്കുള്ളിൽ നിങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന ദിവസവും സമയവും എന്നെ അറിയിക്കേണ്ടതും അപ്രകാരം എന്നെ അറിയിക്കാത്തപക്ഷം നിങ്ങളുടെ മൌനം സമ്മതമായി കണക്കാക്കി ടി ദിവസവും സമയവും ഞാൻ തന്നെ നിങ്ങളെ അറിയിക്കുന്നതാണെന്നും അല്ലാത്ത പക്ഷം ആയതിൽ നിന്നുണ്ടാകുന്ന സകലവിധ
കഷ്ട്ങ്ങൾക്കുംനിങ്ങളുടെ ജീവിതം ബാദ്ധ്യസ്ഥപ്പെടുന്നതാണെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു..”

വസ്തുതകളുടെ ഗൌരവം കണക്കിലെടുത്ത് കൂട്ടത്തിൽ പ്രായമുള്ളയാളെ ഞാൻ ദയനീയമായി നോക്കി..
‘മൂന്നാഴ്ചയായി അവൾ പോയിട്ട് ..അവൾ പോക്കോട്ടെ ..മൂത്തമകളുടെ കല്ല്യാണത്തിന് ഒരുക്കിവെച്ചിരുന്ന പണ്ടങ്ങൾ
അവൾ കൊണ്ടോയി.. അതിലാ.. ദെണ്ണം.. ഒരുമ്പെട്ടോള് കണ്ണിൽ കണ്ടാ.. ഞാനവളെ കൊന്ന് കളയും..’ അയാൾ പൊട്ടിക്കരയുമെന്ന് തോന്നി.
‘താനും തന്റെയൊരു ഗുമസ്തനും..അവൻ വന്നാ പറഞ്ഞേക്ക് വെച്ചേക്കില്ല ഞാൻ..’ കമ്മലിട്ട ആങ്ങളയുടെ രോഷം അണപൊട്ടുകയാണ്..

മൂന്നാഴ്ചയായി ഗുമസ്തനില്ലാതെ കഷ്ടപ്പെടുന്നു. ഇനി പുതിയ ഒരാളെ നിയമിക്കണോ..

$$$$$$$$$$$

തല പോയ തെങ്ങ്

നല്ല പെരുമഴയുള്ളൊരു ദിവസം രാത്രി എട്ടരയോടുകൂടി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ദമ്പതികൾ.! സുബ്രപ്മണ്യനും ഭാര്യ ചന്ദ്രികയുമായിരുന്നു അവർ. വഴുക്കലുള്ള പടിക്കെട്ടുകൾ സൂക്ഷ്മതയോടെ ചവിട്ടിയിറങ്ങാതെ ധൃതഗതിയിലിറങ്ങുന്നതു കണ്ടപ്പോഴേ എനിക്കപകടം മണത്തു. അയല്പക്കത്തെ കറുപ്പനുമായി വഴക്കടിച്ചുള്ള
വരവാണ്.

‘വക്കീലെ..ഇതിങ്ങനെ വിട്ടാൽ പറ്റില്ല! ഇപ്പൊത്തന്നെ എനിക്കൊരു പരാതി എഴുതിത്തരണം’
‘കാര്യമെന്താണെന്ന് പറഞ്ഞോളൂ..’
‘എനിക്കാകെയുള്ളോരു തെങ്ങാണ് അതെന്ന് അറിയാലോ..അത് മുറിച്ചില്ലെങ്കിൽ അയാളെന്റെ തലയെടുക്കുംന്ന്..അവനത്രക്കായോ..എന്ത് വന്നാലും ഞാനത് മുറിക്കില്ലാ..’

മൂന്ന് സെന്റ് പുരയിട്ത്തിൽ നിൽക്കുന്ന് കായ്ഫലമുള്ള തെങ്ങ് മുറിക്കാൻ ആർക്കായാലും താല്പര്യമുണ്ടാവുമോ..

‘അല്ല സുബ്ര്മ്ണ്യാ.. നമുക്കതങ്ങ് കമ്പികൊണ്ട് കെട്ടി നിറുത്തിയാലോ..’
‘അതിനെനിക്ക് നൂറുവട്ടാ.. സമ്മതം..’
‘എന്നാൽ നീയൊരു കാര്യം ചെയ്യ്.. അതങ്ങ്ട്..ചെയ്യ്.. എന്നിട്ടും സമ്മതിക്കിണില്ലേൽ..നമുക്ക്
പരാതി കൊടുക്കാം..’

അയാളെ സമാധാനിപ്പിച്ച് പറഞ്ഞയച്ചപ്പോൾ സംഗതി അവസാനിച്ചുവെന്ന് കരുതി. എന്നാൽ ഒരാഴ്ചകഴിഞ്ഞ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും തെങ്ങ് മുറിച്ച് മാറ്റാനുള്ള ഉത്തരവിന്റെ
പകർപ്പ് തപാലിൽ വന്നത് വാങ്ങി രണ്ടാളും പിന്നെയും വന്നു. ഞാൻ സമാധാനിപ്പിച്ചു ‘അതിനെന്താ..
നമുക്ക് ജില്ലാകോടതിയിൽ അപ്പീൽ നൽകാമല്ലോ..’ അങ്ങനെ സംഗതി കേസിലായി..

കാറ്റും മഴയും ഇടിയുമൊക്കെയായി തുലാവർഷം തകർത്തു പെയ്തുകൊണ്ടിരിക്കുകയാണ്.ആ സമയത്ത് മൊബൈലിൽ ഒരു കോൾ.. വാർഡ് മെമ്പറാണ്..‘ നമ്മുടെ സുബ്രപ്മണ്യന്റെ തെങ്ങ് വീടിന്മേലേക്ക് വീണു..
രണ്ടാളും ആശുപത്രിയിലാണ്.. ജീവൻ കിട്ടോന്ന് സംശയാ..’

തെങ്ങ് വീണ് ആശുപത്രിയിലായ ജാനുവിന്റെയും കറപ്പന്റെയും ഗതികേടോർത്താണ് സംഭവസ്ഥലത്തെത്തിയത്
സുബ്രപ്മണ്യൻ എന്തുകൊണ്ട് വീട്ടിൽ വന്നില്ലെന്ന അത്ഭുതവുമുണ്ടായിരുന്നു.

തകർന്നു വീണുകിടക്കുന്ന സുബ്രപ്മണ്യന്റെ വീടുകണ്ട് ഞാൻ അന്തം വിട്ടു. വീടിനു മീതെ എല്ലാം നിരപ്പാക്കിയ
തലയില്ലാത്ത ഉണങ്ങിയ തെങ്ങ് വട്ടം മുറിഞ്ഞുകിടക്കുന്നു. ദൈവമേ.. മുറിച്ചു മാറ്റാതിരുന്നത് തല പോയ തെങ്ങാണോ.. കമ്പികെട്ടിയതുകൊണ്ട് വട്ടം മുറിഞ്ഞ് വീണത് സ്വന്തം തലയിൽ..

************